ബൈജൂസ്‌ തിരുവനന്തപുരം സെന്റർ തുടരും; രാജിവച്ചവരെ തിരിച്ചെടുക്കും

ബൈജൂസ്‌ തിരുവനന്തപുരം സെന്റർ തുടരും;
രാജിവച്ചവരെ തിരിച്ചെടുക്കും
Published on
Summary

തിരുവനന്തപുരം സെന്റർ അടച്ചു പൂട്ടില്ല, രാജിവച്ചവരെ മുഴുവൻ തിരിച്ചെടുക്കും.

ബൈജൂസ് തിരുവനന്തപുരം സെന്റര്‍ അടച്ചുപൂട്ടില്ല. 170 ജീവനക്കാരെ പിരിച്ചു വിട്ട സംഭവത്തില്‍ ബൈജൂസ് തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ തൊഴിലാളികള്‍ക്കനുകൂലമായ രീതിയില്‍ ധാരണ. അടച്ചു പൂട്ടുമെന്ന് പറഞ്ഞിരുന്ന തിരുവനന്തപുരം സെന്റര്‍ നിശ്ചിതകാലത്തേക്ക് തുടര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ചര്‍ച്ചയില്‍ കമ്പനി പ്രതിനിധികള്‍ ഉറപ്പു നല്‍കി. നിലവില്‍ രാജി വച്ച 60 പേരെയും കമ്പനി തിരിച്ചെടുക്കും. ഇപ്പോഴുള്ള ജീവനക്കാരെ മുഴുവന്‍ നിലനിര്‍ത്തും. നേരത്തെ ഒക്ടോബര്‍ 25 ന് തിരുവനന്തപുരം ജില്ലാ ലേബര്‍ കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ബൈജൂസ് പ്രതിനിധികള്‍ പങ്കെടുത്തിരുന്നില്ല. തുടര്‍ന്ന് നവംബര്‍ 2 ആം തീയ്യതി നിശ്ചയിച്ച യോഗത്തിന് സംസ്ഥാന ലേബര്‍ കമ്മിഷണര്‍ ഡോ. വാസുകി ഐ.എ.എസ് നേതൃത്വം നല്‍കി.

2022ല്‍ സംഭവിച്ച സാമ്പത്തികമായ തിരിച്ചടികള്‍ കാരണം കമ്പനിയുടെ ഘടന മാറ്റാന്‍ താന്‍ നിര്‍ബന്ധിതനായി എന്നും, അഞ്ചു ശതമാനം പേരെ പിരിച്ചുവിടേണ്ടി വന്നത് തങ്ങള്‍ക്ക് വിഷമമുണ്ടാക്കുന്നതാണ് എന്നും ബൈജു രവീന്ദ്രന്‍ ജീവനക്കാരെ അഭിസംബോധന ചെയ്ത് കഴിഞ്ഞ ദിവസം എഴുതിയ കത്തില്‍ പറഞ്ഞിരുന്നു. നിങ്ങള്‍ കേവലം പേരുകളല്ല, കമ്പനിയിലെ അഞ്ചു ശതമാനം തൊഴിലാളികളുമല്ല, തന്റെ തന്നെ അഞ്ചു ശതമാനമാണെന്നായിരുന്നു ബൈജു രവീന്ദ്രന്‍ കത്തിലെഴുതിയത്.

കത്ത് പുറത്ത് വന്നതിന്റെ തൊട്ടടുത്ത ദിവസമാണ് ലേബര്‍ കമ്മിഷണര്‍ ഡോ. വാസുകി ഐ.എ.എസ് ന്റെ നേതൃത്വത്തില്‍ ടെക്‌നോപാര്‍ക്കിലെ ജീവനക്കാരുടെ കൂട്ടായ്മയായ പ്രതിദ്ധ്വനിയും ബൈജൂസ് പ്രതിനിധികളും പങ്കെടുത്ത ചര്‍ച്ച നടക്കുന്നത്. ചര്‍ച്ചയില്‍ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം തിരുവനന്തപുരം സെന്റര്‍ അടച്ചുപൂട്ടാന്‍ എടുത്ത തീരുമാനം പിന്‍വലിച്ചു എന്നതാണ്.

രാജി വച്ചവരെല്ലാവരും തിരിച്ച് ജോയിന്‍ ചെയ്യണം എന്നും, കമ്പനി തിരുവനന്തപുരം സെന്റര്‍ തുടരുമെന്നും ഇ-മെയില്‍ വന്നിട്ടുണ്ട് എന്ന് ജീവനക്കാര്‍ പറയുന്നു.

യോഗത്തിലെ പ്രധാന തീരുമാനങ്ങള്‍:

* ബൈജൂസിന്റെ മീഡിയ ഡെവലപ്‌മെന്റ് സെന്റര്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തനം തുടരും. കാര്യങ്ങള്‍ 2022 സെപ്റ്റംബറില്‍ ഉള്ള രീതിയില്‍ നിലനിര്‍ത്തും.

* കഴിഞ്ഞ മാസം നിര്‍ബന്ധിതമായി രാജി വെക്കേണ്ടി വന്നവരെ തിരിച്ചെടുക്കും.

* ജീവനക്കാര്‍ക്കെതിരെ മാനേജ്‌മെന്റില്‍ നിന്ന് പ്രതികാര നടപടിയോ, പെരുമാറ്റമോ ഉണ്ടാകില്ല.

* യോഗത്തില്‍ എടുത്ത തീരുമാനങ്ങളുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് എല്ലാ ജീവനക്കാര്‍ക്കും നല്‍കും

ഇത് ഐ.ടി ജീവനക്കാരുടെയും ടെക്‌നോപാര്‍ക്ക് ജീവനക്കാരുടെ കൂട്ടായ്മയായ പ്രതിദ്ധ്വനിയുടെയും പരിശ്രമങ്ങളുടെ വിജയമാണ് എന്ന് പ്രതിദ്ധ്വനി സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. കേരളാ മുഖ്യമന്ത്രിയുടെയും, ലേബര്‍ കമ്മീഷന്റെയും, തൊഴില്‍ വകുപ്പിന്റെയും കൃത്യമായ ഇടപെടലിലൂടെയാണ് ഈ വിജയം സാധ്യമായത് എന്നും പ്രതിദ്ധ്വനി പ്രസ്താവനയില്‍ പറഞ്ഞു.

മന്ത്രി ശിവൻകുട്ടിക്ക് പരാതി നൽകുന്നു
മന്ത്രി ശിവൻകുട്ടിക്ക് പരാതി നൽകുന്നു

രാജി വച്ചവരെല്ലാവരും തിരിച്ച് ജോയിന്‍ ചെയ്യണം എന്നും, കമ്പനി തിരുവനന്തപുരം സെന്റര്‍ തുടരുമെന്നും ഇ-മെയില്‍ വന്നിട്ടുണ്ട് എന്ന് ജീവനക്കാര്‍ പറയുന്നു. എല്ലാ വിവരങ്ങളും ലേബര്‍ കോടതിയില്‍ വച്ച് തന്നെ വ്യക്തമാക്കിയിരുന്നു എന്നും ജീവനക്കാര്‍ പറയുന്നു. രാജിവെച്ച എല്ലാവരെയും തിരിച്ചെടുക്കും എന്നും അതേ സമയം കമ്പനി വിട്ടു പോകാന്‍ താല്പര്യമുള്ളവര്‍ക്ക് പോകാമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം സെന്റര്‍ നിശ്ചിത കാലത്തേക്ക് തുടരും എന്നാണ് അറിയിച്ചുട്ടുള്ളത്, എന്നാല്‍ ഈ സമയപരിധി എത്രയാണെന്ന് അറിയിച്ചിട്ടില്ല എന്നും ജീവനക്കാര്‍ പറയുന്നു.

ബൈജൂസ് 2500 ഓളം ജീവനക്കാരെ നിര്‍ബന്ധിതമായി പിരിച്ച് വിടുന്നു എന്ന വാര്‍ത്ത ദ ക്യു ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സമവായത്തിന്റെ ഭാഗമായി കമ്പനി ആദ്യം തിരുവനന്തപുരത്തെ ജീവനക്കാരെ മുഴുവന്‍ ബാംഗ്‌ളൂരിലേക്ക് മാറ്റും എന്നായിരുന്നു പറഞ്ഞത്. എന്നാല്‍ കേരളാ സര്‍ക്കാരും ലേബര്‍ കമ്മീഷനും ഇടപെട്ടതോടെ കമ്പനി സ്ഥാപകന്‍ കൂടിയായ ബൈജു രവീന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് ബൈജൂസ് തിരുവനന്തപുരം സെന്റര്‍ തല്ക്കാലം അടച്ച് പൂട്ടേണ്ടതില്ല എന്ന തീരുമാനത്തിലേക്കെത്തിയത്.

ബൈജൂസിലെ തൊഴിലാളി വിരുദ്ധതയുടെ വിവരങ്ങൾ ബി.ബി.സി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ നേരത്തെ തന്നെ റിപ്പോർട് ചെയ്തിരുന്നു. ജീവനക്കാരെ പിരിച്ച് വിടുന്നു എന്ന വാർത്തകൾ പുറത്ത് വന്നതോടെ വിഷയത്തിന് കൂടുതൽ ജനശ്രദ്ധ ലഭിക്കുകയും കേരളാ സർക്കാർ ഇടപെടുകയും ചെയ്തതോടെയാണ് മറ്റെന്തിനേക്കാളും പ്രധാനപ്പെട്ടത് ജീവനക്കാരാണ് എന്ന് പറഞ്ഞുകൊണ്ട് ബൈജു രവീന്ദ്രന്റെ കത്ത് പുറത്ത് വരുന്നത്.

2018 മുതല്‍ 2021 വരെയുള്ള നാലു വര്‍ഷം 150 ദശലക്ഷം വിദ്യാര്‍ത്ഥികളുമായി ബൈജൂസിന്റെ ഏറ്റവും നല്ലകാലമായിരുന്നു, എന്നാല്‍ അതിനു ശേഷം 2022 സംഭവിച്ചു. സൂക്ഷ്മമായ സാമ്പത്തിക സ്വാധീന ഘടകങ്ങളില്‍ വ്യത്യാസം വന്നതിനെ തുടര്‍ന്ന് എല്ലാ കമ്പനികളും പൂര്‍ണ്ണമായി ലാഭം മാത്രം നോക്കി പ്രവര്‍ത്തിക്കേണ്ട അവസ്ഥയിലേക്ക് മാറി. ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ സാമ്പത്തിക ലാഭത്തിലേക്ക് കമ്പനിയെ എത്തിക്കുക എന്നതിലേക്കാണ് നമ്മള്‍ നടന്നു തുടങ്ങുന്നത്. ഈ യാത്രയില്‍ വലിയ നഷ്ടങ്ങളുണ്ടാകും എന്നെനിക്കറിയാം. 2500 ഓളം സഹപ്രവര്‍ത്തകരെ നമുക്ക് മാറ്റി നിര്‍ത്തേണ്ടിവരും. വിട്ടു പോകേണ്ടിവരുന്ന ഓരോരുത്തരെ കുറിച്ചോര്‍ക്കുമ്പോഴും എനിക്ക് വിഷമമുണ്ട്. നിങ്ങള്‍ കേവലം ഒരു പേര് മാത്രമല്ല എനിക്ക്. കമ്പനിയുടെ അഞ്ചു ശതമാനമല്ല. നിങ്ങള്‍ എന്റെ തന്നെ അഞ്ചു ശതമാനമാണ്. വിട്ടു പോകേണ്ടി വരുന്ന മുഴുവന്‍ ആളുകളോടും കത്തില്‍ ബൈജു രവീന്ദ്രന്‍ ക്ഷമയും ചോദിച്ചു.

ജീവനക്കാര്‍ക്ക് വളരെ വേഗത്തിലും സുഖകരമായതുമായ എക്‌സിറ്റ് ഓപ്ഷന്‍ നല്‍കാനാണ് കമ്പനി ശ്രമിക്കുന്നത്. ജീവനക്കാരുടെയും കുടുംബത്തിന്റെയും ആരോഗ്യ ഇന്‍ഷുറന്‍സ് നീട്ടി നല്‍കും. പേ റോളില്‍ നിന്നുകൊണ്ട് മറ്റു സ്ഥാപനങ്ങളിലേക്ക് പോകാനുള്ള അവസരവും ഉണ്ടായിരിക്കും. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു എഡ് ടെക് കമ്പനിയില്‍ പ്രവര്‍ത്തിച്ച നിങ്ങള്‍ക്ക് വളരെ നല്ല ഒരു പ്ലേസ്‌മെന്റ് ഉണ്ടാകും എന്നതില്‍ സംശയമില്ല. എല്ലാം കഴിയാവുന്നത്ര വേഗത്തിലും സുഗമമായും നടക്കണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. കമ്പനി ലാഭത്തിലാക്കി എത്രയും വേഗം നിങ്ങളെയെല്ലാവരെയും തിരുച്ചു കൊണ്ടുവരിക എന്നതിനായിരിക്കും ഇനി മുതല്‍ എന്റെ ആദ്യ പരിഗണന. ബൈജു രവീന്ദ്രന്‍ കത്തില്‍ പറയുന്നു.

ബൈജു രവീന്ദ്രന്റെ കത്ത്
ബൈജു രവീന്ദ്രന്റെ കത്ത്

എന്നാൽ 12 മുതൽ 15 മണിക്കൂർ വരെ ജീവനക്കാരെ ജോലി ചെയ്യിപ്പിക്കുന്നതും, ഉപഭോക്താക്കൾക്കുള്ള റീഫണ്ട് പോളിസി അട്ടിമറിക്കുന്നതുമുൾപ്പെടെ ബൈജൂസിലെ തൊഴിലാളി വിരുദ്ധതയുടെ വിവരങ്ങൾ ബി.ബി.സി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ നേരത്തെ തന്നെ റിപ്പോർട് ചെയ്തിരുന്നു. ജീവനക്കാരെ പിരിച്ച് വിടുന്നു എന്ന വാർത്തകൾ പുറത്ത് വന്നതോടെ വിഷയത്തിന് കൂടുതൽ ജനശ്രദ്ധ ലഭിക്കുകയും കേരളാ സർക്കാർ ഇടപെടുകയും ചെയ്തതോടെയാണ് മറ്റെന്തിനേക്കാളും പ്രധാനപ്പെട്ടത് ജീവനക്കാരാണ് എന്ന് പറഞ്ഞുകൊണ്ട് ബൈജു രവീന്ദ്രന്റെ കത്ത് പുറത്ത് വരുന്നത്. തൊഴിലാളി പ്രശ്നങ്ങളിൽ വിശദീകരണം ചോദിച്ചു കൊണ്ട് ഒക്ടോബർ 25 ആം തീയ്യതി ദ ക്യു ബൈജൂസിന്റെ തിരുവനന്തപുരം എച്ച് ആർ ഹെഡിനെ ബന്ധപ്പെട്ടപ്പോൾ പ്രതികരിക്കാൻ തയ്യാറല്ല എന്നായിരുന്നു മറുപടി. എന്നാൽ കമ്പനി എല്ലാ കടുംപിടുത്തങ്ങളും മാറ്റി വച്ച് ഇപ്പോൾ തൊഴിലാളികളുടെ ആവശ്യം അംഗീകരിച്ചിരിക്കുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in