വി.എം സുധീരന്റെ രാജി ആര്‍ക്ക് വേണ്ടി?

വി.എം സുധീരന്റെ രാജി ആര്‍ക്ക് വേണ്ടി?
Published on
Summary

വി.എം സുധീരനെ മുന്നില്‍ നിര്‍ത്തി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമാണ് നീക്കം നടത്തുന്നതെന്നാണ് കെ.പി.സി.സി നേതൃത്വം വിലയിരുത്തുന്നത്.

ഗ്രൂപ്പുരാഷ്ട്രീയത്തിന് പുറത്ത് കടക്കാനും സെമി കേഡര്‍ സംവിധാനത്തിലേക്ക് മാറാനുള്ള കോണ്‍ഗ്രസിലെ പുതിയ നേതൃത്വത്തിന്റെ ശ്രമത്തിന് തടയിടാനുള്ള നീക്കങ്ങളുമായി മുതിര്‍ന്ന നേതാക്കള്‍ രംഗത്ത്. വി.എം സുധീരനെ മുന്നില്‍ നിര്‍ത്തി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമാണ് നീക്കം നടത്തുന്നതെന്നാണ് കെ.പി.സി.സി നേതൃത്വം വിലയിരുത്തുന്നത്. സെമി കേഡര്‍ സംവിധാനത്തിലേക്ക് മാറുമ്പോള്‍ ഗ്രൂപ്പുകള്‍ അപ്രസക്തമാകുമെന്നതും തെരഞ്ഞെടുപ്പ് സീറ്റുകളും സംഘടനയ്ക്കകത്തെ സ്ഥാനങ്ങളും വീതംവെയ്ക്കലുണ്ടാകില്ലെന്നതുമാണ് ഇതിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്.

മുതിര്‍ന്ന നേതാക്കളെ കേള്‍ക്കാതെ തീരുമാനങ്ങള്‍ എടുക്കരുതെന്നും ഗ്രൂപ്പുകള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്നും ഹൈക്കമാന്‍ഡ് നിര്‍ദേശിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. മണ്ഡലം കമ്മിറ്റി മുതല്‍ താഴേക്കുള്ള സ്വാധീനം നിലനിര്‍ത്താനും ഇതിലൂടെ കഴിയുമെന്നും ഗ്രൂപ്പ് നേതാക്കള്‍ കരുതുന്നു.

വി.എം സുധീരന്റെ രാജിക്ക് പിന്നിലെ രാഷ്ട്രീയമെന്ത്?

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും എ.ഐ.സി.സി അംഗത്വത്തില്‍ നിന്നും വി.എം സുധീരന്‍ രാജിവെച്ചത് പുതിയ നേതൃത്വത്തിനോടുള്ള മുതിര്‍ന്ന നേതാക്കളുടെ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായാണെന്നാണ് വിലയിരുത്തപ്പെടുന്നത്. സംഘടനാതലത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് കെ.സി വേണുഗോപാലിലൂടെ രാഹുല്‍ഗാന്ധിയുടെയും ഹൈക്കമാന്‍ഡിന്റെയും പിന്തുണ പുതിയ നേതൃത്വം ഉറപ്പിച്ചിരുന്നു. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അവരുടെ ഗ്രൂപ്പുകളും സംസ്ഥാന രാഷ്ട്രീയത്തില്‍ അപ്രസക്തമാകുന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറുന്നുവെന്ന ഘട്ടത്തിലാണ് വി.എം സുധീരന്റെ രാജി പ്രഖ്യാപനം. വി.എം സുധീരന്റെ രാജി നാടകമാണെന്നാണ് പാര്‍ട്ടിയിലെ ഒരുവിഭാഗം കരുതുന്നത്. വി.എം സുധീരന്റെ ആദര്‍ശ രാഷ്ട്രീയത്തോട് അനുഭാവമുള്ള ഹൈക്കമാന്‍ഡ് ഇതിലൂടെ അയയുമെന്നാണ് ഈ നീക്കത്തിന് പിന്നിലുള്ളവരുടെ പ്രതീക്ഷ. വി.എം സുധീരനെ അനുനയിപ്പിക്കാന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്റെ നേതൃത്വത്തിലുള്ള സംഘത്തെ ചുമതലപ്പെടുത്തുകയും ചെയ്തതോടെ നീക്കം വിജയം കാണുമെന്നും ഇവര്‍ കരുതുന്നു.

വി.എം സുധീരന്റെ രാജി പ്രഖ്യാപനത്തിന് പിന്നാലെ പിന്തുണയുമായി ഉമ്മന്‍ചാണ്ടി രംഗത്തെത്തിയിരുന്നു.മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിഷേധം പരസ്യമായി പറഞ്ഞു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ഥ ധ്രുവങ്ങളിലായിരുന്ന നാല് നേതാക്കളും ഒന്നിക്കുന്നുവെന്ന പ്രതീതി അണികളിലും ഉണ്ടായി. ഡി.സി.സി അധ്യക്ഷന്‍മാരെ തെരഞ്ഞെടുത്തതിലെ അസംതൃപ്തിയാണ് പെട്ടെന്നുള്ള യോജിപ്പിന് പിന്നിലെന്നാണ് പാര്‍ട്ടി അണികള്‍ തന്നെ പറയുന്നത്. മുതിര്‍ന്ന നേതാക്കളെ കേള്‍ക്കാതെ തീരുമാനങ്ങള്‍ എടുക്കരുതെന്നും ഗ്രൂപ്പുകള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്നും ഹൈക്കമാന്‍ഡ് നിര്‍ദേശിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. മണ്ഡലം കമ്മിറ്റി മുതല്‍ താഴേക്കുള്ള സ്വാധീനം നിലനിര്‍ത്താനും ഇതിലൂടെ കഴിയുമെന്നും ഗ്രൂപ്പ് നേതാക്കള്‍ കരുതുന്നു.

തമ്മില്‍തല്ലി എ, ഐ ഗ്രൂപ്പുകള്‍

എ, ഐ ഗ്രൂപ്പുകളിലെ പ്രധാന നേതാക്കള്‍ ഹൈക്കമാന്‍ഡുമായി അടുത്ത് നില്‍ക്കുന്ന നേതാക്കള്‍ക്കൊപ്പമാണ്. എ ഗ്രൂപ്പിലെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പി.ടി തോമസും ഗ്രൂപ്പ് സംവിധാനത്തിന് പുറത്ത് കടന്നു. ബെന്നി ബെഹ്നനാണ് എ ഗ്രൂപ്പിനെ നയിക്കുന്നതെങ്കിലും അണികള്‍ക്ക് പൂര്‍ണവിശ്വാസമില്ല. രമേശ് ചെന്നിത്തലയുമായി യോജിച്ചുള്ള നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ബെന്നി ബെഹ്നനാണ്. എം.എല്‍.എമാരായ ടി. സിദ്ദിഖും ഷാഫി പറമ്പിലും ദേശീയ നേതൃത്വവുമായി അടുത്ത് നില്‍ക്കുകയാണ്. ഉമ്മന്‍ചാണ്ടിയുമായി അടുത്ത ബന്ധം തുടരുന്ന ഇരുവരും ഗ്രൂപ്പിന് അകത്തും പുറത്തുമല്ല എന്ന സ്ഥിതിയാണ്.

ടി.സിദ്ദിഖിനെതിരെയുള്ള കൊല്ലത്തെ പ്രതിഷേധവും ഗ്രൂപ്പിനകത്തെ പോരിന്റെ ഭാഗമാണെന്നും വിലയിരുത്തപ്പെടുത്തപ്പെടുന്നു.സേവാദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞതിന് പിന്നില്‍ ജില്ലയില്‍ നിന്നുള്ള പ്രമുഖ എ ഗ്രൂപ്പ് നേതാവാണെന്നതിനുള്ള തെളിവുകളും നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്. വര്‍ക്കിംഗ് പ്രസിഡന്റിനെ അറിയാത്ത സേവാദള്‍ പ്രവര്‍ത്തകരുണ്ടോയെന്നാണ് ടി. സിദ്ദിഖിനെ അനുകൂലിക്കുന്നവര്‍ ചോദിക്കുന്നത്. ടി.സിദ്ദീഖിനെയും ഷാഫി പറമ്പിലിനെയും ഗ്രൂപ്പിന് പുറത്ത് ചാടിക്കാന്‍ ഒരുവിഭാഗം ശ്രമിക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു. ബെന്നി ബെഹ്നാന്‍, കെ.സി. ജോസഫ്, പി.സി വിഷ്ണുനാഥ് എന്നിവരാണ് ഇതിന് പിന്നിലെന്നും ഉമ്മന്‍ചാണ്ടിയെ തെറ്റിദ്ധരിപ്പിച്ച് എ ഗ്രൂപ്പിന്റെ നേതൃത്വം നിലനിര്‍ത്തുകയെന്നതാണ് ലക്ഷ്യമെന്നുമാണ് എ ഗ്രൂപ്പിനുള്ളിലെ സംസാരം.

മുതിര്‍ന്ന നേതാക്കള്‍ ഇടഞ്ഞ് നില്‍ക്കുമ്പോഴും സംസ്ഥാനത്ത് എവിടെയും പരസ്യമായ പ്രതിഷേധം ഉയരാത്തതും ഇതിന്റെ സൂചനയാണ്. സെമി കേഡര്‍ സംവിധാനത്തിലേക്കുള്ള മാറ്റവും അച്ചടക്കമുള്ള അണികളെന്നതും അംഗീകരിക്കപ്പെടുന്നുവെന്നാണ് നേതൃത്വം വിലയിരുത്തുന്നത്.

രമേശ് ചെന്നിത്തലയ്‌ക്കൊപ്പം നിന്നിരുന്ന വി.ഡി സതീശന്‍, ശൂരനാട് രാജശേഖരന്‍, എ.പി അനില്‍കുമാര്‍, ഐ.സി ബാലകൃഷ്ണന്‍. ഐന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരനും ഐ ഗ്രൂപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ആര് ആര്‍ക്കൊപ്പമാണെന്ന് ഗ്രൂപ്പ് നേതാക്കള്‍ക്ക് പോലും പറ്റാത്ത സ്ഥിതിയാണെന്ന് അണികള്‍ പറയുന്നു. ആലപ്പുഴയില്‍ ബാബുപ്രസാദിന് ഡി.സി.സി പ്രസിഡന്റ് സ്ഥാനം നല്‍കാന്‍ കഴിഞ്ഞത് മാത്രമാണ് രമേശ് ചെന്നിത്തലയ്ക്ക് പുനഃസംഘടനയിലൂടെയുണ്ടായ ഏക നേട്ടം.

രണ്ട് തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്താനാവാത്ത കോണ്‍ഗ്രസിനെ തിരിച്ച് കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്ന പുതിയ നേതൃത്വത്തിന്റെ വാദത്തിന് അണികള്‍ക്കിടയില്‍ സ്വീകാര്യതയുണ്ട്. മാറ്റം വേണമെന്ന് പ്രവര്‍ത്തകരും ആഗ്രഹിക്കുന്നുണ്ട്. മുതിര്‍ന്ന നേതാക്കള്‍ ഇടഞ്ഞ് നില്‍ക്കുമ്പോഴും സംസ്ഥാനത്ത് എവിടെയും പരസ്യമായ പ്രതിഷേധം ഉയരാത്തതും ഇതിന്റെ സൂചനയാണ്. സെമി കേഡര്‍ സംവിധാനത്തിലേക്കുള്ള മാറ്റവും അച്ചടക്കമുള്ള അണികളെന്നതും അംഗീകരിക്കപ്പെടുന്നുവെന്നാണ് നേതൃത്വം വിലയിരുത്തുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in