'ഇന്ത്യ വീണ്ടും വീണ്ടും കൊല്ലപ്പെടുന്നു'; ബാബറി മസ്ജിദ് ഉണ്ടായിട്ടില്ലെന്ന് മുഹമ്മദ് റിയാസ്

'ഇന്ത്യ വീണ്ടും വീണ്ടും കൊല്ലപ്പെടുന്നു'; ബാബറി മസ്ജിദ് ഉണ്ടായിട്ടില്ലെന്ന് മുഹമ്മദ് റിയാസ്
Published on

ഇന്ത്യ വീണ്ടും വീണ്ടും കൊല്ലപ്പെടുകയാണെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ്് പി എ മുഹമ്മദ് റിയാസ്.ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ എല്‍ കെ അദ്വാനിയും മുരളീമനോഹര്‍ ജോഷിയും ഉള്‍പ്പെടെയുള്ള നേതാക്കളെ വെറുതെ വിട്ട ലക്‌നൗ കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു മുഹമ്മദ് റിയാസ്. ബാബറി മസ്ജിദ് ഉണ്ടായിട്ടില്ലെന്നാണ് കോടതി പറയുന്നത്. പള്ളി പൊളിച്ചത് അന്വേഷിച്ച കമ്മീഷന്‍ ചൂണ്ടിക്കാട്ടിയ ഒരുകാര്യവും തെളിവല്ലെന്നാണ് കോടതി വിധിയിലൂടെ പറഞ്ഞിരിക്കുന്നതെന്നും പിഎ മുഹമ്മദ് റിയാസ് ദ ക്യുവിനോട് പറഞ്ഞു.

പി എ മുഹമ്മദ് റിയാസിന്റെ പ്രതികരണം

'ഇന്ത്യ 1948 ജനുവരി 30 ന് കൊല്ലപ്പെട്ടിരുന്നു. 1992 ഡിസംബര്‍ 6ന് കൊല്ലപ്പെട്ടിരുന്നു. 2020 ഓഗസ്ത് 5നും ഇന്ത്യ കൊല്ലപ്പെട്ടിരുന്നു. ഇപ്പോള്‍ ഇന്ത്യ വീണ്ടും കൊല്ലപ്പെട്ടു. ഇന്ത്യയുടെ ഭരണഘടനാമൂല്യങ്ങള്‍ തകര്‍ക്കപ്പെട്ടിരിക്കുന്നു. 2014ല്‍ നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് ഇന്ത്യയുണ്ടായിരുന്നില്ല, ഇന്ത്യക്ക് ഒരു ചരിത്രമുണ്ടായിരുന്നില്ല, ഇന്ത്യയുടെ ചരിത്രം ആരംഭിക്കുന്നത് 2014 മെയ് മാസത്തില്‍ ആര്‍എസ്എസിന്റെ നിയന്ത്രണത്തിലുള്ള മത-വര്‍ഗ്ഗീയ പാര്‍ട്ടി ഒറ്റകക്ഷിയായി അധികാരത്തിലെത്തി, മോദി പ്രധാനമന്ത്രിയായിതിന് ശേഷമാണ്. ബാബറി മസ്ജിദ് ഉണ്ടായിട്ടില്ല, 1948ല്‍ അവിടെ വിഗ്രഹം കൊണ്ടുവെച്ചിട്ടില്ല, 1985ല്‍ അയോധ്യയില്‍ താഴുകള്‍ മാറ്റാന്‍ അനുമതി നല്‍കിയിട്ടില്ല. 1992 ഡിസംബര്‍ 6ന് മുമ്പ് ഇന്ത്യയിലെ ഓരോ പഞ്ചായത്തില്‍ നിന്നും ഇഷ്ടികള്‍ ഏറ്റുവാങ്ങി ഇഷ്ടിക ദാനയാത്രകള്‍ കര്‍സവേകര്‍ നടത്തിയിട്ടില്ല. അദ്വാനിയും മുരളീമനോഹര്‍ ജോഷിയും കല്യാണ്‍സിങും ഉമാഭാരതിയുമൊക്കെ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയിട്ടില്ല. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍സിങ് ബ്യൂറോക്രാറ്റുകളില്‍ അഴിച്ചുപണി നടത്തി ആര്‍എസ്എസിന് പറ്റിയവരെ പള്ളി തകര്‍ക്കാന്‍ വേണ്ടി നിശ്ചയിച്ചിട്ടില്ല. ഇന്ത്യയുടെ പ്രധാനമന്ത്രി നരസിംഹറാവു അതിന് സൗകര്യം ചെയ്തു കൊടുത്തിട്ടില്ല. ഡിസംബര്‍ 6ന് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട് കൃത്യം പത്ത് ദിവസം കഴിഞ്ഞ് ഡിസംബര്‍ 16ന് മന്‍മോഹന്‍ ലിബര്‍ഹാന്‍ എന്ന ഹൈക്കോടതി ജഡ്ജിയെ കമ്മീഷനായി നിയമിച്ചിട്ടില്ല. മൂന്ന് മാസം കൊണ്ട് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടില്ല. 17 കൊല്ലം കഴിഞ്ഞ് 900 പേജുള്ള, ഇന്ത്യ കണ്ട ഏറ്റവും വലിയ കമ്മീഷന്‍ റിപ്പോര്‍ട്ട് മേശ പുറത്ത് വെച്ചിട്ടില്ല. കോണ്‍ഗ്രസ് അത് പൂഴ്ത്തിട്ടില്ല. ആ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ ഒരുകാര്യവും തെളിവല്ല എന്ന് കോടതി ഇവിടെ പറഞ്ഞിരിക്കുകയാണ്. ഇവിടെ കൊല്ലപ്പെട്ടത് ഇന്ത്യയാണ്, ഇന്ത്യ വീണ്ടും വീണ്ടും കൊല്ലപ്പെടുകയാണ്'.

28 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പ്രഖ്യാപിച്ചിരിക്കുന്നത്. പള്ളി പൊളിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 32 പേരെയും കോടതി വെറുതെ വിട്ടു. സാമൂഹ്യവിരുദ്ധരാണ് പള്ളി തകര്‍ത്തത്. തകര്‍ക്കാന്‍ നേതാക്കള്‍ ആഹ്വാനം ചെയ്തിട്ടില്ല. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകളില്ല. പള്ളിപൊളിച്ചതിന് തെളിവായി നല്‍കിയ ദൃശ്യങ്ങള്‍ കോടതി തള്ളി. മുന്‍കൂട്ടി തീരുമാനിച്ചത് പ്രകാരമല്ല മസ്ജിദ് തകര്‍ത്തത്. പെട്ടെന്നുണ്ടായ വികാരത്തിലാണെവന്നും ജസ്റ്റിസ് എസ് കെ യാദവ് പ്രഖ്യാപിച്ച വിധിയില്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in