സർക്കാരിന്റെ ശമ്പളത്തിൽ ഊട്ടിയുറപ്പിക്കുന്ന ജാതീയത

സർക്കാരിന്റെ ശമ്പളത്തിൽ ഊട്ടിയുറപ്പിക്കുന്ന ജാതീയത
Published on

ജാതി സെൻസസ് എന്തിന് എന്ന ചോദ്യം കുറച്ചുകാലമായി രാജ്യത്ത് കേൾക്കുന്നുണ്ട്, സംവരണം നിർത്തലാക്കണമെന്നും അത് തുല്യതയെ തകർക്കുന്നുവെന്നെല്ലാമുള്ള കാലാകാലങ്ങളായുള്ള സവർണവാദത്തിന്റെ പിന്തുടർച്ചക്കാർ തന്നെയാണ് ജാതിസെൻസസിനും എതിർപ്പ് പ്രകടിപ്പിക്കുന്നത്. എന്നാൽ നമ്മുടെ തൊഴിൽ മേഖലകളിൽ ഇപ്പോഴും എത്രമാത്രം പട്ടികജാതി പട്ടികവർ​ഗ വിഭാ​ഗങ്ങളുണ്ട് ? പലർക്കും ഉണ്ടാകും എന്നായിരിക്കും മറുപടി, അല്ലെങ്കിൽ കേരളമല്ലേ, ഇവിടെ എല്ലാവർക്കും അവസരമുണ്ടല്ലോ എന്നതായിരിക്കും. എന്നാൽ അത്തരം ചിന്താ​ഗതിക്കാരെ മാറിചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നൊരു കണക്ക് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കേരളത്തിലെ എയ്ഡഡ് മേഖലകളിലെ ദളിത് അധ്യാപകരുടെ കണക്ക്.

വിവരാവകാശ നിയമ പ്രകാരം അഭിഷേക് സാബൂ വരിക്കാട്ട് എന്ന പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിക്ക് ലഭിച്ച മറുപടിയിൽ പറയുന്നത് ആകെ 90307 എയ്ഡഡ് സ്കൂൾ അധ്യാപകരിൽ 884 പേർ മാത്രമാണ് പട്ടികജാതി പട്ടിക വർ​ഗ വിഭാ​ഗത്തിൽ നിന്നുള്ളതെന്നാണ്. റിസർവേഷൻ അവസരങ്ങൾ നഷ്ടപ്പെടുത്തും എന്ന് വാദിക്കുന്നവർക്കിടയിലാണ് ആകെപ്പാടെ ഒരു ശതമാനം പോലും അധ്യാപകരില്ലെന്ന കണക്ക്.

എയ്ഡഡ് സ്കൂളുകളിൽ സാമൂഹ്യ നീതി തൊട്ടു തീണ്ടിയിട്ടില്ല എന്ന അനുമാനം ഉണ്ടായിരുന്നു എന്നതായിരുന്നു ഇത്തരമൊരു കണക്ക് വിവരാവാകാശ പ്രകാരം ആവശ്യപ്പെടാൻ കാരണമെന്ന് അഭിഷേക് സാബു വരിക്കാട്ട് ദ ക്യുവിനോട് പറഞ്ഞു. അതിനെ സാതൂകരിക്കുന്ന കണക്കുകൾ ആവശ്യമായിരുന്നു. അതാണ് പിന്നാക്ക വിഭാ​ഗത്തിൽപ്പെട്ട സ്കൂൾ അധ്യാപകരുടെ കണക്കുകൾ എടുക്കാൻ പ്രേരിപ്പിച്ചത്.

ജാതി സെൻസസ് നടക്കാത്തതു കൊണ്ട് ജാതി വിഭാ​ഗങ്ങളുടെ കണക്ക് നമ്മുടെ പക്കലില്ലെന്ന് അഭിഷേക് പറയുന്നു. റിസർവേഷൻ കൊണ്ട് ഉണ്ടായത് ​ഗുണമാണോ ​ദോഷമാണോ എന്നറിയണമെങ്കിൽ അതിലേക്കുളള വഴി ​ജാതി സെൻസസാണ്. റിസർവേഷൻ നിലനിൽക്കുമ്പോൾ പോലും ഒ ബി സി വിഭാ​ഗത്തിൽ പെട്ടവർക്കോ ​ദളിതർക്കോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കടന്നു ചെല്ലാൻ കഴിയാത്ത അവസ്ഥയാണ് നിലനിൽക്കുന്നതെന്നും അഭിഷേക് ദ ക്യുവിനോട് പറഞ്ഞു.

എൻ എസ് എസിന്റെ ഒരു കോളജിൽ 30 ലക്ഷം കൊണ്ട് ഒരു നായരും 50 ലക്ഷം കൊണ്ട് ഒരു ദളിതനും വന്നു നിന്നാൽ അവർ മുപ്പത് ലക്ഷം കൊണ്ട് വന്ന നായർക്കെ ജോലി കൊടുക്കൂ. ദളിതർക്ക് യോ​ഗ്യതയില്ലാത്തതുകൊണ്ടല്ല ഈ സ്ഥാപനങ്ങളിൽ അവർക്ക് ജോലി ലഭിക്കാത്തത്. ദളിതരല്ലാത്ത സ്വന്തം ആളുകൾക്ക് വേണ്ടി അതൊക്കെ മാറ്റി വച്ചിട്ടുള്ളത് കൊണ്ടാണ്.

അഭിഷേക് സാബു വരിക്കാട്ട്

കേരളത്തിൽ കുറേ കാലമായ് നിലനിൽക്കുന്ന വിമർശനമാണ് എയ്ഡഡ് മേഖലയിൽ ദളിതർക്ക് പ്രാധിനിധ്യം ഇല്ല എന്നത്. ശമ്പളം നൽകുന്നത് സർക്കാരാണെന്നിരിക്കെ എല്ലാവർക്കും പ്രാതിനിധ്യം നൽകും വിധം നിയമനം പി എസ് സിക്ക് വിടണം എന്ന ആവശ്യം കുറേകാലങ്ങളായ് ഉന്നയിക്കുന്നുണ്ട്. അതിന്റെ ഏറ്റവും അവസാനത്തെ കണക്കാണ് പുറത്ത് വിട്ടിരിക്കുന്നതെന്ന് സണ്ണി എം കപിക്കാട് വിഷയത്തിൽ ​ദി ക്യുവിനോട് പ്രതികരിച്ചു.

1972 ലെ ഡയറക്റ്റ് പേ സിസ്റ്റം എന്ന സംവിധാനം പ്രകാരം ശമ്പളം സർക്കാർ നൽകുകയും നിയമന അധികാരം മാനേജ്മെന്റിന് വിടുകയുമാണ് ചെയ്യുന്നത്. ഇത് കടുത്ത അനീതിയാണ്, സർക്കാർ ഖജനാവ് കൊളളയടിക്കുകയാണ്, 90000 പേർക്ക് ശമ്പളം നൽകുക എന്ന് പറയുമ്പോൾ അത് വലിയ ഒരു തുകയാണ്. സുറിയൻ ക്രിസ്ത്യൻസിന് കീഴിലാണ് ഏറ്റവും കൂടുതൽ സ്ഥാപനങ്ങളുള്ളത് സംവരണത്തിന്റെ ആനുകൂല്യം ഏറിയ പങ്കും എത്തുന്നത് അവരിലേക്കാണ്.

സണ്ണി എം കപിക്കാട്

ജാതി വിവേചനം ഉണ്ടാകും എന്ന് പറഞ്ഞാണ് എൻ എസ് എസ് ഉൾപ്പടെ ഉളള സംഘടനകൾ ജാതി സെൻസസിനെ എതിർക്കുന്നതെന്ന് അദ്ദേഹം പറയുന്നു. എന്നാൽ അനധികൃതമായി അനുഭവിക്കുന്ന ആനുകൂല്യങ്ങൾ വിട്ടു നൽകാൻ കഴിയാത്തതുകൊണ്ടാണ് അവരിങ്ങനെ പറയുന്നത്. എയ്ഡഡ് സ്ഥാപനങ്ങളിൽ ജോലി ലഭിക്കാൻ നായരായിരിക്കുക എന്നതാണ് ആദ്യത്തെ യോ​ഗ്യത, പിന്നെ മാത്രമെ വിദ്യാഭ്യാസ യോ​ഗ്യത പരിശോധിക്കൂ, .കേരള സമൂഹം ജാതിയുടെയും മതത്തിന്റെയും പേരിൽ പണ്ടേ വിഭജിക്കപ്പെട്ടതാണ് അതുകൊണ്ടാണ് ജാതി സെൻസസിനെ എതിർത്തുകൊണ്ട് ഈ കൂട്ടർ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് യാതൊരു പ്രസക്തിയും ഇല്ല എന്നുപറയാൻ കാരണമെന്നും സണ്ണി എം കപികാട് പറയുന്നു.

നമ്മുടെ നവോഥാനങ്ങൾ ഒരു കാലഘട്ടത്തിനു ശേഷം മുന്നോട്ട് പോയിട്ടില്ലെന്ന് അഭിഷേക് പറയുന്നു. സർക്കാർ ശമ്പളം നൽകുകയും മാനേജ്മെന്റുകൾ നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങളാണ് എയ്ഡഡ് സ്കൂളുകളും കോളേജുകളും. സർക്കാരിന്റെ ശമ്പളത്തിൽ ജാതീയത ഊട്ടിയുറപ്പിക്കപ്പെടുകയാണ്. സംവരണം കൊണ്ട് മുന്നോട്ട് പോയ സമൂഹമാണ് നമ്മുടേത് , 3, 4 ശതമാനമെങ്കിലും ദളിത് അ​​​ധ്യാപകരുണ്ടാകും എന്നാണ് കരുതിയത് എന്നാൽ ഈ സമൂഹത്തിലാണ് 1 ശതമാനം പോലും ദളിത് അധ്യാപകരില്ലാ എന്ന തിരിരിച്ചറിവ് കിട്ടുന്നതെന്നും അഭിഷേക് കൂട്ടിച്ചേർത്തു.

കേരളത്തിൽ ഇത്രയും കടുത്ത അനീതി നടന്നിട്ടും കേരളം ഭരിക്കുന്ന ഒരു ​ഗവൺമെന്റും അതിനെതിരെ ഒരു നടപടിയും സ്വീകരച്ചിട്ടില്ലെന്ന് സണ്ണി എ കപികാടും പറയുന്നു. കേരളത്തിലെ മന്ത്രിസഭയിലടക്കം സ്വാധീനം ചിലത്താനും ​​ഗവൺമെന്റിന്റെ അടക്കം പോളിസി തീരുമാനിക്കുന്നതിലും പൊതുജന അഭിപ്രായം രൂപീകരിക്കുന്നതിലും സിറിയൻ ,നായർ വിഭാ​ഗങ്ങളുടെ പങ്ക് വളരെ വലുതാണ്, അതുകൊണ്ട് അവർക്കെതിരെ ഒരു സർക്കാരും നീങ്ങില്ല. ഇതിനൊരു പരിഹാരമായി കാണുന്നത് എയ്ഡഡ് മേ​ഖലയിലെ നിയമനം പി എസ് സിക്ക് വിടുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in