സനല്‍കുമാര്‍ ശശിധരന്‍
സനല്‍കുമാര്‍ ശശിധരന്‍Cine Buster Magazine

‘ഫൈറ്റും പ്രണയവും പാട്ടുംകൂടി ഒഴിവാക്കണം’; സിനിമയില്‍ മദ്യപാന പുകവലി രംഗങ്ങള്‍ വേണ്ടെന്ന നിയമസഭാസമിതി നിര്‍ദേശത്തിനെതിരെ സനല്‍കുമാര്‍  

Published on

മദ്യപാന-പുകവലി രംഗങ്ങള്‍ ഉള്ള സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന നിയമസഭാ സമിതി നിര്‍ദ്ദേശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. സംഘട്ടനവും പ്രണയവും പാട്ടും കൂടി സിനിമകളില്‍ നിന്ന് ഒഴിവാക്കണമെന്ന് സംവിധായകന്‍ 'ദ ക്യൂ' വിനോട് പ്രതികരിച്ചു.

മദ്യപാന-പുകവലി രംഗങ്ങള്‍ കുട്ടികള്‍ അനുകരിക്കുമെന്നും അതിനാല്‍ അവ പൂര്‍ണമായി ഒഴിവാക്കിയ ശേഷം മാത്രമേ സിനിമകള്‍ക്കും സീരിയലുകള്‍ക്കും സെന്‍സര്‍ബോര്‍ഡ് പ്രദര്‍ശന അനുമതി നല്‍കാവൂ എന്നുമാണ് നിയമസഭാസമിതിയുടെ ശുപാര്‍ശ. സിപിഎം എംഎല്‍എ അയിഷാ പോറ്റിയാണ് സമിതി അദ്ധ്യക്ഷ.

ഫൈറ്റും പ്രണയവും പാട്ടും എല്ലാം ഒഴിവാക്കി സിനിമ സാത്വികമാക്കണം. സ്വച്ഛ് ഭാരത് പോലെയുള്ള പരിപാടികള്‍ക്ക് വേണ്ടി സിനിമ മാറ്റിവെയ്ക്കണം. ഇറാനിലൊക്കെ സിനിമകള്‍ക്ക് കുറേ നിബന്ധനകളുണ്ട്. അതിനേക്കാള്‍ കര്‍ക്കശമാക്കണം. ഉത്തരകൊറിയയിലേതുപോലെ സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ചിത്രങ്ങളാണ് വേണ്ടത്.

സനല്‍കുമാര്‍ ശശിധരന്‍

താന്‍ മാത്രമല്ല എല്ലാവരും സെന്‍സറിങ്ങിന്റെ ഇരയാണ്. പക്ഷെ ആരും മിണ്ടുന്നില്ല. കാരണം സെന്‍സറിങ്ങിന് എതിരെ പോയാല്‍ വലിയ പ്രശ്‌നങ്ങളാകും. പണമാണ് ഏറ്റവും വലിയ വിഷയമെന്നും സനല്‍ വ്യക്തമാക്കി.

സനല്‍കുമാറിന്റെ ‘സെക്‌സി ദുര്‍ഗ’ എന്ന ചിത്രം കടുത്ത സെന്‍സറിങ്ങിന് വിധേയമായിരുന്നു. എസ് ദുര്‍ഗ എന്ന് പേരുമാറ്റിയതിന് ശേഷമാണ് ചിത്രത്തിന് രാജ്യത്ത് പ്രദര്‍ശനാനുമതി ലഭിച്ചത്. 2017 റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ‘സെക്‌സി ദുര്‍ഗ’ മികച്ച ഫീച്ചര്‍ ഫിലിമായി തെരഞ്ഞെടുക്കപ്പെട്ടു.

സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞത്

“ഒരു സ്‌കൂള്‍ കുട്ടിയെ മറ്റ് കുട്ടികള്‍ മുട്ടുകാല്‍ കൊണ്ട് ഇടിക്കുന്ന ഒരു വീഡിയോ വാട്‌സാപ്പില്‍ കണ്ടിരുന്നു. അതുകൊണ്ട് സിനിമകളില്‍ കൈചുരുട്ടി ഇടിക്കല്‍ മുട്ടുകാല്‍ കൊണ്ട് ഇടിക്കല്‍ എന്നിവയെല്ലാം ഒഴിവാക്കണം. അതുപോലെ പ്രണയവും ഭയങ്കര പ്രശ്‌നമാണല്ലോ. നമ്മുടെ നാട്ടില്‍ ആളുകളെ കത്തിച്ച് കൊല്ലുകയൊക്കെ ആണല്ലോ. അതുകൊണ്ട് സിനിമയില്‍ പ്രണയം പാടില്ല. ഫൈറ്റ് പാടില്ല. പ്രേമം പാടില്ല. നമ്മുടെ നാട്ടില്‍ അങ്ങനെ ആരും പാട്ട് പാടുന്നൊന്നും ഇല്ലല്ലോ. അതുകൊണ്ട് പാട്ടും ഒഴിവാക്കണം. സിനിമയില്‍ നിന്ന് അങ്ങനെയുള്ള കാര്യങ്ങള്‍ ഒക്കെ ഒഴിവാക്കി വളരെ സാത്വികമായിട്ട് ചെയ്ത് സ്വച്ഛ് ഭാരത് പോലെയുള്ള പരിപാടികള്‍ക്കായി മാറ്റിവെയ്ക്കണം എന്നാണ് എന്റെ എളിയ നിര്‍ദ്ദേശം. അതാകുമ്പോള്‍ എല്ലാവര്‍ക്കും ഗുണം ചെയ്യും. നിയമസഭാ സമിതിക്ക് നടത്തിപ്പിനും ഇണ്ടാസിനും ഒക്കെ പണം വേണ്ടി വരുമല്ലോ. എല്ലാം ഒറ്റയടിക്ക് വേണ്ടെന്ന് വെച്ച് പ്രമേയമായി അവതരിപ്പിച്ചാല്‍ ആ പണച്ചെലവ് ഒഴിവാക്കാം. സ്ത്രീകള്‍ക്കെതിരായ ആക്രമണം എന്ന് എഴുതിക്കാണിക്കുന്നുണ്ട്. അങ്ങനെയുള്ള രംഗങ്ങള്‍ തന്നെ ഒഴിവാക്കണം. അതൊന്നും പാടില്ല സിനിമയില്‍. ഇറാനിലൊക്കെ സിനിമകള്‍ക്ക് കുറേയേറെ നിബന്ധനകളുണ്ട്. ഇറാനിലുള്ള സിനിമയേക്കാള്‍ കര്‍ക്കശമാകണം നമ്മളുടേത്. അങ്ങനെ നമ്മുടെ സിനിമ ലോകസിനിമയ്ക്ക് മാതൃകയാകണം. ഇങ്ങനെ തന്നെ മുന്നോട്ട് പോകണം. അത് നല്ല കാര്യമാണ്. ഉത്തരകൊറിയയിലൊക്കെ സിനിമ സര്‍ക്കാര്‍ തന്നെ സ്‌പോണ്‍സര്‍ ചെയ്യുകയാണ്. നമുക്കും അങ്ങനെയൊക്കെ ആക്കണം. ഒരു വെറൈറ്റി ആകട്ടെ. ലോകസിനിമയ്ക്ക് നല്‍കുന്ന സംഭാവനയില്‍ നമ്മള്‍ ഗിന്നസ് ബുക്കില്‍ ഇടംപിടിക്കും. കേരളത്തില്‍ തന്നെയാണ് ഇത് തുടങ്ങേണ്ടത്. കേരളം ഇന്ത്യയ്ക്ക് മാതൃകയാകണം, പിന്നെ ഇന്ത്യ ലോകത്തിന് മാതൃകയാകണം. നല്ല കാര്യമാണ്.”

സനല്‍കുമാര്‍ ശശിധരന്‍
കാറിനകത്തുള്ള മദ്യപാനവും നിയമവിരുദ്ധം തന്നെ; പൊതുവഴിയിലെ സ്വകാര്യവാഹനം പൊതുഇടമാണെന്ന് സുപ്രീം കോടതി  
logo
The Cue
www.thecue.in