'നിങ്ങള്‍ എന്ത് വൃത്തികെട്ട ബാച്ചാണ്, ആ വൃത്തികെട്ടവന്‍ എഴുതിയിട്ട പോസ്റ്റ് കാരണം കോളേജിന്റെ സല്‍പ്പേര് പോയി. സുഗതകുമാരിയും സുകുമാര്‍ അഴീക്കോടും പഠിച്ച കോളേജാണ്, അവന്റെയൊക്കെ പണി ചെറ്റത്തരം എഴുതലല്ലേ എന്നൊക്കെ', എന്നെ അത്രത്തോളം വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയില്‍ വിദ്യാര്‍ഥികളോട് സംസാരിച്ചു. മുന്‍പ് വസ്ത്രധാരണത്തിന്റെ പേരിലടക്കം എന്നെ അധിക്ഷേപിച്ചവരില്‍ ഇതേ അധ്യാപകനും ഉണ്ടായിരുന്നു. ഇത്രയുമൊക്കെ ആയിട്ടും തെറ്റ് മനസിലാക്കാനോ തിരുത്താനോ ഇവര്‍ക്കൊന്നും തോന്നുന്നില്ലെങ്കില്‍ ഇനിയും ഇത് സഹിക്കേണ്ട ബാധ്യത എനിക്കില്ല.
ആദി
കോഴിക്കോട് ഗവണ്‍മെന്റ് ബി.എഡ് കോളേജിലെ അധ്യാപകരുടെയും അധികൃതരുടെയും സദാചാര ആക്രമണം സഹിക്കാവുന്നതിലും അപ്പുറമെന്ന് ക്വീര്‍ വിദ്യാര്‍ഥി ആദി. ഇത്രയും കെട്ട അനുഭവങ്ങള്‍ ഇതുവരെ പഠിച്ച ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും നേരിടേണ്ടി വന്നിട്ടില്ലെന്നും, തുടര്‍ച്ചയായി ഇതിനെ പറ്റി സംസാരിക്കേണ്ടി വരുന്നത് ഗതികേടാണെന്നും ആദി 'ദ ക്യൂവിനോട് പറഞ്ഞു.
ജൂണില്‍ ബി.എഡ്. വിദ്യാര്‍ഥിയായ ആദി ഹാഫ് പാന്റ് ധരിച്ച് കോളേജില്‍ എത്തിയതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. അധ്യാപകര്‍ യോഗം ചേര്‍ന്ന് ഇത്തരം വസ്ത്രം കോളേജില്‍ ധരിക്കാന്‍ കഴിയില്ലെന്ന് ആദിയോട് പറഞ്ഞു. എന്നാല്‍ അത് തന്റെ സ്വാതന്ത്ര്യം ആണെന്നും നിയമപരമായി നേരിടും എന്നും പറഞ്ഞതോടെ അധ്യാപകര്‍ പ്രശ്നം ഒതുക്കി തീര്‍ത്തു. എന്നാല്‍ പിന്നീട് സീനിയര്‍ അധ്യാപകരും വിദ്യാര്‍ഥികളും ക്വീര്‍ ഐഡന്റിറ്റിയുടെ പേരില്‍ അധിക്ഷേപം തുടരുകയായിരുന്നു.
സെപ്റ്റംബര്‍ 14 ന് ബി.എഡ് മൂന്നാം സെമസ്റ്ററിലെ ടീച്ചിംഗ് പ്രാക്ടീസ് തുടങ്ങി. ഇതിന്റെ തലേദിവസം കോളജില്‍ യാത്രയയപ്പ് പരിപാടിയൊക്കെ നടത്തിയിരുന്നു. പരിപാടിക്ക് ശേഷം ഒരു ഡിപ്പാര്‍ട്ട്‌മെന്റിലെ കുട്ടികള്‍ അധ്യാപകരെ കണ്ട് യാത്ര പറയാന്‍ പോയപ്പോള്‍ അധ്യാപകരിലൊരാള്‍ തന്നെ പറ്റി വളരെ മോശമായി സംസാരിച്ചു.
'നിങ്ങള്‍ എന്ത് വൃത്തികെട്ട ബാച്ചാണ്, ആ വൃത്തികെട്ടവന്‍ എഴുതിയിട്ട പോസ്റ്റ് കാരണം കോളേജിന്റെ സല്‍പ്പേര് പോയി. സുഗതകുമാരിയും സുകുമാര്‍ അഴീക്കോടും പഠിച്ച കോളേജാണ്, അവന്റെയൊക്കെ പണി ചെറ്റത്തരം എഴുതലല്ലേ എന്നൊക്കെ', തന്നെ അത്രത്തോളം വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയില്‍ വിദ്യാര്‍ഥികളോട് സംസാരിച്ചു. മുമ്പ് വസ്ത്രധാരണത്തിന്റെ പേരിലടക്കം തന്നെ അധിക്ഷേപിച്ചവരില്‍ ഇതേ അധ്യാപകനും ഉണ്ടായിരുന്നുവെന്നും, ഇത്രയുമൊക്കെ ആയിട്ടും തെറ്റ് മനസിലാക്കാനോ തിരുത്താനോ ഇവര്‍ക്കൊന്നും തോന്നുന്നില്ലെങ്കില്‍ ഇനിയും ഇത് സഹിക്കേണ്ട കാര്യമില്ലെന്നും ആദി പറയുന്നു.
മുന്‍പ് കോളേജ് അധികൃതരില്‍ നിന്ന് സദാചാര ആക്രമണമുണ്ടായപ്പോള്‍ അധ്യാപകരുടെയൊന്നും പേര് വെക്കാതെയായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ആദി പരാതി നല്‍കിയിരുന്നത്. അന്ന് പ്രശ്‌നങ്ങളില്ലാതെ രമ്യമായി ഈ വിഷയം തീര്‍ത്താല്‍ മതി എന്ന രീതിയിലായിരുന്നു മന്ത്രിയോട് സംസാരിച്ചത്. എന്നാല്‍ അന്ന് കൃത്യമായ നടപടിയിലേക്ക് പോകാതിരുന്നത് മുതലെടുത്ത് അധ്യാപകര്‍ വീണ്ടും ഉപദ്രവിക്കുകയാണെന്ന് ആദി പറയുന്നു.
വിഷയത്തില്‍ കോളേജില്‍ നിന്ന് നീതി കിട്ടുമെന്ന പ്രതീക്ഷയില്ല. പ്രിന്‍സിപ്പലിനോട് വിഷയത്തില്‍ സംസാരിച്ചപ്പോള്‍ അദ്ദേഹം പറയുന്നത് വസ്ത്രത്തിന്റെ പേരില്‍ ഒരു വിഷയവും കോളേജില്‍ ഉണ്ടായിട്ടില്ല എന്നാണ്. അതിന് കാരണമായി പറയുന്നത് മുമ്പ് പ്രശ്‌നമുണ്ടായപ്പോള്‍ പ്രിന്‍സിപ്പലിന് രേഖാമൂലം പരാതി കൊടുത്തില്ല എന്നതാണ്. എന്നാല്‍ അന്ന് വസ്ത്രധാരണത്തിന്റെ പേരില്‍ തന്നെ അധ്യാപകര്‍ അധിക്ഷേപിക്കുന്ന കാര്യം മണിക്കൂറുകളോളം പ്രിന്‍സിപ്പലിനോട് സംസാരിച്ചിരുന്നു. അന്ന് അതില്‍ ഒരു നടപടിയും കൈക്കൊള്ളാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. അതുകൊണ്ട് തന്നെ അവിടെ നിന്ന് ഇനി ഒരു നടപടിയും പ്രതീക്ഷിക്കുന്നുമില്ല.
ആദി
ഇത്തവണ അധ്യാപകന്‍ അധിക്ഷേപിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിന് രേഖാമൂലം ആദി പരാതി കൊടുത്തിട്ടുണ്ട്. എന്നാല്‍ അത് കോളേജിന്റെ ഭാഗത്ത് നിന്ന് നീതി പ്രതീക്ഷിച്ചിട്ടല്ല. നാളെ ഈ സംഭവങ്ങളെ പറ്റി എവിടെയെങ്കിലും സംസാരിച്ചാല്‍, അങ്ങനെയൊരു സംഭവമേ കോളജില്‍ ഉണ്ടായിട്ടില്ല എന്ന് അവര്‍ പറയാതിരിക്കാന്‍ വേണ്ടി മാത്രമാണെന്നും ആദി പറയുന്നു.
സെപ്റ്റംബര്‍ 14 നാണ് ടീച്ചിംഗ് പ്രാക്ടീസ് തുടങ്ങിയത്. കോളജിന്റെ അതേ കോമ്പൗണ്ടില്‍ വരുന്ന സ്‌കൂളിലാണ് പ്രാക്ടീസ്. ഒരു ഗേറ്റിന്റെ ദൂരമേയുള്ളൂ. 16 പേരാണ് ടീച്ചിംഗ് പ്രാക്ടീസ് ചെയ്യുന്നത്. എന്നാല്‍ സ്‌കൂളില്‍ സ്റ്റാഫിന് വേണ്ടി ആകെ ഒരു ടോയ്‌ലെറ്റ് മാത്രമേയുള്ളൂ. അതുകൊണ്ട് കോളേജിലെ ടോയ്‌ലെറ്റ് ഉപയോഗിക്കാനായി ഗേറ്റ് തുറന്നുതരണമെന്ന് ടീച്ചിംഗ് പ്രാക്ടീസ് തുടങ്ങുന്നതിന് മുമ്പ് തന്നെ വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം പരിഗണിക്കാനോ പരിഹാരം കാണാനോ പ്രിന്‍സിപ്പല്‍ തയ്യാറായിരുന്നില്ല. രാവിലെ മുതല്‍ വൈകിട്ട് വരെ മൂത്രമൊഴിക്കാതെ നിന്നാണ് പഠിപ്പിച്ചത്. പിന്നീട് പലപ്പോഴായി ചോദിച്ചപ്പോഴും അവര്‍ ഗേറ്റ് തുറക്കാന്‍ തയ്യാറായിരുന്നില്ല. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഗേറ്റ് തുറന്നത്. മൂത്രമൊഴിക്കാനുള്ള ഏറ്റവും പ്രാഥമികമായ അവകാശത്തിനായി ആ ഗേറ്റ് തുറന്നുകൊടുക്കാന്‍ അത്രയും ദിവസങ്ങള്‍ ആലോചിക്കേണ്ട കാര്യമെന്താണെന്നും ആദി ചോദിക്കുന്നു. ഇത് തനിക്കെതിരായ പ്രതികാര നടപടിയുടെ ഭാഗമാണെന്നും ആദി പറയുന്നു.
നിലവില്‍ കോഴിക്കോട് ഗവണ്‍മെന്റ് ബി.എഡ് കോളജിന്റെ പേരും പെരുമയും എഴുത്തുകളിലൂടെ താന്‍ നശിപ്പിച്ചു എന്നാണ് കോളജ് അധികൃതര്‍ പറയുന്നതെന്ന് ആദി പറയുന്നു. പരാതി കൊടുക്കാനായി പ്രിന്‍സിപ്പലിനെ കാണാന്‍ പോയപ്പോള്‍ തന്നെ അധ്യാപകര്‍ അധിക്ഷേപിച്ചതിനെ കുറിച്ചോ പരാതിയെ കുറിച്ചോ പ്രിന്‍സിപ്പല്‍ ഒന്നും സംസാരിച്ചില്ലെന്നും, മറിച്ച് കോളജിന്റെ പാരമ്പര്യത്തെ പറ്റിയും അത് താന്‍ നശിപ്പിച്ചു എന്നതിനെ പറ്റി മാത്രമാണ് സംസാരിച്ചതെന്നും ആദി പറഞ്ഞു.
പ്രിന്‍സിപ്പലും കോളജ് അധികൃതരും പറയുന്നത് പോലെ അവിടുത്തെ അധ്യാപകരെല്ലാം അത്രയും നല്ലവരും അനുഭവ സമ്പത്ത് ഉള്ളവരുമാണെങ്കില്‍ തനിക്ക് ഈ പ്രശ്‌നങ്ങളൊന്നും കോളജിനകത്ത് അനുഭവിക്കേണ്ടി വരില്ലായിരുന്നു. ഇതുവരെ ആരും പരാതി കൊടുത്തിട്ടില്ല എന്നതിനര്‍ത്ഥം അവിടെ പ്രശ്‌നങ്ങളില്ല എന്നല്ല. കോളജില്‍ പ്രശ്‌നങ്ങളുണ്ട്. ഇന്റേര്‍ണല്‍ മാര്‍ക്ക് പോലെയുള്ള വിഷയങ്ങള്‍ കാരണം പ്രശ്‌നങ്ങള്‍ പറയാനും പ്രതികരിക്കാനും വിദ്യാര്‍ഥികള്‍ക്ക് പേടിയാണ്. ഈ പ്രശ്‌നങ്ങള്‍ കാരണം ഒരുപാട് പ്രതിസന്ധികളും മെന്റല്‍ ഹെല്‍ത്ത് പ്രശ്‌നങ്ങളും ഇതിനോടകം തന്നെ അനുഭവിച്ച് കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇനി പേടിയില്ലെന്നും, ആരുടെയും പേര് മറച്ചുവെച്ച് അവരെ സംരക്ഷിക്കേണ്ട ബാധ്യത തനിക്കില്ലെന്നും ആദി 'ദ ക്യൂവിനോട് പറഞ്ഞു.