‘വിഎസ് വന്നു, എല്ലാം ശരിയാവും’; മാലിന്യ-വൈദ്യുത പ്ലാന്റില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുമെന്ന പ്രതീക്ഷയില്‍ പെരിങ്ങമല

‘വിഎസ് വന്നു, എല്ലാം ശരിയാവും’; മാലിന്യ-വൈദ്യുത പ്ലാന്റില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുമെന്ന പ്രതീക്ഷയില്‍ പെരിങ്ങമല

Published on

അതീവ ജൈവപ്രാധാന്യമുള്ള കാടും ആവാസവ്യവസ്ഥയുമടങ്ങുന്ന പ്രദേശമാണ് പെരിങ്ങമല.

വി എസിന്റെ സന്ദര്‍ശനത്തോടെ മാലിന്യ-വൈദ്യുതി പ്ലാന്റ് സ്ഥാപിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുമെന്ന പ്രതീക്ഷയില്‍ പെരിങ്ങമല നിവാസികള്‍. ജൂലൈ രണ്ടിന് നിയമസഭയ്ക്ക മുന്നില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനെ ഭരണപരിഷ്‌കാരകമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ നേരിട്ടെത്തി പിന്തുണച്ചതോടെ രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധ കൂടി പെരിങ്ങമലയിലെത്തിയെന്നും സര്‍ക്കാര്‍ പിന്‍വാങ്ങുമെന്നും സമരസമിതി ചെയര്‍മാന്‍ നിസാര്‍ മുഹമ്മദ് സുല്‍ഫി 'ദ ക്യൂ'വിനോട് പറഞ്ഞു.

വി എസ് വന്നതോടെ പെരിങ്ങമലയിലേത് പ്രതിപക്ഷത്തിന് വേണ്ടിയുള്ള രാഷ്ട്രീയ സമരമാണെന്ന ഇടതുപക്ഷത്തിന്റെ ആരോപണം ഇല്ലാതായി. സമരസമിതി ഉയര്‍ത്തുന്ന വിഷയം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്നും സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നുമുള്ള ബോധ്യം ഉണ്ടാവാന്‍ ഇടയാക്കിയിട്ടുണ്ട്.

നിസാര്‍ മുഹമ്മദ് സുല്‍ഫി, സമരസമിതി ചെയര്‍മാന്‍

അതീവ ജൈവപ്രാധാന്യമുള്ള കാടും ആവാസവ്യവസ്ഥയുമടങ്ങുന്ന പ്രദേശമാണ് പെരിങ്ങമല.   

സംസ്ഥാനത്ത് മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ഒമ്പത് പദ്ധതികളില്‍ ഒന്നാണ് പെരിങ്ങമലയിലേത്. 2018 ജൂണ്‍ 9നാണ് പെരിങ്ങമലയിലെ വൈദ്യുതി പ്ലാന്റ് പദ്ധതി തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി പ്രഖ്യാപിച്ചത്. ജില്ലാ കൃഷിത്തോട്ടത്തിലെ ഏഴാം ബ്ലോക്കിലെ 15 ഏക്കറാണ് ഇതിനായി കണ്ടെത്തിയതെന്നും അറിയിച്ചത്. ആ മാസം 12 ന് സമരസമിതി രൂപീകരിച്ചു. ജൂലൈ ഒന്നിന് സമരം തുടങ്ങി. സമരം ഒരു വര്‍ഷം പിന്നിട്ടെങ്കിലും ഒരടി പോലും ഇവര്‍ പിന്നോട്ട് പോയില്ല. ജൂലൈ രണ്ടിന് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ സമരത്തില്‍ പെരിങ്ങമലക്കാര്‍ രാഷ്ട്രീയം മാറ്റിവെച്ച് പങ്കെടുത്തു. ഇപ്പോള്‍ പെരിങ്ങലയിലെ ഓരോ വീടിന് മുന്നിലും ഒരു ബോര്‍ഡ് കാണാം. ഞാനും കുടുംബവും പെരിങ്ങമല മാലിന്യപ്ലാന്റിനെതിരായ സമരത്തിലാണെന്നാണ് ആ ബോര്‍ഡിലുള്ളത്.

പെരിങ്ങമലയുടെ പാരിസ്ഥിതിക പ്രാധാന്യവും ജൈവവിവിധ്യവും പരിഗണിക്കാതെയാണ് പദ്ധതിയ്ക്കായി തിരഞ്ഞെടുത്തതെന്നാണ് പ്രദേശവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും ഉയര്‍ത്തുന്ന ആരോപണം. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലാണ് പെരിങ്ങമല ഗ്രാമപഞ്ചായത്ത്. കാണിക്കാര്‍ വിഭാഗക്കാരായ ഗോത്രവര്‍ഗ്ഗക്കാര്‍ കൂടുതലുള്ള പ്രദേശം. പെരിങ്ങമല പഞ്ചായത്തിലെ 67 ശതമാനവും കാടാണ്. ഇതില്‍ നിത്യഹരിതവനങ്ങളും പുല്‍മേടുകളും കുന്നുകളും താഴ്‌വാരകളും ചതുപ്പുകളും ഉള്‍പ്പെടുന്നു. പശ്ചിമഘട്ടത്തിലെ അഗസ്ത്യമല ബയോസ്ഫിയറിന്റെ കരുതല്‍ മേഖലയായ ഇവിടെ വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളും ജീവജാലങ്ങളും കാണപ്പെടുന്നു. ജൈവവിവിധ്യങ്ങളുടെ ശുദ്ധജലചതുപ്പുകളും ഇവിടുത്തെ പ്രത്യേകതയാണ്.

ജൈവവൈവിധ്യത്തിന്റെ പെരിങ്ങമല

പശ്ചിമഘട്ടത്തിലെ സവിശേഷമായ ആവാസവ്യവസ്ഥയുടെ ഉദാഹണമാണ് ശുദ്ധജലചതുപ്പുകള്‍. ഇവയിലാണ് കാട്ടുജാതി കണ്ടല്‍ ( Myristica Swam) വളരുന്നത് . ഉപ്പുകലര്‍ന്ന വെള്ളമുള്ള പ്രദേശത്താണ് സാധാരണ കേരളത്തില്‍ കണ്ടല്‍ ചെടികള്‍ കാണുന്നതെങ്കില്‍ കാട്ടുജാതി ചെടികള്‍ വളരുന്നത് വനത്തിലാണ്. കൊത്തപ്പയന എന്നാണ് ആദിവാസികള്‍ ഇതിനെ വിളിക്കുന്നത്. വനവിഭവം ശേഖരിക്കുന്ന കൂട്ടത്തില്‍ ഇവയുണ്ടാകുമെന്നാണ് ഇവര്‍ പറയുന്നത്. മലഞ്ചരക്കില്‍ ഉള്‍പ്പെടുന്ന ഇവയ്ക്ക് നല്ല വില കിട്ടും. ലോകത്ത് തന്നെ അപൂര്‍വ്വമായ ഈ കണ്ടലിന്റെ കൂടുതല്‍ ഭാഗവും പെരിങ്ങമലയിലാണ്. ഇത് നശിക്കാനിടയാകുമെന്ന ആശങ്കയും ഇവര്‍ പങ്കുവെയ്ക്കുന്നു.

കാട്ടുജാതി കണ്ടല്‍
കാട്ടുജാതി കണ്ടല്‍

വംശനാശ ഭീഷണി നേരിടുന്ന ചിത്രശലഭങ്ങള്‍ ഈ മേഖലയിലുണ്ട്. അത് മാത്രമല്ല ജൈവവൈവിധ്യങ്ങളെന്ന് വിശദീകരിച്ചു തരും ആദിവാസികള്‍. കടുവാചിലന്തി, രാക്ഷസചിലന്തി, മീന്‍ചിലന്തി, കുഴല്‍ചിലന്തി, വില്ലന്‍ചിലന്തി എന്നിവയുണ്ട്. പറക്കുംതവള, സുവര്‍ണ്ണതവണ 50നടുത്ത് ഇനം ഉഭയജീവികളും കങ്കാരുഓന്ത്, കാട്ടുമണ്ഡലി തുടങ്ങിയ 55 ഇനം ഉരഗങ്ങള്‍, കാട്ടാമ, ചൂരലാമയും കാണപ്പെടുന്നു. പെരിങ്ങമലയിലെ അരിപ്പപ്രദേശത്ത് 300 ഇനം പക്ഷികളുണ്ട്. പക്ഷിനിരീക്ഷകരുടെ പ്രധാന കേന്ദ്രമാണിത്. വരയാട്ടുമുടി പശ്ചിമഘട്ടത്തില്‍ വരയാടുകള്‍ കാണുന്ന പ്രദേശങ്ങളിലൊന്നാണ്. കാട്ടാന, പുലി, കാട്ടുപന്നി, കരിങ്കുരങ്ങ്, കാട്ടുപോത്ത്, മുള്ളന്‍പന്നി, കാട്ടുമുയല്‍, മലയണ്ണാന്‍, കരടി, വരയാട്, കേഴമാന്‍, വെരുക്, മലമുഴക്കി വേഴാമ്പല്‍, മരതക പ്രാവുകള്‍ എന്നിവയും ഈ വനത്തിലുണ്ട്. പൊന്‍മുടി, ബ്രൈമൂര്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പെരിങ്ങമലയിലാണ്.

പൂര്‍ണ്ണമായും കാടിനെ ആശ്രയിച്ച് കഴിയുന്നവരാണ് കാണിക്കാര്‍ വിഭാഗക്കാര്‍. കാടിന െനശിപ്പിച്ച് പദ്ധതി കൊണ്ടുവരണമെങ്കില്‍ തങ്ങളെ കൊല്ലേണ്ടി വരുമെന്ന് അവര്‍ പറയുന്നു. പെരിങ്ങമലയുടെ പ്രത്യേകതകളോരോന്നായി അവര്‍ വിശദീകരിച്ചു തരും. നാടിന്റെ മഹിമ വിളിച്ചു പറയുന്നതിനപ്പുറം പ്രകൃതിയുമായി ചേര്‍ന്ന് ജീവിക്കുന്ന മനുഷ്യരെ അതില്‍ കാണാം.

ഞങ്ങള്‍ സമരം ചെയ്യന്നത് കുട്ടികള്‍ക്ക് വേണ്ടിയാണ്. ഞങ്ങള്‍ക്ക് ജീവിക്കാന്‍ വേണ്ടിയാണ്. ഞങ്ങള്‍ ആദിവാസികളാണ്. ഇവിടുത്തെ കാട്ടുകിഴങ്ങ് കഴിച്ചും കാട്ടരുവിയിലെ വെള്ളം കുടിച്ചും ജീവിക്കുന്നവരാണ്. ഇവിടെ യാതൊരു തരത്തിലുള്ള മാലിന്യവും ഇല്ല. ഈ വായു ശ്വസിക്കുന്നത് കൊണ്ട് ഞങ്ങള്‍ക്ക് യാതൊരുവിധ അസുഖവും ഉണ്ടായിട്ടില്ല. ഈ ഭൂമിയില്‍ കാണുന്ന പച്ചില വര്‍ഗ്ഗങ്ങളും ഔഷധഗുണമുളളവയാണ്. 

വസന്ത, സമരസമിതി നേതാവ് 

ആദിവാസി പാരമ്പര്യ വൈദ്യത്തിന് പേരുകേട്ട പ്രദേശമാണിത്. അപൂര്‍വ്വമായ ഔഷധസസ്യങ്ങളും ഇവിടെയുണ്ടെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. പേറ്റന്റ് കിട്ടിയവയും ഇതിലുണ്ട്. വനത്തിലെ ഈറ്റ കൊണ്ടുള്ള ഉല്‍പ്പന്നങ്ങളാണ് പല കുടുംബങ്ങളുടെയും വരുമാന മാര്‍ഗ്ഗം. നെടുവന്‍, നൂലി, നൂറ, കമല എന്നിങ്ങനെയുള്ള കാട്ടുകിഴങ്ങുകളും വിട്ടി, കൊറണ്ടി, ഇലിപ്പ എന്നിവയുടെ പഴങ്ങളും ഇവരുടെ ഭക്ഷ്യ വസ്തുക്കളാണ്.

മാലിന്യ പ്ലാന്റ് സ്ഥാപിക്കുന്നതിന് തൊട്ടടുത്ത് കൂടിയാണ് ചിറ്റാര്‍ ഒഴുകുന്നത്. പെരിങ്ങമല മുതല്‍ പെരിമാതുറ 38 കുടിവെള്ള പദ്ധതികളാണ് ഇതിലുള്ളത്. മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങളും പക്ഷികളും കുടിവെള്ളത്തിനായി ആശ്രയിക്കുന്ന ചിറ്റാറിനെ മലിനമാക്കാന്‍ അനുവദിക്കില്ലെന്ന് ആദിവാസികള്‍ ഉറപ്പിച്ച് പറയുന്നു. പുഴയിലേക്ക് മൂപ്പത്തിയഞ്ച് മീറ്റര്‍ പോലും ദൂരമില്ല. മാലിന്യം ഒലിച്ചിറങ്ങി പുഴ മലിനമാകുമെന്നാണ് ഇവരുടെ ആശങ്ക.

തുടരുന്ന സമരം

വനവത്കരണത്തിന്റെ ഭാഗമായി പ്രദേശത്ത് വനംവകുപ്പ് നട്ട അക്കേഷ്യ, മാഞ്ചിയം, യൂക്കാലി പരിസ്ഥിതിക്ക് ഭീഷണിയാകുന്നുവെന്ന് പെരിങ്ങമലക്കാര്‍ പരാതി പറയുന്നു. 2018 ന് സമരപന്തല്‍ കെട്ടി പ്രതിഷേധം ആരംഭിച്ചു. ജൂലൈ 21 ന് പഞ്ചായത്തിന് മുന്നിലും തിരുവോണത്തിന് നടത്തിയ പട്ടിണി സമരത്തിലും പെരിങ്ങമലക്കാര്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചു. ഗാന്ധിജയന്തി ദിനത്തില്‍ പരിസ്ഥിതി സത്യാഗ്രഹവും ഡിസംബര്‍ അഞ്ചിന് നിയമസഭയ്ക്ക് മുന്നിലും സമരവും നടത്തി.. മൂന്നാം തിയ്യതി മുതല്‍ കാല്‍നടജാഥയായാണ് സമരസ്ഥലത്തെത്തിയത്.

സംസ്ഥാന സര്‍ക്കാറും ജില്ലാ ഭരണകൂടവും നാട്ടുകാരുടെ ആശങ്കകള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. ആയിരം ടണ്‍ ശേഷിയുള്ള പ്ലാന്റാണ് ഇവിടെ പ്രഖ്യാപിച്ചിട്ടുള്ളത്. ഏറ്റവും കുറഞ്ഞത് 300 ടണ്‍ മാലിന്യം പ്ലാന്റ് പ്രവര്‍ത്തിക്കാന്‍ വേണം. തിരുവനന്തപുരത്തിന് പുറമേ കൊല്ലം,പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള മാലിന്യവും ഇവിടെയാണ് വൈദ്യുതിയായി മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്.

തിരുവനന്തപുരം ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആദിവാസികളുള്ള മേഖലയാണിത്. 18 ആദിവാസി സെറ്റില്‍മെന്റുകള്‍ ഇവിടെയുണ്ട്. രണ്ട് ആദിവാസി സെറ്റില്‍മെന്റുകളോട് ചേര്‍ന്നാണ് പ്ലാന്റ് സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്. 49 ഹെക്ടര്‍ വരുന്ന ജില്ലാ കൃഷിത്തോട്ടത്തിലെ പതിനഞ്ച് ഏക്കറാണ് പദ്ധതിക്കായി നീക്കി വച്ചിരിക്കുന്നത്. പരിസ്ഥിതിയേയും പ്രദേശത്തെ മനുഷ്യരുള്‍പ്പെടെയുള്ള ജീവ വര്‍ഗത്തെയും പരിഗണിച്ച് കൊണ്ടുള്ള വികസന പ്രവര്‍ത്തനം മതിയെന്നാണ് ഇവര്‍ അഭ്യര്‍ത്ഥിക്കുന്നത്. മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉണ്ടാക്കുന്ന പദ്ധതിക്കെതിരായ സമരം മാത്രമല്ല, പശ്ചിമഘട്ട സംരക്ഷണ മുദ്രാവാക്യം കൂടിയാണ് ഇവര്‍ മുന്നോട്ട് വയ്ക്കുന്നത്. പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങുന്നത് വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് പെരിങ്ങമലക്കാര്‍ ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിക്കുന്നു.

logo
The Cue
www.thecue.in