'സംരക്ഷിക്കേണ്ട പൊലീസ് സദാചാര പൊലീസായെന്ന് യുവതി; എവി ജോര്‍ജ്ജ് പൂര്‍വ്വവൈരാഗ്യം തീര്‍ക്കുകയാണെന്ന് ഉമേഷ് വള്ളിക്കുന്ന്

'സംരക്ഷിക്കേണ്ട പൊലീസ് സദാചാര പൊലീസായെന്ന് യുവതി; എവി ജോര്‍ജ്ജ് പൂര്‍വ്വവൈരാഗ്യം തീര്‍ക്കുകയാണെന്ന് ഉമേഷ് വള്ളിക്കുന്ന്
Published on

സ്ത്രീകളെ സംരക്ഷിക്കേണ്ട പൊലീസ് തന്നെ സദാചാര പൊലീസായെന്ന് കോഴിക്കോട് കമ്മീഷണര്‍ എവി ജോര്‍ജ്ജിനെതിരെ പരാതി നല്‍കിയ യുവതി ദ ക്യുവിനോട് പറഞ്ഞു. സര്‍ക്കാര്‍ ഉത്തരവില്‍ മോശമായി ചിത്രീകരിച്ചതിലൂടെ സ്ത്രീയെന്ന നിലയില്‍ തന്നെ അപമാനിച്ചിരിക്കുകയാണ്. ഇതിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും യുവതി വ്യക്തമാക്കി. യുവതിക്ക് വാടകയ്ക്ക് ഫഌറ്റ് എടുത്ത് നല്‍കിയെന്നാരോപിച്ച് പൊലീസ് ഉദ്യോഗസ്ഥനായ ഉമേഷ് വള്ളിക്കുന്നിനെ കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്തിരിന്നു. എവി ജോര്‍ജ്ജ് വര്‍ഷങ്ങളായുള്ള വൈരാഗ്യം തീര്‍ക്കുകയാണെന്ന് ഉമേഷ് വള്ളിക്കുന്നും പ്രതികരിച്ചു. കാട് പൂക്കുന്ന നേരം എന്ന സിനിമയിലെ രംഗം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് ഉമേഷ് വള്ളിക്കുന്നിന് നേരത്തെ മെമ്മോ നല്‍കിയിരുന്നു.

കമ്മീഷണര്‍ക്കെതിരെ നടപടി വേണം

സസ്‌പെന്‍ഷന്‍ ഉത്തരവില്‍ മോശമായി ചിത്രീകരിച്ചതിനെതിരെ കമ്മീഷണര്‍ എവി ജോര്‍ജ്ജിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യുവതി ഐജിക്ക് പരാതി നല്‍കിയിട്ടുണ്ട്.

സ്ത്രീകളെ സംരക്ഷിക്കാന്‍ പൊലീസുണ്ടെന്നാണ് കുട്ടികള്‍ക്ക് ക്ലാസെടുക്കുമ്പോള്‍ പറയാറുള്ളത്. അവരെ തന്നെ ഇങ്ങനെ ചെയ്യുമ്പോള്‍ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. സര്‍ക്കാര്‍ ഉത്തരവിലാണ് തന്നെ മോശമാക്കി എഴുതിയിരിക്കുന്നത്.

യുവതി

ഗായികയും സംഗീത സംവിധായികയുമായ തനിക്ക് ആ മേഖലയില്‍ തുടരുന്നതുമായി ബന്ധപ്പെട്ട് വീട്ടുകാരുമായി തര്‍ക്കുണ്ടായിരുന്നുവെന്ന് യുവതി പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് ഫഌറ്റിലേക്ക് മാറിയത്. ഇങ്ങനെ താമസിക്കുന്നതിനെതിരെ ഉമേഷ് വള്ളിക്കുന്ന് എന്ന പൊലീസുകാരനെതിരെ വീട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞാണ് എസിപി സുദര്‍ശനും എസ്‌ഐ നാരായണനും എത്തിയത്. ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടില്‍ യാതൊരു അറിയിപ്പുമില്ലാതെയാണ് പൊലീസ് എത്തിയത്. വനിതാ പൊലീസും കൂടെയുണ്ടായിരുന്നില്ല. വീട്ടിലെത്തിയ പൊലീസുകാര്‍ ഫോട്ടോയില്‍ കാണുന്നത് പോലെയല്ലല്ലോയെന്നാണ് ആദ്യം തന്നെ കമന്റ് ചെയ്തത്. മൊഴിയെടുക്കാന്‍ എത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ അങ്ങനെ പറയേണ്ടതില്ലല്ലോ.താന്‍ പറഞ്ഞ കാര്യങ്ങളല്ല മൊഴിയായി രേഖപ്പെടുത്തിയത്. അന്വേഷണസംഘത്തിന്റെ വ്യാഖ്യാനങ്ങളായിരുന്നു. അന്ന് തന്നെ പരാതി നല്‍കാന്‍ തുനിഞ്ഞെങ്കിലും എസ്‌ഐ സസ്‌പെന്‍ഷന്‍ കഴിഞ്ഞ് വീണ്ടും സര്‍വീസിലെത്തിയതാണെന്നും വിരമിക്കാനിരിക്കുകയാണെന്നതുമെല്ലാം പരിഗണിച്ച് പിന്‍മാറി. സസ്‌പെന്‍ഷന്‍ ഉത്തരവ് കണ്ടപ്പോഴാണ് വളരെ മോശമായാണ് തന്നെക്കുറിച്ച് പരാമര്‍ശിക്കുന്നതെന്ന് വ്യക്തമായത്. അപമാനിച്ചതിനെതിരെ നിയമപരമായി മുന്നോട്ട് പോകും. ഐജിക്ക് പരാതി നല്‍കിയിട്ടുണ്ട്.

മൊഴിയുടെ പകര്‍പ്പ് ചോദിച്ച് എസിപിയെ വിളിച്ചപ്പോള്‍ അന്വേഷണം പൂര്‍ത്തിയാവണമെന്നാണ് മറുപടി ലഭിച്ചത്. കമ്മീഷണര്‍ എവി ജോര്‍ജ്ജിനെ വിളിച്ചപ്പോളും തന്നില്ല. ഡിസിപിയെ സമീപിച്ചപ്പോളാണ് മൊഴിയുടെ പകര്‍പ്പ് കിട്ടിയത്.

ജോലി ചെയ്ത് വരുമാനം ലഭിക്കുന്ന സ്ത്രീയാണ്. സ്വന്തം നിലയില്‍ വീട് വാടകയ്‌ക്കെടുത്ത് താമസിക്കാന്‍ കഴിയുന്ന ആളാണ് താന്‍. മറ്റൊരാള്‍ വാടകയ്ക്ക് വീട് തരപ്പെടുത്തിയെന്നൊക്കെ പറയുന്നത് അപമാനിക്കലാണ്.

യുവതി

സസ്‌പെന്‍ഷനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് ഉമേഷ് വള്ളിക്കുന്ന് പറഞ്ഞു. പൂര്‍വ്വവൈരാഗ്യം കൊണ്ട് അന്ധതയും ബധിരതയും ബാധിച്ച അവസ്ഥയിലാണ് എവി ജോര്‍ജ്ജെന്നും ഉമേഷ് ആരോപിച്ചു. ഐപിഎസ് ഉദ്യോഗസ്ഥന്‍ ഇതുപോലൊരു ഉത്തരവ് ഇറക്കില്ല.

എവി ജോര്‍ജ്ജിന് പൂര്‍വ്വ വൈരാഗ്യം

വര്‍ഷങ്ങള്‍ക്ക് മുമ്പ് മലബാര്‍ ഗോള്‍ഡില്‍ നിന്നും 12 ലക്ഷം രൂപ വാങ്ങി എവി ജോര്‍ജ്ജ് ഷോര്‍ട്ട്ഫിലിം നിര്‍മ്മിച്ചിരുന്നു. മയക്കുമരുന്നിനെതിരെയുള്ള ബോധവത്കരണമായിരുന്നു ലക്ഷ്യം. ഇതേ പ്രമേയത്തില്‍ 100 പൊലീസുകാര്‍ പിരിവെടുത്ത് സിനിമ നിര്‍മ്മിച്ചു. അതിന്റെ റിലീസിന് ശേഷമായിരുന്നു എവി ജോര്‍ജ്ജിന്റെ ഷോര്‍ട്ട് ഫിലിം പുറത്തിറക്കാന്‍ നിശ്ചയിച്ചത്. ഞങ്ങളുടെ ഷോര്‍ട്ഫിലിമിന്റെ റിലീസ് മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പറ്റില്ലെന്ന് അറിയിച്ചു. സര്‍വ്വീസില്‍ നിന്നും പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി. റിലീസിന്റെ ദിവസം ഡ്യൂട്ടിക്കിട്ട് പരിപാടി പൊളിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

എവി ജോര്‍ജ്ജ് കമ്മീഷണറായി എത്തിയതിന് ശേഷമാണ് കാട് പൂക്കുന്ന നേരം സിനിമയുമായി ബന്ധപ്പെട്ട വിവാദമുണ്ടാകുന്നത്. അതില്‍ തന്ന മെമ്മോയിലെ വാചകഘടന പോലും ശരിയല്ലായിരുന്നു. ഏഴ് പേജുള്ള മറുപടി നല്‍കി. അതില്‍ എനിക്കെതിരെ ഒന്നും ചെയ്യാന്‍ കഴിയാത്തതിലും പകയുണ്ട്. എല്ലാം കൂടി ചേര്‍ത്തായിരിക്കും ഈ ഗെയിമിന് ഇറങ്ങിയിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in