വ്യാഴാഴ്ച രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് ഉച്ചകഴിഞ്ഞ് ഏകദേശം 2.50 ഓടുകൂടി സ്‌ക്രീനിലെത്തിയ നവകേരള ഗീതാഞ്ജലിയില്‍ പ്രശസ്തരായ 52ഓളം ഗായകരും സംഗീതജ്ഞരുമാണ് അണിനിരന്നത്. പക്ഷേ ആ അമ്പത്തിരണ്ടില്‍ ഉള്‍പ്പെടാത്ത ഇടതുപക്ഷ പ്രസ്ഥാനത്തോട് ചേര്‍ന്നു നില്‍ക്കുന്ന, സമരപരിപാടികളില്‍ ഇടതുപക്ഷത്തിന്റെ ശബ്ദമായി മാറുന്ന പുഷ്പാവതി എന്ന ഗായികയെയാണ് ഇപ്പോള്‍ സമൂഹമാധ്യങ്ങള്‍ തിരയുന്നത്.
കേരളത്തിലെ പതിനാല് ജില്ലയിലെയും വനിതകള്‍ ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് പ്രതിരോധത്തിന്റെ അടയാളമായി നിര്‍മ്മിച്ച വനിതാമതിലിന്റെ സമയത്ത് 'എത്ര എത്ര മതിലുകള്‍ തകര്‍ത്തു നമ്മള്‍' എന്ന പാട്ട് കേരളം കേട്ടത് പുഷ്പാവതിയുടെ ശബ്ദത്തിലാണ്. എന്തുകൊണ്ട് ആ ഗായിക നവകേരള ഗീതാഞ്ജലിയില്‍ കേരളം അണിനിരത്തിയ 52 പ്രശസ്ത ഗായകര്‍ക്കൊപ്പം എത്തിയില്ല എന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം.
പുഷ്പാവതിക്ക് അസുഖമായിട്ടാണോ, ആരോഗ്യ പ്രശ്‌നങ്ങളുണ്ടോ എന്നെല്ലാം ചോദിച്ച് അവരെ പലരും വിളിച്ചിരുന്നു. എന്തുകൊണ്ട് നവകേരള ഗീതാഞ്ജലിയില്‍ എത്തിയില്ല എന്ന ചോദ്യത്തിന് വിളിച്ചിരുന്നില്ല, എന്നെ വിളിക്കാത്തത് കൊണ്ടാണ് പങ്കെടുക്കാതിരുന്നത് എന്ന മറുപടിയാണ് പുഷ്പാവതി ദി ക്യൂവിന് നല്‍കിയത്. തനിക്ക് പരാതികളൊന്നുമില്ലെന്നും ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നു നില്‍ക്കുന്ന ആളാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
''ഞാനതിനെക്കുറിച്ച് അഭിപ്രായം പറയുന്നില്ല. ആളുകള്‍ക്കറിയാമല്ലോ സര്‍ക്കാരിനെ പിന്തുണച്ചുകൊണ്ട് ഞാനെന്തെല്ലാം ചെയ്തുവെന്നത്. അതുകൊണ്ടായിരിക്കാം അവര്‍ എഴുതുന്നത്. അസുഖമായിട്ടാണോ, കോവിഡ് സംബന്ധമായ പ്രശ്‌നങ്ങളുണ്ടോ എന്നെല്ലാം ചോദിച്ച് എന്നെ പലരും വിളിച്ചു. അതിൽ ഭൂരിഭാഗവും കമ്മ്യൂണിസ്റ്റുകാരാണ്. നമ്മള്‍ അവരുടെ പരിഗണനയില്‍ വരുന്നില്ല എന്നാണ് ബാക്കിയുള്ളവര്‍ ചിന്തിക്കുന്നത്,'' പുഷ്പാവതി പറഞ്ഞു.
''പ്രാതിനിധ്യമില്ലായ്മ എല്ലാക്കാലത്തും വിമര്‍ശനാത്മകമായിട്ട് ഞാന്‍ ഉന്നയിക്കുന്ന കാര്യമാണ്. സര്‍ക്കാര്‍ പ്രതിസന്ധിയിലായിരുന്ന സമയത്തെല്ലാം സ്വന്തം കയ്യില്‍ നിന്ന് പൈസ എടുത്തിട്ട് പോലും പാട്ടുകള്‍ ചെയ്തിട്ടുണ്ട്. ആ പാട്ടുകള്‍ ഉപയോഗപ്പെടുത്തിയിട്ടുമുണ്ട്.
ആളുകള്‍ കാരണം ചോദിക്കുമ്പോഴെല്ലാം, പ്രതികരണത്തിനില്ല എന്ന് തന്നെയാണ് ഞാന്‍ പറയുന്നത്. ചില ബോധ്യങ്ങളില്‍ കൂടിയായിരിക്കും ഇതെല്ലാം മാറ്റാന്‍ സാധിക്കുന്നത്. നൂറ്റൂണ്ടുകളായിട്ട് ഒരു സവര്‍ണ കേന്ദ്രീകൃത അധികാരവ്യവസ്ഥ നിലനില്‍ക്കുന്നുണ്ട്.
തല്‍ക്കാലം എന്നെ ടാഗ് ചെയ്തിട്ടോ മെന്‍ഷന്‍ ചെയ്തിട്ടോ എഴുതുന്നവര്‍ക്കൊന്നും ഒരു മറുപടിയും ഞാന്‍ കൊടുക്കുന്നില്ല. ഇവിടുത്തെ ഇടത് സാംസ്‌കാരിക പൊതുബോധം നിലനില്‍ക്കേണ്ടത് അടിത്തട്ട് വിഭാഗത്തിന്റെ കൂടി വലിയൊരു ആവശ്യമാണ്. മനുഷ്യരെ പോലെ അവര്‍ക്കിവിടെ തലയുയര്‍ത്തി ജീവിക്കണമെങ്കില്‍ അങ്ങനെയൊരു സാംസ്‌കാരികതയാണ് ഇവിടെ വേണ്ടത്.
ഞാന്‍ ചെയ്ത ഇടപെടലുകള്‍ ഒരിക്കലും ഇടപെടല്‍ അല്ലാതാവുന്നില്ല. ശബരിമല വിഷയം വന്നപ്പോള്‍ 'എത്രയെത്ര മതിലുകള്‍' എന്ന പാട്ട് ഞാന്‍ ചെയ്തു. രാജ്യം മുഴുവന്‍ ദളിത് വിരുദ്ധത തന്നെയാണ് നടമാടിക്കൊണ്ടിരിക്കുന്നത്.
കേരളത്തിന്റെ സാമൂഹ്യത അങ്ങനെയാവാൻ പാടില്ല. ഇവിടുത്ത കമ്മ്യൂണിസ്റ്റ് ആശയത്തില്‍ വിശ്വസിക്കുന്ന ഒരു വിഭാഗം ആളുകളുടെ ഇടയില്‍ ഒരു പക്ഷേ എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നുള്ള ചില ചോദ്യങ്ങള്‍ ഉണ്ടായേക്കാം. അതാണിപ്പോള്‍ കാണുന്നത്.
ഞാൻ നടത്തിയിട്ടുള്ള ചരിത്രപരമായ ഇടപെടലുകളെ ചരിത്രത്തിൽ നിന്ന് മായ്ച്ചുകളയാൻ ഇത്തരത്തിലുള്ള പ്രാതിനിധ്യമില്ലായ്മ ഇടയാക്കിയേക്കാം. ഞാന്‍ ഇതിലൊന്നും ഇടപെടുന്നില്ല. തൽക്കാലം എന്നെ ടാഗ് ചെയ്തിട്ടുള്ള ചോദ്യങ്ങളിൽ നിന്ന് ഞാൻ അകന്ന് നിൽക്കുകയാണ്. കാരണം എന്റേതായിട്ടുള്ള സർഗാത്മകമായ ഇടത്തിൽ ഞാൻ വളരെ തിരക്കിലാണ്,'' പുഷ്പാവതി പറഞ്ഞു.
നവകേരള ഗീതാഞ്ജലി സംവിധാനം ചെയ്ത ടി.കെ രാജീവ് കുമാറിനോട് എന്തുകൊണ്ട് പുഷ്പാവതിയെ ഒഴിവാക്കിയെന്ന ചോദ്യത്തിന് താൻ അത് സംവിധാനം ചെയ്തുവെന്നേ ഉള്ളൂ കൂടുതല്‍ പ്രതികരണത്തിന് ഇല്ലെന്നായിരുന്നു അദ്ദേഹം നല്‍കിയ മറുപടി.
പരാതിയില്ലെന്ന് പുഷ്പാവതി പറയുമ്പോഴും ഇടത് അനുകൂല പ്രൊഫൈലുകളില്‍ നിന്നു പോലും പുഷ്പാവതിയെ നവകേരള ഗീതാഞ്ജലിയില്‍ ഉള്‍പ്പെടുത്താത്തത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.
നവകേരള ഗീതാഞ്ജലിയില്‍ ഇടതുപക്ഷത്തിന് പുഷ്പാവതിയെ ഉള്‍പ്പെടുത്താമായിരുന്നു. എന്നിട്ടും അവരെ വെട്ടിമാറ്റിയത് മനപൂര്‍വ്വമാണെന്ന് എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ മൃദുല ദേവി എസ് പറഞ്ഞു. പുഷ്പാവതിയെ പോലെയുള്ളവര്‍ പാര്‍ട്ടിയുടെ അച്ചടക്കമുള്ള പ്രവര്‍ത്തകരായി നില്‍ക്കുമെന്ന ബോധ്യം ഇടതുപക്ഷത്തിനുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
''ശബ്ദം കൊണ്ട് ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ കൂടെ നില്‍ക്കുന്ന വളരെ കഴിവുളള ഒരു ഗായികയാണ് പുഷ്പാവതി. നിരവധി സമരഗാനങ്ങളില്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഭാഗമായിട്ട് പുഷ്പാവതിയെ കണ്ടിട്ടുണ്ട്.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടും നമ്മുടെ സമൂഹത്തിന്റെ ചലനാത്മകമാകുന്ന എല്ലാ മേഖലകളിലും പുഷ്പാവതി കലകൊണ്ട് ഒരു പ്രതിരോധം തീര്‍ത്ത വ്യക്തിയാണ്. ഈ പുഷ്പാവതിയെ പക്ഷേ പാര്‍ട്ടിയുടെ ശീതളിമ പ്രോഗ്രാമുകളില്‍ ഉള്‍പ്പെടുത്തുന്നില്ല.
വെയിലുകൊള്ളാന്‍ പുഷ്പാവതിയും വേദി കയ്യടക്കുവാന്‍ പ്രബലരും. പുഷ്പാവതി ഇപ്പോഴും പാര്‍ട്ടിയെ തള്ളിപ്പറയുന്നില്ല. അത് ഞങ്ങള്‍ ആവശ്യപ്പെടുന്നുമില്ല. ഒരു വ്യക്തിക്ക് ഇഷ്ടമുള്ള പാര്‍ട്ടിയില്‍ വിശ്വസിക്കാം.
നമ്മള്‍ പ്രാതിനിധ്യ ജനാധിപത്യ സ്വഭാവത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് ഉള്‍പ്പെടുത്തലിന്റെ രാഷ്ട്രീയത്തെ പറ്റി സംസാരിക്കണം. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഇവിടെ വളര്‍ന്ന് പന്തലിച്ചത് തന്നെ പാട്ട്, അല്ലെങ്കില്‍ കല ഒരു മാധ്യമം ആയി ഉപയോഗിച്ചുകൊണ്ടാണ്. അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന പാട്ടുകള്‍കൊണ്ടാണ് ഇവരിവിടെ വളര്‍ന്നത്.
അത്തരമൊരു സമൂഹത്തിന്റെ പ്രതിനിധിയായി വന്നിട്ടുള്ള പുഷ്പാവതിയെ ഒതുക്കുകയാണ്. പാര്‍ട്ടിയുടെ പ്രചരണ ഗാനം വന്നപ്പോള്‍ അവര്‍ ഉപയോഗിച്ചത് സിതാര എന്ന ഗായികയെയാണ്. അതില്‍ നമുക്ക് ബുദ്ധിമുട്ടൊന്നുമില്ല. പക്ഷേ എന്തുകൊണ്ട് പുഷ്പാവതി കടന്നുവരുന്നില്ല എന്നത് ചോദിക്കണം.
തെരഞ്ഞെടുപ്പിന് മുന്‍പ് നടന്ന പാര്‍ട്ടിയുടെ മറ്റ് സാംസ്‌കാരിക പരിപാടികളിലും പുഷ്പാവതി കടന്നുവരുന്നില്ല. അന്നും ഈ ചോദ്യങ്ങള്‍ ഞാനൊക്കെ ഉയര്‍ത്തിയതാണ്. നവകേരള ഗീതാഞ്ജലിയില്‍ അവര്‍ക്ക് പുഷ്പാവതിയെ ഉള്‍പ്പെടുത്താമായിരുന്നു.
മനപൂര്‍വ്വമാണ് അവര്‍ പുഷ്പാവതിയെ വെട്ടിമാറ്റിയത്. കാരണം പുഷ്പാവതിയെ പോലെയുള്ളവര്‍ പാര്‍ട്ടിയുടെ അച്ചടക്കമുള്ള പ്രവര്‍ത്തകരായി അവിടെ നില്‍ക്കും. പുഷ്പാവതി പാര്‍ട്ടിയുടെ പൊളിറ്റിക്കല്‍ പ്രവര്‍ത്തകയല്ല. സാംസ്‌കാരിക പ്രവര്‍ത്തകയാണ്. പുഷ്പാവതിയുടെ സാംസ്‌കാരിക പ്രവര്‍ത്തനം പാർട്ടിയെ രാഷ്ട്രീയമായി ശക്തിപ്പെടുത്തുന്നുണ്ട്. പാർട്ടിക്ക് ആവശ്യമുള്ള പിന്നാക്ക സമുദായങ്ങള്‍ വരെ മതിയെന്നാണ്. അതിലും താഴേക്ക് ഇറങ്ങാന്‍ ഇവര്‍ തയ്യാറല്ല.
പുഷ്പാവതിയെ തഴയുന്നതിലൂടെ ഒരു സമൂഹത്തെ തന്നെയാണ് അദൃശ്യമാക്കിയത്. പുഷ്പാവതി അവിടെ വേണമെന്ന് ഞങ്ങളെല്ലാം ആഗ്രഹിച്ചിരുന്നു. പാര്‍ട്ടിയുടെ പികെഎസിന് ഇതൊരു ആവശ്യമായി ഉന്നയിക്കാന്‍ കഴിയുമോ. പടവുകള്‍ എന്ന് പറയുന്ന ഒരു മാസികയുണ്ടല്ലോ അവരെന്താണ് ചെയ്യുന്നത്,'' മൃദുല ദേവി ചോദിച്ചു.
പുഷ്പാവതിയുടെ അത്രപോലും ഇടത് രാഷ്ട്രീയം പറയാത്ത പൊതു നിലപാടുകള്‍ ശക്തമായി പറയാത്ത കുറേയെറെ പേര്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് പരിപാടിയില്‍ പുഷ്പാവതിയുണ്ടാവാതിരുന്നതെന്ന് ദിനു വെയില്‍ ചോദിച്ചു.
പുഷ്പാവതിയെ കാഴ്ചയില്‍ നിന്നും മറയ്ക്കുന്ന എന്ത് മതിലാണ് പി.ആര്‍.ഡി വകുപ്പിനോ ഈ പരിപാടിയുടെ കോര്‍ഡിനേറ്ററിനോ ഉണ്ടായിരുന്നത് എന്നും ദിനുവെയില്‍ ഫേസ്ബുക്കിലെഴുതി.
നവോര്‍ത്ഥാന ചിന്തകളുടെ തുടര്‍ച്ച സംഗീതത്തിലും കാവ്യാലാപനത്തിലും നിരന്തരം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ഒരാളെ ഉള്‍പ്പെടുത്താതിരുന്നത് ശരിയായില്ലെന്ന് ബിലു സി നാരായണൻ പറഞ്ഞു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ കേരളസമൂഹം കൈവരിച്ച പുരോഗതിയെ മുന്‍നിര്‍ത്തി പാട്ടിലൂടെ രാഷ്ട്രീയം പറഞ്ഞ ഏറ്റവും കരുത്തുറ്റ ശബ്ദം പുഷ്പാവതിയുടേതാണ്. കുറഞ്ഞ സമയത്തിനുള്ളില്‍ ചിട്ടപ്പെടുത്തിയ കലാസൃഷ്ടിയായതുകൊണ്ടു വിട്ടുപോയതാണ് എന്ന ന്യായീകരണമുണ്ടാകുമെന്നറിയാം. പക്ഷേ വിട്ടുപോകുന്നവരെല്ലാം ദളിതരാകുന്നതില്‍ ഒരു പ്രശ്‌നമുണ്ട്. ആ പ്രശ്‌നത്തെ ഇനിയെങ്കിലും അഭിസംബോധന ചെയ്യണമെന്ന് ഡോ. അമല്‍ സി രാജന്‍ പുഷ്പാവതിയെ നവകേരള ഗീതാഞ്ജലിയില്‍ നിന്ന് ഒഴിവാക്കിയതിനെകുറിച്ചെഴുതിയ ലേഖനത്തില്‍ പറയുന്നു.
വിവാദങ്ങള്‍ ഉയരുമ്പോഴും പുഷ്പാവതി ഇടതുപക്ഷ രാഷ്ട്രീയത്തെ തള്ളി പറയുന്നില്ല. ''എല്ലാക്കാലത്തും ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നു നില്‍ക്കുന്നയാളാണ് ഞാന്‍. എല്ലാത്തിലും നല്ലതും ചീത്തയുമെല്ലാം ഉണ്ടല്ലോ. പാര്‍ട്ടിയുടെ അടിസ്ഥാന തത്വം തന്നെ സമത്വമാണ്. അതുകൊണ്ട് തന്നെ ദളിത് വിഷയത്തെ അഭിസംബോധന ചെയ്യേണ്ടതും ഇടതുപക്ഷത്തിന്റെ ഉത്തരവാദിത്തമാണ്,'' എന്നാണ് നവകേരള ഗീതാഞ്ജലിയില്‍ ഉൾപ്പെടുത്താത്തതിനെക്കുറിച്ച് ചോദിക്കുമ്പോൾ പുഷ്പാവതി മറുപടി പറയുന്നത്.
ഇടതുപക്ഷ ആശയങ്ങളില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന സമരവേദികളില്‍ ഇടതുപക്ഷത്തിന്റെ ശബ്ദമാകുന്ന, അണികള്‍ ആവേശം കൊള്ളുന്ന താളത്തിലൂടെ ഇടത് രാഷ്ട്രീയത്തിന്റെ പ്രചാരകയാകുന്ന പുഷ്പാവതിയെ നവകേരള ഗീതാഞ്ജിലയില്‍ ഉള്‍പ്പെടുത്താതിരുന്നത് വലിയ കുറ്റമാകുന്നത് അടിസ്ഥാന വര്‍ഗ രാഷ്ട്രീയം പറഞ്ഞ് ഇരട്ടത്താപ്പ് കാണിക്കുമ്പോള്‍ കൂടിയാണ്.