ആംബുലന്‍സ് ഡ്രൈവര്‍, സ്റ്റാഫ് നഴ്‌സ് നിയമന ലിസ്റ്റുകള്‍ നോക്കുകുത്തി ; ആറന്‍മുള സംഭവം 'കണ്‍സള്‍ട്ടന്‍സി'യിലെ ഗുരുതര വീഴ്ച

ആംബുലന്‍സ് ഡ്രൈവര്‍, സ്റ്റാഫ് നഴ്‌സ് നിയമന ലിസ്റ്റുകള്‍ നോക്കുകുത്തി ; ആറന്‍മുള സംഭവം 'കണ്‍സള്‍ട്ടന്‍സി'യിലെ ഗുരുതര വീഴ്ച
Published on

ആംബുലന്‍സുകളില്‍ അടക്കം, സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലെ ഡ്രൈവര്‍ തസ്തികകളിലേക്കുള്ള പി.എസ്.സിയുടെ എച്ച്ഡിവി, എല്‍ഡിവി ലിസ്റ്റുകളും സ്റ്റാഫ് നഴ്‌സ് പട്ടികയും നോക്കുകുത്തി. ആംബുലന്‍സ് സേവനവും അതിലെ നിയമനങ്ങളും സ്വകാര്യ കണ്‍സള്‍ട്ടന്‍സിക്ക് തീറെഴുതിയതിന്റെ ദുരന്തഫലം കൂടിയാണ് ആറന്‍മുള സംഭവം. കൊവിഡ് രോഗിയെ രാത്രിയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി 108 ആംബുലന്‍സ് ആളൊഴിഞ്ഞ സ്ഥലത്ത് നിര്‍ത്തി വാഹനത്തിനുള്ളില്‍വെച്ച് 20 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം നടുക്കുന്നതായിരുന്നു. നൗഫലെന്ന ഡ്രൈവര്‍ വധശ്രമകേസ് പ്രതിയാണെന്ന് പത്തനംതിട്ട എസ്പി കെ.ജി സൈമണ്‍ വ്യക്തമാക്കിയിട്ടുണ്ട്. പൊലീസ് ക്ലിയറന്‍സ് നിര്‍ബന്ധമാണെന്ന നിബന്ധനയ്ക്ക് വിരുദ്ധമായാണ് ജി.വി.കെ കമ്പനി ഇയാള്‍ക്ക് നിയമനം നല്‍കിയതെന്നും വെളിപ്പെട്ടു.

ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് നിയമനം നല്‍കേണ്ട ഹെവി ഡ്യൂട്ടി വെഹിക്കിള്‍ ഡ്രൈവര്‍ റാങ്ക്‌ലിസ്റ്റില്‍ രണ്ടായിരത്തോളം പേരുണ്ട്. ലൈറ്റ് ഡ്യൂട്ടി വെഹിക്കിള്‍ ലിസ്റ്റില്‍ അയ്യായിരത്തോളം പേരുമുണ്ട്. ഈ രണ്ട് വിഭാഗത്തിലും ജില്ലാടിസ്ഥാനത്തിലുള്ള ലിസ്റ്റുകള്‍ നിലവിലുണ്ട്. എന്നാല്‍ കുറഞ്ഞ തോതിലേ ഇവയില്‍ നിന്ന് നിയമനങ്ങള്‍ നടന്നിട്ടുള്ളൂ. നിര്‍ണായക പ്രാധാന്യമുള്ള ആംബുലന്‍സ് സേവനവും അതിലെ നിയമനങ്ങളും പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലായിരുന്നെങ്കില്‍ ഒരുപക്ഷേ ഒഴിവാക്കാമായിരുന്ന സംഭവമാണ് ആറന്‍മുളയിലേതെന്ന് ഫെഡറേഷന്‍ ഓഫ് വേരിയസ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു. പലവിധ പരീക്ഷകളും പരിശോധനകളും വിജയകരമായി പൂര്‍ത്തിയാക്കി പൊലീസ് ക്ലിയറന്‍സും നേടുന്നവര്‍ക്കാണ് സാധാരണഗതിയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഡ്രൈവറായി നിയമനം ലഭിക്കുക. എന്നാല്‍ കണ്‍സള്‍ട്ടന്‍സികള്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പിന്‍തുടരാറില്ല. ക്രിമിനല്‍ പശ്ചാത്തലമുള്ള നൗഫലിന് നിയമനം ലഭിച്ചത് ഇക്കാര്യം അടിവരയിടുന്നു. പൊലീസ് ക്ലിയറന്‍സ് ഇല്ലാതെയാണ് ഇയാള്‍ 108 ആംബുലന്‍സിന്റെ ഡ്രൈവറായി പ്രവര്‍ത്തിച്ചതെന്ന് ജി.വി.കെ കമ്പനിയുടെ വിശദീകരണത്തില്‍ നിന്ന് ഇതിനകം വെളിപ്പെട്ടിട്ടുണ്ട്.

ആംബുലന്‍സ് ഡ്രൈവര്‍, സ്റ്റാഫ് നഴ്‌സ് നിയമന ലിസ്റ്റുകള്‍ നോക്കുകുത്തി ; ആറന്‍മുള സംഭവം 'കണ്‍സള്‍ട്ടന്‍സി'യിലെ ഗുരുതര വീഴ്ച
ഒഴിവ്, പി.എസ്.സി നിയമനം, സര്‍വീസിലുള്ള ജീവനക്കാര്‍ ?, എത്രയെന്ന് ഏകീകൃത കണക്കില്ലെന്ന് കൈമലര്‍ത്തി സര്‍ക്കാര്‍

പി.എസ്,സി മുഖേനയാണ് നിയമനമെങ്കില്‍ ഉദ്യോഗാര്‍ത്ഥി പരീക്ഷയെഴുതി ഉയര്‍ന്ന മാര്‍ക്ക് നേടി ചുരുക്കപ്പട്ടികയില്‍ ഇടംനേടണം. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണം. മൂന്ന് വര്‍ഷം പ്രാബല്യമുള്ള ലൈസന്‍സും ബാഡ്ജും ഉണ്ടെന്ന് തെളിയിക്കണം. സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന രീതിയില്‍ ഡ്രൈവിങ് ടെസ്റ്റ് വിജയിക്കണം. തുടര്‍ന്ന് ലൈസന്‍സ് അനുവദിച്ചുകിട്ടിയ നാള്‍ മുതല്‍ ജോലിക്കായുള്ള പരിശോധനാ ഘട്ടം വരെ ഇദ്ദേഹത്തിന്റെ വാഹന ഉപയോഗം നല്ല രീതിയിലുള്ളതായിരുന്നുവെന്ന് മോട്ടോര്‍ വെഹിക്കിള്‍ വകുപ്പില്‍ നിന്ന് രേഖകള്‍ സഹിതം സാക്ഷ്യപത്രം നേടണം. തുടര്‍ന്ന് പൊലീസ് ക്ലിയറന്‍സും പൂര്‍ത്തിയാക്കിയേ ജോലിയില്‍ പ്രവേശിക്കാനാകൂ. എന്നാല്‍ കണ്‍സള്‍ട്ടന്‍സികള്‍ അവരുടെ താല്‍പ്പര്യത്തിനനുസരിച്ചാണ് നിയമനം നല്‍കുന്നത്. മതിയായ പരിശോധനകളോ അന്വേഷണമോ ഇല്ലാതെയാണ് നിയമനങ്ങളെന്ന് ആറന്‍മുള സംഭവം അടിവരയിടുന്നു. അത്തരത്തില്‍ മനസ്സാക്ഷി നടുങ്ങുന്ന സംഭവമുണ്ടാവുകയും അതിനായി ആംബുലന്‍സിനെ ദുരുപയോഗിക്കുകയും ആ സംവിധാനത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്തു.

എഴുത്തുപരീക്ഷ, ഡ്രൈവിങ് ടെസ്റ്റ്, അഭിമുഖം തുടങ്ങിയവ നടത്തിയ ശേഷമാണ് ജീവനക്കാരെ നിയമിക്കാറെന്നാണ് ജി.വി.കെ കമ്പനി അവകാശപ്പെടുന്നത്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കാന്‍ നിര്‍ദേശിക്കാറുമുണ്ടെന്നും പറയുന്നു. എന്നാല്‍ പ്രതിയായ നൗഫലിന്റെ കാര്യത്തില്‍ ഇതുണ്ടായില്ല. പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്ത നൗഫലിനെ ഇത്രയും നാള്‍ ജോലിയില്‍ തുടരാന്‍ കമ്പനി അനുവദിച്ചെന്ന് വ്യക്തമാണ്. പ്രസ്തുത ആംബുലന്‍സില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഇല്ലായിരുന്നുവെന്ന ഗുരുതര വീഴ്ചയും പുറത്തുവന്നിട്ടുണ്ട്. സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്കുള്ള പി.എസ്.സി ലിസ്റ്റും നിലവിലുണ്ട്. ആംബുലന്‍സ് സേവനം സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കി പി.എസ്,സി ലിസ്റ്റില്‍ നിന്ന് നഴ്‌സുമാര്‍ക്ക് നിയമനം നല്‍കിയാല്‍ ഇത്തരം പ്രതിസന്ധികള്‍ ഒഴിവാക്കാവുന്നതാണ്. ആംബുലന്‍സില്‍ നിയോഗിക്കപ്പെടുന്ന നഴ്‌സാണ് രോഗിയുടെ ആരോഗ്യനിലയ്ക്കനുസരിച്ച് തീരുമാനങ്ങളെടുക്കേണ്ടത്.നഴ്‌സിന്റെ നിര്‍ദേശാനുസരണമാണ് ഡ്രൈവര്‍ പ്രവര്‍ത്തിക്കേണ്ടതും.ആംബുലന്‍സില്‍ രജിസ്റ്ററടക്കം സൂക്ഷിക്കേണ്ടത് നഴ്‌സിംഗ് സ്റ്റാഫാണ്.

ആംബുലന്‍സ് ഡ്രൈവര്‍, സ്റ്റാഫ് നഴ്‌സ് നിയമന ലിസ്റ്റുകള്‍ നോക്കുകുത്തി ; ആറന്‍മുള സംഭവം 'കണ്‍സള്‍ട്ടന്‍സി'യിലെ ഗുരുതര വീഴ്ച
താല്‍ക്കാലികക്കാരെ സഹായിക്കാന്‍ റാങ്ക് ലിസ്റ്റ് വൈകിപ്പിച്ച് പിഎസ്‌സി ; ഇനിയും പ്രസിദ്ധീകരിക്കാതെ മെക്കാനിക്കല്‍ ലിസ്റ്റ്

സര്‍ക്കാര്‍ സര്‍വീസില്‍ ഒരാളെ പരമാവധി 179 ദിവസത്തേക്കേ താല്‍ക്കാലികമായി നിയമിക്കാവൂവെന്നാണ് ചട്ടം. അത് മറികടക്കാന്‍ കൂടിയാണ് പല സേവനങ്ങള്‍ക്കും സ്വകാര്യ കണ്‍സള്‍ട്ടന്‍സികളെ മാറിമാറിവരുന്ന സര്‍ക്കാരുകള്‍ ആശ്രയിക്കുന്നത്. താല്‍ക്കാലികക്കാരെ നിയമിച്ചാല്‍ റാങ്ക് ലിസ്റ്റിലുള്ളവര്‍ നിയമപരമായി ചോദ്യം ചെയ്യും. കണ്‍സള്‍ട്ടന്‍സി നിയമനമാകുമ്പോള്‍ സര്‍ക്കാര്‍ വകുപ്പുകള്‍ ചെയ്യുന്നതല്ലാത്തതിനാല്‍ നിയമ നടപടികള്‍ക്ക് പരിമിതികളുണ്ട്. അവര്‍ തന്നിഷ്ട പ്രകാരവും താല്‍പ്പര്യാനുസരണവുമാണ് ജീവനക്കാരെ നിയമിക്കുക. സ്വര്‍ണക്കടത്ത് കേസിലുള്‍പ്പെട്ട സ്വപ്‌ന സുരേഷിന്റെ നിയമനമടക്കം ഇത്തരത്തില്‍ വിവാദമായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2014 ല്‍ പരീക്ഷ, ലിസ്റ്റ് 2018 ല്‍, നിയമനം മന്ദഗതിയില്‍

2014 ലാണ് എല്‍ഡിവി പരീക്ഷ നടന്നത്. 2018 ല്‍ റാങ്ക്‌ലിസ്റ്റ് വന്നു. 2021 ഫെബ്രുവരി 6 ന് കാലാവധി തീരും. എന്നാല്‍ ആദ്യം പരീക്ഷ നടന്ന പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളുടെ ലിസ്റ്റിന്റെ കാലാവധി ഇതിനകം അവസാനിച്ചിട്ടുണ്ട്. എന്നാല്‍ ഒഴിവുകള്‍ പ്രൊവിഷണലായി റിപ്പോര്‍ട്ട് ചെയ്തുകൊണ്ടുള്ള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ് നിലവിലുണ്ട് പാലക്കാട് 118, വയനാട് 54, കാസര്‍ഗോഡ് 24 എന്നിങ്ങനെയാണ് ഒഴിവുകള്‍ പ്രൊവിഷണലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈ ജില്ലകളില്‍ താല്‍ക്കാലികക്കാരെ നിയമിച്ച തസ്തികകള്‍ പി.എസ്.സി ലിസ്റ്റിലുള്ളവര്‍ക്ക് അര്‍ഹതപ്പെട്ടതാണെന്നും ട്രിബ്യൂണല്‍ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യം സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടിയാണ് റാങ്ക് ഹോള്‍ഡേഴ്‌സിന്റെ ഹര്‍ജി കോടതി തള്ളിയത്. ഇതേ തുടര്‍ന്ന്, ലിസ്റ്റിലുള്ളവരെ താല്‍ക്കാലികമായി നിയമിക്കുകയും സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ സ്ഥിരപ്പെടുത്തിയാല്‍ മതിയെന്ന ആവശ്യം റാങ്ക് ഹോള്‍ഡേഴ്‌സ് ഉന്നയിച്ചു. ഒരു വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ ഇതിന് മറുപടി പറഞ്ഞിട്ടില്ല. യൂണിഫോം സേന ഒഴികെയുള്ള (പൊലീസ്, ഫയര്‍ഫോഴ്‌സ്, എക്‌സൈസ് ) എല്ലാ വകുപ്പുകളിലേക്കും നിയമനം എല്‍ഡിവിയില്‍ നിന്നാണ്. ആരോഗ്യവകുപ്പ് മാത്രം എച്ച്ഡിവിയില്‍ നിന്നും ആളെയെടുക്കുന്നു. ആരോഗ്യവകുപ്പിന് ഹെവി മോട്ടോര്‍ വെഹിക്കിളുകളില്ലെന്നിരിക്കെയാണിത്. ആംബുലന്‍സ്, ലൈറ്റ് മോട്ടോര്‍ വെഹിക്കിളില്‍ വരുന്നതാണ്. മുന്‍പ് വലിയ വാഹനങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഇപ്പോഴും രണ്ട് ലിസ്റ്റാക്കിയാണ് സര്‍ക്കാര്‍ സര്‍വീസില്‍ ഡ്രൈവര്‍മാരുടെ നിയമനം. ഇത് ഉദ്യോഗാര്‍ത്ഥികളോടുള്ള വഞ്ചനയാണെന്ന് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കുന്നു. രണ്ടെന്നത് ഒഴിവാക്കി ഒറ്റ ലിസ്റ്റാക്കി നിയമനം നടത്തണമെന്ന് സംഘടന നേരത്തേ ആരോഗ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. പക്ഷേ ഇതുവരെയും നടപടികളുണ്ടായിട്ടില്ല. ആരോഗ്യവകുപ്പിന് കീഴിലുള്ള 70 ശതമാനത്തോളം ഡ്രൈവര്‍മാരും താല്‍ക്കാലികക്കാരാണ്. മൂവായിരത്തിലേറെ താല്‍ക്കാലികക്കാരുണ്ട്. നിയമനത്തിന് യോഗ്യമായ രണ്ട് ലിസ്റ്റുകള്‍ നിലവിലുണ്ടെന്നിരിക്കെയാണിത്. ഇരുകൂട്ടര്‍ക്കും ശമ്പളം തുല്യവുമാണ്. സ്ഥിരനിയമനക്കാര്‍ക്ക് പെന്‍ഷന്‍ കൊടുക്കണ്ടേയെന്ന വാദത്തിന് പ്രസക്തിയില്ലെന്നും റാങ്ക് ഹോള്‍ഡേഴ്‌സ് വിശദീകരിക്കുന്നു. കമ്മ്യൂട്ടഡ് പെന്‍ഷനായതിനാല്‍ വിഹിതം ജീവനക്കാരന്റെ ശമ്പളത്തില്‍ നിന്നുതന്നെയാണ് പിടിക്കുന്നതെന്ന്‌ സംഘടന ചൂണ്ടിക്കാട്ടുന്നു. താല്‍ക്കാലിക നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയല്ല പലപ്പോഴും നടക്കുന്നത്. ക്രമവിരുദ്ധ ഇടപെടലുകളിലൂടെയാണ് ഭൂരിപക്ഷം നിയമനങ്ങളും. അങ്ങനെ വരുമ്പോള്‍ ഭരണഘടന അനുശാസിക്കുന്ന സംവരണതത്വങ്ങളും എല്ലാവര്‍ക്കും അപേക്ഷിക്കാനുള്ള അവസരസമത്വവും നിഷേധിക്കപ്പെടുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in