'മര്യാദക്ക് തുണിയുടുത്ത് വന്നോണം', അധ്യാപകരുടെയും സഹപാഠികളുടെയും സദാചാര ആക്രമണത്തില്‍ സഹികെട്ടു: ക്വീര്‍ വിദ്യാര്‍ഥി ആദി

'മര്യാദക്ക് തുണിയുടുത്ത് വന്നോണം', അധ്യാപകരുടെയും സഹപാഠികളുടെയും സദാചാര ആക്രമണത്തില്‍ സഹികെട്ടു: ക്വീര്‍ വിദ്യാര്‍ഥി ആദി
Published on

അധ്യാപകരുടെയും സഹപാഠികളുടെയും സദാചാര ആക്രമണം മൂലം പഠനം തുടരാന്‍ കഴിയുന്നില്ലെന്ന് ക്വീര്‍ വിദ്യാര്‍ഥി ആദി. കോഴിക്കോട് ഗവണ്‍മെന്റ് ബി.എഡ് കോളേജിലെ വിദ്യാര്‍ഥിയായ തനിക്ക് നേരെ വസ്ത്ര ധാരണത്തിന്റെയും ഐഡന്റിന്റിറ്റിയുടെയും പേരില്‍ നിരന്തരമായ ആക്രമണമാണ് നടക്കുന്നതെന്നും, എല്ലാ ബി.എഡ് കോളജുകളിലും ഇതേ സ്ഥിതിയാണെന്നും ആദി ദ ക്യൂ' വിനോട് പറഞ്ഞു.

ഗവണ്‍മെന്റ് കോളേജ് ആയതുകൊണ്ട് യൂണിഫോം ഇല്ലെങ്കിലും വസ്ത്രത്തിന്റെ പേരില്‍ പെണ്‍കുട്ടികളെ അടക്കം അപമാനിക്കുന്ന സംഭവങ്ങള്‍ അധ്യാപകരുടെ ഭാഗത്ത് നിന്ന് നിരന്തരം നടക്കുന്നുണ്ട്. ഇന്റേര്‍ണല്‍ മാര്‍ക്ക് പോലുള്ള വിഷയങ്ങളിലെ പേടി കാരണമാണ് വിദ്യാര്‍ഥികള്‍ ഒന്നും തുറന്ന് പറയാത്തതെന്നും ആദി പറഞ്ഞു.

കഴിഞ്ഞ ദിവസം ആദി ഹാഫ് പാന്റ് ധരിച്ച് കോളേജില്‍ എത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. അധ്യാപകര്‍ യോഗം ചേര്‍ന്ന് ഇത്തരം വസ്ത്രം കോളേജില്‍ ധരിക്കാന്‍ കഴിയില്ലെന്ന് ആദിയോട് പറഞ്ഞു. എന്നാല്‍ അത് തന്റെ സ്വാതന്ത്രം ആണെന്നും നിയമപരമായി നേരിടും എന്നും പറഞ്ഞതോടെ അധ്യാപകര്‍ പ്രശ്‌നം ഒതുക്കി തീര്‍ത്തു. എന്നാല്‍ പിന്നീട് ക്ലാസില്‍ ഇരിക്കുമ്പോള്‍ സീനിയറായ ഒരു അധ്യാപകന്‍ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ വെച്ച് വസ്ത്ര ധാരണത്തെ പറഞ്ഞ് അധിക്ഷേപിച്ചു.

ഞാന്‍ ക്ലാസ് കഴിഞ്ഞ് ഇരിക്കവെ സീനിയര്‍ ആയ ഒരു അധ്യാപകന്‍ നടന്ന് പോകുന്ന വഴി, 'നീയെന്താ തുണി ഉടുക്കാതെ ഇരിക്കുന്നത്, പോയി തുണി ഉടുക്ക്, നിന്റെ മുണ്ട് ആരെങ്കിലും ഊരിക്കൊണ്ടുപോയതാണോ, നാളെ വരുമ്പോ മര്യാദക്ക് തുണി ഉടുത്ത് വന്നോളണം', എന്നൊക്കെ എല്ലാവരുടെയും മുന്നില്‍ വെച്ച് പറഞ്ഞ് എന്നെ അധിക്ഷേപിച്ചു'. അന്ന് ഞാന്‍ ബി.എഡ് കോളേജിലെ അധ്യാപകര്‍ക്ക് സദാചാരമാണ് എന്ന രീതിയില്‍ വാട്‌സാപ്പില്‍ ഒരു സ്റ്റാറ്റസിട്ടു.. അത് അധ്യാപകര്‍ക്ക് വലിയ പ്രശ്‌നമായി. പിറ്റേന്ന് എന്നെ വിളിപ്പിച്ചു. പ്രിന്‍സിപ്പാള്‍ അടക്കം മുക്കാല്‍ മണിക്കൂറോളം സംസാരിച്ചു. അധ്യാപകരെയും കോളേജിനെയും അധിക്ഷേപിക്കുന്ന തരത്തില്‍ ഇങ്ങനൊരു പോസ്റ്റ് ഇട്ടതിന് കാരണമെന്താണ് എന്ന് ചോദിച്ചു. എന്റെ വസ്ത്രത്തെ പറ്റി ഇങ്ങനൊരു ചര്‍ച്ച ആക്കിയത് കൊണ്ടാണെന്ന് പറഞ്ഞപ്പോ അത്തരം ചര്‍ച്ചയേ നടന്നിട്ടില്ല എന്നു പറഞ്ഞു. എന്നാല്‍ ഓപ്ഷണല്‍ ക്ലാസുകളിലൊക്കെ അധ്യാപകര്‍ വിദ്യാര്‍ഥികളോട് ചോദിക്കുന്നത് എന്റെ വസ്ത്രത്തെ ആരൊക്കെ അനുകൂലിക്കുന്നു പ്രതികൂലിക്കുന്നു എന്നാണ്. ദിവസങ്ങളായി ക്ലാസുകളിലൊക്കെ ചര്‍ച്ച ഇതാണ്

ആദി

ചര്‍ച്ചയില്‍ ഇനി വസ്ത്രവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നും, ഇഷ്ടമുള്ള വസ്ത്രം ധരിക്കാമെന്നും പ്രിന്‍സിപ്പാള്‍ അടക്കം സമ്മതിച്ചിരുന്നു. എന്നാല്‍ ഇതിന് ശേഷവും പ്രശ്‌നങ്ങള്‍ ഉണ്ടായി. രാവിലെ നടക്കുന്ന അസംബ്ലിയില്‍ സഹപാഠിയായ വിദ്യാര്‍ഥി ആദിയുടെ വസ്ത്ര ധാരണത്തെ പറ്റി മൈക്കിലൂടെ മോശം പരാമര്‍ശങ്ങള്‍ നടത്തി. എന്നാല്‍ ഇത് കേട്ടിട്ടും അധ്യാപകര്‍ എതിര്‍ത്തില്ലെന്നും ആദി ആരോപിക്കുന്നു.

രണ്ട് ദിവസം മുമ്പ് ഞാന്‍ ബോര്‍ഡില്‍ 'മൈ ഡ്രസ് മൈ ചോയ്‌സ്' എന്ന് എഴുതി വെച്ചിരുന്നു. ഇന്നലെ അസംബ്ലി തീരാനായ സമയത്ത് ഒരു വിദ്യാര്‍ഥി വന്ന് ഞാന്‍ എഴുതിയ വരി മായ്ച്ച് കളഞ്ഞു. എല്ലാ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മുന്നില്‍ വെച്ച് ഇയാള്‍ 'കക്കൂസില്‍ ഇടുന്ന കുപ്പായമാണോ ക്ലാസില്‍ ഇടുന്നത്' എന്നൊക്കെ എന്നെ ടാര്‍ഗറ്റ് ചെയ്ത് മൈക്കിലൂടെ പബ്ലിക്കായി സംസാരിക്കുകയും ചെയ്തു. ഇതൊന്നും അധ്യാപകര്‍ ഒരുതരത്തിലും തടഞ്ഞില്ല. അതെനിക്ക് ഭയങ്കര ട്രിഗറിംഗ് ആയിരുന്നു

ആദി

ഇതിന് ശേഷവും അധ്യാപകര്‍ തനിക്ക് തന്ന വാക്ക് തെറ്റിച്ചെന്നും പിന്നീടും ക്ലാസുകളില്‍ തന്റെ വസ്ത്ര ധാരണത്തെ പറ്റി ചര്‍ച്ച ചെയ്‌തെന്നും ആദി പറയുന്നു. വളരെ ടോക്‌സിക് ആയ ഭയങ്കര ഫോബിക് ആയ രീതിയിലാണ് ആളുകള്‍ പെരുമാറുന്നത്. ക്ലാസിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ തന്റെ കാര്യത്തില്‍ ഒരു സ്പ്ലിറ്റ് ഉണ്ടാക്കാനാണ് അധ്യാപകര്‍ ശ്രമിക്കുന്നതെന്നും സഹികെട്ട അവസ്ഥയിലാണെന്നും ആദി ദ ക്യൂ' വിനോട് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in