കണ്ണൂർ സർവകലാശാല ക്യാമ്പസ്സിൽ സംഘർഷം; എസ്.എഫ്.ഐ വ്യാജ റാഗിംഗ് കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന് അലൻ ഷുഹൈബ്

കണ്ണൂർ സർവകലാശാല ക്യാമ്പസ്സിൽ സംഘർഷം;
 
എസ്.എഫ്.ഐ വ്യാജ റാഗിംഗ് കേസിൽ  കുടുക്കാൻ ശ്രമിക്കുന്നുവെന്ന് അലൻ ഷുഹൈബ്
Published on

കണ്ണൂര്‍ സര്‍വ്വകലാശാല പാലയാട് ക്യാമ്പസ്സില്‍ സംഘര്‍ഷാവസ്ഥ. നാലാം വര്‍ഷ എല്‍.എല്‍.ബി വിദ്യാര്‍ത്ഥി അലന്‍ ഷുഹൈബ് അടക്കമുള്ള വിദ്യാര്‍ഥികള്‍ പൊലീസ് കസ്റ്റഡിയില്‍. അലനും സുഹൃത്തുക്കള്‍ക്കുമെതിരെ ഒന്നാം വര്‍ഷ എല്‍.എല്‍.ബി വിദ്യാര്‍ത്ഥി റാഗിങ്ങിന് പരാതി നല്‍കി.

എന്നാല്‍ മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ എസ്എഫ്‌ഐ തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതാണെന്ന് അലന്‍ ഷുഹൈബ് പറഞ്ഞു. ഇന്ന് രാവിലെയാണ് ക്യാമ്പസ്സില്‍ എസ്.എഫ്.ഐ വിദ്യാര്‍ത്ഥികളും രണ്ടാം വര്‍ഷ എല്‍.എല്‍.ബി വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് പൊലീസ് എത്തി അലന്‍ ഷുഹൈബ് അടക്കമുളള വിദ്യാര്‍ഥികളെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. സംഭവത്തില്‍ ധര്‍മ്മടം പൊലീസ് വൈകീട്ടോടെ അലനെയും കൂട്ടരെയും സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് ഡിപ്പാര്‍ട്‌മെന്റ് നാല് ദിവസത്തേക്ക് അടച്ചിടുമെന്നും, വിഷയം പഠിക്കാന്‍ സമിതി രൂപീകരിക്കുമെന്നും പാലയാട് ക്യാമ്പസ് ഡയറക്ടര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മുര്‍ഷിദ് എന്ന വിദ്യാര്‍ത്ഥി നല്‍കിയ പരാതിയില്‍ എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ റാഗിങ് കേസ് എടുത്ത സംഭവത്തിലുള്ള വൈരാഗ്യമാണ് ഇപ്പോള്‍ വ്യാജപരാതിയില്‍ തന്നെ കേസില്‍ കുടിക്കാനുള്ള കാരണമെന്ന് അലന്‍ പറയുന്നു. ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ച ആ കേസ് തന്റെ സാക്ഷി മൊഴി കാരണമാണ് നിലനിന്നത്. അതിന്റെ ദേഷ്യവും വൈരാഗ്യവും എസ്.എഫ്.ഐക്ക് ഉണ്ടായിരുന്നു. അതുകൊണ്ടാണ് സംഭവ സ്ഥലത്ത് ഇല്ലാതിരുന്നിട്ടും തന്നെ കൂടി കേസില്‍ ഉള്‍പ്പെടുത്തിയതെന്ന് അലന്‍ ദ ക്യുവിനോട് പറഞ്ഞു. റാഗിങ്ങിനെ തുടര്‍ന്ന് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി നല്‍കിയ പരാതിയാണ് നിലവിലുള്ളതെന്നും ഇതില്‍ എസ്.എഫ്.ഐ ഇടപെട്ടിട്ടില്ല എന്നും എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി വൈഷ്ണവ് ദ ക്യുവിനോട് പറഞ്ഞു.

എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ മൊഴി നല്‍കിയതിലുള്ള വൈരാഗ്യം

ഇന്ന് രാവിലെ എല്‍എല്‍ബി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ ബദ്രുദ്ദീനെ, ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ അബിന്‍ സുബിനെ റാഗ് ചെയ്തുവെന്നാരോപിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിക്കുകയായിരുന്നുവെന്ന് അലന്‍ പറയുന്നു. സംഘര്‍ഷത്തിനിടയില്‍ പിടിച്ചുമാറ്റാനായിട്ടായിരുന്നു താനും സുഹൃത്തായ നിഷാദും ചെന്നത്. തന്നെയും നിഷാദിനെയും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തുവെന്നും നിഷാദിന് കണ്ണില്‍ സാരമായി പരിക്കേറ്റിട്ടുണ്ടെന്നും അലന്‍ പറഞ്ഞു. അതിന് ശേഷം തനിക്കും ബദ്രുദ്ദീനുമെതിരെ അബിനെക്കൊണ്ട് റാഗിങ്ങിന് പരാതി കൊടുപ്പിക്കുകയായിരുന്നുവെന്നും അലന്‍ പറഞ്ഞു.

റാഗിങ്ങിന് പരാതി നല്‍കിയ അബിന്‍ സുബിന്‍ എന്ന വിദ്യാര്‍ത്ഥി ഇന്നലെ പരിചയപ്പെടാന്‍ എന്ന രീതിയില്‍ വന്ന് ബദ്രുദ്ദീനോട് അകാരണമായി പ്രകോപനപരമായി സംസാരിക്കുകയും ബദ്രുവിനെ തല്ലാൻ ശ്രമിച്ചിരുന്നുവെന്നും അപ്പോള്‍ പിന്മാറിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഇന്ന് ക്ലാസ്സില്‍ കയറാന്‍ പോകുന്ന ബദ്രുദ്ദീനെ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്നും അലനൊപ്പമുള്ള വിദ്യാര്‍ഥികള്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം നടന്ന ഒരു സംഭവമാണ് എല്ലാത്തിനും കാരണമെന്നാണ് അലനും സുഹൃത്തുക്കളും പറയുന്നത്. മുര്‍ഷിദ് എന്ന വിദ്യാര്‍ത്ഥിയെ റാഗ് ചെയ്ത സംഭവത്തില്‍ കഴിഞ്ഞ വര്‍ഷം എസ്.എഫ്.ഐ യുടെ ജില്ലാ പ്രസിഡന്റ് അടക്കമുള്ളവര്‍ പ്രതികളായിരുന്നു. കേസില്‍ അലന്റെയും, ബദ്രുദ്ദീന്റെയും സാക്ഷി മൊഴികളായിരുന്നു അന്ന് നിര്‍ണായകമായത്. അതിന്റെ വൈരാഗ്യമാണ് ഇപ്പോള്‍ മറ്റൊരു ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ ഉപയോഗിച്ച് തിരിച്ച് റാഗിംഗ് കേസ് നല്‍കി എസ്എഫ്‌ഐ തീര്‍ക്കാന്‍ ശ്രമിക്കുന്നത് എന്നും അലനും കൂട്ടരും ആരോപിക്കുന്നു.

അടുത്ത വര്‍ഷം വരുന്ന ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ വഴി റാഗിംഗ് അടക്കമുള്ള കേസുകള്‍ നിങ്ങള്‍ക്കെതിരെ ഉണ്ടാക്കുമെന്നും നിങ്ങളുടെ പഠനം അടക്കം നിര്‍ത്താന്‍ നമുക്ക് കഴിയുമെന്നും എസ്.എഫ്.ഐ നേതാക്കള്‍ പലതവണ ഭീഷണിപ്പെടുത്തിയിട്ടുണ്ട് എന്ന് കഴിഞ്ഞ വര്‍ഷം എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ റാഗിങ്ങിന് പരാതി നല്‍കിയ മുര്‍ഷിദ് എന്ന വിദ്യാര്‍ത്ഥി ദ ക്യു വിനോട് പറഞ്ഞു.

വിദ്യാര്‍ത്ഥി എന്ന നിലയ്ക്ക് എസ്.എഫ്.ഐ യുടെ നിരന്തരമായ ഭീഷണിക്കും അക്രമങ്ങള്‍ക്കും ഇടയില്‍ മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ തന്നെയുള്ള കണ്ണൂര്‍ സര്‍വ്വകലാശാലയുടെ പാലയാട് ക്യാമ്പസ്സില്‍ പഠനം തുടരുന്നത് കഠിനമായി വരികയാണ്. ഉത്തരേന്ത്യന്‍ കാമ്പുസുകളില്‍ എ.ബി.വി.പിയുടെ ഗുണ്ടായിസത്തെ നിരന്തരം അപലപിക്കുന്ന എസ്.എഫ്.ഐ, ഇവിടെ നടത്തുന്നത് ഹൈപ്പോക്രസിയും ഫാസിസവുമാണ്.

അലന്‍ ഷുഹൈബ്

പന്തിരംകാവ് യു.എ.പി.എ കേസില്‍ ജാമ്യം നേടി കോഴ്‌സിലേക്ക് റീ എന്‍ട്രി എടുത്താണ് അലന്‍ ക്യാമ്പസ്സില്‍ തിരികെയെത്തുന്നത്. ക്യാമ്പസ്സില്‍ തുടരാന്‍ കഴിയാത്ത രാഷ്ട്രീയ സാഹചര്യമാണ് എന്ന് അലന്‍ നിരന്തരം സാമൂഹിക മാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു.

അലന്റെ ആരോപണങ്ങള്‍ നിഷേധിച്ച് എസ്എഫ്‌ഐ

തന്നെ എസ്എഫ്‌ഐ കള്ളക്കേസില്‍ കുടുക്കുകയാണെന്ന അലന്റെ ആരോപണങ്ങള്‍ എസ്എഫ്‌ഐ നിഷേധിച്ചു. സംഭവത്തില്‍ എസ്എഫ്‌ഐക്ക് യാതൊരുവിധ പങ്കുമില്ലെന്നും റാഗിങ്ങിനെ തുടര്‍ന്ന് ഒരു ഒന്നാം വര്‍ഷ വിദ്യാര്‍ഥി നല്‍കിയ പരാതിയാണ് ഇതെന്നും എല്ലാ ക്യാമ്പസുകളിലും എസ്.എഫ്.ഐ റാഗിങ്ങിന് എതിരാണെന്നും എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി വൈഷ്ണവ് ദ ക്യു വിനോട് പറഞ്ഞു.

ഇന്ന് രാവിലെ അബിന്‍ സിബിന്‍ എന്ന വിദ്യാര്‍ത്ഥിയെ അലനും, ബദ്രുദ്ദീനും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് വൈഷ്ണവ് പറയുന്നു. ഇന്നലെതന്നെ അബിന്‍ സുബിനെ ബദ്രുദ്ദീന്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ അബിന്‍ സുബിന്‍ എന്‍.എസ്.എസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ക്യാമ്പസ് ഫെസ്റ്റില്‍ ഉള്‍പ്പെടെ കലാ മത്സരങ്ങളില്‍ സജീവമായി പങ്കെടുത്ത വിദ്യാര്‍ത്ഥിയായിരുന്നു. 'നീ ഈ ക്യാമ്പസ്സില്‍ ഇപ്പോള്‍ വന്നിട്ടേ ഉള്ളു ഒരുപാട് ഷൈന്‍ ചെയ്യേണ്ടാ' എന്ന് പറഞ്ഞ് ബദ്രുദ്ദീന്‍ തട്ടിക്കയറിയെന്നും അതിന്റെ തുടര്‍ച്ചയായാണ് ഈ സംഭവങ്ങള്‍ ഉണ്ടായതെന്നും വൈഷ്ണവ് പറയുന്നു. ബദ്രുദ്ദീന്‍ ഉള്‍പ്പെടെയുള്ളവര്‍ അബിന്‍ സുബിന്‍ എന്ന വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതിന് ശേഷം മാത്രമാണ് എസ്.എഫ്.ഐ ഇതില്‍ ഇടപെട്ടിട്ടുള്ളു എന്നും വൈഷ്ണവ് പറഞ്ഞു.

കഴിഞ്ഞവര്‍ഷം മുര്‍ഷിദ് എന്ന വിദ്യാര്‍ത്ഥിയെ റാഗ് ചെയ്തു എന്ന പരാതിയില്‍ എസ്.എഫ്.ഐ നേതാക്കള്‍ ഉള്‍പ്പെട്ടതിന്റെ വൈരാഗ്യം തീര്‍ത്തതാണ് എന്ന അലന്റെയും സുഹൃത്തുക്കളുടെയും ആരോപണം വൈഷ്ണവ് നിഷേധിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന റാഗിങ് കേസുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും എസ്.എഫ്.ഐക്കെതിരെ പറഞ്ഞാല്‍ മാധ്യമശ്രദ്ധ കിട്ടുമെന്ന് കരുതുന്നതുകൊണ്ടാണ് അവരിത് എസ് എഫ്.ഐക്കെതിരെ തിരിക്കാന്‍ ശ്രമിക്കുന്നതെന്നും വൈഷ്ണവ് കൂട്ടിച്ചേര്‍ത്തു.

അലന്റെ നേതൃത്വത്തിലാണ് അവിടെ വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചുകൊണ്ട് സമരം നടത്തിയത്, അപ്പോള്‍ അലന്‍ സംഭവസ്ഥലത്തില്ല എന്ന് പറയുന്നതില്‍ അടിസ്ഥാനമില്ല എന്നും വൈഷ്ണവ് പറഞ്ഞു. അവിടെ ഒത്തു ചേര്‍ന്നത് ക്യാമ്പസ്സിലെ പൊതുവിദ്യാര്‍ത്ഥികളല്ല, അത് കെ.എസ്.യു, എ.ബി.വി.പി, ഫ്രറ്റേര്‍ണിറ്റി ഉള്‍പ്പെടെയുള്ള സംഘടനകളിലെ വിദ്യാര്‍ത്ഥികളാണ്. യു.എ.പി.എ ചുമത്തിയ ഒരാള്‍ക്കുവേണ്ടി കെ.എസ്.യു വിന്റെ നേതാക്കളാണ് സ്റ്റേഷനില്‍ വന്ന് സംസാരിച്ചത്, വൈഷ്ണവ് പറഞ്ഞു.

നാല് ദിവസത്തേക്ക് ഡിപ്പാര്‍ട്‌മെന്റ് അടച്ചിടുമെന്ന് ക്യാമ്പസ് ഡയറക്ടര്‍

സംഭവം നടക്കുമ്പോള്‍ ഔദ്യോഗിക ആവശ്യങ്ങളുടെ ഭാഗമായി സര്‍വ്വകലാശാലയുടെ താവക്കര ക്യാമ്പസ്സില്‍ ആയിരുന്നത് കൊണ്ട് വിശദമായി കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിച്ചിട്ടില്ലെന്ന് കാമ്പസ് ഡയറക്ടര്‍ ഡോ. എം സിനി ദ ക്യുവിനോട് പറഞ്ഞു.

പ്രശ്‌നത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ മുഴുവന്‍ എല്‍.എല്‍.ബി വിദ്യാര്‍ത്ഥികളായതുകൊണ്ട് ലീഗല്‍ സ്റ്റഡീസ് ഡിപ്പാര്‍ട്‌മെന്റ് മേധാവിയാണ് നടപടികൾക്ക് നേതൃത്വം നൽകുന്നത്. വകുപ്പ് മേധാവിയിൽ നിന്നും ലഭിച്ച വിവരങ്ങള്‍ പ്രകാരം റാഗിങ് പരാതിയാണ് ഉയര്‍ന്നിട്ടുള്ളത് എന്ന് മനസിലാക്കുന്നു. ഡിപ്പാര്‍ട്‌മെന്റിന്റെ ഭാഗത്ത് നിന്ന് വിശദമായ റിപ്പോര്‍ട്ട് യൂണിവേഴ്‌സിറ്റിയിലേക്ക് അയച്ചിട്ടുണ്ട് എന്നാണ് മനസിലാക്കുന്നത്.

നാളെ വിഷയം പഠിക്കാന്‍ ഒരു സമിതി രൂപീകരിക്കുന്നുണ്ട്. ആ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ആധികാരികമായി ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ കഴിയു.

ഡോ എം. സിനി , ക്യാമ്പസ് ഡയറക്ടര്‍

അഡ്മിനിസ്ട്രേറ്റീവ് ഓഫീസുള്ള ക്യാമ്പസ്സിലല്ല ലീഗല്‍ സ്റ്റഡീസ് ഡിപ്പാര്‍ട്‌മെന്റ്. അതുകൊണ്ട് തന്നെ തനിക്ക് നേരിട്ട് ഈ വിഷയത്തില്‍ അറിവില്ലെന്നും ഡോ എം. സിനി പറഞ്ഞു, മുന്നൂറ് മീറ്റര്‍ അപ്പുറത്താണ് ലീഗല്‍ സ്റ്റഡീസ് ഡിപ്പാര്‍ട്‌മെന്റ് സ്ഥിതി ചെയ്യുന്ന ക്യാമ്പസ്. പൊലീസ് കേസെടുത്തിട്ടുണ്ട് എന്നാണ് താന്‍ മനസിലാക്കുന്നത്. സര്‍വ്വകലാശാല രജിസ്ട്രാറുമായി കൂടിയാലോചിച്ച് നാല് ദിവസത്തേക്ക് ഡിപ്പാര്‍ട്‌മെന്റ് അടച്ചിടാന്‍ തീരുമാനിച്ചു എന്നാണ് വകുപ്പ് മേധാവി അറിയിച്ചതെന്നും ഡോ എം. സിനി കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in