വെഞ്ഞാറമൂട് കൊലപാതകത്തില്‍ ബിജെപിയുടെ മൗനം അത്ഭുതകരമാണെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്. കേരളത്തില്‍ ഒരു ദിവസം മഴ പെയ്തില്ലെങ്കില്‍ അത് എല്‍ഡിഎഫ് സര്‍ക്കാര്‍ കാരണമാണെന്ന് പത്രസമ്മേളനം നടത്തി പറയുന്ന സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഇതില്‍ ഒരു അക്ഷരം മിണ്ടിയിട്ടില്ല. എസ്ഡിപിഐയാണെന്ന് കൊലപാതകം നടത്തിയതെന്ന് രമേശ് ചെന്നിത്തല പറഞ്ഞിട്ടും കെ സുരേന്ദ്രന്‍ പ്രതികരിച്ചിട്ടില്ല. ഇതില്‍ ദുരൂഹതയുണ്ട്. കോണ്‍ഗ്രസിലെ ഉന്നത നേതാക്കള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്നും മുഹമ്മദ് റിയാസ് ദ ക്യുവിനോട് പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വലിയ സംഘര്‍ഷങ്ങളുണ്ടാക്കുകയെന്ന ലക്ഷ്യമാണ് കോണ്‍ഗ്രസിന്. അതിന് വേണ്ടിയാണ് ആക്രമണം നടത്തുന്നത്. കൊലപാതകത്തിന് പിന്നില്‍ ഉന്നതതല ബന്ധമുണ്ട്. അതിനുള്ള ഉദാഹരണമാണ് കോണ്‍ഗ്രസിലെ നേതാക്കള്‍ ഓരോ തരം പ്രസ്താവന ഇറക്കുന്നത്. കൊലപാതകം നടത്തിയത് എസ്ഡിപിഐയാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. പ്രതിപക്ഷ നേതൃസ്ഥാനത്ത് നില്‍ക്കുന്ന ആള്‍ ഒരു കാര്യം പറയുമ്പോള്‍ അതിന് വ്യക്തമായ തെളിവ് വേണം. കേസില്‍ പിടിക്കപ്പെട്ടത് യൂത്ത് കോണ്‍ഗ്രസിന്റെ മണ്ഡലം സെക്രട്ടറി സജിത്താണ്. നേരത്തെ ഒളിവില്‍ പോകുകയും ഇപ്പോള്‍ പിടിക്കപ്പെടുകയും ചെയ്ത പ്രതി ഐഎന്‍ടിസിയുടെ പ്രധാന നേതാവാണ്. വ്യക്തിപരമായ സംഘര്‍ഷമാണെന്നാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജയന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ രാഷ്ട്രീയ സംഘര്‍ഷമാണെന്ന് പറയുന്നു. മൂന്ന് മാസം മുമ്പ് നടന്നതും രാഷ്ട്രീയ സംഘര്‍ഷമാണെന്ന് ഇവര്‍ പറയുമ്പോള്‍ മുല്ലപ്പള്ളി രാമചന്ദ്രന് ഇതെല്ലാം രാഷ്ട്രീയ പ്രശ്‌നമല്ല. മുന്‍ കെപിസിസി പ്രസിഡന്റ് ഇരട്ട കൊലപാതകത്തില്‍ അനുശോചനം രേഖപ്പെടുത്തി. സാമൂഹ്യപ്രവര്‍ത്തകരാണെന്നാണ് ആ പോസ്റ്റില്‍ പറയുന്നത്. മുല്ലപ്പള്ളി രാമചന്ദ്രന്‍ ക്രിമിനലുകളെന്ന് പറഞ്ഞവരെ വിഎം സുധീകരന്‍ നാട് സ്‌നേഹിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകരാണെന്ന് പറയുന്നു. ഇതില്‍ കോണ്‍ഗ്രസിന് യോജിച്ച അഭിപ്രായം ഇല്ലെന്ന് വ്യക്തമാകും. കോണ്‍ഗ്രസ് നേതാക്കളുടെ സിപിഎം-ഡിവൈഎഫ്‌ഐ വിരുദ്ധതയുടെ തുടര്‍ച്ചയാണ് താഴെത്തട്ടില്‍ നടക്കുന്ന ആക്രമണം. കൊലപാതകത്തില്‍ ഉന്നതതല ബന്ധമുണ്ട്. കൊവിഡ് കാലത്തെ സന്നദ്ധ പ്രവര്‍ത്തനത്തിനിടെ ഒരു മനുഷ്യന്‍ കൊല്ലപ്പെടുന്നുണ്ടെങ്കില്‍ അത് സിയാദാണ്. ലോകത്ത് ഒന്നിലേറെ പേര്‍ ഒരേ സമയം കൊല്ലപ്പെടുന്നുണ്ടെങ്കില്‍ അത് വെഞ്ഞാറമൂടിലാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
കൊല്ലപ്പെടുന്നവരുടെ പേര് നോക്കി പ്രതികരിക്കുന്ന രീതിയാണ് എസ്ഡിപിഐ സ്വീകരിക്കാറുള്ളത്. വെഞ്ഞാറമൂടില്‍ കൊല്ലപ്പെട്ടവരുടെ പേര് അവര്‍ക്ക് താല്‍പര്യമുള്ളതാണ്. എന്നിട്ടും എസ്ഡിപിഐയും മിണ്ടുന്നില്ല. 2016ല്‍ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തവര്‍ പോലും ഇപ്പോള്‍ ഇടതു സര്‍ക്കാരിനൊപ്പം നില്‍ക്കുന്നു. അത് തകര്‍ക്കുന്നതിനായി കുറെ അസംബന്ധപ്രചരണങ്ങളും നടത്തിയെങ്കിലും ഏശിയില്ല. നിയമസഭയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്നെങ്കിലും ബൂമറാങ്ങ് ആയി തിരിച്ചടിച്ചു. പ്രതിപക്ഷ നേതാവിനെതിരെ സ്വന്തം പാര്‍ട്ടിയില്‍ തന്നെ കടുത്ത അതൃപ്തിയുണ്ടായി. ഈ പ്രതിപക്ഷ നേതാവിനെ വച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയില്ലെന്ന സാഹചര്യം കോണ്‍ഗ്രസിലുണ്ട്. കോണ്‍ഗ്രസിന്റെ ദേശീയ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ ആളില്ലാത്ത സ്ഥിതിയുണ്ട്. അതില്‍ പ്രവര്‍ത്തിക്കുന്ന വലിയൊരു വിഭാഗത്തിന് പാര്‍ട്ടിയുടെ ഭാവിയെന്താണെന്ന ആശങ്ക ഉണ്ടാകുന്നു. അയോധ്യ വിഷയത്തില്‍ എടുത്ത മൃദു ഹിന്ദുത്വ നിലപാട് കടുത്ത നിരാശ പ്രവര്‍ത്തകരിലുണ്ടാക്കുന്നു. ഇങ്ങനെ കടുത്ത ആഭ്യന്തര പ്രശ്‌നങ്ങളിലാണ് കോണ്‍ഗ്രസ്.
സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് ഇനിയും വേട്ടയാടപ്പെടും. അതിനുള്ള പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്. ഞങ്ങള്‍ ശ്രദ്ധിച്ച് വിവേകത്തോടെ ഇടപെടുന്നുണ്ട്. പ്രകോപനം ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇപ്പോളത്തെ സ്വസ്ഥമായ അന്തരീക്ഷം തുടര്‍ന്നാല്‍ കേരളത്തില്‍ ഇടതുപക്ഷം വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നക്കം കടക്കും. അതില്ലാതാക്കാനാണ് നടക്കുന്നത്. അത് കോണ്‍ഗ്രസില്‍ തന്നെ പ്രശ്‌നമായിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.