‘സര്‍ക്കാര്‍ ഒരുക്കിയ സ്ഥലം കണ്ട് ബോധ്യപ്പെടാതെ അങ്ങോട്ടില്ല’; മരട് ഫ്‌ളാറ്റുടമകള്‍ ഒഴിഞ്ഞു തുടങ്ങി
മരടില്‍ സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ട ഫ്‌ളാറ്റുകളില്‍ നിന്നും ഉടമകള്‍ ഒഴിഞ്ഞു തുടങ്ങി. ഫ്‌ളാറ്റ് പൊളിക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് ഉടമകള്‍ ഒഴിയുന്നത്. സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്ന താമസ്ഥലങ്ങളിലേക്ക് പോകാന്‍ ഒരുക്കമല്ലെന്ന് ഗോള്‍ഡന്‍ കായലോരം, ആല്‍ഫ സെറീന്‍ ഫ്‌ളാറ്റുടമകളില്‍ ചിലര്‍ 'ദ ക്യൂ'വിനോട് പ്രതികരിച്ചു. സര്‍ക്കാര്‍ ഒരുക്കിയ സ്ഥലം കണ്ട് ബോധ്യപ്പെടാതെ അങ്ങോട്ട് മാറില്ല. വേറെയിടത്തേക്കാണ് മാറുന്നത്. തങ്ങള്‍ക്ക് സ്വകാര്യത വേണമെന്നും പരസ്യപ്രതികരണത്തിന് ഇല്ലെന്നും ഫ്‌ളാറ്റുടമകള്‍ വ്യക്തമാക്കി.
ഒഴിപ്പിക്കലിനെതിരെ ഒരു വിഭാഗം ഫ്‌ളാറ്റുടമകള്‍ നടത്തുന്ന നിരാഹാരസമരം തുടരുകയാണ്. ഉടമകളില്‍ ഒരാളായ ജയകുമാറാണ് ഹോളി ഫെയ്ത്ത് ഫ്‌ളാറ്റിനുമുന്നില്‍ നിരാഹാര സമരം നടത്തുന്നത്. ഒഴിയാന്‍ മതിയായ സമയം ലഭിച്ചില്ലെന്നും താല്‍ക്കാലിക നഷ്ടപരിഹാരം ഒഴിയുന്നതിന് മുന്‍പ് തന്നെ ലഭിക്കണമെന്നും ഫ്‌ളാറ്റുടമകള്‍ പ്രതികരിച്ചു.
ഒഴിയുന്നവര്‍ക്ക് വേണ്ടി 500 താല്‍ക്കാലിക പുനരധിവാസ കേന്ദ്രങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. പൊളിക്കാന്‍ ഉത്തരവിട്ട നാല് ഫ്‌ളാറ്റുകളിലുമായി 150 സ്ഥിരതാമസക്കാരുണ്ട്. വിച്ഛേദിച്ച ജല-വൈദ്യുത കണക്ഷനുകള്‍ നാല് ദിവസത്തേക്ക് പുനസ്ഥാപിക്കും.
മരടിലെ നാല് ഫ്‌ളാറ്റ് സമുച്ചയങ്ങളിലെ താമസക്കാര്‍ ഇന്ന് മുതല്‍ ഒഴിഞ്ഞു പോകണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ്. ഒഴിഞ്ഞുപോകാന്‍ നിര്‍ബന്ധിക്കുകയോ ബലംപ്രയോഗിക്കുകയോ ചെയ്യില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. പ്രത്യേക ചുമതലയുള്ള സബ്കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ ഫ്‌ളാറ്റുകള്‍ സന്ദര്‍ശിച്ചു. ഉദ്യോഗസ്ഥ സംഘം നാലായി തിരിഞ്ഞ് ഫ്‌ളാറ്റുകളിലെത്തി താമസക്കാരോട് സംസാരിച്ചു. ഒക്ടോബര്‍ മൂന്ന് വരെയാണ് ഒഴിയലിന് സമയം നല്‍കിയിരിക്കുന്നത്. ഒഴിഞ്ഞുപോകുന്നവര്‍ക്ക് താമസിക്കാന്‍ ഇടം കണ്ടെത്തി നല്‍കുമെന്നും വീട്ടുസാമഗ്രികള്‍ മാറ്റാന്‍ സര്‍ക്കാര്‍ സഹായം നല്‍കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു.
ഫ്‌ളാറ്റുകള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാനാണ് തീരുമാനം. കാലതാമസം വരുത്തുന്നുമെന്നതിനാലാണ് യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള പൊളിക്കല്‍ ഉപേക്ഷിക്കാന്‍ കാരണം. ചുറ്റുമുള്ള കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാത്ത വിധം ബില്‍ഡിങ് ഇടിഞ്ഞ് താഴേക്ക് വീഴ്ത്തുന്ന 'ഇംപ്ലോഷന്‍' രീതിയാകും പ്രയോഗിക്കുക. കെട്ടിടത്തിന്റെ തൂണുകളിലും ബീമുകളിലും സ്‌ഫോടക വസ്തുക്കള്‍ വെച്ച് പൊട്ടിക്കുന്നതാണ് ഇംപ്ലോഷന്‍.