ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമില്‍ പൊള്ളാന്‍ എന്താണ്? ബാലുശേരിയിലെ പ്രതിഷേധവും ലിംഗസമത്വത്തിലെ വഴിമുടക്കലും

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമില്‍ പൊള്ളാന്‍ എന്താണ്?  ബാലുശേരിയിലെ പ്രതിഷേധവും ലിംഗസമത്വത്തിലെ വഴിമുടക്കലും
Published on

ആണ്‍കുട്ടികള്‍ ഓടി ചാടി നടക്കുമ്പോള്‍ വസ്ത്രത്തിന്റെ അതിരുകളില്‍ നിശ്ചലരാക്കപ്പെടുന്ന പെണ്‍കുട്ടികള്‍. അടങ്ങിയൊതുങ്ങി നില്‍ക്കേണ്ടവളാണ് പെണ്ണെന്ന പൊതുബോധവും 'പാഠ'വും സ്‌കൂളുകള്‍ അടിച്ചേല്‍പ്പിക്കുന്നുണ്ട്. അതിലൊരു തിരുത്തിനൊരുങ്ങുകയാണ് സംസ്ഥാനത്തെ പല സ്‌കൂളുകളും. യൂണിഫോമില്‍ ആണ്‍-പെണ്‍ വേര്‍തിരിവ് ആവശ്യമില്ലെന്ന ചിന്തയില്‍ നിന്നാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കാന്‍ സംസ്ഥാനത്ത് പല സ്‌കൂളുകള്‍ തീരുമാനിച്ചത്. ലിംഗസമത്വ യൂണിഫോം എന്ന ആശയത്തിന് സാമൂഹ്യമാധ്യമങ്ങളിലും പൊതുസമൂഹത്തില്‍ നിന്നും പിന്തുണ ലഭിച്ചെങ്കിലും നടപ്പാക്കാനൊരുങ്ങുന്ന സ്‌കൂളുകള്‍ക്കെതിരെ ചില കോണുകളില്‍ നിന്ന് പ്രതിഷേധമുയരുകയാണ്.

ഹയര്‍ സെക്കണ്ടറി തലത്തിലേക്ക് ആണ്‍-പെണ്‍ ഭേദമില്ലാത്ത യൂണിഫോം ആശയം നടപ്പിലാക്കാന്‍ ആദ്യം തീരുമാനിച്ചത് കോഴിക്കോട് ബാലുശ്ശേരി ഗവണ്‍മെന്റ് സ്‌കൂളായിരുന്നു. പ്ലസ് വണ്‍ ക്ലാസിലെ കുട്ടികള്‍ക്ക് പാന്‍സും ഷര്‍ട്ടും നിശ്ചയിച്ചു. ഗേള്‍സ് സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറിയില്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കുന്നുണ്ട്. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം സംസ്ഥാനതല പ്രഖ്യാപനം ഈ സ്‌കൂളില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു നടത്താനിരിക്കെയാണ് പ്രതിഷേധവും വിമര്‍ശനവും ഉയരുന്നത്. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് എം.എസ്.എഫും എസ്എസ്എഫും രംഗത്തെത്തി. തീരുമാനം വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്‍പ്പിക്കരുതെന്ന നിലപാടാണ് കെ.എസ്.യുവിന്.

ആണ്‍ പെണ്‍ ഏകീകൃത യൂണിഫോം അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് എം.എസ്.എഫ് പറയുന്നത്. വൈവിധ്യങ്ങളെ അംഗീകരീക്കണമെന്നും അത് അവകാശം കൂടിയാണെന്നുമാണ് എം.എസ്.എഫിന്റെ വാദം. ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന കണ്‍സപ്റ്റില്‍ ആണ്‍കുട്ടികളുപയോഗിക്കുന്ന അതേ വസ്ത്രം തന്നെ വിദ്യാര്‍ത്ഥിനികള്‍ ധരിക്കണമെന്ന് നിര്‍ബന്ധിക്കുന്നത് അടിച്ചേല്‍പ്പിക്കലും വസ്ത്ര സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റവുമാണെന്ന് ഹരിത സംസ്ഥാന പ്രസിഡന്റ് പി.എച്ച് ആയിശ ബാനു ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. പോസ്റ്റില്‍ ആയിശ ബാനു ഉയര്‍ത്തുന്ന വാദം ഇതാണ്.

സമത്വമെന്ന് പറയുമ്പോള്‍ ഒരു വിഭാഗത്തെ മറ്റൊരു വിഭാഗം ഫോളോ ചെയ്യുക എന്നല്ലല്ലോ !

ആണാവാന്‍ പെണ്ണ് ശ്രമിക്കുക എന്നതുമല്ല.

ആണ്‍കുട്ടികളുടെ വസ്ത്രം പെണ്‍കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്നത് പോലെ പെണ്ണിന്റെ വസ്ത്രം ആണ്‍കുട്ടികളും ധരിക്കുമ്പോഴല്ലേ ഇത്തരത്തിലുള്ള തലതിരിഞ്ഞ സമത്വ കാഴ്ചപ്പാട് പുലരുന്നത്..

അത് പ്രായോഗികമല്ല എന്നത് എല്ലാവര്‍ക്കും അറിയുന്നതുമാണ്.

അതിനാല്‍ സമത്വമെന്നത് ആണ്‍വസ്ത്രം പെണ്ണ് ധരിക്കലാണെന്ന ചിന്ത പോലും അസംബന്ധമാണ്.

കൂടാതെ,

ഈ ഒരു കണ്‍സെപ്റ്റിനെ ഒരിക്കലും അംഗീകരിക്കാനാവാത്ത വിദ്യാര്‍ത്ഥിനികളുടെ ചോയ്‌സ് ആണ് നിഷേധിക്കപ്പെടുന്നത്.

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം

എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്..

അത് പുരോഗമനത്തിന്റെ അടയാളമല്ല!

പെണ്‍കുട്ടികളോട് കാണിക്കുന്ന അവഗണനയുടെ ഭാഗമാണ്!

ലിംഗതുല്യത, ലിംഗാവബോധം, ലിംഗനീതി എന്നിവ സംബന്ധിച്ചുള്ള പുരോഗമനപരമായ ധാരണകള്‍ കുട്ടികളില്‍ വളര്‍ത്തേണ്ടത് സ്‌കൂളികളില്‍ നിന്നാണ്. യൂണിഫോമിലെ അസമത്വം പരിഹരിക്കുന്നത് ഇതിനുള്ള തുടക്കമായാണ് പരിഗണിക്കപ്പെട്ടിരുന്നത്. എറണാകുളം വളയന്‍ചിറങ്ങര ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമും നടപ്പാക്കിയപ്പോള്‍ അത് കേരളത്തിലുടനീളം ചര്‍ച്ച ചെയ്യപ്പെടുകയുമുണ്ടായി. ഷര്‍ട്ടും ത്രീഫോര്‍ത്ത് ഷോര്‍ട്ട്‌സുമാണ് ഈ സ്‌കൂളിലെ യൂണിഫോം. വിദ്യാര്‍ത്ഥികളും ആഹ്ലാദത്തോടെയാണ് ഇതിനെ വരവേറ്റത്. അടുത്ത വര്‍ഷം കൂടുതല്‍ സ്‌കൂളുകള്‍ പദ്ധതി നടപ്പാക്കാന്‍ ആലോചിക്കുന്നതിനിടെയാണ് എം.എസ്.എഫ് ഉള്‍പ്പെടെ വിദ്യാര്‍ത്ഥി സംഘടനകള്‍ എതിര്‍പ്പുയര്‍ത്തുന്നത്.

പെണ്‍കുട്ടികളെ പാന്റിടീക്കാന്‍ പോവുന്ന മന്ത്രി ബിന്ദു മുണ്ടും ഷര്‍ട്ടുമിട്ട് നിയമസഭയില്‍ പോകുമോയെന്നാണ് സുന്നി സ്റ്റുഡന്റ് ഫെഡറേഷന്റെ ചോദ്യം. മുതിര്‍ന്നവരുടെ ചിന്താവൈകല്യങ്ങള്‍ക്ക് പരീക്ഷണ വസ്തുവാകേണ്ടവരല്ല വിദ്യാര്‍ത്ഥികള്‍. തീരുമാനത്തില്‍ നിന്നും പിന്‍മാറണമെന്നാവശ്യപ്പെട്ട് എസ്.എസ്.എഫ് സ്‌കൂള്‍ പ്രിന്‍സിപ്പാളിന് നിവേദനവും നല്‍കി.

എല്ലാം മതത്തോട് ചേര്‍ക്കുന്നത് എന്തിന്:

കെ.എം സച്ചിന്‍ദേവ് എം.എല്‍.എ

വിദ്യാര്‍ത്ഥികളിലെ സാമ്പത്തിക അസമത്വം ഇല്ലാതാക്കാനാണ് സ്‌കൂളുകളില്‍ യൂണിഫോം നടപ്പാക്കുന്നത്. കാലാവസ്ഥയും രക്ഷിതാക്കളുടെ സാമ്പത്തികാവസ്ഥയും പരിഗണിച്ചാണ് യൂണിഫോം ഏത് രീതിയില്‍ വേണമെന്ന് നിശ്ചയിക്കുന്നത്. സമൂഹത്തിന് ബോധ്യമാകുന്ന നിലപാടുകളാണ് ഇതില്‍ സ്വീകരിക്കുന്നത്. എല്ലാം മതത്തോടും വിശ്വാസ പ്രമാണങ്ങളോടും ചേര്‍ക്കുന്നത് എന്തിനാണ്?. അത് ശരിയല്ല. വിശ്വാസം വിശ്വാസത്തിന്റെ രീതിയില്‍ മുന്നോട്ട് പോകട്ടെ. മത വിശ്വാസികളും അല്ലാത്തവരും വിവിധ ആശയങ്ങളില്‍ വിശ്വസിക്കുന്നവരും ഇവിടെയുണ്ട്. അങ്ങനെയൊരു നാട്ടില്‍ എല്ലാ കാര്യങ്ങളും മതത്തിനോട് ചേര്‍ത്ത് വെയ്ക്കുന്നത് തെറ്റാണ്. മതപരമായ കാര്യങ്ങള്‍ വിശ്വാസികള്‍ക്കിടയില്‍ നില്‍ക്കട്ടെ. അവര്‍ അതുമായി മുന്നോട്ട് പോകട്ടെ. അതിന് അവര്‍ക്ക് സ്വാതന്ത്രമുണ്ട്. മതം ഇതില്‍ വിഷയമാക്കേണ്ടതില്ല.

ഇടതുസര്‍ക്കാര്‍ കുട്ടികളില്‍ പുരോഗമന വാദം അടിച്ചേല്‍പ്പിക്കരുത്:

ഫാത്തിമ തഹ്ലിയ, എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ്

ജെന്‍ഡര്‍ ന്യൂട്രല്‍ എന്നതിന്റെ പേരില്‍ യൂണിഫോം അടിച്ചേല്‍പ്പിക്കുകയാണ്. കുട്ടികള്‍ പഠിക്കുന്ന സ്ഥാപനം തിരിച്ചറിയാനും സാമ്പത്തിക-സാമൂഹിക അവസ്ഥ മനസിലാകാതിരിക്കാനുമാണ് യൂണിഫോം. പാന്റും ഷര്‍ട്ടും ഭൂരിപക്ഷം കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല. പുരുഷ കേന്ദ്രീകൃതമായ വസ്ത്രം അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല. എല്ലാവരെയും ഒരേപോലെ ആക്കുക എന്നതല്ല യൂണിഫോമിറ്റിയുടെ ലക്ഷ്യം. എല്ലാതരത്തിലേക്കുള്ള ആളുകളെയും ഒരേ തലത്തിലേക്ക് എത്തിക്കുക എന്നതാണ്. സ്ത്രീയായും പുരുഷനായും നിന്ന് കൊണ്ട് തുല്യ അവകാശങ്ങളോടെ ജീവിക്കാനുള്ള അവബോധം ഉണ്ടാക്കുകയാണ് വേണ്ടത്. പാന്റും ഷര്‍ട്ടും പുരുഷന്‍മാരുടെ വസ്ത്രമാണ്. പുരുഷാധിപത്യ മനോനിലയില്‍ നിന്നാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയം വരുന്നത്.

ഇടത് സര്‍ക്കാരും സി.പി.എമ്മും അവര്‍ പുരോഗമനവാദികളാണെന്ന് കാണിക്കുന്നതിനായി എല്ലാ കാലത്തും ചെയ്യുന്ന കാര്യങ്ങള്‍ സമൂഹത്തിന് അപകടമുണ്ടാക്കുന്നതാണ്. കുട്ടികളുടെ മേല്‍ ഇത്തരം കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല. കുട്ടികളെ അവരുടെ സ്വാതന്ത്ര്യത്തിന് വിടുക. ഓരോ കുട്ടിയും വ്യത്യസ്തരാണ്. ആ വൈവിധ്യങ്ങളോടെ ജീവിക്കാന്‍ അവരെ അനുവദിക്കുക.

ഒരേ യൂണിഫോം അടിച്ചേല്‍പ്പിക്കരുത്

കെ.എം അഭിജിത്ത്, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്

എല്ലാവരും ഒരേ യൂണിഫോം ധരിക്കുന്നതില്‍ എതിര്‍പ്പില്ലെങ്കിലും അടിച്ചേല്‍പ്പിച്ച് നടപ്പാക്കരുത്. 18 വയസ്സ് വരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസം അവകാശമാണെന്ന് ചര്‍ച്ച ചെയ്യപ്പെടുന്ന കാലഘട്ടമാണ്. വിദ്യാര്‍ത്ഥികള്‍ക്കുള്ള മൗലിക അവകാശമുണ്ട്. അവര്‍ക്ക് തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യമുണ്ട്. അത് നിലനില്‍ക്കുമ്പോള്‍ ഈ രീതിയിലുള്ള യൂണിഫോം മാത്രം ധരിക്കണമെന്ന് വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിക്കുന്നത് ശരിയല്ല. ആണ്‍-പെണ്‍ വിവേചനം ഇല്ലാതാക്കാനുള്ള ശ്രമമാണെന്ന അവബോധം ഉണ്ടാക്കണം. അത് ഉള്‍ക്കൊള്ളാന്‍ കുട്ടികള്‍ക്ക് കഴിയും. യൂണിഫോമില്‍ മാത്രമായി തുല്യതയും സമത്വവും ഒതുങ്ങരുത്.

ഒരേ വസ്ത്രം ആയാലും ആ സ്വാതന്ത്ര്യമില്ലായ്മ തുടരും:

അനുരാധ കൃഷ്ണന്‍, ട്രാന്‍സ്‌ജെന്റര്‍ വിദ്യാര്‍ത്ഥി

ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സ്‌കൂള്‍ ജീവിതത്തില്‍ ഏറ്റവും അധികം മാനസിക ബുദ്ധിമുട്ട് ഉണ്ടാകുന്ന കാര്യമാണ് അവരുടെ ജെന്‍ഡറിന് വിരുദ്ധമായ വസ്ത്രം ധരിച്ചു വിദ്യാഭ്യാസകാലം തള്ളി നീക്കുക എന്നത്. ഒരാളുടെ ജെന്‍ഡര്‍ പ്രകടനത്തിന്റെ ഭാഗമാണ് അയാളുടെ വസ്ത്രം ധാരണം. അതിനെ ഏതെങ്കിലും ഒന്നിലേക്ക് ഒതുക്കുന്നതിനോട് വിയോജിപ്പാണുള്ളത്. ആണിന് ഇന്ന വസ്ത്രം പെണ്ണിന് ഇന്ന വസ്ത്രം എന്നായാലും ആണിനും പെണ്ണിനും ഒരേ വസ്ത്രം ആയാലും ആ സ്വാതന്ത്ര്യമില്ലായ്മ തുടരുകതന്നെ ചെയ്യും. സിസ് ജെന്‍ഡര്‍ മനുഷ്യരെ സംബന്ധിച്ച് വസ്ത്രധാരണത്തിലുള്ള നവീകരണം അവരുടെ ദൈനം ദിന ജീവിതത്തിലെ സൗകര്യത്തെ ചുറ്റിപറ്റി നില്‍ക്കുമ്പോള്‍ ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യര്‍ക്ക് അത് സ്വത്വ പ്രതിസന്ധിയുടെ ഭാഗമാണ്. ഓരോ വ്യക്തിക്കും അയാളുടെ ജെന്‍ഡര്‍ പ്രകടനത്തിന് സാധ്യമാകുന്ന വസ്ത്രധാരണം തിരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടാകണം. ഒന്ന് അല്ലെങ്കില്‍ രണ്ടു എന്നതിനേക്കാള്‍ ഒരുപാട് എന്ന വിശാലതയിലേക്ക് മനുഷ്യര്‍ വൈവിധ്യങ്ങളെ ഉള്‍കൊള്ളാന്‍ പഠിക്കണം. കാരണം ജെന്‍ഡര്‍ ന്യുട്രല്‍ എന്നത് ഇവിടുത്തെ സിസ് ജെന്‍ഡര്‍ മനുഷ്യര്‍ക്ക് മാത്രം താങ്ങാന്‍ പറ്റുന്ന പ്രിവിലേജ് ആണെന്നാണ് പലപ്പോഴും തോന്നിയിട്ടുള്ളത്. ട്രാന്‍സ് സ്വത്വങ്ങളും, സ്വത്വ പ്രകടനങ്ങളും ഇന്നും വിചിത്രമായി കണക്കാക്കുന്ന ഒരു സമൂഹത്തില്‍ നിരന്തരമായ ഉപയോഗത്തിലൂടെയും, പ്രകടനത്തിലൂടെയും മാത്രമേ അവയെ സ്വഭാവികമാക്കി മാറ്റാന്‍ സാധിക്കു . എങ്കില്‍ മാത്രമേ ട്രാന്‍സജെന്‍ഡര്‍ മനുഷ്യര്‍ക്ക് ജെന്‍ഡര്‍ നിഷ്പക്ഷത അതിന്റെ പൂര്‍ണ്ണ രൂപത്തില്‍ അനുഭവിക്കാനും, ആസ്വദിക്കാനും സാധിക്കൂ.

യൂണിഫോം വേണോയെന്ന ചോദ്യം ഉയര്‍ത്തണം

മൈത്രേയന്‍

യൂണിഫോം നിര്‍ബന്ധമാണെങ്കില്‍ അത് ജെന്‍ഡര്‍ ന്യൂട്രല്‍ ആയിരിക്കണം. പാന്റും ഷര്‍ട്ടും തന്നെയാണ് ആണിനും പെണ്ണിനും നല്ലത്. എന്നാല്‍ വ്യത്യാസങ്ങളെ അംഗീകരിക്കുകയാണ് ജീവിതമെന്നാണ് കുട്ടികളെ പഠിപ്പിക്കേണ്ടതെങ്കില്‍ അവരവര്‍ക്ക് താല്‍പര്യമുള്ള വസ്ത്രം ധരിക്കാന്‍ അനുവദിക്കണം. സാമ്പത്തികമായ തരംതിരിവില്ലെന്ന് നമ്മള്‍ അഭിനയിക്കുകയാണ്. കുട്ടികള്‍ മാത്രമായിട്ട് അഭിനയിക്കുന്നത് എന്തിനാണ്. മുതിര്‍ന്നവര്‍ക്കിടയില്‍ അസമത്വം നിലനില്‍ക്കുകയും കുട്ടികള്‍ അഭിനയിക്കുകയുമാണ് ചെയ്യുന്നത്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ കുട്ടികളെ സാമ്പത്തികമായി സഹായിക്കുക. അതിനുള്ള സ്വാതന്ത്ര്യം കുട്ടികള്‍ക്കുണ്ട്.

വേഷത്തിലെ രാഷ്ട്രീയത്തോട് മുഖം തിരിഞ്ഞ് നില്‍ക്കണോ

'വേഷത്തിലെ രാഷ്ട്രീയം' പുതിയ കാലത്തെ സാമൂഹിക അനിവാര്യതയാണ്. ആണ്‍/ പെണ്‍ കള്ളികളില്‍ മാത്രമല്ല മനുഷ്യരുള്ളത്. അവരുടെ ജെന്‍ഡര്‍ ഐഡന്റിറ്റി തിരിച്ചറിയുന്നത് വരെ കുട്ടികളെ സ്വതന്ത്രരാക്കുക. അതിന് വസ്ത്രം കൊണ്ട് അസ്വാതന്ത്രത്തിന്റെ മതില്‍ കെട്ടരുത്. വിവേചനങ്ങളില്ലാത്ത, തുല്യതയുടെ രാഷ്ട്രീയമാണ് കുട്ടികള്‍ പുസ്തകങ്ങള്‍ക്കൊപ്പം പഠിക്കേണ്ടത്. മത-സാമുദായിക കാരണങ്ങള്‍ ഉയര്‍ത്തി മുഖംതിരിഞ്ഞ് നില്‍ക്കണോയെന്നതാണ് ചോദ്യം. മാറ്റം സ്‌കൂളുകളില്‍ നിന്നും തുടങ്ങട്ടെ.

Related Stories

No stories found.
logo
The Cue
www.thecue.in