The New Indian Express
The New Indian Express

സൗജന്യ റേഷനില്ല, കൃത്യമായ കാലാവസ്ഥ മുന്നറിയിപ്പുമില്ല; വാഗ്ദാനലംഘനങ്ങള്‍ എണ്ണിപ്പറഞ്ഞ് ‘കേരളത്തിന്റെ സൈന്യം’

Published on

കാറ്റും പേമാരിയും കടല്‍ക്ഷോഭവും ട്രോളിങ് നിരോധനവുമെല്ലാം നല്‍കുന്ന മറ്റൊരു കയ്പുകാലം കൂടി അനുഭവിക്കുകയാണ് തീരദേശജനത. ഓഖി ദുരന്തത്തിനും പ്രളയകാല രക്ഷാപ്രവര്‍ത്തനത്തിനും ശേഷം പ്രഖ്യാപിച്ച എല്ലാ വാഗ്ദാനങ്ങളും ലംഘിക്കപ്പെട്ടെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ട്രോളിങ് നിരോധനകാലത്ത് പ്രഖ്യാപിച്ച സൗജന്യ റേഷന്‍ ലഭിക്കുന്നില്ല, കടലില്‍ അപകടത്തില്‍ പെടാതിരിക്കാന്‍ കൃത്യമായ കാലാവസ്ഥ മുന്നറിയിപ്പ് ലഭിക്കുന്നില്ല, മറൈന്‍ ആംബുലന്‍സും കടലില്‍ പോകുന്നവരുമായി ആശയവിനിമയം നടത്താനുള്ള നാവിക് സംവിധാനവും നടപ്പിലായില്ല, സൗജന്യമെന്ന് പറഞ്ഞ സേഫ്റ്റി കിറ്റിന് പണം കൊടുക്കേണ്ട അവസ്ഥ, ശാശ്വതമല്ലാത്ത ജിയോ ബാഗുകളേയും കടലെടുത്ത് തുടങ്ങി, കടലാക്രമണമുണ്ടാകുമ്പോള്‍ മാറ്റിപ്പാര്‍പ്പിക്കുന്ന ഇടങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ല. മത്സ്യത്തൊഴിലാളികളുടെ ഇല്ലായ്മയുടേയും ദുരിതങ്ങളുടേയും പട്ടിക നീണ്ടതുതന്നെയാണ്.

കാലാവസ്ഥ മുന്നറിയിപ്പ് അവഗണിച്ച് കടലില്‍ പോകുന്നത് എന്തിനാണെന്നുള്ള സര്‍ക്കാരിന്റേയും മറ്റുള്ളവരുടേയും ചോദ്യത്തോട് മത്സ്യത്തൊഴിലാളികള്‍ വീണ്ടും ആ മറുചോദ്യം ആവര്‍ത്തിക്കുകയാണ്. 'ഞങ്ങളുടെ പട്ടിണി ആര് മാറ്റും?'. തീരസംരക്ഷണത്തിനും മത്സ്യത്തൊഴിലാളിയുടെ രക്ഷയ്ക്കുമായി പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും ഫലപ്രദമായി നടപ്പാക്കപ്പെടുന്നില്ലെന്നാണ് തീരദേശജില്ലകളിലെ മത്സ്യത്തൊഴിലാളികള്‍ ഈ മഴക്കാലത്തും പറയുന്നത്. കാലവര്‍ഷക്കെടുതി ജീവിതത്തെ ഉലയ്ക്കുമ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച റേഷന്‍ പോലും പത്രത്തിലൊതുങ്ങിപ്പോയെന്ന് തിരുവനന്തപുരം പുതിയ തുറയിലെ മത്സ്യത്തൊഴിലാളിയായ റൂബിന്‍ പറയുന്നു.

രണ്ട് തവണ റേഷന്‍കടയില്‍ പോയി. ട്രോളിംഗ് നിരോധന സമയത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ ചോദിച്ചു. പത്രത്തില്‍ മാത്രമാണ് കണ്ടതെന്നും റേഷനരി കടയിലെത്തിയില്ലെന്നുമാണ് കടക്കാരന്‍ പറഞ്ഞത്. എന്തിനാണ് ഞങ്ങളുടെ കണ്ണില്‍ പൊടിയിടുന്നത്?  

റൂബിന്‍

റേഷന്‍ കടകളിലൂടെ തങ്ങള്‍ക്കായി വിതരണം ചെയ്യുന്ന അരി അരി ഗുണനിലവാരം കുറഞ്ഞതാണെന്നും മത്സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാണിക്കുന്നു.

രണ്ട് രൂപയ്ക്കും ഏഴ് രൂപയ്ക്കും റേഷനരി വാങ്ങാന്‍ കഴിയുന്നവരാണ് മത്സ്യത്തൊഴിലാളികള്‍. കടലിലെത്തി രാത്രി കഴിക്കാനെടുത്താല്‍ കേടായിട്ടുണ്ടാകും. മത്സ്യത്തൊഴിലാളികളെ സഹായിച്ചുവെന്ന് കാണിച്ച് ഒളിച്ചോടുകയാണ് സര്‍ക്കാര്‍.

ഷീബ പാട്രിക്, വലിയതുറ വാര്‍ഡ് കൗണ്‍സിലര്‍  

അപകടത്തിലാക്കുന്ന കാലാവസ്ഥ മുന്നറിയിപ്പുകള്‍

കൃത്യമായ കാലാവസ്ഥ മുന്നറിയിപ്പുകള്‍ ലഭിക്കുന്നില്ലെന്നതാണ് കടലില്‍ അകപ്പെടുന്നതിന് പ്രധാന കാരണമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തോടുള്ള ആളുകളുടെ വിശ്വാസം നഷ്ടപ്പെട്ടിട്ടുണ്ട്. കാറ്റുണ്ടെന്ന മുന്നറിയിപ്പ് പലപ്പോഴും വെറുതെയാകുന്നുവെന്നതിനാല്‍ കടലില്‍ പോകാന്‍ മത്സ്യത്തൊഴിലാളികളെ പ്രേരിപ്പിക്കുന്നുവെന്ന് മത്സ്യത്തൊഴിലാളി മേഖലയിലെ ഗവേഷകനായ കുമാര്‍ ചൂണ്ടിക്കാണിക്കുന്നു.

ഓഖി ശേഷം സര്‍ക്കാറിന്റെയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെയും ഭാഗത്ത് നിന്ന് നിരന്തരം മുന്നറിയിപ്പുകളുണ്ടാകുന്നു. അതൊന്നും ശരിയായിരുന്നില്ല. മുന്നറിയിപ്പുകള്‍ അനുസരിക്കുന്നവര്‍ക്ക് കുടുംബം പോറ്റാനുള്ള പണം കിട്ടുന്നില്ല. മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കാറ്റുള്ളപ്പോഴാണ് മത്സ്യബന്ധനം നടത്തുന്നത്. 32 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുമെന്ന് വരുമ്പോള്‍ തന്നെ അലര്‍ട്ട് കൊടുത്ത് തുടങ്ങുന്നു. ഓഖിക്ക് ശേഷം 35 കിലോമീറ്ററില്‍ കാറ്റ് വീശുമെന്ന് അറിയിപ്പുണ്ടായാല്‍ കടലില്‍ പോകാന്‍ മടിയാണ്.
The New Indian Express
‘സമരക്കാര്‍ മീന്‍ കച്ചവടക്കാരും വക്കീലന്‍മാരും’; യൂണിവേഴ്‌സിറ്റി കോളേജിലേത് വെറും അടിപിടിയെന്ന് എ വിജയരാഘവന്‍

പരമ്പരാഗതമായി തങ്ങള്‍ക്ക് ലഭിച്ച അറിവുകളെ കൂടി വിശ്വാസത്തിലെടുക്കാന്‍ സംസ്ഥാന സര്‍ക്കാറും ദുരന്തനിവാരണ സേനയും തയ്യാറാവണമെന്ന് മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെടുന്നു.കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ നാല് മത്സ്യത്തൊഴിലാളികളെ ആഴക്കടലില്‍ കാണാതായിരുന്നു. പുല്ലുവിള സ്വദേശികളായ യേശുദാസന്‍, ആന്റണി, പുതിയതുറ സ്വദേശികളായ ബെന്നി, ലൂയിസ് എന്നിവരെ കണ്ടെത്തുന്നതിനായി നാവികസേനയുടെ ഹെലികോപ്റ്ററുകളും തിരച്ചില്‍ നടത്തിയിരുന്നു. രണ്ട് ബോട്ടുകളും ഉണ്ടായിരുന്നങ്കിലും കണ്ടെത്താന്‍ ഇവര്‍ക്ക് കഴിയാതിരുന്നത് മത്സ്യത്തൊഴിലാളികളെ വിശ്വാസത്തിലെടുക്കാത്തത് കൊണ്ടാണെന്ന് ഇവര്‍ വിമര്‍ശിക്കുന്നു. മത്സ്യത്തൊഴിലാളികള്‍ ദിശ നോക്കി പോയി കടലിലകപ്പെട്ടവരെ രക്ഷിച്ചത് പരമ്പരാഗത അറിവുകളുടെ സഹായത്തോടെയാണെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ നേതാവ് പീറ്റര്‍ ചൂണ്ടിക്കാണിക്കുന്നു.

ഗുജറാത്തില്‍ ചുഴലിക്കാറ്റ് വന്നപ്പോള്‍ കേരളത്തില്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് കൊടുത്തവരാണ്. ചന്ദ്രയാനും ചൊവ്വദൗത്യവും പൂര്‍ത്തിയാക്കിവര്‍ക്ക് മത്സ്യത്തൊഴിലാളികള്‍ക്ക് കൃത്യമായി കാലാവസ്ഥ മുന്നറിയിപ്പ് നല്‍കാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്. അമ്പത് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കുന്നുവെന്ന് പറയുമ്പോള്‍ മത്സ്യത്തൊഴിലാളി ഭയക്കില്ലെന്നും പീറ്റര്‍ പറയുന്നു .

കാലാവസ്ഥ അറിയിപ്പുകളെ അവഗണിച്ചും കടലില്‍ പോകാന്‍ നിര്‍ബന്ധിക്കെപ്പെടുന്നതായി ആരോപണമുണ്ട്. ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കി. മഴക്കാലത്ത് തിര ശക്തമായതിനാല്‍ പൂവ്വാര്‍ മുതല്‍ പൂന്തുറ വരെയുള്ളവര്‍ വിഴിഞ്ഞത്താണ് മത്സ്യബന്ധനം നടത്തുന്നത്. ഓരോ ദിവസവും ഇവിടെയെത്തി മത്സ്യബന്ധനത്തിന് പോകുന്നതിന്റെ ചിലവ് കൂടുതലാണെന്നും കടം പെരുകുന്നുവെന്നുമാണ് ബോട്ടുടമകളുടെ വാദം.

The New Indian Express
‘ഭരണഘടനാ ലംഘനം, വംശീയ വാദം’; ചിദംബരേഷ് ജസ്റ്റിസ് പദവി രാജിവെയ്ക്കണമെന്ന് സണ്ണി എം കപിക്കാട്  

തീരമണയാത്ത മറൈന്‍ ആമ്പുലന്‍സും നാവിക്കും

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മന്ത്രിസഭ തീരുമാനിച്ച പദ്ധതിയാണ് മറൈന്‍ ആമ്പുലന്‍സ്. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റ് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും പദ്ധതി നടപ്പാക്കപ്പെട്ടില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. കടലില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ ഇതിലൂടെ കഴിയുമെന്നാണ് ഇവര്‍ പറയുന്നത്. മത്സ്യബന്ധനത്തിനിടെ അപകടമുണ്ടാകുമ്പോഴും അസുഖം ബാധിക്കുമ്പോഴും തൊഴിലാളികള്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കാന്‍ കഴിയും. മൂന്ന് മറൈന്‍ ആമ്പുലന്‍സ് വാങ്ങുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കൊച്ചി കപ്പല്‍ശാലയുമായി കഴിഞ്ഞ വര്‍ഷം ധാരണയായിരുന്നു. അഞ്ച് മീറ്റര്‍ നീളവും 5.99 മീറ്റര്‍ വലിപ്പവുമുള്ള കപ്പലിന് 14 നോട്ടിക്കല്‍ വേഗതയുണ്ടാകും. ഇന്ധനക്ഷമതയും കൂടുതലാണ്. പാരാമെഡിക്കല്‍ ജീവനക്കാരും രോഗികളും ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന ആമ്പുലന്‍സില്‍ മെഡിക്കല്‍ ബെഡ്, മോര്‍ച്ചറി ഫ്രീസര്‍, റഫ്രിജറേറ്റര്‍, പരിശോധന റൂം എന്നിവയൊക്കെ ഉണ്ടാകും. രക്ഷാപ്രവര്‍ത്തനം കൂടുതല്‍ വേഗത്തിലാക്കാന്‍ സഹായിക്കുമെന്നതാണ് ഇതിന്റെ മേന്‍മ.

കടലില്‍ പോകുന്ന തൊഴിലാളികളുമായുള്ള ആശയവിനിമയം ഫലപ്രദമായി നടക്കുന്നില്ലെന്ന പരാതിയെത്തുടര്‍ന്ന് നാവിക്ക് സംവിധാനം സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചു. ഓഖിദുന്തമുണ്ടായപ്പോള്‍ കടലില്‍ പോയവരെ കാലാവസ്ഥയിലെ മാറ്റം അറിയിക്കാന്‍ കഴിത്തത് ദുരന്തത്തിന്റെ വ്യാപ്തിക്ക് കാരണായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഐഎസ്ആര്‍ഒയുമായി ചേര്‍ന്നുള്ള മുന്നറിയിപ്പ് സംവിധാനത്തിന് തുടക്കമിട്ടത്. കരയില്‍ നിന്നും 1500 കിലോമീറ്റര്‍ അകലെ വരെയുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുന്ന ഉപകരണം ബോട്ടുകളില്‍ ഘടിപ്പിക്കും. കാറ്റിന്റെ ഗതി, മഴ, കടല്‍ക്ഷോഭം, ന്യൂനമര്‍ദ്ദം എന്നിവ സംബന്ധിച്ച മുന്നറിയിപ്പുകള്‍ നല്‍കാന്‍ കഴിയും. ആദ്യഘട്ടത്തില്‍ 500 ബോട്ടുകളില്‍ നാവിക് സംവിധാനം ഏര്‍പ്പെടുത്തി. മുന്നറിയിപ്പ് മാത്രം പോരെന്നും മത്സ്യത്തൊഴിലാളികള്‍ക്കും ആവശ്യങ്ങളും അവസ്ഥയും അറിയിക്കാനുള്ള സൗകര്യം വേണമെന്ന നിര്‍ദേശം വന്നു. ഇതിനെത്തുടര്‍ന്ന് പദ്ധതി പരിഷ്‌കരിക്കുന്നതിനായി ഐഎസ്ആര്‍ഒയോടും കെല്‍ട്രോണിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും നടപ്പായില്ല.

സേഫ്റ്റി കിറ്റ് പദ്ധതിയുടെ ഫലപ്രദമല്ലെന്നാണ് മത്സ്യത്തൊഴിലാളികളും സംഘടനകളും പറയുന്നത്. സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ച പദ്ധതിക്ക് മൂവായിരം രൂപ വരെ ചിലവിടേണ്ടി വരുന്നു. രണ്ട് തരം വില ഈടാക്കുന്നതായും മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നു.

എല്ലാ തൊഴിലാളിക്കും ലൈഫ് ജാക്കറ്റ് നല്‍കിയിട്ടുണ്ട്. അത് ധരിച്ചാല്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുമെന്നും സര്‍ക്കാര്‍ പറയുന്നത്. ഓഖിക്ക് ശേഷം 250 രൂപ സബ്‌സിഡി നിരക്കില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ലൈഫ് ജാക്കറ്റ് നല്‍കിയിരുന്നു. ഇത് മിക്കവരും ഉപയോഗിക്കുന്നില്ല. അഞ്ച് പേര് പോകുന്ന ബോട്ടില്‍ ഇത്രയധികം ജാക്കറ്റുകള്‍ വയ്ക്കാനുള്ള സ്ഥലമില്ലെന്നും ജോലി ചെയ്യാന്‍ ബുദ്ധിമുട്ടാണെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

കടലില്‍ വീണാല്‍ പൊങ്ങിക്കിടക്കുമെന്നാണ് ലൈഫ് ജാക്കറ്റിന്റെ പ്രയോജനം. അങ്ങനെ വരുമ്പോള്‍ കടലിന്റെ അടി പിന്നിയും സഹിക്കേണ്ടി വരും. ലൈഫ്ജാക്കറ്റ് ധരിച്ചാല്‍ വെള്ളത്തിനടിയിലേക്ക് താഴാന്‍ പറ്റില്ല. വള്ളത്തില്‍ കൊണ്ടു പോകാന്‍ കഴിയുന്ന തരത്തിലുള്ള ലൈഫ് ജാക്കറ്റ് നല്‍കണം. മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടതാണ് സര്‍ക്കാര്‍ നല്‍കേണ്ടത്.

മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന് വേണ്ടത്ര സജ്ജീകരണങ്ങളും സംവിധാനങ്ങളും ഇപ്പോഴും ഒരുക്കിയിട്ടില്ലെന്നും ആരോപണമുണ്ട്. വാടകക്കെടുത്തിട്ടുള്ള ബോട്ടുകള്‍ക്ക് മൈലേജ് കുറവാണ്.

The New Indian Express
‘സംവരണം സാമ്പത്തികമായി മാത്രമാക്കാന്‍ ശബ്ദമുയര്‍ത്തണം’; ബ്രാഹ്മണരേപ്പോലുള്ളവരാണ് ചുക്കാന്‍ പിടിക്കേണ്ടതെന്ന് ജസ്റ്റിസ് ചിദംബരേഷ്

ജിയോബാഗ് പരാജയമോ

വലിയതുറയില്‍ തീരത്ത് നിന്ന് ഏഴാമത്തെ വീടും കടലാക്രമണം നേരിടുകയാണ്. പട്ടയമുള്ള നികുതിയടക്കുന്ന വീടുകളാണ് തകരുന്നത്. ജില്ലാ കളക്ടറുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് മൂന്ന് കോടി രൂപ അടിയന്തരസഹായം അനുവദിച്ചിരുന്നു. ജിയോബാഗ് തീരത്തിടാന്‍ തീരുമാനിച്ചെങ്കിലും മണല്‍ക്ഷാമം കാരണം ക്ലേയാണ് നിറയ്ക്കുന്നത്. ശക്തമായ തിരയില്‍ ക്ല നിറച്ച ജിയോബാഗുകള്‍ നശിച്ച് തുടങ്ങി. മുപ്പത് വര്‍ഷം മുമ്പ് നിര്‍മ്മിച്ച കടല്‍ഭിത്തി തകര്‍ന്നു. തീരസംരക്ഷണത്തിനുള്ള ശാശ്വതമായ പദ്ധതി വേണമെന്നാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ആവശ്യപ്പെടുന്നത്.

ശക്തമായ കടലാക്രമണമുള്ള മേഖലകളില്‍ ജിയോ സിന്തറ്റിക് ബാഗ് സ്ഥാപിക്കാന്‍ ഈ മേഖലകളില്‍ പഠനം നടത്തിയ ഫ്രഞ്ച് സംഘമാണ് നിര്‍ദേശിച്ചത്. മണല്‍ നിറച്ച് ഇവ തീരത്ത് നിരത്തുകയാണ് പദ്ധതി. പോളി പ്രൊപ്പലീന്‍ ബാഗുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഒമ്പത് ജില്ലകളിലായി 21.5 കോടി രൂപയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എറണാകുളം ചെല്ലാനത്ത് ജിയോബാഗ് സ്ഥാപിക്കുന്നതില്‍ കരാറുകാരന്‍ വീഴ്ച വരുത്തിയതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. മഴക്കാലമാകുന്നതിന് തൊട്ട് മുമ്പായാണ് തീരത്തെ സംരക്ഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

കടലാക്രമണമുണ്ടാകുമ്പോള്‍ മാറ്റിപ്പാര്‍പ്പിക്കുന്ന ഇടങ്ങളില്‍ അടിസ്ഥാന സൗകര്യം പോലുമില്ലെന്നും ആരോപണമുണ്ട്. അമ്പത് കുടുംബങ്ങള്‍ക്ക് ഒരു ശുചിമുറിയാണ് ഉണ്ടാവുക.മുന്‍കൂട്ടി ഷെല്‍ട്ടര്‍ ഹോമുകള്‍ ഉണ്ടാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. സ്‌കൂളുകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പോകേണ്ടെന്നാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം. സമീപത്തുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ താമസിക്കുമെന്ന് ഇവര്‍ പറയുന്നു. വലിയതുറയില്‍ വീട് നഷ്ടപ്പെട്ടവര്‍ ഇപ്പോഴും ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുകയാണ്.

ദുരന്തം വന്ന് കഴിഞ്ഞ് ഡെഡ് ബോഡികളുടെ കണക്കെടുക്കയല്ല ദുരന്തനിവാരണ അതോറിറ്റിയുടെ ചുമതല. മത്സ്യത്തൊഴിലാളി ആയതുകൊണ്ടാവും അവജ്ഞയോടെ കാണുന്നത്. സര്‍ക്കാറിന് രണ്ടാംതര പൗരന്‍മാരാണ് മത്സ്യത്തൊഴിലാളികള്‍. മത്സ്യത്തൊഴിലാളി നാല് ദിവസം കടലില്‍ കിടന്നാലും എഴുന്നേറ്റ് വരും. മറ്റ് സമൂഹത്തിലാണെങ്കില്‍ ആള് ജീവനോടെ ഉണ്ടാകില്ല. മത്സ്യത്തൊഴിലാളിയുടെ ആത്മധൈര്യം കൊണ്ടാണ് രക്ഷപ്പെടുന്നത്. അത്യാവശ്യം നല്ല മീന്‍ കഴിക്കുന്നത് കൊണ്ട് പ്രോട്ടീനും ശരീരത്തിലുണ്ടാകും. 

ടി പീറ്റര്‍, സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍  

logo
The Cue
www.thecue.in