നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എംപിമാര്‍ കൂട്ടശ്രമം ആരംഭിച്ചതോടെ കോണ്‍ഗ്രസ് വിഷമവൃത്തത്തിലായി.എട്ട് എംപിമാരാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. കെ സുധാകരന്‍, കെ മുരളീധരന്‍,ടിഎന്‍ പ്രതാപന്‍, ഐബി ഈഡന്‍, കൊടിക്കുന്നില്‍ സുരേഷ്, ബെന്നി ബെഹ്നാന്‍, അടൂര്‍ പ്രകാശ് എന്നിവര്‍ക്കാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള താല്‍പര്യം. പി കെ കുഞ്ഞാലിക്കുട്ടി എംപി മത്സരിക്കുമെന്ന് മുസ്ലിം ലീഗ് നേതൃത്വം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് എംപിമാര്‍ക്ക് മത്സരിക്കാനുള്ള അനുമതി ഹൈക്കമാന്‍ഡ് നല്‍കില്ലെന്നാണ് പാര്‍ട്ടിയിലെ ഒരുവിഭാഗം കരുതുന്നത്. ഭരണം ലഭിച്ചാല്‍ മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്ന പ്രതീക്ഷയാണ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാനുള്ള ആഗ്രഹത്തിന് പിന്നില്‍. എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്നാണ് ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നിലപാട്.
വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്‍ മത്സരിക്കാനുള്ള നീക്കം നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഇടതുപക്ഷത്ത് നിന്നും സീറ്റ് തിരിച്ചു പിടിക്കാന്‍ കെ മുരളീധരന്‍ തന്നെ മത്സരിക്കണമെന്ന് മുരളീധരന്‍ അനുകൂലികള്‍ പ്രചരിപ്പിക്കുന്നുണ്ട്. കോന്നി കേന്ദ്രീകരിച്ചാണ് അടൂര്‍ പ്രകാശ് പ്രവര്‍ത്തികുന്നത്. സര്‍ക്കാരുണ്ടാക്കാനായാല്‍ ടിഎന്‍ പ്രതാപന്‍, ഐബി ഈഡന്‍, കെ മുരളീധരന്‍, എന്നിവര്‍ക്ക് മന്ത്രിസ്ഥാനം കിട്ടുമെന്നാണ് കണക്കുകൂട്ടല്‍. സമുദായ സമവാക്യത്തില്‍ കെ സുധാകരനെയും അടൂര്‍ പ്രകാശിനെയും പരിഗണിക്കേണ്ടി വരും. ലോക്്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്നും സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ നില്‍ക്കണമെന്നും കെ സുധാകരന്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചയ്ക്ക് മുമ്പ് തന്നെ നേതൃത്വത്തെ അറിയിച്ചിരുന്നതാണ്.
കേന്ദ്രത്തില്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ സര്‍ക്കാരുണ്ടാക്കാനായാല്‍ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്ന പ്രതീക്ഷയായിരുന്നു ഐബി ഈഡന്‍ ഉള്‍പ്പെടെയുള്ളവരെ എംഎല്‍എ സ്ഥാനം വിട്ട് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രേരിപ്പിച്ചത്. കേരളത്തിന് പുറമേ എവിടെയും കാര്യമായ ചലനം ഉണ്ടാക്കാന്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിന് കഴിഞ്ഞില്ല. പിന്നാലെ വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് നിയമസഭ തെരഞ്ഞെടുപ്പില്‍ ഭരണം കിട്ടില്ലെന്ന ആശങ്ക കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടാക്കി. സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ വന്നതോടെയാണ് മത്സരിക്കാന്‍ താല്‍പര്യമുള്ളവര്‍ സജീവമായത്.
എംപിമാര്‍ കൂട്ടത്തോടെ മത്സരിക്കുന്നത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നാണ് പാര്‍ട്ടിയിലെ ഒരുവിഭാഗം ഉയര്‍ത്തുന്നത്. ലോക്‌സഭയില്‍ അംഗസംഖ്യ കുറഞ്ഞിരിക്കുന്ന ഘട്ടത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് നഷ്ടപ്പെട്ടാല്‍ ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയാകും. രാഹുല്‍ ഗാന്ധി പ്രതിനിധീകരിക്കുന്ന സംസ്ഥാനത്ത് നിന്നും സീറ്റുകള്‍ നഷ്ടപ്പെട്ടാല്‍ തിരിച്ചടിയാകുമെന്നും ഈ വിഭാഗം ഉയര്‍ത്തുന്നു. വടകര, ആറ്റിങ്ങല്‍ ഉള്‍പ്പെടെയുള്ള ലോക്‌സഭ സീറ്റുകള്‍ നഷ്ടപ്പെട്ടേക്കുമെന്നാണ് നേതൃത്വത്തിന്റെയും ആശങ്ക.എംഎല്‍എമാരായിരിക്കുമ്പോഴാണ് അടൂര്‍ പ്രകാശും ഐബി ഈഡനും കെ മുരളീധരനും ലോക്‌സഭയിലേക്ക് മത്സരിച്ചത്. ഇവര്‍ രാജിവെച്ച ഒഴിവിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവും കോന്നിയും ഇടതുപക്ഷം പിടിച്ചിരുന്നു.
പി കെ കുഞ്ഞാലിക്കുട്ടി മത്സരിച്ചാലും ഉപതെരഞ്ഞെടുപ്പില്‍ മലപ്പുറം സീറ്റ് നിലനിര്‍ത്താന്‍ ലീഗിന് കഴിയുന്ന സാഹചര്യമല്ല കോണ്‍ഗ്രസിലേതെന്നാണ് വിലയിരുത്തല്‍. എംപിമാര്‍ മത്സരിക്കുന്നതിനോട് കോണ്‍ഗ്രസിലെ യുവനേതാക്കള്‍ക്കും വിയോജിപ്പുണ്ട്. ഇത്തവണ പരിഗണിക്കപ്പെടുമെന്ന് കരുതുന്നവരാണ് എതിര്‍പ്പുമായി രംഗത്തുള്ളത്.