ശബരിമല പ്രശ്‌നം തദ്ദേശ തെരഞ്ഞെടുപ്പിലും സജീവ ചര്‍ച്ചയാക്കി ഉയര്‍ത്തിക്കൊണ്ടു വരണമെന്ന് ആര്‍.എസ്.എസ് നിര്‍ദേശം. തിരുവനന്തപുരം, പത്തനംതിട്ട ഉള്‍പ്പെടെയുള്ള തെക്കന്‍ ജില്ലകളില്‍ ശബരിമലയിലൂടെ നേട്ടമുണ്ടാക്കാനാകുമെന്നാണ് ബി.ജെ.പിയുടെയും വിലയിരുത്തല്‍. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശബരിമല വിഷയം ഉയര്‍ത്തി പ്രചരണം ആരംഭിച്ചു. ബി.ജെ.പി നേതൃത്വത്തിലെ പ്രശ്‌നങ്ങള്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായി തീര്‍ത്താല്‍ മതിയെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ആര്‍.എസ്.എസ് നേതൃത്വവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും സംഘടന സെക്രട്ടറി ഗണേശും കഴിഞ്ഞ ആഴ്ച നടത്തിയ ചര്‍ച്ചയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഈ യോഗത്തിലാണ് ശബരിമല ഉയര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാന്‍ നിര്‍ദേശമുണ്ടായത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രധാന പ്രചരണ ആയുധം ശബരിമലയായിരുന്നു. കെ.സുരേന്ദ്രന്‍ മത്സരിച്ച പത്തനംതിട്ടയിലും ശോഭ സുരേന്ദ്രന്‍ മത്സരിച്ച ആറ്റിങ്ങലിലും ഇതിലൂടെ നേട്ടമുണ്ടാക്കാനായെന്നാണ് വിലയിരുത്തല്‍. തെരഞ്ഞെടുപ്പില്‍ റിസല്‍ട്ട് ഉണ്ടാക്കണമെന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിക്കണമെന്നാണ് ബി.ജെ.പിയോട് ആര്‍.എസ്.എസ് നിര്‍ദേശിച്ചിരിക്കുന്നത്.യുവാക്കള്‍ക്കാണ് ഇത്തവണ കൂടുതല്‍ സീറ്റ് നല്‍കിയിരിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയം പ്രശ്‌നങ്ങളില്ലാതെ പൂര്‍ത്തിയാക്കണമെന്നും ആര്‍.എസ്.എസ് നിര്‍ദേശിച്ചിട്ടുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കഴിഞ്ഞ തവണ മത്സരിച്ച പലരെയും മാറ്റി നിര്‍ത്തിയിട്ടുണ്ട്. കൂടുതല്‍ പേരുടെ പേരുകള്‍ ഉയര്‍ന്ന വന്ന സ്ഥലങ്ങളില്‍ ആര്‍.എസ്.എസ് നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥിയെയാണ് പരിഗണിച്ചത്. നേതൃത്വത്തിന്റെ പട്ടികയിലില്ലാത്തവരും ഇങ്ങനെ സ്ഥാനാര്‍ത്ഥികളായിട്ടുണ്ട്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
തദ്ദേശതെരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മതിയെന്നും നേതൃനിരയിലെ പ്രശ്‌നം ഇപ്പോള്‍ ചര്‍ച്ചയാക്കേണ്ടതില്ലും ആര്‍.എസ്.എസ് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രശ്‌നം തീര്‍ക്കാന്‍ ഉടന്‍ കമ്മിറ്റി വിളിക്കില്ലെന്നാണ് സൂചന. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ്് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും. പരാതിയുള്ളവരെ ആ ഘട്ടത്തില്‍ പരിഗണിക്കണമെന്നും ആര്‍.എസ്.എസ് ബി.ജെ.പി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
sabarimala issue wil use in local body election campaign