അവള്‍ക്കിപ്പോള്‍ പൊലീസ് വണ്ടി പോലും പേടിയാണ്, എന്തുകൊണ്ട് സമരം; രേഖ പറയുന്നു

അവള്‍ക്കിപ്പോള്‍ പൊലീസ് വണ്ടി പോലും പേടിയാണ്, എന്തുകൊണ്ട് സമരം; രേഖ പറയുന്നു
Published on

പിങ്ക് പൊലിസിന്റെ പരസ്യ വിചാരണയ്ക്ക് ഇരയായ എട്ടുവയസുകാരിയുടെ കുടുംബം ഇന്ന് സെക്രട്ടറിയേറ്റു പടിക്കല്‍ ഉപവാസ സമരം നടത്തിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥയെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സംഭവം നടന്ന് 28 ദിവസം പിന്നിടുമ്പോള്‍ കുട്ടിയുടെ അമ്മ ഉള്‍പ്പെടെ സെക്രട്ടറിയേറ്റ് പടിക്കല്‍ സമരത്തിന് എത്തിയത്. ആഗസ്ത് 28നാണ് തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനേയും മൂന്നാം ക്ലാസുകാരി മകളേയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത പരസ്യമായി വിചാരണ ചെയ്തത്. എന്തുകൊണ്ട് തങ്ങള്‍ക്ക് സമരത്തിനിറങ്ങേണ്ടി വന്നുവെന്ന് പറയുകയാണ് പൊലീസിന്റെ അതിക്രമത്തിനിരയായ മൂന്നാം ക്ലാസുകാരിയുടെ അമ്മ രേഖ.

അവള്‍ക്കിപ്പോള്‍ പൊലീസ് വണ്ടി പോലും പേടിയാണ്, എന്തുകൊണ്ട് സമരം; രേഖ പറയുന്നു
എട്ടു വയസുകാരിക്കുമേല്‍ പിങ്ക് പൊലീസിന്റെ പരസ്യ വിചാരണ; നീതിയാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കല്‍ ഉപവാസ സമരവുമായി കുടുംബം

എന്തുകൊണ്ട് സമരത്തിന് ഇറങ്ങി

എന്റെ മകളെകുറിച്ചുള്ള ചിന്തകൊണ്ട് തന്നെയാണ് പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ കര്‍ശനമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സമരത്തിനിറങ്ങിയത്. എന്റെ മകള്‍ മാനസികമായി വലിയ പ്രയാസമാണ് നേരിട്ടത്. പൊലീസിന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല. അതുകൊണ്ട് കൂടിയാണ് നിരാഹാരം ഇരിക്കാന്‍ തീരുമാനിച്ചത്.

പൊലീസ് ഒരു അന്വേഷണത്തിനും ഞങ്ങളുടെ വീട്ടില്‍ വന്നിട്ടില്ല. ഡിജിപിക്കടക്കം എല്ലാവര്‍ക്കും പരാതി കൊടുത്തിരുന്നു. ഒരു ഫോണ്‍ വിളി പോലും ഉണ്ടായിട്ടില്ല. മൂന്നാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിയെ കള്ളിയെന്ന് വിളിച്ച് കരയിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റുക മാത്രമാണ് ചെയ്തത്. അത് നീതിയല്ലെന്ന് തോന്നി. മുഖ്യമന്ത്രിക്കും പരാതി കൊടുക്കാനുള്ള തീരുമാനമായിട്ടുണ്ട്.

ഉദ്യോഗസ്ഥര്‍ക്കെതിരെ കൃത്യമായി നടപടിയില്ലാത്തതുകൊണ്ടാണ് ഇത്തരം പ്രശ്‌നങ്ങള്‍ നിരന്തരം ഉണ്ടാകുന്നതെന്ന് തോന്നിയിട്ടുണ്ട്.

സംഭവം നടന്ന ദിവസം വന്ന് കയറിയ ഉടന്‍ തന്നെ മോള് ഒന്നും മിണ്ടാതെ കസേരയില്‍ ഇരിക്കുകയായിരുന്നു. ഒരക്ഷരം മിണ്ടുന്നില്ല. ഞാന്‍ മുറ്റം തൂത്തുകൊണ്ടിരിക്കുകയായിരുന്നു. മുഖം ഒക്കെ വല്ലാതെ ഇരിക്കുന്നുണ്ടായിരുന്നു. ഭര്‍ത്താവ് വന്നപ്പോഴാണ് ഞാന്‍ കാര്യം അറിയുന്നത്. അതങ്ങ് കഴിഞ്ഞു, ഫോണ് പൊലീസിന്റെ കയ്യില്‍ നിന്ന് തന്നെ കിട്ടിയപ്പോള്‍ നല്ല നിലയ്ക്ക് പൊലീസ് പെരുമാറിയെന്നാണ് ഞാന്‍ കരുതിയത്. പിന്നീട് വിഡീയോ കണ്ട ശേഷമാണ് ഇത്രയും വലിയ പ്രശ്‌നമാണ് നടന്നതെന്ന് ഞാന്‍ അറിഞ്ഞത്.

ഞങ്ങള്‍ താമസിക്കുന്നതിന് രണ്ട് കിലോമീറ്റര്‍ അപ്പുറമാണ് ഈ രജിതയെന്ന് പറയുന്ന പൊലീസ് ഉദ്യോഗസ്ഥയുള്ളത്. ഈ സംഭവത്തിന് ശേഷമാണ് അതറിയുന്നത്. ആ സ്ഥലത്ത് വെച്ചിട്ട് മോളെ ആന്റിക്കൊരു അബദ്ധം പറ്റിയെന്ന് പോലും അവര്‍ പറഞ്ഞിട്ടില്ല. എന്റെ മകള്‍ അങ്ങനെ കരഞ്ഞിട്ടും ഒന്ന് ആശ്വസിപ്പിക്കാന്‍ പോലും അവര്‍ നിന്നില്ല. അവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടണമെന്ന് തന്നെയാണ് ഞങ്ങള്‍ പറയുന്നത്.

ഇതിന് ശേഷം കുറേയാളുകള്‍ വീട്ടില്‍ വന്നപ്പോഴെല്ലാം അവള്‍ കരച്ചിലായിരുന്നു. അന്ന് നടന്നതെല്ലാം അവളുടെ മനസില്‍ തന്നെ ഇപ്പോഴുമുണ്ട്.

പഠനത്തെയും ബാധിച്ചു

അവള്‍ ടൂഷനൊക്കെ പോകുന്നുണ്ടായിരുന്നു. ആ സംഭവത്തിന് ശേഷം പോയിട്ടില്ല. മിനിഞ്ഞാന്ന് തൊട്ടാണ് എന്റെ മോള്‍ ടൂഷന് പോലും പോകാന്‍ തുടങ്ങിയത്. അന്ന് ഞാന്‍ പോലും അടുത്തില്ലാതായി പോയി. ഞാനൊന്നു ചേര്‍ത്തു പിടിച്ചാല്‍ ആ വിഷമം ഇത്രയുണ്ടാകില്ലായിരുന്നു. അവള്‍ അച്ഛന്റെ കൈ തന്നെ പിടിച്ച് നില്‍ക്കുകയായിരുന്നു. അച്ഛന്‍ അവിടെ നിന്ന് ഞാനെടുത്തില്ലെന്ന് പറയുമ്പോഴും അവള്‍ കരയുകയായിരുന്നു. അത്ര മോശമായാണ് അവളോട് പെരുമാറിയത്.

ഈ സംഭവത്തിന് ശേഷം ചേട്ടന്റെ കൂടെ എവിടെയോ പോയപ്പോള്‍ ലൈന്‍മാനെ കണ്ടപ്പോള്‍ പെട്ടെന്നവള്‍ പൊലീസ് വരുന്നു എന്നാണ് പറഞ്ഞത്. അവള്‍ക്ക് കണ്ടപ്പോള്‍ അങ്ങനെ തോന്നിക്കാണും

അഞ്ച് കൗണ്‍സിലിങ്ങിന് പോകേണ്ടി വന്നു മകള്‍ക്ക്

ബാലാവകാശ കമ്മീഷന്‍ ഇടപെട്ട് ഇതുവരെ അഞ്ച് കൗണ്‍സിലിങ്ങിന് മകള്‍ക്ക് പോകേണ്ടി വന്നു. മൂന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിക്കാണ് ഇത്രയധികം മാനസിക പ്രയാസമുണ്ടായത്.

ദൈവം സഹായിച്ച് അവള്‍ക്ക് മരുന്നൊന്നും കഴിക്കേണ്ടി വന്നില്ല. പൂജപ്പുരയിലും പേരൂര്‍ക്കടയിലും മോളെ കൗണ്‍സിലിങ്ങിന് കൊണ്ടു പോയിരുന്നു. നാലാം തീയ്യതി ബാലവകാശ കമ്മീഷനിലേക്ക് ഞങ്ങളെ വിളിപ്പിച്ചിട്ടുണ്ട്.

എട്ടുവയസുകാരിയെ കള്ളിയെന്ന് വിളിച്ച പൊലീസിന് ശിക്ഷ വേണ്ടേ?

പൊലീസുകാരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിരന്തരമായി കേള്‍ക്കുന്നതാണല്ലോ. പക്ഷേ ഇങ്ങനെയുള്ള സംഭവം നേരിട്ട് അനുഭവിക്കുമ്പോഴാണ് അത് എത്രത്തോളം മോശമായാണ് ബാധിക്കുന്നതെന്ന് മനസിലാകുക. എപ്പോഴും കൂടെ നിന്ന് പ്രവര്‍ത്തിക്കേണ്ട ഡിപ്പാര്‍ട്ട്‌മെന്റ് തന്നെ നമ്മളോട് ഇങ്ങനെ കാണിക്കുമ്പോള്‍ അത് വലിയ പ്രയാസം തന്നെയാണ്. സ്വന്തമായിട്ടൊരു അനുഭവം വരുമ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത ഒരു അവസ്ഥയാണ്. നമുക്ക് നിയമത്തെക്കുറിച്ചൊന്നു അറിയില്ലല്ലോ. എന്റെ മോള്‍ ഈ ഒരു വിഷയത്തില്‍ അകപ്പെട്ടുപോയെന്ന വിഷമമാണുള്ളത്. ഞാനും ചേട്ടനും മാത്രമായിരുന്നെങ്കില്‍ എങ്ങനെയെങ്കിലും മാനേജ് ചെയ്യാമായിരുന്നു. കള്ളിയെന്ന് വിളിച്ച ഒരു ഉദ്യോഗസ്ഥയെഡിപ്പാര്‍ട്ട്‌മെന്റില്‍ വെച്ചുകൊണ്ടിരിക്കുന്നത് ശരിയല്ലല്ലോ.

നടപടിയില്ലാത്തതുകൊണ്ടാണ് പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കുന്നത്

ഉദ്യോഗസ്ഥര്‍ക്കെതിരെ കൃത്യമായി നടപടിയില്ലാത്തതുകൊണ്ടാണ് ഇത്തരം പ്രശ്‌നങ്ങള്‍ നിരന്തരം ഉണ്ടാകുന്നതെന്ന് തോന്നിയിട്ടുണ്ട്. പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്കൊപ്പമാണ് പൊലീസ് നില്‍ക്കുന്നത്. സഹപ്രവര്‍ത്തകരെല്ലാം രജിത എന്ന ഉദ്യോഗസ്ഥയ്‌ക്കൊപ്പമാണ്. നല്ല നടത്തിപ്പിന് അയച്ചുവെന്നാണ് പറയുന്നത്. അതുകൊണ്ടെന്ത് കാര്യം.

ഈ സംഭവത്തിന് ശേഷം ചേട്ടന്റെ കൂടെ എവിടെയോ പോയപ്പോള്‍ ലൈന്‍മാനെ കണ്ടപ്പോള്‍ പെട്ടെന്നവള്‍ പൊലീസ് വരുന്നു എന്നാണ് പറഞ്ഞത്. അവള്‍ക്ക് കണ്ടപ്പോള്‍ അങ്ങനെ തോന്നിക്കാണും. ആ ഒരു കാര്യം മനസില്‍ കിടപ്പുണ്ടല്ലോ. മുമ്പ് പൊലീസ് വണ്ടി റോഡിനരികിലൂടെ പോയാലൊന്നും മോള്‍ക്ക് പേടി ഇല്ലായിരുന്നു. ഇത് പെട്ടെന്ന് പിടിച്ച് നിര്‍ത്തിയിട്ട് ഫോണെടുക്കെടീ എന്ന് പറഞ്ഞതൊക്കെ അവളുടെ മനസില്‍ കിടപ്പുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in