'വാടകയിളവ് നല്‍കാതെ ഒഴിയണമെന്ന അന്ത്യശാസനം അന്യായം' ; സ്മാര്‍ട്ട്സിറ്റി നടപടി ചോദ്യം ചെയ്ത് കമ്പനികള്‍

'വാടകയിളവ് നല്‍കാതെ ഒഴിയണമെന്ന അന്ത്യശാസനം അന്യായം' ; സ്മാര്‍ട്ട്സിറ്റി നടപടി ചോദ്യം ചെയ്ത് കമ്പനികള്‍
Published on

കൊവിഡ് പ്രതിസന്ധിക്കിടെ 1500ല്‍ അധികം ജീവനക്കാരുടെ വരുമാനമാര്‍ഗം പ്രതിസന്ധിയിലാക്കി കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ നടപടി. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച വടക ഇളവ് നല്‍കാതെ, പകരം ജൂലൈ 15ന് മുമ്പ് കെട്ടിടം ഒഴിയണമെന്ന നിര്‍ദേശമാണ് കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്നത്. സ്മാര്‍ട്ട് സിറ്റി സര്‍ക്കാര്‍ സ്ഥാപനമല്ലെന്നും, അതിനാല്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിക്കേണ്ട ആവശ്യമില്ലെന്നുമാണ് അധികൃതരുടെ ന്യായീകരണമെന്ന് കമ്പനി ഉടമകള്‍ ദ ക്യുവിനോട് പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വാടക ഇളവ് നല്‍കാത്ത സ്മാര്‍ട്ട് സിറ്റിയുടെ നടപടിക്കെതിരെ പതിനഞ്ച് കമ്പനികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിഷയത്തില്‍ കേരള സര്‍ക്കാര്‍ തീരുമാനമെടുക്കട്ടെ എന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. സര്‍ക്കാരും സ്മാര്‍ട്ട്‌സിറ്റി അധികൃതരും കമ്പനികളുമായുള്ള ആദ്യഘട്ട ചര്‍ച്ചകള്‍ കഴിഞ്ഞെങ്കിലും തീരുമാനമായില്ല. ഇതിനിടെയാണ് ജൂലൈ 15ന് വാടക നല്‍കുകയോ അല്ലെങ്കില്‍ കെട്ടിടം ഒഴിഞ്ഞുകൊടുക്കുകയോ ചെയ്യണമെന്ന് കാണിച്ച് സ്മാര്‍ട്ട് സിറ്റി കമ്പനികള്‍ക്ക് അന്ത്യശാസനം നല്‍കിയത്.

വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ കാത്തിരിക്കണമെന്ന് മാത്രമാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് സ്മാര്‍ട്ട് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഐടി കമ്പനി ഉടമ (പേര് നല്‍കരുതെന്ന അഭ്യര്‍ത്ഥന പ്രകാരം ഒഴിവാക്കുന്നു) പറയുന്നു. 'സര്‍ക്കാര്‍ ഉത്തരവിന് മുമ്പ് ഒഴിഞ്ഞ് പോകണമെന്ന് നോട്ടീസ് നല്‍കുന്ന സ്മാര്‍ട്ട് സിറ്റിയുടെ നടപടി അന്യായമാണ്. ഞങ്ങളുടെ ആറ് മാസത്തെ വാടക സുരക്ഷാ നിക്ഷേപമായി അവിടെയുള്ളപ്പോഴാണ് ഈ നടപടി എന്ന് ഓര്‍ക്കണം. ആറ് മാസത്തെ വാടക ഡെപ്പോസിറ്റ് ഉള്ളപ്പോള്‍ മൂന്ന് മാസത്തെ വാടക കുടിശികയുടെ പേരില്‍ എങ്ങനെ കമ്പനികളെ ഒഴിപ്പിക്കാനാകും?', കമ്പനി ഉടമ ചോദിക്കുന്നു.

സര്‍ക്കാര്‍ ഉത്തരവ് പിന്നെ ആര് പാലിക്കും?

'കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച വാടക ഇളവ് നല്‍കാതിരിക്കാന്‍ സ്മാര്‍ട്ട് സിറ്റി അധികൃതര്‍ പറയുന്നത് അവര്‍ സര്‍ക്കാര്‍ സ്ഥാപനം അല്ലെന്നാണ്. കേരള സര്‍ക്കാര്‍ മുന്‍കൈ എടുത്ത് തുടങ്ങിയ സ്ഥാപനമാണ് സ്മാര്‍ട്ട് സിറ്റിയെന്നും സര്‍ക്കാരിന് ഓഹരിയുണ്ടെന്നും എല്ലാവര്‍ക്കുമറിയാം. കേരള മുഖ്യമന്ത്രിയും, ഐടി സെക്രട്ടറിയും ഉള്‍പ്പടെ ഡയറക്ടര്‍ ബോര്‍ഡിലുണ്ട്. അങ്ങനെ ഒരു കമ്പനി സര്‍ക്കാര്‍ ഉത്തരവ് പാലിച്ചില്ലെങ്കില്‍ പിന്നെ ആര് അത് പാലിക്കും.

എല്ലാ ഭൂവുടമകളും വാടകയില്‍ ഇളവ് ചെയ്ത് നല്‍കണമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പലതവണ ആവശ്യപ്പെട്ടിട്ടുണ്ട്. ആ മുഖ്യമന്ത്രി ചെയര്‍മാനായ സ്മാര്‍ട്ട് സിറ്റി ഇളവ് തരുന്നില്ലെന്ന് മാത്രമല്ല, വാടക നല്‍കാന്‍ പറ്റിയില്ലെങ്കില്‍ ഒഴിഞ്ഞ് പോകണം എന്നാണ് പറയുന്നത്.

ഇതിനെതിരെ ഞങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സ്മാര്‍ട്ട് സിറ്റിയും സര്‍ക്കാരും തമ്മിലുണ്ടാക്കിയിട്ടുള്ള കരാര്‍ അടക്കമായിരുന്നു കേസ് നല്‍കിയത്. കേരള സര്‍ക്കാര്‍ സമയാസമയങ്ങളില്‍ സര്‍ക്കാരിന്റെ കീഴിലുള്ള ഐടി കമ്പനികള്‍ക്ക് പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങളും വ്യവസ്ഥകളും സ്മാര്‍ട്ട് സിറ്റിയിലെ കമ്പനികള്‍ക്കും ബാധകമായിരിക്കുമെന്ന് കരാറില്‍ പറഞ്ഞിട്ടുണ്ട്.

ഇത് ബോധ്യപ്പെട്ടതോടെയാണ് ചര്‍ച്ച നടത്തി വേണ്ട തീരുമാനമെടുക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചത്. ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു തീരുമാനവുമുണ്ടായിട്ടില്ല. അപ്പോഴും കമ്പനികള്‍ ഒഴിഞ്ഞ് പോകണമെന്ന് സ്മാര്‍ട്ട് സിറ്റി തിരക്ക് കൂട്ടുകയാണ്. സര്‍ക്കാരിന്റെ തീരുമാനം വരട്ടെ എന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്.'

ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നത് കടം വാങ്ങിയും ലോണ്‍ എടുത്തും

നിലവിലെ സാഹചര്യത്തില്‍ ലോണ്‍ എടുത്തും കടം വാങ്ങിയുമൊക്കെയാണ് ഓരോ കമ്പനിയും ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നതെന്ന് മറ്റൊരു കമ്പനി ഉടമ പറയുന്നു. 'സ്മാര്‍ട്ട് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട കമ്പനികളുടെ എണ്ണം വളരെ കുറച്ച് മാത്രമാണ്. ബാക്കിയെല്ലാം വന്‍കിട കമ്പനികളാണ്. ചെറുകിട കമ്പനികളെ പിന്തുണച്ചാല്‍ പോലും സ്മാര്‍ട്ട് സിറ്റിയുടെ വരുമാന നഷ്ടം വളരെ കുറച്ച് മാത്രമാകും.

പതിനഞ്ചോളം കമ്പനികളെയും 1500ലധികം ജീവനക്കാരെയും ബാധിക്കുന്ന കാര്യമാണ് ഇത്. ഞങ്ങളുടേതെല്ലാം ചെറുകിട കമ്പനികളാണ്, കൊവിഡ് പശ്ചാത്തലത്തില്‍ എല്ലാവരും പ്രതിസന്ധിയിലാണ്. ഇതിനിടയില്‍ പോലും ജീവനക്കാരെ ആരെയും പിരിച്ചുവിട്ടിട്ടില്ല. ഈ ഒരു സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സ്വാഭാവികമായും കിട്ടേണ്ട ആനുകൂല്യമാണ് ഇത്. മുഖ്യമന്ത്രി ചെയര്‍മാനും ഐടി സെക്രട്ടറി ഡയറക്ടര്‍ ബോര്‍ഡിലുമുള്ള സ്മാര്‍ട്ട്‌സിറ്റി സര്‍ക്കാര്‍ കമ്പനിയായാണോ സ്വകാര്യ കമ്പനിയായാണോ കണക്കാക്കേണ്ടത്?

ജിഎസ്ടി, ആദായ നികുതി, തൊഴില്‍ നികുതി, വിദേശ നാണ്യ സമാഹരണം തുടങ്ങി കോടികളുടെ വരുമാനമാണ് ഞങ്ങള്‍ സര്‍ക്കാരിന് ഉണ്ടാക്കി നല്‍കുന്നത്. 90,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ സഹായത്തോടെ സ്മാര്‍ട്ട് സിറ്റി രൂപീകൃതമായിട്ടുള്ളത്. ഇപ്പള്‍ അവിടെയുള്ള കമ്പനികളെ കൂടി ഇറക്കി വിട്ടാല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകുകയാണോ ഇല്ലാതാവുകയാണോ ചെയ്യുക?'

Related Stories

No stories found.
logo
The Cue
www.thecue.in