മരക്കുരിശല്ല, കോണ്‍ക്രീറ്റ് കുരിശുകളും നീക്കണമെന്ന് ഹിന്ദുസംഘടനകള്‍, പാഞ്ചാലിമേട് ‘സുവര്‍ണാവസര’മാക്കാന്‍ സംഘപരിവാര്‍
ഇടുക്കി പാഞ്ചാലിമേട്ടിലെ കുരിശ് വിവാദത്തില്‍ പ്രതിഷേധം ശക്തമാക്കി രാഷ്ട്രീയനീക്കത്തിന് സംഘപരിവാര്‍. ശബരിമല പൊന്നമ്പലമേടിന്റെ ഭാഗമായ പാഞ്ചാലിമേട് കയ്യേറി വ്യാപകമായി കുരിശ് സ്ഥാപിച്ചെന്നാണ് സംഘപരിവാര്‍ സംഘടനകളുടെ ആരോപണം. റവന്യൂ ഭൂമിയില്‍ അമ്പലവും, 17 കോണ്‍ക്രീറ്റ് കുരിശുകളും സ്ഥതി ചെയ്യുന്നുണ്ടെന്നും,ഭൂമി കയ്യേറിയുള്ള നിര്‍മ്മാണത്തില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ തല്‍സ്ഥിതി തുടരുമെന്നുമാണ് കലക്ടറുടെ നിലപാട്. കുരിശ് നീക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച സമരപരിപാടികള്‍ക്ക് തുടക്കമിടാനെത്തിയ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയെ പോലീസ് പാഞ്ചാലിമേട്ടിലേക്ക് കടത്തിവിട്ടില്ല. ഇതിനെ തുടര്‍ന്ന് നാമജപ പ്രതിഷേധം ഉള്‍പ്പെടെ നടത്തുകയാണ് ഹിന്ദു ഐക്യവേദി.
റവന്യൂ ഭൂമിയില്‍ അമ്പലവും, 17 കോണ്‍ക്രീറ്റ് കുരിശുകളും സ്ഥിതി ചെയ്യുന്നുണ്ടെന്നും, റവന്യൂ ഭൂമി കയ്യേറി കുരിശുകളും അമ്പലവും സ്ഥാപിച്ചതില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ തല്‍സ്ഥിതി തുടരുമെന്നും ജില്ലാ കളക്ടര്‍ എച്ച് ദിനേശ് ദ ക്യുവിനോട് പറഞ്ഞു. പുതുതായി സ്ഥാപിച്ച മരക്കുരിശുകള്‍ പള്ളി അധികൃതരെ കൊണ്ട് നീക്കുകയും ഇനി ഇത്തരത്തിലുണ്ടാകില്ലെന്ന് ഉറപ്പ് വാങ്ങുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭൂപരിഷ്‌കരണത്തിന് ശേഷം സര്‍ക്കാര്‍ മിച്ചഭൂമിയായി കണ്ടെത്തിയ സ്ഥലത്താണ് കോണ്‍ക്രീറ്റ് കുരിശും ക്ഷേത്രവും ഉള്ളത്. രണ്ടിടത്തേക്കും തീര്‍ത്ഥാടനത്തിന് സര്‍ക്കാരിന്റെ അനുമതിയുണ്ടായിരുന്നു.
റവന്യൂ ഭൂമിയിലെ ക്ഷേത്രത്തോളം പഴക്കമുണ്ട് കുരിശുമല കയറ്റത്തിനെന്നാണ് കണയങ്കവയല്‍ പള്ളി അധികൃതര്‍ പറയുന്നത്. 1956 ലാണ് കുരിശുകള്‍ സ്ഥാപിച്ചതെന്നാണ് കണയങ്കവയല്‍ സെന്റ് മേരീസ് ചര്‍ച്ചിന്റെ വാദം. ഇക്കഴിഞ്ഞ ദുഖവെള്ളിക്ക് പുതുതായി മരക്കുരിശുകള്‍ സ്ഥാപിച്ചതോടെയാണ് പാഞ്ചാലിമേട്ടില്‍ വിവാദമുണ്ടായത്. വിശ്വഹിന്ദു പരിഷത്തില്‍ നിന്ന് പുറത്തുപോയ പ്രവീണ്‍ തൊഗാഡിയ നേതൃത്വം നല്‍കുന്ന അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ പാഞ്ചാലിമേട്ടിലെത്തി കുരിശുകള്‍ക്ക് മുന്നിലായി തൃശൂലം സ്ഥാപിച്ചു. തൃശൂലം സ്ഥാപിച്ചതിന് പിന്നാലെ പാഞ്ചാലിമേട്ടില്‍ മലദൈവങ്ങളുടെ പ്രതിഷ്ഠ എന്ന പേരില്‍ വിഗ്രഹ പ്രതിഷ്ഠ നടത്തി സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമം അന്താരാഷ്ട്ര ഹിന്ദുപരിഷത്തും ഇവരുടെ പോഷകസംഘടനയായ രാഷ്ട്രീയ ബജ്റംഗ് ദളും നടത്തിയതോടെയാണ് ജില്ലാ ഭരണകൂടം ഇടപെട്ടത്.
തൃശൂലം നീക്കം ചെയ്യുകയും സംഘടനാ പ്രവര്‍ത്തകര്‍ക്കെതിരെ മതസ്പര്‍ധ വളര്‍ത്തുന്ന വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയും ചെയ്തു. പുറത്തുനിന്നെത്തിയവര്‍ ബോധപൂര്‍വം സംഘര്‍ഷശ്രമം നടത്തുന്നുവെന്നാണ് പോലീസ് നിലപാട്. ഇവിടെ സ്ഥാപിച്ച തൃശൂലം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഘപരിവാര്‍ സംഘടനകളോട് ഇടഞ്ഞുനില്‍ക്കുന്ന പ്രവീണ്‍ തൊഗാഡിയയുടെ എ എച്ച് പി പാഞ്ചാലിമേട് വിഷയം ഏറ്റെടുത്തതോടെയാണ് ഹിന്ദു ഐക്യവേദിയെ മുന്നില്‍ നിര്‍ത്തി ആര്‍ എസ് എസ് പ്രശ്നത്തില്‍ അടിയന്തര ഇടപെടല്‍ നടത്തിയത്. ആര്‍എസ്എസില്‍ നിന്നും വിഎച്ച്പിയില്‍ നിന്നും കൂടുതല്‍ പ്രവര്‍ത്തകര്‍ പ്രവീണ്‍ തൊഗാഡിയയുടെ സംഘടനയിലേക്ക് ചേക്കേറുന്ന പശ്ചാത്തലം കൂടി പരിഗണിച്ചാണ് ശശികലയെ മുന്‍നിര്‍ത്തിയുള്ള പ്രക്ഷോഭത്തിന് പരിവാര്‍ തുടക്കമിട്ടത്.
പാണ്ഡവര്‍ സ്ഥാപിച്ച ക്ഷേത്രമുള്ള ഭൂമിയില്‍ സര്‍ക്കാര്‍ അനുമതിയോടെ കുരിശുകള്‍ സ്ഥാപിക്കുന്നുവെന്ന വാദവുമായാണ് പരിവാര്‍ സംഘടനകളുടെ പ്രചരണം. ഇതേ വാദമുയര്‍ത്തിയാണ് എ എച്ച് പിയും പാഞ്ചാലിമേട്ടില്‍ സമരപരിപാടികള്‍ക്ക് പദ്ധതിയിട്ടിരിക്കുന്നത്. ക്ഷേത്രവും കുരിശും റവന്യൂ ഭൂമി കയ്യേറി സ്ഥാപിച്ചതാണെന്ന സര്‍ക്കാര്‍ വാദത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഹിന്ദു പരിഷത്ത്്. ക്ഷേത്രത്തിന്റെയും കുരിശിന്റെയും പഴക്കം നിര്‍ണയിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ വകുപ്പിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്ന് അന്താരാഷ്ട്ര ഹിന്ദു പ്രതിനിധി അഡ്വ കൃഷ്ണരാജ് പറയുന്നു.
റവന്യൂഭൂമിയിലെ കുരിശുകള്‍ക്കും അമ്പലത്തിനുമെതിരെ തിടുക്കപ്പെട്ട് നടപടിയെടുക്കാനാകില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. വിഷയത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടലിന് ശ്രമിക്കുകയാണ് ജില്ലാ ഭരണകൂടം. കെ പി ശശികലയുടെ നേതൃത്വത്തിലുള്ള മാര്‍ച്ചിന് നോട്ടീസ് നല്‍കിയിട്ടില്ലെന്ന് പെരുവന്താനം എസ് ഐ വിനോദ് ദ ക്യൂവിനെ അറിയിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടി സ്വീകരിക്കാന്‍ കലക്ടര്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുറത്തുനിന്നെത്തിയവര്‍ കരുതിക്കൂട്ടി വര്‍ഗീയ ശ്രമം നടത്തുകയാണെന്ന് പാഞ്ചാലിമേട് ക്ഷേത്രം അധികൃതരും പള്ളിക്കമ്മിറ്റിയും നേരത്തെ പറഞ്ഞിരുന്നു.
ശബരിമലയുമായി ബന്ധിപ്പിച്ച് പാഞ്ചാലിമേട്ടില്‍ സമരം ശക്തമാക്കാനാണ് സംഘപരിവാറിന്റെ ആലോചന. തമിഴ് മേഖലയില്‍ നിന്നുള്ളവരുടെ പിന്തുണയും ഇവര്‍ ലക്ഷ്യമിടുന്നുണ്ട്. ശബരിമല പൂങ്കാവനത്തിലെ പൊന്നമ്പലമേടിന്റെ ഭാഗമായ മേഖലയിലെ കയ്യേറ്റമായാണ് പരിവാര്‍ സംഘടനകളും ഇത് പ്രചരിപ്പിക്കുന്നത്.