'ഏതു വിധേനയും അവര്‍ക്ക് എന്നെ ഇല്ലാതാക്കണം'; നീതിനിഷേധങ്ങള്‍ക്കെതിരെ മഠത്തിന് മുന്നില്‍ സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ സമരത്തില്‍

'ഏതു വിധേനയും അവര്‍ക്ക് എന്നെ ഇല്ലാതാക്കണം'; നീതിനിഷേധങ്ങള്‍ക്കെതിരെ മഠത്തിന് മുന്നില്‍ സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ സമരത്തില്‍
Published on

മഠത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിച്ചതിനെത്തുടര്‍ന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ സത്യാഗ്രഹസമരത്തില്‍. കേസുകള്‍ തീര്‍പ്പാകുന്നതുവരെ എല്ലാ അവകാശങ്ങളോടും കൂടെ തനിക്ക് മഠത്തില്‍ ജീവിക്കാനുള്ള അവകാശമുണ്ട് എന്ന കോടതി വിധി നിലനില്‍ക്കുമ്പോള്‍ തന്നെയാണ് തനിക്കു ലഭിക്കേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതാക്കുന്നത് എന്ന് ലൂസി കളപ്പുരക്കല്‍ പറയുന്നു.

മഠം വിട്ടുപോകാന്‍ നിര്‍ദേശിച്ചതിനെതിരെ താന്‍ കോടതിയെ സമീപിച്ചതാണ്, അതില്‍ ഒരു തീരുമാനം കോടതി പറയാതെ തന്നെ എങ്ങനെ പറഞ്ഞുവിടാന്‍ കഴിയും, ഇവിടെ ഉള്ളിടത്തോളം കാലം എല്ലാ അവകാശങ്ങളോടും കൂടെ ഇവിടെ ജീവിക്കാനുള്ള അവകാശം തനിക്ക് ഉണ്ടെന്ന് സിസ്റ്റര്‍ ക്യുവിനോട് പറഞ്ഞു.

സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ ദ ക്യുവിനോട് പറഞ്ഞത്

നാളുകളായി സിസ്റ്റര്‍മാര്‍ എനിക്ക് ഭക്ഷണം പോലും തരുന്നില്ല. ഘട്ടം ഘട്ടമായി എല്ലാം ഒഴിവാക്കി വല്ലാത്ത ഒരു അവസ്ഥയിലേക്ക് എത്തിച്ചു. സി.സി.ടി.വി ക്യാമറകളുടെ എണ്ണം കൂട്ടി. അങ്ങനെ പോകുന്നത് സമ്മതിച്ചു കൊടുക്കാന്‍ കഴിയില്ല. എല്ലാ തരത്തിലും ദ്രോഹിച്ചു. നമുക്ക് അനുകൂലമായി കോടതി വിധിയുണ്ടായിട്ടും സിസ്റ്റര്‍മാര്‍ക്ക് അതൊന്നും അനുസരിക്കേണ്ട കാര്യമില്ല എന്ന രീതിയില്‍ വീണ്ടു ദ്രോഹിച്ചു കൊണ്ടേയിരിക്കുകയാണ്. വേറെ നിവൃത്തിയില്ലാത്തതുകൊണ്ടാണ് ഇങ്ങനെ ഒരു പരിശ്രമം നടത്തുന്നത്. എത്രയോ നാളായി സ്വന്തം മുറിയില്‍ ഭക്ഷണം പാകം ചെയ്യുകയായിരുന്നു, മഠത്തിലെ ഭക്ഷണം എനിക്ക് തരാറില്ല. കാര്യങ്ങള്‍ അതില്‍ നില്‍ക്കുന്നില്ല, അതാണ് കാര്യം. എല്ലാ തരത്തിലും ദ്രോഹിക്കാന്‍ ശ്രമിക്കുകയാണ്.

Sister Lucy klappurakkal
Sister Lucy klappurakkal

എനിക്ക് ഒരു ഗസ്റ്റ് വന്നാല്‍ അകത്തും ഇരുത്തില്ല പുറത്തും ഇരുത്തില്ല, വഴിയില്‍ നിന്നിട്ടാണ് ഞാന്‍ പലപ്പോഴും എന്നെ കാണാന്‍ വരുന്നവരോട് സംസാരിക്കുന്നത്. പലപ്പോഴും ഇവര്‍ വാതില്‍ അടച്ചിടും. ഒട്ടും പറ്റാതായപ്പോഴാണ് ഇങ്ങനൊരു ശ്രമം നടത്തുന്നത്. ഇന്ന് സമരത്തെ കുറിച്ച് അറിഞ്ഞിട്ട് എസ്.ഐ ഇവിടെ വന്നിരുന്നു. അദ്ദേഹം സിസ്റ്റര്‍മാരുമായി സംസാരിച്ചു. എന്നിട്ടും അവരെന്റെ പ്രശ്‌നങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായില്ല. ഞങ്ങള്‍ ഒന്നും കൊടുക്കില്ല. അവരെ ഞങ്ങള്‍ പുറത്താക്കിയതാണ്. വേണമെങ്കില്‍ ആ മുറിയില്‍ കിടന്നോട്ടെ, എന്നാണ് പറഞ്ഞത്. ഇവരെല്ലാവരേക്കാളും മുകളിലാണ് എന്ന രീതിയിലാണ് നില്‍ക്കുന്നത്. ഇത് ചോദ്യം ചെയ്യാന്‍ ആരുമില്ല. എന്താകുമിതെന്ന് അറിയില്ല. പൊലീസ് എന്നോട് പറഞ്ഞത് എന്റെ ആവശ്യങ്ങളും അവരുടെ ഭാഗവും ഉള്‍പ്പെടുത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാമെന്ന് പറഞ്ഞു.

എനിക്ക് ഇവിടെ പൂര്‍ണ്ണ അവകാശത്തോടെ ജീവിക്കാനുള്ള അവകാശമുണ്ടെന്ന് പറഞ്ഞത് കോടതിയാണ്. അത് ലംഘിക്കപ്പെടുന്നുണ്ടോ എന്നത് നോക്കേണ്ടത് സ്റ്റേറ്റ് ആണ്. അങ്ങനെ കോടതി നിര്‍ദേശങ്ങള്‍ തെറ്റിക്കുന്ന ആളുകളെ കണ്ടെത്താന്‍ പറ്റില്ലെങ്കില്‍ എന്തിനാ ഈ സംവിധാനങ്ങളൊക്കെ?

ഇന്‍ഡക്ഷന്‍ കുക്കറും ഒരു പ്ലഗ്ഗും എനിക്കുണ്ട്, അത് വച്ചാണ് ഭക്ഷണം അഡ്ജസ്റ്റ് ചെയ്യുന്നത്. ഇത് ലോക്ഡൗണിന്റെ സമയത്ത് തുടങ്ങിയതാണ്. അത് വച്ച് സ്വയം അഡ്ജസ്റ്റ് ചെയ്ത് പോവുകയായിരുന്നു. അവിടെയും ക്രൂരതയാണ്. നിലവിലെ കോടതി വിധിക്കെതിരെയുള്ള അപ്പീലുകള്‍ ഉള്‍പ്പെടെ എനിക്ക് നേരെ നാല് കേസുകളുണ്ട്. ഏതു വിധേനയും അവര്‍ക്ക് എന്നെ ഇല്ലാതാക്കണം.

സത്യാഗ്രഹ സമരത്തിനിടെ സിസ്റ്ററെ ആക്രമിക്കാനും സിസ്റ്ററുടെ ഫോണ്‍ തട്ടിപ്പറിക്കാനും പുറത്ത് നിന്ന് ആളുകള്‍ വന്നു എന്ന വിവരങ്ങളാണ് ഒടുവിലായി പുറത്ത് വരുന്നത്. അക്രമശ്രമം കൂടി നടന്നതോടെ പോലീസ് സംരക്ഷണത്തിലാണ് ഇപ്പോള്‍ സിസ്റ്ററുടെ സമരം നടക്കുന്നത്.

ലൂസി കളപ്പുരക്കല്‍ നടത്തുന്ന സമരം അസാമാന്യമാണെന്നും അത് തനിക്കൊന്നും ഒരിക്കലും ചെയ്യാന്‍ കഴിയാത്തതാണെന്നും കന്യാസ്ത്രീ പട്ടം ഉപേഷിച്ച് പുറത്തേക്കിറങ്ങിയ സാമൂഹിക പ്രവര്‍ത്തക കൂടിയായ സിസ്റ്റര്‍ ജെസ്മി ദ ക്യുവിനോട് പറഞ്ഞു. എല്ലാവരും വളരെ എളുപ്പം ചോദിക്കുന്ന ചോദ്യമാണ് അവര്‍ക്ക് അതെല്ലാം ഉപേക്ഷിച്ച് ഇറങ്ങിപ്പോന്നാല്‍ പോരെ എന്ന്. എന്നാല്‍ അത് സിസ്റ്ററുടെ തീരുമാനമാണ് അത് നമ്മള്‍ മാനിക്കണമെന്നും സിസ്റ്റര്‍ ജെസ്മി പറഞ്ഞു.

സിസ്റ്റര്‍ ജെസ്മി പറഞ്ഞത്

ലൂസി സിസ്റ്ററുടെ അപ്പച്ചന്‍ ആ നാട്ടിലെ ജഡ്ജ് ആയിരുന്നു. അമ്മ ഈ അടുത്ത് മരിച്ചു. അമ്മ അവരെ ശക്തമായി പിന്തുണയ്ക്കുമായിരുന്നു. 90 വയസുള്ള അമ്മയാണ് സിസ്റ്ററെ ഇങ്ങനെ പിന്തുണയ്ക്കുന്നത്. നീതിമാനായ ആ അപ്പച്ചന്റെ സ്പിരിറ്റാണ് സിസ്റ്റര്‍ക്ക് കിട്ടിയിട്ടുള്ളത്. നമ്മളൊക്കെ വളരെ ആത്മാര്‍ഥമായി നന്മ ആഗ്രഹിച്ചാണ് സിസ്റ്റര്‍മാരായത്. ലോകം മുഴുവന്‍ നന്നാക്കണമെന്ന ആഗ്രഹവുമായി മഠത്തിലേക്ക് പോയവരാണ് ഞങ്ങള്‍. പിന്നീട് അവിടെ പെട്ട് പോയതാണ്. എല്ലാ സിസ്റ്റര്‍മാര്‍ക്കും വേണ്ടിയാണ് അവര്‍ പോരാടുന്നത് പക്ഷെ കൂടെയുള്ളവര്‍ക്ക് അത് മനസിലാകുന്നില്ല. അവരൊറ്റെക്കെട്ടായി സിസ്റ്ററിനെ ഒറ്റപ്പെടുത്തുകയാണ്. അവരടുക്കള പൂട്ടിയത്, ഇനി ഞങ്ങള്‍ എന്തെങ്കിലും കൊടുത്തിട്ട് അതില്‍ വിഷം കലര്‍ത്തി എന്ന് പറഞ്ഞായിരിക്കും കേസ് എന്ന് പറഞ്ഞിട്ടാണ്. അടിസ്ഥാന സൗകര്യങ്ങളാണ് പൂട്ടിയിടുന്നത്.

Sister Jesme
Sister Jesme

സിസ്റ്റര്‍ എന്നോട് പറഞ്ഞത് എനിക്കിപ്പോ ഇത്രയൊന്നും ഭക്ഷണമൊന്നും വേണ്ട ബ്രഡ് ഒക്കെ വാങ്ങി കഴിക്കും. ഞാന്‍ എന്നിട്ട് പറഞ്ഞു നമുക്ക് ആരോഗ്യം വേണം സിസ്റ്ററേ എന്ന്. വെറുതെ ബ്രഡ് കഴിച്ചാല്‍ പോരാ. കുറച്ച് കോഴിമുട്ട വാങ്ങി വെക്കണം എന്നും ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപയോഗിച്ച് പാകം ചെയ്ത് കഴിക്കണമെന്നും ഞാന്‍ പറഞ്ഞു. കോടതിയും പോലീസും സിസ്റ്റര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് പറഞ്ഞാലും എത്രകാലം? ഇങ്ങനെയാണോ അവര്‍ ജീവിക്കേണ്ടത്. അത് ധീരമായ പോരാട്ടമാണ്. അതിനെ ഞാനൊക്കെ അഭിമാനത്തോടെ നോക്കിക്കാണുന്നു. എല്ലാതരം പിന്തുണയും എന്റെ ഭാഗത്തുനിന്നുണ്ടാകും. ഇങ്ങനെ ആര് ഒറ്റപ്പെട്ടുപോയാലും ഒരു കാലുവെക്കാനുള്ള സ്ഥലം എന്റെ ഫ്‌ലാറ്റിലുണ്ടാകും. ഒരു സ്ത്രീക്ക് പുറത്തിറങ്ങുമ്പോള്‍ ആദ്യം കാലുകുത്താന്‍ ഒരു സ്ഥലമാണ് വേണ്ടത്. പ്രത്യേകിച്ച് ഒരു കന്യാസ്ത്രീയ്ക്ക്. അങ്ങനെ മഠത്തില്‍ നിന്നിറങ്ങിയ ഒരു സ്ത്രീക്ക് സ്ഥലം കൊടുത്തിട്ട് ഞാന്‍ പെട്ടുപോയിട്ടുമുണ്ട്. എങ്കിലും ഞാന്‍ ഇപ്പോഴും അങ്ങനെ വരുന്ന ഒരാള്‍ക്ക് താത്കാലികമായി തങ്ങാന്‍ ഒരു സ്ഥലം നല്‍കാന്‍ ഞാന്‍ തയ്യാറാണ്. സിസ്റ്ററെക്കാള്‍ സ്വാതന്ത്ര്യമനുഭവിക്കുന്നുണ്ട് ഞാന്‍. നമുക്ക് ലഭിക്കുന്ന ജന പിന്തുണ എന്നെ ശക്തയാക്കുന്നതുപോലെ മഠത്തിനുള്ളില്‍ നില്‍ക്കുന്ന സിസ്റ്ററിനു ശക്തി നല്കണമെന്നില്ല.

Related Stories

No stories found.
logo
The Cue
www.thecue.in