പി എസ് സി ഉദ്യോഗാര്‍ത്ഥിയുടെ ആത്മഹത്യക്ക് ഉത്തരവാദി സര്‍ക്കാരെന്ന് സി ദിവാകരന്‍, വിലക്കാനുള്ള നിലപാട് ഭരണഘടനാ വിരുദ്ധം

പി എസ് സി ഉദ്യോഗാര്‍ത്ഥിയുടെ ആത്മഹത്യക്ക് ഉത്തരവാദി സര്‍ക്കാരെന്ന് സി ദിവാകരന്‍, വിലക്കാനുള്ള നിലപാട് ഭരണഘടനാ വിരുദ്ധം
Published on

പി എസ് സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതില്‍ തിരുവനന്തപുരത്ത് യുവാവ് ആത്മഹത്യ ചെയ്തതില്‍ ഉത്തരവാദി സര്‍ക്കാരാണെന്ന് സിപിഐ നേതാവ് സി.ദിവാകരന്‍. പി എസ് സി റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം ലഭിക്കാതിരിക്കുകയും പ്രായപരിധി കഴിയുകയും ചെയ്യുന്നതിലെ നിരാശയാണ് ആത്മഹത്യക്ക് കാരണമെന്ന് സി ദിവാകരന്‍ ദ ക്യുവിനോട് പറഞ്ഞു. സര്‍ക്കാര്‍ അത് ഗൗരവമായി പരിശോധിക്കണമെന്നും സി ദിവാകരന്‍ ആവശ്യപ്പെട്ടു.

ഒഴിവുകള്‍ അറിയിക്കുകയും, പരീക്ഷ നടത്തി ലിസ്റ്റ് പ്രസിദ്ധീകരിക്കുകയുമാണ് പി എസ് സിയുടെ ജോലി. ലിസ്റ്റ് പുറത്തിറക്കുന്നതോടെ പി എസ് സിയുടെ ജോലി തീരും. ഈ ലിസ്റ്റ് പ്രകാരം നിയമനം നടത്തേണ്ടത് സര്‍ക്കാര്‍ വകുപ്പുകളാണ്. ലിസ്റ്റിലുണ്ടായിട്ടും നിയമനം നടത്തുന്നില്ല എന്നതാണ് ഉദ്യോഗാര്‍ത്ഥികളുടെ പരാതി. കാത്തിരുന്ന് ലിസ്റ്റിന്റെ കാലാവധി കഴിയുകയാണ്. പ്രായപരിധി കഴിയുന്നതോടെ പരീക്ഷ എഴുതാനും കഴിയില്ല. അങ്ങനെയുള്ളവര്‍ നിരാശപ്പെട്ടാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്നും സി ദിവാകരന്‍ ചൂണ്ടിക്കാട്ടി.

ശിക്ഷിക്കാനുള്ള അധികാരം പിഎസ്‌സിക്ക് ഇല്ല

പരസ്യമായി പ്രതികരിച്ചതിന്റെ പേരില്‍ ഉദ്യോഗാര്‍ത്ഥികളെ വിലക്കുന്നത് ഭരണഘടനാ ലംഘനമാണെന്നും സി. ദിവാകരന്‍. പി എസ് സി ഭരണഘടനാ സ്ഥാപനമാണ്. ഇന്ത്യന്‍ പൗരന് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യം ഉപയോഗിച്ചാണ് പി എസ് സിയെക്കുറിച്ച് പരസ്യമായി പരാമര്‍ശം നടത്തിയത്. ഉദ്യോഗാര്‍ത്ഥികളുടെ പരാതികളാണ് അവര്‍ പറഞ്ഞത്. പരാതികള്‍ പറയാനും കേള്‍ക്കാനും കഴിയണമെന്നത് ജനാധിപത്യത്തിന്റെ മാനദണ്ഡമാണ്. പരാതി പറയുന്നവരെ കുറ്റവിചാരണ നടത്തി ശിക്ഷിക്കാനുള്ള അധികാരം പിഎസ്സിക്ക് ഉള്ളതായി നിലവിലുള്ള നിയമങ്ങളില്‍ കാണുന്നില്ല. അതുകൊണ്ട് പി എസ് സി എടുത്ത നിലപാട് തെറ്റാണ്. ഭരണഘടനാ വിരുദ്ധമാണ്.

പി എസ് സി കുറ്റവിമുക്തമായിരിക്കണം. ഉദ്യോഗാര്‍ത്ഥികളുടെ വിശ്വാസം നേടിയെടുക്കേണ്ട സ്ഥാപനമാണ്. ആ രീതിയില്‍ ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കേണ്ട സ്ഥാപനമാണ്. ഏതെങ്കിലും പത്രത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ എന്തെങ്കിലും പറഞ്ഞാല്‍ ചാടി വീണ് നടപടിയെടുക്കുന്നതും ഭാവി ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതും ശരിയല്ല അതിനുള്ള അധികാരം പിഎസ് സിക്ക് ഇല്ല. ഭീഷണികള്‍ അവസാനിപ്പിച്ച് ഉദ്യോഗാര്‍ത്ഥികള്‍ ഉന്നയിക്കുന്ന പരാതികള്‍ കേട്ട് അതിന് പരിഹാരം ഉണ്ടാക്കുകയാണ് വേണ്ടതെന്നും സി ദിവാകരന്‍ പറഞ്ഞു.

വിലക്കിനെതിരെ ഉദ്യോഗാര്‍ത്ഥികളും

മാധ്യമങ്ങളില്‍ അഭിപ്രായ പ്രകടനം നടത്തിയാല്‍ ശിക്ഷാ നടപടി സ്വീകരിക്കുമെന്ന പി എസ് സി തീരുമാനം വലിയ വിവാദമായിരുന്നു. പിഎസ്‌സിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ തീരുമാനിച്ചിരുന്നു. ഉദ്യോഗാര്‍ത്ഥികളെ വിലക്കാനുള്ള തീരുമാനത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് വന്നിരുന്നു. പി എസ് സി പോലൊരു സ്ഥാപനത്തെ മോശമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.

Related Stories

No stories found.
logo
The Cue
www.thecue.in