വയനാട് അമ്പലവയലിൽ ആദിവാസി തൊഴിലാളിക്ക് മർദ്ദനം. അമ്പലവയലിലെ നീർച്ചാൽ കോളനി നിവാസിയായ ബാബുവിനാണ് 100 രൂപ കൂട്ടിച്ചോദിച്ചതിന് ക്രൂരമായ മർദ്ദനമേറ്റത്. വയനാട് മഞ്ഞപ്പാറ സ്വദേശിയും ചീരാൽ സ്‌കൂളിലെ ജീവനക്കാരനുമായ കരുവളം വീട്ടിൽ അരുൺ ആണ് ആക്രമത്തിച്ചതെന്ന് ബാബു പറയുന്നു. മുഖത്ത് ഏറ്റ ചവിട്ടിൽ ബാബുവിന്റെ താടിയെല്ല് തകർന്നിട്ടുണ്ട്. മുൻവശത്തെ മൂന്ന് പല്ലുകൾ കൊഴിഞ്ഞുപോവുകയും ചെയ്തു. പട്ടികവർഗ അതിക്രമ നിരോധനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി അമ്പലവയൽ പോലീസ് കേസ് എടുത്തിട്ടുണ്ട്.
ഫെബ്രുവരി 10 വെള്ളിയാഴ്ചയാണ് സംഭാവമുണ്ടായതെന്ന് ആദിവാസി പ്രൊമോട്ടറായ സിമി ദ ക്യുവിനോട് പറഞ്ഞു. അരുണിന്റെ വീട്ടിൽ കൂലിപ്പണിക്ക് ചെന്ന ബാബു 100 രൂപ അധികം ചോദിച്ചപ്പോളായിരുന്നു മർദനം. മുഖത്തേറ്റ ശക്തമായ ചവിട്ടിൽ ബാബുവിന് ബോധക്ഷയമുണ്ടായി. തിങ്കളാഴ്ച അമ്പലവയലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഡിവൈഎസ്പി സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
അരുണിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിവൈഎസ്പി ദ ക്യുവിനോട് പറഞ്ഞു. ഇതിനിടെ സംഭവം പുറത്ത് പറയാതിരിക്കാൻ അരുണും അരുണിന്റെ പിതാവും ബാബുവിനെ സമീപിച്ചിരുന്നു. ആദിവാസി യുവാവായ വിശ്വനാഥന്റെ ദുരൂഹ മരണം നടന്ന് ദിവസങ്ങൾക്കകമാണ് മറ്റൊരു ആദിവാസി യുവാവിന് കൂടി ദാരുണാനുഭവം ഉണ്ടായിരിക്കുന്നത്.
പ്രൊമോട്ടർ സിമി ദ ക്യുവിനോട് പറഞ്ഞത്
ബാബുവിന് 500 രൂപയായിരുന്നു കൂലി. അന്ന് 100 രൂപ അധികം ചോദിച്ചപ്പോഴാണ് മർദനം ഉണ്ടായത്. ചീരാൽ സ്‌കൂളിലെ പ്യൂണായ അരുൺ, ബാബുവിന്റെ മുഖത്ത് ചവിട്ടുകയായിരുന്നു. താടിയെല്ല് തകർന്നു, മൂന്ന് പല്ലും പോയി. ബോധം കെട്ട് നിലത്ത് വീഴുകയും ചെയ്തു. അന്ന് നീർച്ചാലിലുള്ള സ്വന്തം വീട്ടിലേക്ക് നടന്നെത്താനാകാതെ ബാബു ഒരു പാറപ്പുറത്ത് അവശനായി കിടക്കുകയാണുണ്ടായത്. ബാബുവിന്റെ കൂടെ മറ്റാരും താമസമില്ലാത്തത് കൊണ്ട് ആരും അറിഞ്ഞതുമില്ല.
തിങ്കളാഴ്ച മുഖത്തെ നീർക്കെട്ട് കൂടുകയും അസഹ്യമായ വേദന അനുഭവപ്പെടുകയും ചെയ്തപ്പോഴാണ് ബാബുവിനെ അമ്പലവയലിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. അവിടെ നിന്ന് ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീടാണ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നത്. ആശുപത്രി അധികൃതർ പറഞ്ഞതിനെ തുടർന്നാണ് മർദനമേറ്റ വിവരം പൊലീസ് അറിയുന്നത്. ചൊവ്വാഴ്ച പൊലീസ് എത്തി മൊഴിയെടുത്തിരുന്നു. അരുണും പിതാവും ഒളിവിലാണെന്ന് കരുതുന്നു. ഇതുവരെ അറസ്റ്റ് ഉണ്ടായിട്ടില്ല.