നിയമസഭയിലേക്ക് ബി.ജെ.പിയെ നയിക്കാന്‍ വി.മുരളീധരന്‍; മത്സരിക്കുന്നത് കഴക്കൂട്ടത്ത് തന്നെ

നിയമസഭയിലേക്ക് ബി.ജെ.പിയെ നയിക്കാന്‍ വി.മുരളീധരന്‍; മത്സരിക്കുന്നത് കഴക്കൂട്ടത്ത് തന്നെ
Published on

നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നയിക്കുക കേന്ദ്രമന്ത്രി വി.മുരളീധരന്‍. കഴക്കൂട്ടം മണ്ഡലത്തില്‍ നിന്നും ജനവിധി തേടുമെന്ന് ഉറപ്പായി. കേരളത്തില്‍ അഞ്ച് സീറ്റുകളെങ്കിലും നേടണമെന്നാണ് കേന്ദ്ര നേതൃത്വം നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദേശം.

കഴക്കൂട്ടം മണ്ഡലത്തില്‍ നിന്നും ജനവിധി തേടുമെന്ന സൂചന വി.മുരളീധരന്‍ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. താമസം കഴക്കൂട്ടം മണ്ഡലത്തിലേക്ക് മാറ്റിയത് സൂചിപ്പിച്ചായിരുന്നു ഇത്. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്ന് ഉറപ്പായിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനാണ് കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത്.

നാല്പത് മണ്ഡലങ്ങളെ എ ക്ലാസ് പട്ടികയിലാക്കി കേന്ദ്ര നേതൃത്വത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. ഈ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പെട്ടെന്ന് തീരുമാനിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനായിരുന്നു നിര്‍ദേശം ലഭിച്ചത്. ജനുവരി 15ന് ശേഷം ചര്‍ച്ചകളിലേക്ക് നീങ്ങാന്‍ തീരുമാനിച്ചതിനിടെയാണ് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് കൊവിഡ് ബാധിച്ച് ചികിത്സയിലായത്. നേമത്ത് മുന്‍ സംസ്ഥാന പ്രസിഡന്റും മിസോറാം ഗവര്‍ണറുമായിരുന്ന കുമ്മനം രാജശേഖരനെ മത്സരിപ്പിച്ച് സീറ്റ് നിലനിര്‍ത്താമെന്നാണ് ബി.ജെ.പിയുടെ കണക്ക് കൂട്ടല്‍.

തിരുവനന്തപുരം ജില്ലയില്‍ രണ്ടിലധികം സീറ്റുകള്‍ നേടണമെന്നാണ് സംസ്ഥാന നേതൃത്വം കണക്കുകൂട്ടുന്നത്. ഇതിനിടെയാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പേരിലുള്ള കലാപം ജില്ലയില്‍ ശക്തിപ്പെട്ടിരിക്കുന്നത്. ജില്ലയിലെ ഗ്രൂപ്പ് പോരാണ് കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ കഴിയാതിരുന്നതിന് കാരണമെന്നാണ് വിലയിരുത്തല്‍. ഇത് നിയമസഭ തെരഞ്ഞെടുപ്പിലും തിരിച്ചടിയാകുമോയെന്ന ആശങ്ക നേതൃത്വത്തിനുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in