ഇവൻ ഇനി പഠിക്കേണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നു; വാശിയായിരുന്നു, ജയിച്ച് കാണിക്കണമെന്ന്

ഇവൻ ഇനി പഠിക്കേണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നു; വാശിയായിരുന്നു, ജയിച്ച് കാണിക്കണമെന്ന്
Published on

2021 ഫെബ്രുവരി മാസം ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട തർക്കത്തിൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ കൊല്ലം തെന്മല സ്വദേശി രാജീവ് എന്ന ദളിത് യുവാവ് നേരിട്ട അതിക്രമങ്ങൾ ആരും മറന്നുകാണാൻ ഇടയില്ല. പരാതിയുടെ രസീത് ചോദിച്ച രാജീവിനെ പൊലീസ് സ്റ്റേഷനിൽ കെട്ടിയിട്ട് മർദ്ദിച്ചതായിരുന്നു സംഭവം. പോലീസിന്റെ കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിച്ചെന്ന പേരിൽ രാജീവിനെതിരെ കേസും നിലവിലുണ്ട്. പ്രതിസന്ധികൾക്കിടയിലും രാജീവിന്റെ മകൻ രാഹുൽ രാജീവ് പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച സന്തോഷത്തിലാണിപ്പോൾ രാജീവിന്റെ കുടുംബം.

മുഴുവൻ വിഷയങ്ങൾക്കും ഏ പ്ലസ് നേടിയ രാഹുലിന് 98 ശതമാനം മാർക്കും നേടാൻ കഴിഞ്ഞിട്ടുണ്ട്. മകന്റെ വിജയത്തിൽ സന്തോഷമുണ്ടെന്ന് പറയുമ്പോൾ രാജീവിന് കണ്ഠമിടറുന്നുണ്ട്. രാഹുൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് പോലീസിന്റെ അതിക്രൂരമായ ആക്രമണം രാജീവിന് ഏൽക്കേണ്ടി വരുന്നത്. തുടർന്ന് രാജീവിന്റെ ഫോൺ പോലീസ് പിടിച്ചുവാങ്ങുന്ന സാഹചര്യവുമുണ്ടായി. കോവിഡ് നിയന്ത്രണങ്ങൾ നിലനിന്നിരുന്ന ആ സമയത്ത് രാഹുലിന് ഓൺലൈൻ ക്ലാസ്സിന് കയറാനുള്ള ഏക ഉപാധിയായിരുന്നു ആ ഫോൺ. മകന്റെ പഠിത്തം നിന്നുപോകുമെന്ന് രാജീവ് പറഞ്ഞപ്പോൾ അവൻ ഇനി പഠിക്കേണ്ടെന്ന് പൊലീസ് പറഞ്ഞത് രാഹുലിന്റെ മനസ്സിൽ ഇപ്പോഴുമുണ്ട്.

'എന്റെ എല്ലാം ആ ഫോണിലായിരുന്നു. പഠിക്കാനുള്ള മെറ്റീരിയലൊക്കെ അതിനകത്തായിരുന്നു. എത്ര പറഞ്ഞിട്ടും പൊലീസ് ആ ഫോൺ തിരിച്ചുതന്നില്ല. ഇപ്പോഴും അത് ഞങ്ങൾക്ക് കിട്ടിയിട്ടില്ല. കോടതിയിലാണത്രെ. പത്താം ക്ലാസ്സ് പരീക്ഷ അടുത്ത് വന്ന് നിൽക്കുന്ന സമയമായിരുന്നു അത്. വളരെ കഷ്ടപ്പെട്ടു. ഫുൾ ഏ പ്ലസ് വാങ്ങിത്തന്നെ അന്നും പാസായി. പക്ഷെ മാർക്ക് കുറഞ്ഞു.' രാഹുൽ ദ ക്യുവിനോട്‌ പറഞ്ഞു.

രാജീവും കുടുംബവും
രാജീവും കുടുംബവും

പ്ലസ് ടുവിന് മിന്നുന്ന വിജയം സ്വന്തമാക്കിയ രാഹുലിന് എംബിബിഎസ്‌ പഠിച്ച് ഒരു ഡോക്ടറാകണം എന്നാണ് ആഗ്രഹം. എൻട്രൻസ് എഴുതിയിട്ടുണ്ട്. പ്രതീക്ഷയുമുണ്ട്. അഥവാ സീറ്റ് ലഭിച്ചില്ലെങ്കിൽ സിവിൽ സർവീസിന് ശ്രമിക്കുമെന്നും രാഹുൽ പറയുന്നു. 'എനിക്ക് വാശിയായിരുന്നു. പഠിക്കേണ്ട എന്ന് പറഞ്ഞവർക്ക് മുന്നിൽ ജയിച്ച് നിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എനിക്ക് ഇനിയും മുന്നോട്ട് പോണം.' രാഹുലിന്റെ വാക്കുകളിൽ നിറയെ ആത്മവിശ്വാസമാണ്.

അച്ഛന് സംഭവിച്ചതിനെ കുറിച്ച് പറയുമ്പോൾ ആ ആത്മവിശ്വാസമുള്ള വാക്കുകളിൽ പൊടുന്നനെ വേദന ഇരച്ചുകയറും. 'അച്ഛൻ അങ്ങനെ ഒരു പ്രശ്നത്തിനും പോകാറില്ല. സമാധാനത്തോടെ ജീവിക്കുകയായിരുന്നു. ലൈഫ് മിഷനിൽ ഞങ്ങൾക്ക് കിട്ടേണ്ട വീട് വേറെ ആൾക്കാർക്ക് കൊടുത്തതിന്റെ പരാതി പോലീസിൽ കൊടുക്കാൻ പോയതാണ്. അതിനാണ് ഇങ്ങനെ ഒക്കെ ആക്കിയത്. ഫോൺ വാങ്ങിയതിലോ പഠിത്തം നിന്ന് പോകുന്നതിലോ ഒന്നും എനിക്ക് ആ സമയത്ത് വിഷമം തോന്നിയിരുന്നില്ല. അച്ഛനെ കുറിച്ച് ആലോചിച്ചായിരുന്നു സങ്കടം വന്നത്.'

രാഹുൽ രാജീവ്
രാഹുൽ രാജീവ്

2021 ഫെബ്രുവരി മൂന്നിന് ലൈഫ് മിഷനുമായി ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതർക്കെതിരെ ഒരു പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയതായിരുന്നു രാജീവ്. ഫോണിലൂടെ ബന്ധു അസഭ്യം പറഞ്ഞതിനെതിരെ പരാതി നല്‍കാനാണ് രാജീവ് പൊലീസിനെ സമീപിച്ചത്. തെന്മലയില്‍ ലൈഫ് മിഷന്‍ പ്രകാരം വീടുകള്‍ അനുവദിക്കുന്നതിലെ ക്രമക്കേട് ചൂണ്ടിക്കാണിച്ച് രാജീവ് നല്‍കിയ പരാതിയിലാണ് ബന്ധുവുമായുള്ള തര്‍ക്കത്തിന്റെ തുടക്കം. അന്നത്തെ സി.ഐ വിശ്വംഭരന്‍ പരാതി വായിച്ച ശേഷം കാര്യമില്ലാതെ ഒരാള്‍ അസഭ്യം പറയുമോ എന്ന് ചോദിച്ച് മർദിക്കുകയായിരുന്നു. പരാതി നൽകിയതിന്റെ രസീതി ചോദിച്ചതോടെ കൂടുതൽ ക്ഷുഭിതനായെന്നും രാജീവ് പറയുന്നു. പൊലീസ് ആക്രമണത്തിന്റെ വിഡിയോ രാജീവ് മൊബൈലിൽ പകർത്തുകയും ഫെയിസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് ക്രൂരമായ പകപോക്കലാണ് ഉണ്ടായത്. അന്ന് ഈ വിഷയം ദ ക്യു വിശദമായി തന്നെ റിപ്പോർട്ട് ചെയ്തിരുന്നു.

ഇവൻ ഇനി പഠിക്കേണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നു; വാശിയായിരുന്നു, ജയിച്ച് കാണിക്കണമെന്ന്
പരാതി നല്‍കാന്‍ പോയപ്പോള്‍ പൊലീസ് തല്ലിച്ചതച്ചു, എട്ടുമാസമായി നീതിക്കായി ഈ ദളിത് യുവാവ് നടക്കുന്നു

മകൻ മികച്ച വിജയം കരസ്ഥാമാക്കിയതിന്റെ സന്തോഷം ദ ക്യുവുമായി രാജീവ് പങ്കുവെച്ചത് പുനലൂർ താലൂക്ക് ആശുപത്രിയിൽ നിന്നാണ്. മർദ്ദനത്തിന്റെ ബാക്കിപത്രം പോലെ ഇടയ്ക്കിടെ എത്തുന്ന വിഷമതകളും ആശുപത്രി വാസവും രാജീവിന് തൊഴിലെടുത്ത് ജീവിക്കാനുള്ള സാഹചര്യം പോലും ബുദ്ധിമുട്ടിലാക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in