അയിത്തവും തീണ്ടലും കൊവിഡ് കാലത്ത് പ്രസക്തമാണെന്ന് വാദിച്ച് ഇടതുപക്ഷ സംഘടനയായ പുരോഗമന കലാസാഹിത്യസംഘത്തിന്റെ സഹകരണത്തോടെ നിര്‍മ്മിച്ച ഹ്രസ്വചിത്രം. പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന സെക്രട്ടറിയും കവിയുമായ രാവുണ്ണി കേന്ദ്രകഥാപാത്രമായാണ് 'ഒരു തീണ്ടാപ്പാടകലെ' എന്ന പേരിലുള്ള ഷോര്‍ട്ട് ഫിലിം. കൊറോണാ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ പ്രാധാന്യവും ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്റെ പ്രസക്തിയും മുന്‍നിര്‍ത്തി ചെയ്ത ഷോര്‍ട്ട് ഫിലിം എന്നാണ് അവകാശവാദം.
സോഷ്യല്‍ ഡിസ്റ്റന്‍സിംഗിനെ കീഴ്ജാതിയില്‍പ്പെട്ട മനുഷ്യര്‍ നേരിട്ട അയിത്താചരണത്തിനുള്ള പ്രയോഗമായ തീണ്ടാപ്പാടകലെ എന്നും ഷോര്‍ട്ട് ഫിലിമില്‍ ഉപയോഗിച്ചിരിക്കുന്നു. ക്ഷേത്രക്കുളത്തിലെ കുളി കഴിഞ്ഞ ശേഷം അമ്പലത്തിലെത്തുന്ന ബ്രാഹ്മണന്‍ ദളിതനായ അയ്യപ്പനില്‍ നിന്ന് അകന്ന് നില്‍ക്കാനൊരുങ്ങുന്നിടത്താണ് ഷോര്‍ട്ട് ഫിലിം തുടങ്ങുന്നത്. തീണ്ടലിനെയും തൊട്ടുകൂടായ്മയെയും സോഷ്യല്‍ ഡിസ്റ്റന്‍സിംഗിന്റെ വ്യാഖ്യാനമാക്കിയാണ് ഹ്രസ്വചിത്രം. നാടകപ്രവര്‍ത്തകനായ എം ആര്‍ ബാലചന്ദ്രനാണ് ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
പുരോഗമന കലാസാഹിത്യസംഘം തൃശൂര്‍ ജില്ലാകമ്മിറ്റിയും നാടകസൗഹൃദം തൃശൂരും ചേര്‍ന്നാണ് ഷോര്‍ട്ട് ഫിലിം നിര്‍മ്മിച്ചിരിക്കുന്നത്.
വിയോജിപ്പുമായി പുകസ മുന്‍ സെക്രട്ടറിയും നിരൂപകനുമായ ജി പി രാമചന്ദ്രന്‍
കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍, പ്രതിരോധ നടപടികളില്‍ മുഖ്യമാണ് മനുഷ്യര്‍ തമ്മില്‍ പാലിക്കേണ്ട അകലം. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് എന്ന പേരിലാണ് ലോകമാകെ ഈ അകലത്തിനായുള്ള നിര്‍ദ്ദേശം നിര്‍വചിക്കപ്പെട്ടിരിക്കുന്നത്. മനുഷ്യര്‍ തമ്മിലുള്ള സമ്പര്‍ക്കത്തിലൂടെ പകരുന്ന സമാന വൈറസുകളുടെ പടര്‍ച്ചക്കാലത്തൊക്കെ മുന്‍കാലത്തു തന്നെ ഈ പദവും ഈ പ്രതിരോധ മാര്‍ഗ്ഗവും പ്രചാരത്തിലായിരുന്നു. സാമൂഹിക അകലം എന്നാണിതിന്റെ മലയാളവിവര്‍ത്തനമായി സകലരാലും സ്വീകരിക്കപ്പെട്ടിട്ടുള്ളത്.
ലോകത്തു തന്നെ സമാനതകളില്ലാത്ത വിധത്തില്‍ കോവിഡ് പ്രതിരോധത്തില്‍ നൂതനവും ആത്മാര്‍ത്ഥവും മനുഷ്യത്വപൂര്‍ണവും ശാസ്ത്രീയവും ദീര്‍ഘവീക്ഷണപരവുമായ നടപടികള്‍ എടുത്തു വരുന്ന കേരള സര്‍ക്കാര്‍, നമ്മുടെ സ്വന്തം ഭാഷയായ മലയാളത്തില്‍ ഈ പദത്തിനെ ചെറിയ മാറ്റം വരുത്തി പ്രയോഗിക്കാന്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. ശാരീരിക അകലം എന്നായിരുന്നു അത്. അതോടൊപ്പം സാമൂഹികത എന്ന മാനവികതയുടെ ഏറ്റവും സമുന്നതമായ സമ്പര്‍ക്ക രീതിയെ ഉയര്‍ത്തിപ്പിടിക്കാന്‍ വേണ്ടി, സാമൂഹിക ഒരുമ എന്നു കൂടി ചേര്‍ത്തുകൊണ്ടാണ് പ്രചരിപ്പിക്കപ്പെട്ടിട്ടുള്ളത്.
ദീര്‍ഘമായ ഈ ആമുഖം എഴുതേണ്ടി വന്നത്; അയിത്തവും ജാത്യഹങ്കാരവും അടക്കമുള്ള അശ്ലീലമായ ദുര്‍ഭൂതങ്ങളെ ഈ പ്രതിരോധ നടപടിയുടെ ഭാഗമായി പുനരാനയിക്കാനും ന്യായീകരിക്കാനും സാധൂകരിക്കാനും ചരിത്രവത്ക്കരിക്കാനും സര്‍വാംഗീകാരം നേടിയെടുക്കാനും ഉള്ള ചില സവര്‍ണശക്തികളുടെ പരിശ്രമം എന്ന വൃത്തിഹീനത കണ്ടതിനെ തുടര്‍ന്നാണ്. (അതേതാണ്, എന്താണ്, ആരാണ് എന്നൊന്നും വിശദീകരിച്ച് അത്തരം ചവറുകള്‍ക്ക് അതിദൃശ്യത കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല).
ഫാസിസ്റ്റാശയക്കാരായ സവര്‍ണ ജാത്യഹങ്കാരികളില്‍ നിന്ന് കോവിഡിന്റെ മറവില്‍ അയിത്തത്തെ പുനസ്ഥാപിക്കാനുള്ള ചില ശ്രമങ്ങളുണ്ടായി. കേരള സമൂഹം അതിനെ അപ്പോള്‍ തന്നെ ചെറുത്തു തോല്പിച്ചു. ഇടതു വായാടികള്‍ അഥവാ വലതു മായാവികള്‍ എന്ന വിഭാഗത്തില്‍ പെട്ട ചിലര്‍ ഇത്തരം അയിത്ത പുനരാനയനത്തെയും ജാത്യഹങ്കാരത്തെയും മഹത്വവത്ക്കരിക്കുന്നതിന് ഇപ്പോള്‍ നടത്തുന്ന ശ്രമങ്ങളെയും സര്‍വ ശക്തിയുമുപയോഗിച്ച് അപലപിക്കുന്നു.