കൊവിഡ് ദുരിതം സൃഷ്ടിച്ച വറുതിക്കും സാമ്പത്തിക പരാധീനതക്കുമൊപ്പം ദുരിതവൃത്തത്തിലായ മനുഷ്യര്‍ക്ക് മേലുണ്ടാകുന്ന പൊലീസ് നടപടികളും പരാതിയും വാർത്തകളായി മാറുകയാണ്. കാസര്‍ഗോഡ് പശുവിന് പുല്ലരിയാന്‍ പോയ ആള്‍ക്ക് പോലീസിന്റെ വക 2000 രൂപയുടെ പെറ്റി. കാസര്‍ഗോഡ് കോടും ബെള്ളൂര്‍ പാറക്കലുള്ള വി. നാരായണനാണ് പൊലീസ് പെറ്റിയടിച്ചത്. ആകെയുള്ള വരുമാന മാര്‍ഗമായിരുന്ന പശുവിന് കൊടുക്കാനുള്ള പുല്ലുവെട്ടാനാണു നാരായണൻ വീട്ടിന് പുറത്തിറങ്ങിയത്. 9 ദിവസം മുമ്പ് ഭാര്യക്ക് കൊവിഡ് ബാധിച്ചതിനാല്‍ പ്രൈമറി കോണ്ടാക്ടിലുള്ള ആളായിരുന്നു നാരായണന്‍ എന്നാണ് പൊലീസ് വിശദീകരണം.
കൊവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക് ഡൗണ്‍ നീണ്ടത് മൂലം കൂലിപ്പണി ചെയ്തിരുന്ന നാരായണന് തൊഴില്‍ കിട്ടാത്ത അവസ്ഥയുണ്ടായി. അപ്പോഴാണ് 50,000 രൂപ ലോണെടുത്ത് ഒരു സിന്ധി പശുവിനെ വാങ്ങിയതെന്ന് നാരായണന്‍ ദ ക്യുവിനോട് പറഞ്ഞു. ദിവസം എട്ട് ലിറ്റര്‍ പാല്‍ കിട്ടിയിരുന്ന പശുവായിരുന്നു നാരായണന്റെ കുടുബത്തിന്റെ ജീവനോപാധി. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായുള്ള ജോലി ലഭിക്കുന്നതിനായി ഭാര്യ ശൈലജ ഒമ്പത് ദിവസം മുമ്പ് കോവിഡ് ടെസ്റ്റ് നടത്തിയപ്പോള്‍ പോസിറ്റിവ്. അങ്ങനെ നാരായണനും ഭാര്യയും രണ്ടു മക്കളും പ്രായമായ അമ്മയും ക്വാറന്റൈനിലായി. ആകെയുള്ള വരുമാന സ്രോതസ്സായ പശുവിനു വേണ്ടി പുല്ലു ചെത്താന്‍ തൊട്ടടുത്തുള്ള ആളൊഴിഞ്ഞ പറമ്പില്‍ പോയതിനാണ് പൊലീസ് പെറ്റിയടിച്ചതെന്ന് നാരായണൻ പറഞ്ഞു.
മാസ്‌ക് ധരിച്ചാണ് പറമ്പില്‍ പുല്ലു വെട്ടാന്‍ പോയതെന്നും ആളൊഴിഞ്ഞ പറമ്പായിരുന്നുവെന്നും നാരായണന്‍ ദ ക്യുവിനോട് പറഞ്ഞു. പുല്ലു ചെത്തിയാല്‍ കോവിഡ് വരുമെന്ന് ഞാന്‍ കരുതിയില്ല, ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നാലല്ലേ കോവിഡ് വരുകയുള്ളൂ, അടുത്ത ബന്ധുവാണ് പെറ്റി അടയ്ക്കാനുള്ള കാശ് കൊടുത്തത്, നാരായണൻ പറഞ്ഞു.
ജീവനോപാധിയായ പശുവിന് അകിട് വീക്കം വന്നതിനാല്‍ പാലും കിട്ടാത്ത അവസ്ഥയായി . കോവിഡ് പോസിറ്റിവ് ആയതു കൊണ്ട് പശുവിനെ ചികിത്സിക്കാനുള്ള ഡോക്ടര്‍മാരൊന്നും ഈ വഴി വരില്ല, രോഗം വന്ന ഈ പശുവിനെ ഇനി എന്ത് ചെയ്യുമെന്ന് അറിയാത്ത അവസ്ഥയിലാണ്, രോഗം കൂടിയാല്‍ അത് ചത്തു പോകും നാരായണന്‍ ദ ക്യുവിനോട് പറഞ്ഞു.
ഓടിട്ട വീട് ആകെ പൊട്ടി പൊളിഞ്ഞ അവസ്ഥയിലാണെന്നും നിലവിലെ ദുരിതത്തിനിടയില്‍ അറ്റകുറ്റപ്പണിയെക്കുറിച്ച് ആലോചിക്കാനാകില്ലെന്നും നാരായണന്‍. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ഭാഗമായി നാല് ലക്ഷം രൂപ പഞ്ചായത്തില്‍ നിന്നും കിട്ടേണ്ടതാണ്. എന്നാല്‍ കാശ് ചോദിച്ച് പഞ്ചായത്തിനെ സമീപിക്കുമ്പോള്‍ പട്ടികയിലെ ക്രമം അനുസരിച്ച് മാത്രമേ ഫണ്ട് തരാന്‍ കഴിയൂ എന്നാണ് പറയുന്നത്. ഇത് പറഞ്ഞു അങ്ങോട്ട് ഇങ്ങോട്ടും എന്നെ നടത്തിക്കുവാന്‍ തുടങ്ങിയിട്ട് നാള് കുറെയായി, പത്താം ക്ലാസിലും, ഏഴാം ക്ലാസിലും പഠിക്കുന്ന ആണ്‍ മക്കളുണ്ട്, അവര്‍ക്ക് പഠിക്കാനായി ഒരു ഫോണ്‍ പോലും വാങ്ങാനുള്ള കാശില്ല. ഇപ്പോള്‍ ഒരു ബന്ധുവിന്റെ ഫോണാണ് പഠനത്തിനായി കൊടുത്തിരിക്കുന്നത്, കിറ്റ് കൊണ്ട് മാത്രം തള്ളി നീക്കാന്‍ പറ്റില്ല, എണ്‍പതു വയസ്സായ അമ്മയുണ്ട്, ഈ കുടുംബത്തെ എങ്ങനെ പോറ്റുമെന്നു ഒരുപിടിയും കിട്ടുന്നില്ല, എനിക്ക് കിഡ്‌നിക്ക് അസുഖം ഉണ്ട്, മരുന്നും കഴിക്കുന്നുണ്ട്, എങ്ങനെയൊക്കെയോ തള്ളി നീക്കുകയാണ്, നാരായണന്‍ പറഞ്ഞു.
ക്വാറന്റൈന്‍ ലംഘിച്ചതിനാണ് നാരായണനെതിരെ പെറ്റി ചുമത്തിയതെന്നും മറിച്ചുള്ള വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും അമ്പലത്തറ പൊലീസ് ദ ക്യുവിനോട് വ്യക്തമാക്കി.