ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്തതിനാല്‍ വിദ്യാഭ്യാസം മുടങ്ങുമെന്ന ഭീതിയില്‍ സംസ്ഥാനത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍. സര്‍വകലാശാലകള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചെങ്കിലും കംമ്പ്യൂട്ടറോ നെറ്റ് കണക്ഷനോ മിക്കവര്‍ക്കും ഇല്ല. പഠനത്തിനുള്ള സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചെങ്കിലും തീരുമാനമായില്ല.
കേരള, എംജി, കാലടി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന 40 ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്തത്. എറണാകുളം മഹാരാജാസ് കോളേജിലെ നാല് വിദ്യാര്‍ത്ഥികളും ഇക്കൂട്ടത്തിലുണ്ട്. കമ്പ്യൂട്ടറില്ലാത്തതിനാല്‍ പ്രൊജക്ടുകള്‍ കൃത്യമായി സമര്‍പ്പിക്കാന്‍ കഴിയുന്നില്ലെന്ന് കാര്യവട്ടം ക്യാമ്പസിലെ പൊളിറ്റക്കല്‍ സയന്‍സ് പിജി വിദ്യാര്‍ത്ഥി മനുഷ പറയുന്നു.
ഫോണില്‍ ടൈപ്പ് ചെയ്ത് പ്രൊജക്ടുകള്‍ തയ്യാറാക്കാന്‍ വലിയ ബുദ്ധിമുട്ട് നേരിടുന്നു. സാമൂഹ്യമായും സാമ്പത്തികമായും പ്രശ്‌നങ്ങള്‍ ഞങ്ങള്‍ നേരിടുന്നുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ പഠനം അവസാനിപ്പിക്കേണ്ടി വരും.
മനുഷ
ലോഡ്ജുകളിലും ഷെല്‍ട്ടര്‍ ഹോമുകളിലും താമസിക്കുന്നവര്‍ക്കും പഠനാന്തരീക്ഷം ഒരുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഐഡന്റിറ്റി വെളിപ്പെടുത്താത്തവരും സര്‍ക്കാര്‍ സഹായം പോലും കിട്ടാതെ പഠനം ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്.
സൂം വഴിയുള്ള ക്ലാസില്‍ മൊബൈല്‍ വഴി പങ്കെടുക്കുന്നവര്‍ക്കും ഫോണ്‍ റീച്ചാര്‍ജ്ജ് ചെയ്യാന്‍ പണം ഇല്ലാത്ത സാഹചര്യമുണ്ടെന്നും വിദ്യാര്‍ത്ഥിയായ റിയ പറയുന്നു. വൈഫൈ സൗകര്യങ്ങളും ഇവര്‍ക്കില്ല.
ഓണ്‍ലൈന്‍ പഠനത്തിനുള്ള സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സാമൂഹ്യനീതി വകുപ്പിനെ സമീപിച്ചിരുന്നു. എന്നാല്‍ ഇതില്‍ തീരുമാനം നീളുകയാണ്. ദളിത്- ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികളും വിദ്യാഭ്യാസമേഖലയില്‍ നിന്നും പിന്‍തള്ളപ്പെടുന്ന സാഹചര്യമാണെന്ന് ക്വിയര്‍ഥം പ്രസിഡന്റ് പ്രിജിത്ത് പി കെ ചൂണ്ടിക്കാണിക്കുന്നു.
വിദ്യാഭ്യാസ രീതി മാറുമ്പോള്‍ ഇവര്‍ തഴയപ്പെടുകയാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി നിലനില്‍ക്കുന്ന സംസ്ഥാനത്താണ് ഈ വിദ്യാര്‍ത്ഥികള്‍ അവഗണിക്കപ്പെടുന്നത്. പരിഗണിക്കപ്പെടേണ്ട വിഷയത്തില്‍ ട്രാന്‍സ്‌ജെന്‍ഡറുകളെ ഉള്‍പ്പെടുത്താത്തത് ഉദ്യോഗസ്ഥതലത്തിലുള്ള അലംഭാവം കൊണ്ടാണ്.
പ്രിജിത്ത് പികെ