പുടിന്റെതല്ലാത്ത റഷ്യയുടെ ശബ്ദം, അലക്സി നവാൽനിയുടെ പോരാട്ടങ്ങൾക്ക് വിട

പുടിന്റെതല്ലാത്ത റഷ്യയുടെ  ശബ്ദം,
അലക്സി നവാൽനിയുടെ പോരാട്ടങ്ങൾക്ക്  വിട
Published on
25 വർഷത്തോളമായി പ്രധാനമന്ത്രിയായും പ്രസിഡന്റായും റഷ്യയുടെ അധിപനായി ഭരണം നടത്തുന്ന വ്ലാദിമിർ പുടിന് നിരന്തരം തലവേദന സൃഷിട്ടിച്ചിരുന്ന ഒരാളായിരുന്നു അലക്സി നവാൽനി. റഷ്യയിലെ സർക്കാർ നിയന്ത്രിത കോർപ്പറേഷനുകളിലെ വലിയ അഴിമതി കണക്കുകൾ ബ്ലോഗിലൂടെ പുറത്ത് കൊണ്ടുവന്നാണ് തുടക്കം. പിന്നീട് പുടിനെതിരെയുള്ള ഭരണകൂട വിരുദ്ധപക്ഷത്തിന്റെ മുഖമായി. യുക്രയിനെതിരെ റഷ്യ നടത്തുന്ന യുദ്ധങ്ങളെയും എതിർത്തു. ബഹുജന പ്രക്ഷോഭം നടത്തിയതിന്റെ പേരിൽ ജയിലിലടക്കപ്പെടുകയും വധശ്രമങ്ങൾക്കിരയാവുകയും ചെയ്തു. അവസാനം ഫെബ്രുവരി ജയിലിൽ വെച്ച് തന്നെ സംശയയാസ്പദ സാഹചര്യത്തിൽ തന്റെ 47 ആം വയസ്സിൽ മരണപ്പെട്ടു.

25 വർഷത്തോളമായി പ്രധാനമന്ത്രിയായും പ്രസിഡന്റായും റഷ്യയുടെ അധിപനായി ഭരണം നടത്തുന്ന വ്ലാദിമിർ പുട്ടിന് നിരന്തരം തലവേദന സൃഷിട്ടിച്ചിരുന്ന റഷ്യക്കാരൻ . റഷ്യയിൽ നടക്കുന്ന ഏകാധിപത്യ ഭരണത്തിനെതിരെയും അഴിമതിക്കെതിരെയും നിരന്തരം ശബ്‌ദിച്ചു കൊണ്ടിരുന്ന അലക്സി നവാൽനി എന്ന ബ്ലോഗർ വ്ലാദിമിർ പുട്ടിന്റെ മുഖ്യ പ്രതിപക്ഷമായിട്ടായിരുന്നു അറിയപ്പെട്ടിരുന്നത്.

രാജ്യദ്രോഹകുറ്റം ചുമത്തി കൊടും കുറ്റവാളികളുടെ ജയിലിൽ ഏകാന്ത തടവിന് ശിക്ഷിക്കപ്പെട്ട അലക്സി നവാൽനി നിരന്തരം ഭരണകൂടത്തിന്റെ വധശ്രമങ്ങൾക്ക് ഇരയായി. വിഷബാധയേറ്റു മൂന്നിലേറെ തവണ അത്യാസന്ന നിലയിലായി. അതിനെയെല്ലാം അതിജീവിച്ചു ജയിലിലും തന്റെ പോരാട്ടം തുടരുന്നതിനിടെയാണ് 47- ആം വയസ്സിൽ ജയിലിൽ വെച്ച് അദ്ദേഹം മരണപ്പെടുന്നത്.

നടക്കാനിറങ്ങിയപ്പോൾ അബോധാവസ്ഥയിൽ വീണു മരിച്ചു എന്നാണ് ജയിൽ അധികൃതരുടെ വാദം. എന്നാൽ അലക്സി നവാൽനിയുടെ അനുയായികളും കുടുംബവും കൊലപാതക ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.

അലക്സി നവാൽനി
അലക്സി നവാൽനി

1976- ൽ മോസ്‌കോയുടെ ഒരു പടിഞ്ഞാറൻ ഗ്രാമത്തിലാണ് നവാൽനി ജനിക്കുന്നത്. എന്നാൽ അദ്ദേഹം വളരുന്നത് മോസ്‌കോയിൽ നിന്നും നൂറ് കിലോമീറ്റർ അകലെയുള്ള ഒബ്നിൻസ്ക് എന്ന ഗ്രാമത്തിലാണ്. 1998 ൽ മോസ്‌കോ പീപ്പിൾസ് ഫ്രണ്ട്ഷിപ്പ് യൂണിവേഴ്‌സിറ്റി ഓഫ് റഷ്യയിൽ നിന്ന് നിയമ ബിരുദം നേടിയ ശേഷമാണ് ഭരണകൂട വിമർശനങ്ങളിലേക്ക് കടക്കുന്നത്.

പിന്നീട് റഷ്യയുടെ അഴിമതിയുടെ വിരുദ്ധ പ്രചാരകനായി അദ്ദേഹം മാറി. റഷ്യയിലെ ചില സർക്കാർ നിയന്ത്രിത കോർപ്പറേഷനുകളിലെ വലിയ അഴിമതി കണക്കുകൾ പുറത്ത് കൊണ്ട് വന്നാണ് അദ്ദേഹത്തിന്റെ ബ്ലോഗ് കരിയർ തുടങ്ങുന്നത്. പുട്ടിന്റെ നേതൃത്വത്തിലുള്ള പാർട്ടി വഞ്ചകരും അഴിമതിക്കാരുമാണെന്നും ഫ്യൂഡൽ വ്യവസ്ഥയിലൂടെ റഷ്യയുടെ രക്തം ഊറ്റികുടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. തെരുവിൽ ചെറുപ്പക്കാരെ കൂട്ടി ചേർത്തു ആൻ്റി കറപ്ഷൻ ഫൗണ്ടേഷൻ (FBK) എന്ന സംഘടന രൂപീകരിച്ചു.

പുടിനെതിരെയുള്ള പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുന്നു.
പുടിനെതിരെയുള്ള പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുന്നു.

ശേഷം 2011- ൽ പുട്ടിനെതിരെ ബഹുജന പ്രക്ഷോഭം സംഘടിപ്പിച്ചു. പുടിൻ തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഇത് വരെ നേരിടാത്ത ഒരു സമര പോരാട്ടമായിരുന്നുവത്. പിന്നീട് ത്രീവവാദ മുദ്രകുത്തി ആൻ്റി കറപ്ഷൻ ഫൗണ്ടേഷൻ സംഘടനയെ നിരോധിക്കുകയും അദ്ദേഹത്തെ ജയിലിലടക്കുകയും ചെയ്തു.

ഈ കാലയളവിലാണ് അദ്ദേഹത്തിന് നേരെ ആദ്യ വധശ്രമമുണ്ടാകുന്നത്. ജയിലിലിലെ ഭക്ഷണത്തിൽ നിന്നും നോവിചോക്ക് വിഷബാധയേറ്റ അദ്ദേഹം നീണ്ട കാലം ഹോസ്പിറ്റലിൽ അത്യാസന്ന നിലയിൽ കഴിഞ്ഞു. 2017- ൽ ആൻ്റിസെപ്റ്റിക് ഗ്രീൻ ഡൈ എന്ന വിഷം ഉള്ളിൽ കടന്ന് കണ്ണിന് പൊള്ളലേറ്റു. 2020 ഓഗസ്റ്റിൽ സൈബീരിയക്കുള്ള വിമാന യാത്രക്കിടയിലും വധശ്രമമുണ്ടായെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു.

വിഷബാധയിൽ നേരിട്ട് പങ്കുള്ളതായി ആരോപിച്ച് ആറ് ഉന്നത റഷ്യൻ ഉദ്യോഗസ്ഥർക്കും റഷ്യൻ രാസായുധ ഗവേഷണ കേന്ദ്രത്തിനും എതിരെ യൂറോപ്യൻ യൂണിയൻ അന്ന് ഉപരോധം ഏർപ്പെടുത്തി. ടിറ്റ് ഫോർ ടാറ്റ് ഉപരോധവുമായാണ് റഷ്യ തിരിച്ചടിച്ചത് . സുഖം പ്രാപിച്ചു മടങ്ങിയെത്തിയ അലക്സി നവൽനിയെ വീണ്ടും റഷ്യൻ പോലീസ് ജയിലിലടച്ചു. താൻ ഉടൻ കൊല്ലപ്പെടുമെന്ന് പ്രസിഡന്റ് നേരിട്ട് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി നവൽനിയെ ആരോപിച്ചു.

തുടർന്ന് നവൽനിയെ സ്വതന്ത്രമാക്കാൻ രാജ്യവ്യാപക പ്രക്ഷോഭങ്ങൾ ഉണ്ടായെങ്കിലും മോചിതനാക്കാൻ സർക്കാർ തയ്യാറായില്ല. പിന്നീടുള്ള പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പുട്ടിന്റെ ശക്തനായ എതിരാളിയായി നവൽനിയെ ജനങ്ങൾ ഉയർത്തി കൊണ്ട് വന്നെങ്കിലും അദ്ദേഹത്തെ പുടിൻ ഭരണകൂടം തിരഞ്ഞെടുപ്പിൽ നിന്ന് അയോഗ്യനാക്കി.

ജയിൽ ചിത്രം:ജയിൽ അധികൃതർ പുറത്ത് വിട്ടത്,
ജയിൽ ചിത്രം:ജയിൽ അധികൃതർ പുറത്ത് വിട്ടത്,

2022 മാർച്ചിൽ, വഞ്ചന, കോടതിയലക്ഷ്യം എന്നീ പുതിയ ആരോപണങ്ങളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി മോസ്കോയിൽ നിന്ന് 250 കിലോമീറ്റർ (150 മൈൽ) ദൂരമുള്ള മെലെഖോവോയിലെ ഒരു പുതിയ പീനൽ കോളനി ജയിലിലേക്ക് അദ്ദേഹത്തെ മാറ്റി.

2022 ജൂണിൽ, അദ്ദേഹം ആ ജയിലില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് അദ്ദേഹത്തിൻ്റെ അനുകൂലികൾ പ്രതിഷേധമുണ്ടാക്കി. IK-6 എന്ന കഠിനമായ മറ്റൊരു പീനൽ കോളനിയിലേക്ക് അദ്ദേഹത്തെ മാറ്റിയതായി ജയിൽ അധികൃതർ തന്നെ പിന്നീട് സമ്മതിച്ചു,

2023 ഓഗസ്റ്റിൽ ശിക്ഷ 19 വർഷത്തേക്ക് നീട്ടിയതോടെ, റഷ്യയിലെ ഏറ്റവും അപകടകാരികളായ കുറ്റവാളികൾക്കായി കരുതിവച്ചിരിക്കുന്ന പീനൽ ജയിൽ കോളനിയിലേക്ക് വീണ്ടും അദ്ദേഹത്തെ മാറ്റി.

നവാൽനിയെ റഷ്യൻ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ട് പോകുന്ന ചിത്രം.
നവാൽനിയെ റഷ്യൻ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ട് പോകുന്ന ചിത്രം.

തടവിലായിരുന്നിട്ടും അഴിമതി വിരുദ്ധ പ്രാചാരണങ്ങൾ അദ്ദേഹം തുടർന്നു, ഉക്രെയ്നിലെ യുദ്ധത്തിനെതിരായ മുൻനിര ആഭ്യന്തര ശബ്ദങ്ങളിലൊന്നായും അദ്ദേഹം മാറി. ഒടുവിൽ സംശയകരമായ സാഹചര്യത്തിൽ തന്റെ 47 ആം വയസ്സിൽ അദ്ദേഹം ജയിലിൽ വെച്ച് തന്നെ മരണപ്പെട്ടു.

സ്വാതന്ത്ര്യത്തിൻ്റെയും ജനാധിപത്യത്തിൻ്റെയും മൂല്യങ്ങൾക്ക്" വേണ്ടിയുള്ള പോരാട്ടത്തിൽ അദ്ദേഹം "ആത്യന്തികമായ ത്യാഗം" ചെയ്തു, എന്നാണ് യൂറോപ്യൻ യൂണിയൻ കൗൺസിൽ പ്രസിഡൻ്റ് ചാൾസ് മൈക്കൽ പറഞ്ഞത്. "ഒരു വ്യവസ്ഥിതിക്കെതിരായ ചെറുത്തുനിൽപ്പിന് തൻ്റെ ജീവൻ പണയം വെച്ചതായി ഫ്രഞ്ച് വിദേശകാര്യ മന്ത്രി സ്റ്റെഫാൻ സെജോർനെയും പറഞ്ഞു,

അലക്സി നവൽനിയെ സ്വതന്ത്രമാകണമെന്നാവശ്യപ്പെട്ട് റഷ്യൻ തെരുവിൽ നടന്ന പ്രതിഷേധത്തിൽ നിന്ന്.
അലക്സി നവൽനിയെ സ്വതന്ത്രമാകണമെന്നാവശ്യപ്പെട്ട് റഷ്യൻ തെരുവിൽ നടന്ന പ്രതിഷേധത്തിൽ നിന്ന്.

പുടിൻ്റെയും പുടിൻ്റെയും സർക്കാരിനെ ഞങ്ങൾക്ക് വിശ്വസിക്കാൻ കഴിയില്ല. അവർ എപ്പോഴും കള്ളം പറയുകയാണ്,"

എന്നാൽ ഇത് ശരിയാണെങ്കിൽ, പുടിനും സർക്കാരും എന്റെ ഭർത്താവിനോടും എൻ്റെ കുടുംബത്തോടും രാജ്യത്തോടും ചെയ്തതിന് അവർ ഉത്തരവാദികളായിരിക്കുമെന്ന് അദ്ദേഹത്തിന്റെ ഭാര്യ യൂലിയ പ്രതികരിച്ചു.

റഷ്യൻ ചരിത്രത്തിലെ തുല്യതയില്ലാത്ത ഭരണകൂട വിരുദ്ധ പോരാട്ടത്തിന്റെ നായകൻ അലക്സി നവാൽനിക്ക് വിട

Related Stories

No stories found.
logo
The Cue
www.thecue.in