മുസ്ലീം ലീഗില്‍ നിന്നും രാഷ്ട്രീയമായി അകലുന്നുവെന്നും ഇടതുപക്ഷത്തോട് അടുക്കുന്നുവെന്നുമുള്ള ചര്‍ച്ചകള്‍ക്കിടെയാണ് കോഴിക്കോട് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ നിലപാട് പ്രഖ്യാപിച്ചിരിക്കുന്നത്. പൂര്‍വ്വിക നേതാക്കളിലൂടെ കൈമാറി വന്നിട്ടുള്ള രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്നും ഇക്കാര്യത്തില്‍ സംഘടക്കകത്ത് യാതൊരുവിധ അഭിപ്രായ വ്യത്യാസമില്ലെന്നും യോഗത്തിന് ശേഷം പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രവര്‍ത്തകര്‍ അനാവശ്യ ചര്‍ച്ചകള്‍ നടത്താന്‍ പാടില്ലെന്നും അങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ അച്ചടക്ക നടപടിയുണ്ടാകുമെന്നും യോഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പൂര്‍വ്വികര്‍ കൈമാറി വന്ന രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്ന സമസ്ത മുശാവറ വ്യക്തമാക്കിയത് ലീഗ് ബന്ധം തുടരുമെന്നതിന്റെ പ്രഖ്യാപനമാണെന്നാണ് വ്യാഖ്യാനം. ലീഗുമായുള്ള പാരമ്പര്യ ബന്ധം തുടരുമെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് ഒരുവിഭാഗം വാദിക്കുന്നു. സമസ്തയ്ക്ക് രാഷ്ട്രീയമില്ലെന്നും അതില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്ക് രാഷ്ട്രീമാവാമെന്നുമുള്ള മുന്‍നിലപാടാണ് ആവര്‍ത്തിച്ചതെന്നാണ് മറുവിഭാഗത്തിന്റെ വാദം. സമസ്തയില്‍ പ്രവര്‍ത്തിക്കുന്നവര്‍ മതവിരുദ്ധമല്ലാത്ത ഏത് രാഷ്ട്രീയ പാര്‍ട്ടിയിലും പ്രവര്‍ത്തിക്കാം. സമസ്തയില്‍ ലീഗിന്റെ അണികള്‍ കൂടുതല്‍ കൊണ്ടാണ് ആ പാര്‍ട്ടിയുമായി അടുപ്പമുണ്ടെന്ന തോന്നല്‍ സമൂഹത്തിലുണ്ടാക്കിയത്. ലീഗ് സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കണമെന്ന ആഹ്വാനം സമസ്ത നടത്താറില്ലെന്നും തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് അനുകൂലമായി നില്‍ക്കാറില്ല. ലീഗുമായി അകലന്നു, സി.പി.എമ്മിനോട് അടുക്കുന്നുവെന്ന ചര്‍ച്ചകളില്‍ വ്യക്തത വരുത്തുക മാത്രമാണ് സമസ്ത ചെയ്തിരിക്കുന്നതെന്നാണ് ഇവരുടെ വാദം.
സമസ്ത ആര്‍ക്കൊപ്പം?
1979 ലെ മുശാവറ തീരുമാനം ഇങ്ങനെയായിരുന്നു
'ചില സ്ഥലങ്ങളില്‍ സമസ്തയെപ്പറ്റി രാഷ്ട്രീയമായി ചില തെറ്റ് ധാരണകള്‍ ഉണ്ടെന്ന് അറിവുകിട്ടിയതിന്റെ അടിസ്ഥാനത്തില്‍ താഴെ കാണുന്ന പ്രസ്താവന പുറപ്പെ ടീക്കാന്‍ തീരുമാനിച്ചു . സമസ്തക്ക് യാതൊരു പ്രത്യേക രാഷ്ട്രീയവുമില്ല . ഈ സംഗതി സമസ്ത പലവുരു പ്രഖ്യാപിച്ചിട്ടുണ്ട്. വല്ലവരും സമസ്തയെ വല്ല രാഷ്ട്രീയ പാര്‍ട്ടിയോടും ബന്ധപ്പെടുത്തുന്നുവെങ്കില്‍ പൊതുജനങ്ങള്‍ അതില്‍ വഞ്ചിതരാകരുത്';
സമസ്ത പഴയ ചരിത്രം മനസിലാക്കിയാല്‍ കോഴിക്കോട്ടെ പുതിയ പ്രസ്താവനയില്‍ മറ്റ് വ്യാഖ്യാനങ്ങള്‍ വരില്ലെന്ന് മാധ്യമപ്രവര്‍ത്തകനായ എം. പി പ്രശാന്ത് ചൂണ്ടിക്കാണിക്കുന്നു. ലീഗിനോട് അടുക്കുന്നുവെന്ന് പറയുന്നത് സമസ്തയുടെ ചരിത്രം അറിയാത്തവരാണ്. സമസ്തയില്‍ ലീഗുകാരുണ്ടാകും. സമസ്ത ലീഗിനൊപ്പമാണെന്ന് ആ പാര്‍ട്ടിക്കാര്‍ തന്നെ ചിത്രീകരിക്കാന്‍ ശ്രമിച്ചതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്. സമസ്ത മത സംഘടനയും ലീഗ് രാഷ്ട്രീയ പാര്‍ട്ടിയുമാണ്. ലീഗില്‍ മുജാഹിദുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്നു. അവരുടെ നിലപാടുകളോട് സമസ്തയ്ക്ക് യോജിപ്പില്ല. മുസ്ലീംലീഗ് ആ മതത്തിലുള്ളവരുടെ പൊതുപ്ലാറ്റ് ഫോം ആണ്. സമസ്ത സുന്നികളുടെ സംഘടനയും. ലീഗിലും സമസ്തയിലും അഭിപ്രായ വ്യത്യാസമുണ്ടാകും. അത് ഒന്നാണെന്ന് പറയുന്നതിലാണ് പ്രശ്‌നമെന്നും എം.പി പ്രശാന്ത് ചൂണ്ടിക്കാണിക്കുന്നു.
രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ലീഗിനൊപ്പം നില്‍ക്കുന്ന സമുദായ സംഘടന എന്ന നിലയിലായിരുന്നു സമസ്തയെ പൊതുസമൂഹവും കണക്കാക്കിയിരുന്നത്. മുത്തുലാഖ് ക്രിമിനല്‍ കുറ്റമാക്കി കൊണ്ടുള്ള ബില്ലിനെതിരെയുള്ള പ്രതിഷേധം ഉയര്‍ന്നപ്പോളാണ് ലീഗില്‍ നിന്നും സമസ്ത അകന്ന് തുടങ്ങിയത്. സമസ്ത ഈ വിഷയത്തില്‍ കേസിന് പോകണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ലീഗ് തയ്യാറായില്ല. സമസ്ത നേരിട്ട് കോടതിയെ സമീപിച്ചു. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു സമസ്തയുടെ നിലപാട്. മുജാഹിദുകാരുടെ സ്വാധീനം കൊണ്ടാണ് ലീഗ് ഈ വിഷയത്തില്‍ നിയമനടപടിക്ക് പോകാതിരുന്നതെന്നാണ് സമസ്തയുടെ വിമര്‍ശനം. ലീഗിന്റെ പിന്തുണയില്ലാതെ സര്‍ക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളിലും കേസുകളിലും മുന്നോട്ട് പോകാന്‍ സമസ്ത തുടങ്ങി. മുസ്ലിംലീഗ് മുഖപത്രമായ ചന്ദ്രിക നിലനില്‍ക്കേ സമസ്ത സ്വന്തമായി പത്രം തുടങ്ങിയിരുന്നു. സ്വതന്ത്രമായ അസ്തിത്വം വേണമെന്ന ചിന്തയില്‍ നിന്നായിരുന്നു ഇത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തോടെ ലീഗിനോടുള്ള അകല്‍ച്ച വര്‍ധിച്ചു. ന്യൂനപക്ഷ വിഭാഗങ്ങളെ ബാധിക്കുന്ന പ്രശ്‌നത്തില്‍ പ്രതിഷേധമുയര്‍ത്തുന്നതില്‍ മുസ്ലിംലീഗ് ആത്മാര്‍ത്ഥത കാണിച്ചില്ലെന്നായിരുന്നു സമസ്തക്കുള്ളിലെ വിമര്‍ശനം. മുസ്ലിം സംഘടനകളെ യോജിപ്പിച്ചുള്ള സമരത്തിനും സമസ്ത നേതൃത്വം നല്‍കി.
നിയമസഭ തെരഞ്ഞെടുപ്പിലും സമസ്ത തിരിച്ചടി നല്‍കിയെന്നാണ് ലീഗിന്റെ പരാതി. മലപ്പുറം ജില്ലയിലുള്‍പ്പെടെ പരമ്പരാഗത വോട്ടുകള്‍ നഷ്ടപ്പെട്ടതിലും സമസ്തയുടെ അകല്‍ച്ച കാരണമായിട്ടുണ്ടെന്നാണ് മുസ്ലിം ലീഗിന്റെ വിലയിരുത്തല്‍. ലീഗ് വിരുദ്ധ നിലപാട് സമസ്തയിലെ അണികളിലുമുണ്ട്. സമുദായ വിഷയങ്ങളിലും മഹലുകളുമായി ബന്ധപ്പെട്ട് വഖഫ് ബോര്‍ഡിലെ കേസുകളിലും സമസ്തക്കൊപ്പം നില്‍ക്കുന്നില്ലെന്നാണ് അവരുടെ പരാതി.
വഖഫ് ബോര്‍ഡിലെ പി.എസ്.സി നിയമന വിഷയത്തില്‍ പള്ളികളില്‍ പ്രതിഷേധ യോഗം നടത്താനുള്ള മുസ്ലിം ലീഗിന്റെ തീരുമാനമാണ് അഭിപ്രായ വ്യത്യാസം പരസ്യമായി പ്രകടിപ്പിക്കുന്നതിലേക്ക് എത്തിച്ചത്. പള്ളികള്‍ പ്രതിഷേധം വേണ്ടെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മഹല്ല് സാരഥി-വഖഫ് മുതവല്ലി സംഗമം ഉദ്ഘാടനം ചെയ്ത് വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചിരുന്നുവെന്നും ചര്‍ച്ച നടത്താമെന്ന് അറിയിച്ചിട്ടുണ്ടെന്നും മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കി. പ്രതിഷേധവുമായി ലീഗ് മുന്നോട്ട് പോയപ്പോള്‍ സമസ്ത മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. വഖഫ് ബോര്‍ഡ് വിഷയത്തില്‍ സര്‍ക്കാര്‍ പറ്റിച്ചുവെന്ന പ്രചരണം ലീഗ് നടത്തുമ്പോള്‍, കാത്തിരിക്കാമെന്ന നിലപാടിലാണ് സമസ്ത. വഖഫ് നിയമനത്തില്‍ തല്‍സ്ഥിതി തുടരുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ ഉറപ്പെന്നാണ് സമസ്തയുടെ വാദം.
കമ്യൂണിസം മതവിരുദ്ധമെന്ന ആയുധം
ഒരു രാഷ്ട്രീയ പാര്‍ട്ടിയെ മാത്രം ആശ്രയിച്ച് മാത്രം മുന്നോട്ട് പോകേണ്ടെന്ന സമസ്തയുടെ തീരുമാനവും സ്വതന്ത്ര രാഷ്ട്രീയ നിലപാടാണെന്ന പ്രഖ്യാപനവുമാണ് ലീഗിനെ ചൊടിപ്പിച്ചിരിക്കുന്നത്. കമ്യൂണിസം മതവിരുദ്ധമാണെന്ന ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടു വരുന്നതും അതിനെ പ്രതിരോധിക്കാനാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ വിശ്വാസം നഷ്ടമാകുമെന്നാണ് ലീഗ് പ്രചരിപ്പിക്കുന്നത്.
കമ്യൂണിസ്റ്റുകാരുമായുള്ള സഹകരണത്തില്‍ മുസ്ലിം സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് സമസ്തയുടെ മലപ്പുറം ജില്ലാ സമ്മേളനത്തില്‍ പ്രമേയം പാസാക്കി. ഇസ്ലാമിന്റെ അടിസ്ഥാന ആശയങ്ങളെ തന്നെ നിഷേധിച്ചും നിസ്സാരവത്ക്കരിച്ചും താത്വികാദ്ധ്യാപനം നല്‍കുന്ന കമ്യൂണിസമടക്കമുള്ള മതനിരാസ ചിന്തകളെയും പ്രസ്ഥാനങ്ങളെയും മുസ്ലിം സമുദായം ജാഗ്രതയോടെ കരുതിയിരിക്കണമെന്നും പ്രമേയത്തിലുണ്ടായിരുന്നു. എന്നാല്‍ ഈ പ്രമേയം തന്റെ അറിവോടെയല്ലെന്നും ചാനലുകളുടെ ഓണ്‍ലൈനുകളുടെ ഫോട്ടോ ചേര്‍ത്ത് പ്രചരിപ്പിക്കുന്നത് തെറ്റിദ്ധാരണാജനകമാണെന്നും സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കി.
കമ്യൂണിസം മതവിരുദ്ധമാണെന്നും അതിനെതിരെ പ്രചരണം ശക്തമാക്കണമെന്ന് പറഞ്ഞ് സമസ്ത കേന്ദ്ര മുശാവറ അംഗവും സുപ്രഭാതം എഡിറ്ററുമായ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി രംഗത്തെത്തി. സമസ്ത രൂപീകൃതമായിട്ട് 98 വര്‍ഷമായെന്നും സംഘടനയിലെ എല്ലാ പണ്ഡിതന്‍മാരും കമ്യൂണിസത്തിന് എതിരായിരുന്നുവെന്നും ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി പറഞ്ഞു. സമസ്ത പ്രസിഡന്റ് മുത്തുക്കോയ തങ്ങള്‍ക്കുള്ള മുന്നറിയിപ്പായി ഇതിനെ വിലയിരുത്തപ്പെട്ടു.
മുസ്ലിം ലീഗില്‍ നിന്ന് രാജിവെച്ച് പലരും കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരുന്നുണ്ടെന്നും അതുകൊണ്ട് അവരുടെ വിശ്വാസം നഷ്ടമാകില്ലെന്നും സമസ്തയിലെ ലീഗ് അനുകൂല നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂര്‍ വ്യക്തമാക്കിയിരുന്നു. അങ്ങനെ പുറത്ത് പോയവര്‍ സമസ്തയോടും പള്ളികളോടും മദ്രസകളോടും സഹകരിക്കുന്നുണ്ട്. അത്തരക്കാരെ അകറ്റാനാകില്ല. കൂടാതെ സര്‍ക്കാരുകളോട് സഹകരിക്കുന്നതില്‍ തെറ്റില്ലെന്നും ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ അത് ആവശ്യമാണെന്നും സമദ് പൂക്കോട്ടൂര്‍ പറഞ്ഞിരുന്നു. ഇതും മുസ്ലിംലീഗിന് തിരിച്ചടിയായി. സി.പി.എമ്മിനെ വെള്ളപൂശുകയാണ് അബ്ദുസമദ് പൂക്കോട്ടൂരെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി പിന്നാലെ ആരോപിച്ചു. മതനേതാക്കള്‍ കമ്യൂണിസം വിശദീകരിക്കേണ്ടെന്നും കെ.എം ഷാജി പറഞ്ഞു.
ഈ ചര്‍ച്ചക്കിടയിലാണ് മതവിശ്വാസികള്‍ക്കും പാര്‍ട്ടിയില്‍ അംഗത്വം നല്‍കാറുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രഖ്യാപിച്ചത്. സി.പി.എം ഒരു മതത്തിനും എതിരല്ല. മുസ്ലിം വിഭാഗത്തെ സി.പി.എമ്മില്‍ നിന്നും അകറ്റാനാണ് ലീഗ് ശ്രമിക്കുന്നത്. അവിശ്വാസികള്‍ക്ക് മാത്രമുള്ള പാര്‍ട്ടിയല്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.
കോഴിക്കോട് മുശാവറ യോഗത്തിന് ശേഷം സമസ്ത പൂര്‍വ്വനിലപാട് തുടരുമെന്ന പ്രഖ്യാപനം നടത്തിയെങ്കിലും ചര്‍ച്ചകളും ആരോപണങ്ങളും വിമര്‍ശനങ്ങളും അവസാനിക്കില്ലെന്നാണ് സൂചന. തുടര്‍ച്ചയായി ഭരണം നഷ്ടപ്പെട്ട മുസ്ലിംലീഗിന് അടിത്തറ സംരക്ഷിക്കേണ്ടതുണ്ട്. വഖഫ് വിഷയത്തില്‍ വിശ്വാസികളെ കൂട്ടുപിടിച്ചുള്ള പ്രതിഷേധവും കോഴിക്കോട് കടപ്പുറത്തെ പൊതുയോഗത്തിലെ നേതാക്കളുടെ പ്രസംഗവും അതിന്റെ തുടക്കമായിരുന്നു. സമസ്ത തീര്‍ത്ത പ്രതിരോധം വിശ്വാസികളെ കൂട്ടുപിടിച്ച് ലീഗിന് മറികടക്കാനാകുമോയെന്നാണ് ഇനി കാണേണ്ടത്.