ആലുവ യുസി കോളേജില്‍ പൂര്‍വ്വ വിദ്യാര്‍ഥിനി അധ്യാപകനില്‍ നിന്ന് നേരിട്ട ലൈംഗിക അതിക്രമം തുറന്ന് പറഞ്ഞ സംഭവത്തില്‍ അധ്യാപകനെതിരെ നടപടിയുമായി മാനേജ്‌മെന്റ്. ആരോപണ വിധേയനായ ഇംഗ്ലീഷ് വിഭാഗം എച്ച്ഒഡി ചെറി ജേക്കബിനെ അന്വേഷണ വിധേയമായി എച്ച്ഒഡി സ്ഥാനത്ത് നിന്ന് മാറ്റി.
വിദ്യാര്‍ഥികള്‍ക്കുള്‍പ്പെടെ സുരക്ഷിതമായ ഒരു ക്യാമ്പസ് ഉറപ്പാക്കുന്നതിനായി അധ്യാപകനെതിരെ അന്വേഷണം ആവശ്യമാണെന്ന് കാണിച്ച് പൂര്‍വ്വ വിദ്യാര്‍ഥികള്‍ മാനേജ്‌മെന്റിന് കത്തയച്ചിരുന്നു. അതിന് മറുപടിയായാണ് മാനേജര്‍ റെവ. തോമസ് ജോണ്‍ അധ്യാപകനെ അന്വേഷണ വിധേയമായി എച്ച്ഒഡി സ്ഥാനത്ത് നിന്ന് മാറ്റിയതായി അറിയിച്ചത്.
അധ്യാപകനെതിരെ വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തല്‍ വന്നതിന് ശേഷം പലരും അത് മാനേജ്‌മെന്റിനെ അറിയിച്ചു. മുന്‍പ് നടന്ന സംഭവമാണെങ്കിലും അത് വിദ്യാര്‍ഥികളെ ബാധിക്കുന്ന കാര്യമായതിനാല്‍ അതില്‍ വസ്തുത അന്വേഷിക്കേണ്ടതുണ്ട് എന്ന് മാനേജ്‌മെന്റിന് ബോധ്യപ്പെട്ടുവെന്ന് മാനേജര്‍ റെവ. തോമസ് ജോണ്‍ ദ ക്യൂവിനോട് പറഞ്ഞു. വിഷയം ഇന്റേര്‍ണല്‍ കംപ്ലൈന്റ് കമ്മിറ്റിയുടെ അന്വേഷണത്തിന് വിട്ടു. അവര്‍ ഇരുകൂട്ടരുടെയും ഭാഗം കേള്‍ക്കുകയും അന്വേഷിക്കുകയും ചെയ്യും.
അധ്യാപകനെതിരായ അന്വേഷണത്തിനോടൊപ്പം ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ പരാതി നല്‍കാന്‍ കഴിയുന്ന ഇന്റേര്‍ണല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനമടക്കം പൂര്‍വ്വ വിദ്യാര്‍ഥികള്‍ കത്തില്‍ ആറ് കാര്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. അവ പരിഗണിക്കാമെന്നും കത്തില്‍ മാനേജര്‍ മറുപടി നല്‍കിയതായി പൂര്‍വ്വ വിദ്യാര്‍ഥിനിയായ മാളവിക ദ ക്യൂവിനോട് പറഞ്ഞു.
ക്യാമ്പസില്‍ മോശം അനുഭവം ഉണ്ടായ വിദ്യാര്‍ഥിനിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനൊപ്പം ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും അതേ അധ്യാപകനില്‍ നിന്നുണ്ടായ മോശം അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ മറ്റ് വിദ്യാര്‍ഥിനികളും തുറന്നു പറഞ്ഞിട്ടുണ്ടെന്നും കത്തിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു. ക്യാമ്പസില്‍ വിവിധ അദ്ധ്യയന വര്‍ഷങ്ങളിലായി പഠിച്ചിറങ്ങിയ 220 പേര്‍ ഒപ്പിട്ട കത്താണ് അയച്ചത്.
ഈ അധ്യാപകന്‍ എച്ച്ഒഡി ആയത് കൊണ്ട് തന്നെ എത്രത്തോളം സ്വാധീനവും പിന്തുണയും ഉണ്ട് എന്ന് അറിയാം. അത് കൂടാതെ ഈ വര്‍ഷം കോളേജിന്റെ 100-ാം വാര്‍ഷികമാണ്, അതുകൊണ്ട് തന്നെ ഈ സംഭവം കോളേജിന്റെ റെപ്യൂട്ടേഷനെ ബാധിക്കുമെന്ന് കണ്ട് അതിന് വേണ്ട പരിഗണന നല്‍കാതിരിക്കാനാണ് ശ്രമങ്ങളുണ്ടാകുന്നതെന്ന് തോന്നി. ഞങ്ങള്‍ പഠിക്കുമ്പോഴും ഇത്തരത്തില്‍ പലരും മോശം അനുഭവങ്ങളുണ്ടായതായി പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷേ ആരും ഒഫീഷ്യലായി പരാതി നല്‍കിയിരുന്നില്ല. ഇപ്പോള്‍ ഒരു പെണ്‍കുട്ടി അത് തുറന്ന് പറയുമ്പോള്‍ അതിന് അര്‍ഹിക്കുന്ന പിന്തുണ നല്‍കേണ്ട ഉത്തരവാദിത്വം ഞങ്ങള്‍ക്കുണ്ടെന്ന് തോന്നി.
മാളവിക
വിദ്യാര്‍ഥിനി നേരിട്ട മോശം അനുഭവം തുറന്നു പറഞ്ഞതിന് ശേഷം ഒരു അധ്യാപികയില്‍ നിന്ന് വന്ന പ്രതികരണം പെണ്‍കുട്ടി കടന്ന് പോയ ട്രോമയെ താഴ്ത്തികെട്ടുന്ന നിലയിലായിരുന്നുവെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ലൈഗിക അതിക്രമങ്ങള്‍ക്കെതിരായ പരാതി നല്‍കുവാനായി ആഭ്യന്തര കമ്മിറ്റി വേണമെന്നും, അതിന്റെ വിശദ വിവരങ്ങള്‍ ക്യാമ്പസില്‍ പൊതുഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. വിദ്യാര്‍ഥി യുണിയന്‍ പ്രതിനിധികളെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണം. കോളേജിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ലൈംഗിക അതിക്രമത്തെക്കുറിച്ചും അതില്‍ പരാതി നല്കുന്നതിനെക്കുറിച്ചും ബോധവത്ക്കരണം നടത്തണമെന്നും കത്തിലൂടെ ഒരു കൂട്ടം പൂര്‍വ്വ വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു.
കോളജ് കാമ്പസില്‍ അധ്യാപകരില്‍ നിന്നുള്‍പ്പെടെ പെണ്‍കുട്ടികള്‍ നേരിടുന്ന ലൈംഗിക അതിക്രമവും ചൂഷണവും തുറന്നുപറയണമെന്ന കാമ്പയിന് തുടക്കിമിട്ടായിരുന്നു പാപിച്ച എന്ന ഇന്‍സ്റ്റഗ്രാം ചാനലിലൂടെ ആലുവ യുസി കോളേജ് പൂര്‍വ്വ വിദ്യാര്‍ഥിനി അധ്യാപകനില്‍ നിന്ന് നേരിട്ട മോശം അനുഭവം തുറന്നു പറഞ്ഞത്.
കോളേജ് കാന്റീനില്‍ വെച്ച് അധ്യാപകനില്‍ നിന്ന് ലൈംഗിക അതിക്രമം നേരിട്ടതായും, ചോദ്യം ചെയ്തപ്പോള്‍ ആ രീതിയില്‍ എടുക്കുമെന്ന് കരുതിയില്ല എന്നും, സ്വാതന്ത്ര്യമുണ്ടെന്ന് കരുതിയാണ് ചെയ്തതെന്നുമായിരുന്നു അധ്യാപകന്‍ പ്രതികരിച്ചതെന്നും കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥിനി വീഡിയോയിലൂടെ വെളിപ്പെടുത്തിയിരുന്നു.
എനിക്ക് ആ മെന്റല്‍ ട്രോമയില്‍ നിന്ന് പുറത്തുവരാന്‍ കഴിഞ്ഞെങ്കിലും, എനിക്ക് പകരം മറ്റൊരാള്‍ അവിടെ ചൂഷണം ചെയ്യപ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്നു. ഇപ്പോള്‍ ആ അധ്യാപകന്‍ യുസി കോളജില്‍ എച്ച്ഒഡിയാണ്, ഇനി കോളേജില്‍ പഠിക്കാനെത്തുന്ന കുട്ടികളും സമാനമായ അനുഭവം നേരിട്ടേക്കാം അതുകൊണ്ടാണ് വൈകിയാണെങ്കിലും ഇത് തുറന്ന് പറയാന്‍ തീരുമാനിച്ചത്.
വിദ്യാര്‍ഥിനി
കോളേജിന്റെ ഇന്റലക്ച്വല്‍ മുഖമായ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുള്ള ഇതേ അധ്യാപകനില്‍ നിന്ന് തന്നെ മോശം പെരുമാറ്റം നേരിട്ട മറ്റ് പെണ്‍കുട്ടികള്‍ വിളിച്ച് സമാന അനുഭവങ്ങള്‍ പങ്കുവെക്കുന്നുണ്ടെന്നും വിദ്യാര്‍ഥിനി ക്യൂവിനോട് പ്രതികരിച്ചിരുന്നു.