ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ അപകീർത്തികരമായ യാതൊരു വാർത്തയും നൽകരുതെന്ന് ഡൽഹി ഹൈക്കോടതി കർമ്മ ന്യൂസിന് താക്കീതു നൽകി. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിൽ ഒരു താല്പര്യവുമില്ലാത്ത, മാധ്യമപ്രവർത്തനത്തിന്റെ ഏതെങ്കിലും മൂല്യങ്ങൾ സംരക്ഷിക്കപ്പെടണം എന്ന് ആഗ്രഹിക്കാത്ത ഒരുകൂട്ടമാണ് ഇത്തരം അസത്യങ്ങളും വസ്തുതാ വിരുദ്ധമായ വാർത്തകളും പ്രചരിപ്പിക്കുന്നതെന്ന് ന്യൂസ്‌ലോണ്ട്രിയുടെ സഹസ്ഥാപകനും സി.ഇ.ഓയുമായ അഭിനന്ദൻ സിക്രി.
ന്യൂസ്‌ലോണ്ട്രി, കോൺഫ്ലുവെൻസ് മീഡിയ എന്നീ മാധ്യമ സ്ഥാപനങ്ങൾക്കെതിരായി അപകീർത്തികരമായ വാർത്ത നൽകിയതിന് കർമ്മ ന്യൂസിനെതിരെ കേസ്. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ അപകീർത്തികരമായ യാതൊരു വാർത്തയും നൽകരുതെന്ന് ഡൽഹി ഹൈക്കോടതി കർമ്മ ന്യൂസിന് താക്കീതു നൽകി. ന്യൂസ്‌ലോണ്ട്രിയും, മുതിർന്ന മാധ്യമപ്രവർത്തകൻ ജോസി ജോസഫിന്റെ നേതൃത്വത്തിലുള്ള കോൺഫ്ലുവെൻസ് മീഡിയയും ചേർന്ന് കൊച്ചിയിൽ വച്ച് നടത്തിയ മീഡിയ ഫെസ്റ്റിവൽ വിഘടനവാദ ശ്രമമാണെന്നും ദേശവിരുദ്ധ ആശയം പ്രചരിപ്പിക്കാൻ വേണ്ടിയാണ് സംഘടിപ്പിക്കപ്പെട്ടത് എന്നുമായിരുന്നു കർമ്മ ന്യൂസ് യൂട്യൂബിലൂടെ പ്രചരിപ്പിച്ചത്. എന്നാൽ തെറ്റിദ്ധാരണാജനകമായ വിവരങ്ങൾ പ്രചരിക്കുന്നത് നമ്മൾ ജീവിച്ചുകൊണ്ടിരിക്കുന്ന കാലത്തിന്റെ പ്രതിഫലനമായിക്കൂടി കാണണമെന്നും, ഒരിക്കൽ ഈ അവസ്ഥയിൽ നിന്നും നമ്മൾ രക്ഷപ്പെടുമെന്നും, ന്യൂസ്‌ലോണ്ട്രിയുടെ സഹസ്ഥാപകനും സി.ഇ.ഓയുമായ അഭിനന്ദൻ സിക്രി ദ ക്യുവിനോട് പറഞ്ഞു.
രണ്ടു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ന്യൂസ്‌ലോണ്ട്രിയും കോൺഫ്ലുവെൻസ് മീഡിയയും നൽകിയ അപകീർത്തിക്കേസിലാണ് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. കഴിഞ്ഞ മാർച്ചിലാണ് കൊച്ചിയിൽ വെച്ച് കട്ടിങ് സൗത്ത് എന്ന മീഡിയ ഫെസ്റ്റിവൽ നടക്കുന്നത്. കട്ടിങ് സൗത്ത് എന്ന പേര് സൗത്ത് ഇന്ത്യയെ വിഘടിപ്പിക്കണം എന്ന ആവശ്യത്തിന്റെ പുറത്താണെന്നും, സൗത്ത് ഇന്ത്യ മറ്റൊരു രാജ്യമാക്കണമെന്നാണ് ഈ സംഘാടകരുടെ ആവശ്യമെന്നും കർമ്മ ന്യൂസും മറുനാടൻ മലയാളിയുമുൾപ്പെടെയുള്ള യൂട്യൂബ് ചാനലുകൾ അന്ന് ആരോപിച്ചിരുന്നു. ഇത് ഏറ്റെടുത്തുകൊണ്ട് സംഘപരിവാർ ബി.ജെ.പി നേതാക്കൾ കേരളത്തിലും കേരളത്തിന് പുറത്തും രംഗത്ത് വരികയും ചെയ്തു.
ഡിജിറ്റൽ മാധ്യമ സ്ഥാപനങ്ങളായ ന്യൂസ്‌ലോണ്ട്രി, ദി ന്യൂസ് മിനിറ്റ്, കോൺഫ്ലുവെൻസ് മീഡിയ എന്നിവ കേരള മീഡിയ അക്കാഡമിയുമായി ചേർന്നാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. ഈ മീഡിയ ഫെസ്റ്റിവൽ സംഘാടകർ വിഘടനവാദപരമായ ആശയമാണ് പ്രചരിപ്പിക്കുന്നത് എന്ന് മാത്രമല്ല ഖാലിസ്ഥാൻ വാദികളുമായും നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്നും കർമ്മ ന്യൂസിന് വേണ്ടി ഹാജരായ അഡ്വക്കേറ്റുമാരായ ഉദ്ദവ് ഖന്ന, കൃഷൻ കുമാർ എന്നിവർ കോടതിയിൽ പറഞ്ഞു.
കട്ടിങ് സൗത്ത് എന്നത് തെക്കേ ഇന്ത്യയെ വിഘടിപ്പിക്കുക എന്ന അർത്ഥത്തിലുള്ള പ്രയോഗമല്ല, കട്ടിങ് ചായ്, കട്ടിങ് എഡ്ജ് എന്നീ വാക്കുകളിൽ നിന്ന് എടുത്തതാണെന്നും, നിരവധി ചേരുവകൾ ചേരുന്ന ചായ എന്ന ഉപമയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്, അതിൽ ഗൃഹാതുരതയും സത്യവും ഉൾക്കൊള്ളുന്നുണ്ടെന്നും ന്യൂസ്‌ലോണ്ട്രിയും കോൺഫ്ലുവെൻസ് മീഡിയയും പറഞ്ഞു.
കള്ളം പ്രചരിക്കുന്ന ഈ അവസ്ഥയെ നമ്മൾ മറികടക്കും: അഭിനന്ദൻ സിക്രി
ഇത് നമ്മൾ ജീവിക്കുന്ന കാലത്തിന്റെ പ്രതിഫലനമാണ്. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിൽ ഒരു താല്പര്യവുമില്ലാത്ത, മാധ്യമപ്രവർത്തനത്തിന്റെ ഏതെങ്കിലും മൂല്യങ്ങൾ സംരക്ഷിക്കപ്പെടണം എന്ന് ആഗ്രഹിക്കാത്ത ഒരുകൂട്ടമാണ് ഇത്തരം അസത്യങ്ങളും വസ്തുതാ വിരുദ്ധമായ വാർത്തകളും പ്രചരിപ്പിക്കുന്നത്. ഇത് രാജ്യത്തിൻറെ പലസ്ഥലങ്ങളിൽ നടക്കുന്നുണ്ട്, കേരളത്തിലും. പക്ഷെ എനിക്ക് ശുഭാപ്തി വിശ്വാസമുണ്ട്, നുണ പ്രചരിപ്പിക്കുന്ന ഇത്തരം സ്ഥാപനങ്ങൾ ഒരുപാട് കാലം നിലനിൽക്കില്ല എന്ന വിശ്വാസം.
കർമ്മ ന്യൂസിനും യൂട്യൂബിനും 30 ദിവസത്തിനുള്ളിൽ മറുപടി തരണമെന്ന് പറഞ്ഞു കൊണ്ട് ഡൽഹി ഹൈക്കോടതി നോട്ടീസ് നൽകി. കേസ് വിശദമായി കേൾക്കാൻ ഓഗസ്റ്റിലേക്ക് മാറ്റി. ജസ്റ്റിസ് മനോജ് കുമാർ ഒഹ്‌രി യുടെ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്. ജന്മഭൂമി ഉൾപ്പെടെയുള്ള മറ്റു സ്ഥാപനങ്ങളും സമാനമായ റിപ്പോർട്ട് നൽകിയിരുന്നു എന്ന് കർമ്മ ന്യൂസിന് വേണ്ടി ഹാജരായ വക്കീൽ പറഞ്ഞതായും, ഇനി ഒരുത്തരവുണ്ടാകുന്നതുവരെ കോൺഫ്ലുവെൻസ് മീഡിയക്കോ ന്യൂസ്‌ലോണ്ട്രിക്കോ എതിരായി അപകീർത്തികരമായ വാർത്ത നൽകില്ല എന്ന് കർമ്മ ന്യൂസ് ഉറപ്പ് നൽകിയതായും ന്യൂസ്‌ലോണ്ട്രി റിപ്പോർട്ട് ചെയ്യുന്നു.
കർമ്മ ന്യൂസ് പ്രചരിപ്പിക്കുന്ന കാര്യങ്ങൾ അടിസ്ഥാനരഹിതവും കള്ളവുമാണ്, സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനു തടസ്സമാകുന്ന ഇത്തരം പ്രവർത്തനങ്ങൾ വിദ്വേഷ പ്രചാരണം മാത്രമാണ്. പൊതുപ്രസ്താവനയിൽ ന്യൂസ്‌ലോണ്ട്രിക്കു വേണ്ടി ഹാജരായ ബാനി ദീക്ഷിത്തും നിപുൻ കട്യാലും പറഞ്ഞു. കർമ്മ ന്യൂസ് ഇനിയൊരുത്തരവുണ്ടാകുന്നതുവരെ അപകീർത്തികരമായ വാർത്തകൾ കൊടുക്കില്ല എന്ന് റപ്പുനൽകിയത് ഉദ്ധരിച്ചുകൊണ്ട്, ഞങ്ങളുടെ വിശ്വാസ്യതയെ കുരിശിലേറ്റാൻ സാധിക്കില്ല എന്നും ഇവർ പൊതുപ്രസ്താവനയിൽ പറയുന്നു.