നിയമസഭ തെരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ കുമ്മനം രാജശേഖരനെ മത്സരിപ്പിക്കണമെന്ന് ബി.ജെ.പിയോട് ആര്‍.എസ്.എസ്. ബി.ജെ.പിയിലെ ഗ്രൂപ്പ് യുദ്ധത്തില്‍ കൃഷ്ണദാസ് പക്ഷത്തോടൊപ്പം നില്‍ക്കുന്ന കുമ്മനം രാജശേഖരന് സിറ്റിംഗ് സീറ്റ് നല്‍കാന്‍ കെ. സുരേന്ദ്രന്‍ വിഭാഗം തയ്യാറാകില്ലെന്നാണ് ബി.ജെ.പിയിലെ ഒരുവിഭാഗം കരുതുന്നത്. കുമ്മനം രാജശേഖരനെ തന്നെ മത്സരിപ്പിക്കണമെന്ന നിലപാടില്‍ ആര്‍.എസ്.എസ് ഉറച്ചു നിന്നാല്‍ പാര്‍ട്ടിയിലെ ഗ്രൂപ്പ് യുദ്ധം സങ്കീര്‍ണമാകും.
പ്രായത്തിന്റെ അവശതകള്‍ കാരണം ഒ.രാജഗോപാല്‍ ഇത്തവണ മത്സരരംഗത്തുണ്ടാകില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേമത്തിലൂടെയാണ് ബി.ജെ.പി നിയമസഭയില്‍ അകൗണ്ട് തുറന്നത്. ഒ.രാജഗോപാല്‍ നേമം മണ്ഡലത്തില്‍ കാര്യമായ വികസന പദ്ധതികള്‍ കൊണ്ടുവന്നിട്ടില്ലെന്ന വിമര്‍ശനം ബി.ജെ.പിക്കുള്ളില്‍ തന്നെയുണ്ട്. കുമ്മനം രാജശേഖരനെ മത്സരിപ്പിച്ചാല്‍ ഹിന്ദു വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാകില്ലെന്നാണ് ആര്‍.എസ്.എസിന്റെ വാദം. വികസനം ചര്‍ച്ചയായാലും തിരിച്ചടിയേല്‍ക്കില്ലെന്നും ആര്‍.എസ്.എസ് കണക്കുകൂട്ടുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലം അനുസരിച്ചായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക. വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായാല്‍ കുമ്മനം രാജശേഖരന്‍ തന്നെയായിരിക്കും സ്ഥാനാര്‍ത്ഥിയാകുക. ആര്‍.എസ്.എസിന് നിര്‍ണായ സ്വാധീനമുള്ള മേഖലയാണ് നേമമെന്നാണ് അവകാശപ്പെടുന്നത്. കുമ്മനം രാജശേഖരനെ മത്സരിപ്പിച്ചില്ലെങ്കില്‍ ബി.ജെ.പിയുടെ വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാകുമെന്നും ആര്‍.എസ്.എസ് മുന്നറിയിപ്പ് നല്‍കുന്നു. മത്സരിക്കാന്‍ കുമ്മനം രാജശേഖരന്‍ തയ്യാറായില്ലെങ്കില്‍ മാത്രം മറ്റ് പേരുകള്‍ പരിഗണിച്ചാല്‍ മതിയെന്നാണ് നിര്‍ദേശം.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരനെ 2018ല്‍ മിസോറാം ഗവര്‍ണറാക്കിയിരുന്നു. ഒരുവര്‍ഷത്തിന് ശേഷം സ്ഥാനം ഒഴിഞ്ഞ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരികയായിരുന്നു.ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തുപരം മണ്ഡലത്തില്‍ നിന്നും ജനവിധി തേടി. ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനെ മത്സരിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ബി.ജെ.പി സംസ്ഥാന നേതൃത്വവുമായി അകന്ന് കഴിയുന്ന കുമ്മനം രാജശേഖരന്‍ ചെങ്ങന്നൂര്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.