അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കളമശ്ശേരി ഏരിയാ സെക്രട്ടറി ടിഎം സക്കീര്‍ ഹുസൈനെതിരെ നടപടിയെടുത്ത് മുഖം രക്ഷിക്കാന്‍ സിപിഎം നേതൃത്വത്തിന്റെ നീക്കം. കളമശ്ശേരി ഏരിയാ സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം എന്നീ പദവികളില്‍ നിന്നും ഒഴിവാക്കാന്‍ ഇന്നലെ ചേര്‍ന്ന ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇത് സംസ്ഥാന സമിതിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചു. ജില്ലാ സമിതിയംഗത്തിനെ പുറത്താക്കാന്‍ മേല്‍ഘടകത്തിന്റെ അനുമതി വേണം.
സിഎം ദിനേശ്മണി, പിആര്‍ മുരളി എന്നിവരടങ്ങിയ കമ്മിഷനാണ് സക്കീര്‍ ഹുസൈനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തത്. കളമശ്ശേരിയില്‍ നാല് വീടുകള്‍ സക്കീര്‍ ഹുസൈനുണ്ടെന്നാണ് സമിതിയുടെ കണ്ടെത്തല്‍. സഹകരണ ബാങ്ക് ജീവനക്കാരിയായ ഭാര്യയ്ക്ക് ഒരുലക്ഷം രൂപ ശമ്പളമുണ്ടെന്നും ഇതിലൂടെയാണ് വീടുകള്‍ നിര്‍മ്മിച്ചതെന്നുമായിരുന്നു സക്കീര്‍ഹുസൈന്റെ വിശദീകരണം.
നേരത്തെ വ്യവസായി ജുബി പൗലോസിനെ തട്ടിക്കൊണ്ടു പോയ കേസില്‍ അറസ്റ്റിലായ സക്കീര്‍ ഹുസൈനെ എളമരം കരിമിന്റെ നേതൃത്വത്തിലുള്ള കമ്മിഷന്‍ നടപടികളില്‍ നിന്നും ഒഴിവാക്കി കൊടുക്കുകയായിരുന്നു. ഏരിയാ സെക്രട്ടറി സ്ഥാനവും തിരിച്ചു നല്‍കി.
പ്രളയദുരിതാശ്വാസ തട്ടിപ്പിലും സക്കീര്‍ ഹുസൈന് ജാഗ്രതക്കുറവുണ്ടെയെന്നാണ് ദിനേശ്മണി കമ്മിറ്റി കണ്ടെത്തിയിരിക്കുന്നത്. ബാങ്ക് ഡയറക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബന്ധുക്കള്‍ സക്കീര്‍ ഹുസൈനെതിരെ രംഗത്തെത്തിയിരുന്നു. ആത്മഹത്യ ചെയ്ത സിയാദിന്റെ ഡയറിയില്‍ സക്കീര്‍ ഹുസൈനുള്‍പ്പെടെയുള്ളവരുടെ പേരുണ്ടായിരുന്നു. ലോക് ഡൗണിനിടെ യാത്ര ചെയ്തത് ചോദ്യം ചെയ്ത പോലീസുകാരെ അസഭ്യം പറഞ്ഞതും വിവാദമായിരുന്നു.
സക്കീര്‍ ഹുസൈനെതിരെ തുടരെയുള്ള ആരോപണങ്ങള്‍ സിപിഎമ്മിന് തന്നെ വെട്ടിലാക്കിയതോടെയാണ് പാര്‍ട്ടി നടപടിയിലേക്ക് നീങ്ങിയത്. പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ കളമശ്ശേരിയില്‍ വിഭാഗീതയുടെ സമയത്ത് ഔദ്യോഗിക വിഭാഗത്തോട് ചേര്‍ന്ന് നിന്നാണ് സക്കീര്‍ ഹുസൈന്‍ നേതാവായത്. നേതൃഗുണം,സംഘാടനം എന്നിവയിലൂടെ ആരോപണങ്ങളെ മറികടക്കാന്‍ സക്കീര്‍ ഹുസൈന് കഴിഞ്ഞിരുന്നു. ഇപ്പോള്‍ നടക്കുന്ന പോലീസ് അന്വേഷണങ്ങളില്‍ ശിക്ഷിക്കപ്പെട്ടാല്‍ വരുന്ന തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലാണ് നേതൃത്വത്തിനുള്ളത്. നിയമസഭയില്‍ തെരഞ്ഞെടുപ്പില്‍ കളമശ്ശേരി മണ്ഡലത്തില്‍ പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള പേരായിരുന്നു സക്കീര്‍ഹുസൈന്റെത്.