വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള അഭിപ്രായവ്യത്യാസത്തിന് കാരണം തന്റെ ഉറച്ച നിലപാടുകളെന്ന് ശ്രീജ നെയ്യാറ്റിന്‍കര. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം മാത്രമാണ് താന്‍ അവസാനിപ്പിച്ചതെന്നും, തന്റെ രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്നും ശ്രീജ ദ ക്യുവിനോട് പറഞ്ഞു.
'എന്റെ രാജിക്ക് കൃത്യമായ രാഷ്ട്രീയ കാരണങ്ങള്‍ ഉണ്ട്. നിസാരമായ സോഷ്യല്‍ മീഡിയ ഇടപെടലിന്റെ പേരില്‍ എനിക്കെതിരെയുണ്ടായ പാര്‍ട്ടി നടപടി അംഗീകരിക്കാന്‍ എന്റെ നീതിബോധം എന്നെ അനുവദിച്ചില്ല. സസ്‌പെന്‍ഡ് ചെയ്യപ്പെടേണ്ട ഒരു കുറ്റവും ഞാന്‍ ചെയ്തിട്ടില്ലെന്ന ബോധ്യവുമുണ്ട്. ബദല്‍ രാഷ്ട്രീയമെന്ന പാര്‍ട്ടിയുടെ പ്രഖ്യാപിത രാഷ്ട്രീയത്തില്‍ നിന്ന് മാറി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് സന്ധി ചെയ്യുമ്പോള്‍ ഉയരാവുന്ന എതിര്‍ ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള രാഷ്ട്രീയ നടപടിയായി ഈ സസ്‌പെന്‍ഷന്‍ നടപടിയെ കാണുന്നു', ശ്രീജ ദ ക്യുവിനോട് പറഞ്ഞു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ശ്രീജ നെയ്യാറ്റിന്‍കരയുടെ വാക്കുകള്‍:
"വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള അഭിപ്രായവ്യത്യാസത്തിന് എന്റെ സ്വതന്ത്രനിലപാടുകളും കാരണമാണ്. പാര്‍ട്ടി നേതൃത്വത്തെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയ്ക്ക് ഒരു കക്ഷി രാഷ്ട്രീയമെന്ന സംഗതിയുണ്ടല്ലോ, അപ്പോള്‍ സ്വാഭാവികമായും അതില്‍ സ്വതന്ത്ര അഭിപ്രായം പറയുന്നവര്‍ക്ക് അവിടെ സ്ഥാനമുണ്ടാകില്ല. ഒരു പക്ഷെ അവര്‍ പരമാവധി ക്ഷമിച്ചിട്ടുണ്ടായിരിക്കാം, അതിന് ശേഷമാകാം ഇത്തരം നടപടി സ്വീകരിച്ചിട്ടുണ്ടാകുക.
എന്റെ സ്വതന്ത്ര നിലപാടുകള്‍ തുടക്കം മുതല്‍ പ്രശ്‌നമായിരുന്നു. യോജിപ്പുകളും വിയോജിപ്പുകളുമുണ്ടായപ്പോഴും യോജിപ്പുകള്‍ കൂടുതലായിരുന്നു. അതുകൊണ്ടാണ് അവിടെ തുടര്‍ന്നത്. ഒരു പ്രസ്ഥാനമാകുമ്പോള്‍ ഒരുപാട് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകും. പക്ഷെ പിന്നീട് അത് വിയോജിപ്പുകള്‍ മാത്രമായി മാറി. അതിന്റെ പശ്ചാത്തലത്തിലാണ് പാര്‍ട്ടിയില്‍ നിന്ന് രാജി വെക്കാന്‍ തീരുമാനിച്ചത്.
മുനവ്വറലി തങ്ങള്‍ക്കെതിരെ ബ്രാഹ്മണ്യ രാഷ്ട്രീയവുമായി ബന്ധപ്പെട്ടു ഞാനിട്ട പോസ്റ്റും പാര്‍ട്ടിയുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ക്ക് കാരണമായിരുന്നു. പരിസ്ഥിതി ദിനമായ ജൂണ്‍ 5ന് മുനവ്വറലി തങ്ങള്‍ ഒരു ക്ഷേത്രത്തിലെ പൂജാരിയോടൊപ്പം മരം നടുന്ന ചിത്രം പുറത്തുവന്നു. മരം നട്ടതിന്റെ പേരിലായിരുന്നില്ല എന്റെ വിമര്‍ശനം, അതിന് ശേഷം സഹിഷ്ണുതയുടെ രാഷ്ട്രീയത്തെ കുറിച്ച് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. അതിന് മറുപടിയായാണ് മുനവ്വറലി തങ്ങളോട് അഞ്ച് ചോദ്യങ്ങള്‍ എന്ന തരത്തില്‍ ഞാന്‍ ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇരയാക്കപ്പെട്ടുകൊണ്ടിരിക്കുന്ന മുസ്ലീം ജനവിഭാഗത്തെ സംബന്ധിച്ചിടത്തോളം അവര്‍ ബ്രാഹ്മണ്യത്തിന്റെ ഇരകളാണ്. ഇക്കാര്യത്തില്‍ എന്റെ വിയോജിപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയായിരുന്നു പോസ്റ്റ്. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വിളിച്ച് പോസ്റ്റ് ഡിലീറ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ടു.
പല പോസറ്റുകളുടെയും കാര്യത്തില്‍ പല സന്ദര്‍ഭങ്ങളിലായി ഞാന്‍ വിട്ടുവീഴ്ച ചെയ്തിട്ടുണ്ട്, ഇല്ല എന്ന് പറയുന്നില്ല. പോസ്റ്റ് ഡിലീറ്റ് ചെയ്യാന്‍ പറഞ്ഞതിന്റെ കാരണം ചോദിച്ചപ്പോഴാണ്, യുഡിഎഫുമായി സഖ്യചര്‍ച്ചയിലാണെന്ന് അദ്ദേഹം പറയുന്നത്. ഈ സാഹചര്യത്തില്‍ ഇത്തരമൊരു പോസ്റ്റ് ഇടരുതെന്നും ആവശ്യപ്പെട്ടു. ഇത്തരം സാഹചര്യത്തില്‍ ഇങ്ങനെയൊരു പോസ്റ്റിട്ടാല്‍ അത് മുന്നോട്ടുള്ള പോക്കിന് തടസമാകുമെന്നും അദ്ദേഹം പറഞ്ഞു. എന്റെ സ്വതന്ത്രമായ രാഷ്ട്രീയ നിലപാടുകളില്‍ പാര്‍ട്ടി നിയന്ത്രണങ്ങള്‍ കൊണ്ടുവരുകയാണ് ചെയ്തത്. എനിക്കതിനോട് യോജിപ്പില്ല, എങ്കിലും പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പ്രസ്തുത പോസ്റ്റ് ഞാന്‍ ഒണ്‍ലി മീ ആക്കുകയും, ഫെയ്‌സ്ബുക്ക് അക്കൗണ്ട് കുറച്ച് ദിവസത്തേക്ക് ഡീആക്ടിവേറ്റ് ചെയ്യുകയും ചെയ്തു. സസ്‌പെന്‍ഷന്‍ നടപടി വരുന്നതിന്റെ രാത്രിയിലാണ് ഞാന്‍ ഫെയ്‌സ്ബുക്ക് വീണ്ടും ആക്ടിവേറ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയിലുള്‍പ്പടെ പല പ്രചരണങ്ങളുമുണ്ടായിരുന്നു.
യുഡിഎഫുമായി രാഷ്ട്രീയ ബാന്ധവമാകാം. പക്ഷെ വെല്‍ഫെയര്‍ പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന ബദല്‍ രാഷ്ട്രീയമെന്ന നിലപാടില്‍ പോലും വിട്ടുവീഴ്ച വരുത്തിക്കൊണ്ടുള്ള രാഷ്ട്രീയത്തില്‍ എനിക്ക് വിശ്വാസമില്ല. വിശ്വാസത്തിനപ്പുറം എനിക്കതില്‍ രാഷ്ട്രീയ പ്രതീക്ഷയുമില്ല, പ്രത്യേകിച്ച് ബ്രാഹ്മണ്യം ഏറ്റവും കൂടുതല്‍ പ്രായോഗികവല്‍ക്കരിക്കുന്ന ഈ കാലത്ത്.
വെല്‍ഫെയര്‍ പാര്‍ട്ടിയിലേക്ക് ഇനിയൊരിക്കലും ഒരു തിരിച്ചുവരവില്ല, തിരിച്ചുവരാനല്ല ഞാന്‍ രാജിവെച്ചത്. പാര്‍ട്ടിയില്‍ തുടരാന്‍ ഞാന്‍ പരമാവധി ശ്രമിച്ചിരുന്നു. ഒരുപാട് ആലോചിച്ചതിന് ശേഷമാണ് രാജിക്കത്ത് കൊടുത്തത്. 12-ാം തിയതി സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ വന്ന് 18-ാം തിയതിയാണ് രാജിക്കത്ത് നല്‍കുന്നത്. വേറൊരു ചര്‍ച്ചയ്ക്ക് സാധ്യതയില്ലാത്ത രാജിയായിരുന്നു ഞാന്‍ കൊടുത്തത്. എന്നിട്ടും അവര്‍ ചര്‍ച്ച നടത്താന്‍ ശ്രമിച്ചു, തീരുമാനം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. പക്ഷെ ഇനി തുടര്‍ന്ന് പോകാന്‍ സാധിക്കില്ലെന്ന എന്റെ തീരുമാനം ഉറച്ചതായിരുന്നു.
മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കാര്യം ഇതുവരെ ആലോചിച്ചിട്ടില്ല. പക്ഷെ പൂര്‍വ്വാധികം ശക്തമായി ഫാസിസ്റ്റ് വിരുദ്ധ പോരാട്ടയിടങ്ങളില്‍ ഞാനുണ്ടാകും. ഒരു സ്ത്രീ-മുസ്ലീം-ദളിത്-ട്രാന്‍സ്-പരിസ്ഥിതി പക്ഷ, മനുഷ്യാവകാശ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകും. ഞാന്‍ മുന്നോട്ട് വെക്കുന്ന ഒരു രാഷ്ട്രീയമുണ്ട്, അതിന് വേണ്ടി ശ്രമിക്കും. സത്യസന്ധമായി ഇടപെടുന്ന ഒരു ഫാസിസ്റ്റ് വിരുദ്ധ ചേരിയാണ് ഇന്ത്യയില്‍ ആവശ്യമെന്ന് ഞാന്‍ വിചാരിക്കുന്നു. പല മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സുഹൃത്തുക്കളുമായി ചേര്‍ന്ന് അത്തരമൊരു സംഘടനയുടെ ആലോചന ഇപ്പോള്‍ നടക്കുന്നുണ്ട്. എത്രത്തോളം വളര്‍ത്താനാകുമെന്ന് അറിയില്ല. വിട്ടുവീഴ്ചകളില്ലാതെ ഈ രാഷ്ട്രീയഭൂമികയിലുണ്ടാകും എന്ന് മാത്രമേ ഇപ്പോള്‍ പറയാന്‍ സാധിക്കൂ.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള വൈകാരിക ബന്ധം ചെറുതല്ല. ഒമ്പത് വര്‍ഷം പ്രവര്‍ത്തിച്ച ഒരു പാര്‍ട്ടിയില്‍ നിന്ന് ഇറങ്ങിപ്പോകുക എന്ന് പറയുന്നത് അത്ര എളുപ്പമല്ല. സംഘടനാപരമായി മാത്രമാണ് ഞാന്‍ ഇറങ്ങിവന്നത്. രാഷ്ട്രീയപരമായി ഞാന്‍ ഇറങ്ങി വന്നിട്ടില്ല. ഞാനൊരു മുസ്ലീം പക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന ആളാണ്. വെല്‍ഫെയര്‍ പാര്‍ട്ടിയെന്ന രാഷ്ട്രീയപാര്‍ട്ടിയുമായുള്ള ബന്ധം മാത്രമാണ് ഞാന്‍ അവസാനിപ്പിച്ചത്. തുടര്‍ന്നും ഞാനെടുത്തിട്ടുള്ള രാഷ്ട്രീയ നിലപാടുകളില്‍ ഒരു മാറ്റവുമുണ്ടാകില്ല. ഞാന്‍ ഇവിടെ തന്നെയുണ്ടാകും."