അധ്യാപകരും പഠിക്കേണ്ടതുണ്ട് ലിംഗ ന്യൂനപക്ഷമെന്തെന്ന്; വലതുപക്ഷ പ്രതിഷേധത്തില്‍ ജെന്‍ഡര്‍ ട്രെയിനിങ്ങ് എന്‍സിഇആര്‍ടി ഉപേക്ഷിക്കുമ്പോള്‍

അധ്യാപകരും പഠിക്കേണ്ടതുണ്ട് ലിംഗ ന്യൂനപക്ഷമെന്തെന്ന്; വലതുപക്ഷ പ്രതിഷേധത്തില്‍ ജെന്‍ഡര്‍ ട്രെയിനിങ്ങ് എന്‍സിഇആര്‍ടി ഉപേക്ഷിക്കുമ്പോള്‍
Published on

വിദ്യാഭ്യാസ മേഖലയിലെ ലിംഗപരമായ വിവേചനങ്ങള്‍ ഒഴിവാക്കാനും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ ഉള്‍ചേര്‍ക്കുന്നതിനുമായി അധ്യാപര്‍ക്ക് പരിശീലനം നല്‍കുന്നതിന് വേണ്ടി എന്‍.സി.ഇ.ആര്‍.ടി പുറത്തിറക്കിയ ട്രെയിനിങ്ങ് മെറ്റീരിയല്‍ വലതുപക്ഷ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചിരിക്കുകയാണ്. 'Inclusion of Transgender Children in School Education'' എന്ന പേരില്‍ പുറത്തിറക്കിയ ട്രെയിനിംഗ് മെറ്റീരിയല്‍ ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ അന്തരീക്ഷം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒരുക്കുന്നതിന് വേണ്ടിയാണ് തയ്യാറാക്കിയത്.

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ നേരിടുന്ന സാമൂഹികമായ വിവേചനം അവസാനിപ്പിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് തന്നെ തുടക്കമിടാനുള്ള ഉദ്ദേശ്യത്തോടു കൂടിയായിരുന്നു നിര്‍ദേശങ്ങള്‍ തയ്യാറാക്കിത്. ഇത് പിന്‍വലിച്ചത് ഖേദകരമായെന്ന് കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ഡോക്ടറായ പ്രിയ ദ ക്യുവിനോട് പറഞ്ഞു.

'ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ വിദ്യാഭ്യാസത്തില്‍ ഉള്‍പെടുത്തേണ്ടത് അത്യാവശ്യമാണ്. നിലവിലുള്ള വിദ്യാഭ്യാസ സിസ്റ്റത്തില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്സിനെക്കുറിച്ച് വ്യക്തമായ അവബോധം നല്‍കുന്നില്ല. മറ്റ് എല്ലാവരെയും പോലെയാണ് അവര്‍ എന്ന ചിന്തയാണ് ജനങ്ങള്‍ക്ക് ആദ്യം വേണ്ടത്. അവ വിദ്യാഭ്യാസത്തിലൂടെത്തന്നെ നല്‍കേണ്ടത് അത്യാവശ്യമാണ്. ഏത് സംഘടനയായാലും ആ വിദ്യാഭ്യാസം നല്‍കുന്നതിനെ തടയരുത്', കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ഡോക്ടറായ പ്രിയ ദി ക്യുവിനോട് പറഞ്ഞു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തുന്ന ലിംഗന്യൂനപക്ഷത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളെ കൈകാര്യം ചെയ്യാന്‍ അധ്യാപകര്‍ക്ക് അറിവ് വേണമെന്നും അതുകൊണ്ട് തന്നെ ട്രെയിനിങ്ങ് മെറ്റീരിയല്‍ പിന്‍വലിച്ച നടപടി നിരാശാജനകമാണെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ സംബന്ധമായ വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ വിന്‍ഷി പി.കെ ദി ക്യുവിനോട് പറഞ്ഞു.

'നമ്മുടെ സ്‌കൂളുകളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ ഒരുപാട് അവഗണന നേരിടുന്നുണ്ട്. ഒരുപാട് കുട്ടികള്‍ പഠനം നിര്‍ത്തിപ്പോകുന്നുമുണ്ട്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലിംഗന്യൂനപക്ഷത്തില്‍ ഉള്‍പ്പെട്ട കുട്ടി വരുന്നുവെങ്കില്‍ നമ്മുടെ ടീച്ചര്‍മാര്‍ക്ക് അവരെ കൈകാര്യം ചെയ്യാനുള്ള മിനിമം അറിവുണ്ടാകണം. കൃത്യമായ ജെന്‍ഡര്‍ എഡ്യൂകേഷനിലൂടെ നമുക്കവ പരിഹരിക്കാവുന്നതേയുള്ളൂ. അത്തരത്തിലൊരു വിദ്യാഭ്യാസം കിട്ടുക എന്നത് അംഗീകരിക്കേണ്ട കാര്യമാണ്, ഒട്ടും എതിര്‍ക്കപ്പെടേണ്ടതല്ല' വിന്‍ഷി പി.കെ പറഞ്ഞു.

ആണ്‍-പെണ്‍ എന്നീ വാക്കുകള്‍ക്കപ്പുറം അധ്യാപകരെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന അധ്യാപകര്‍ക്കുള്ള ട്രെയിനിങ്ങ് മെറ്റീരിയല്‍ ഒരുവര്‍ഷത്തെ നിരന്തര ഗവേഷണത്തിലൂടെയും വിവിധ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളോടും, മേഖലയിലെ വിദഗ്ധരോടും സംസാരിച്ച ശേഷമാണ് എന്‍.സി.ഇ.ആര്‍.ടി തയ്യാറാക്കിയത്. ട്രാന്‍സ്ജെന്‍ഡര്‍ ആര്‍ട്ടിസ്റ്റുകളായ ബിട്ടു കാവേരി രാജരാമന്‍, മധുരൈ ട്രാന്‍സ്ജെന്‍ഡര്‍ റിസര്‍ച്ച് സെന്റര്‍ ഹെഡ് ആയ പ്രിയ ബാബു തുടങ്ങിയ നിരവധി വിദഗ്ധരുടെ അഭിപ്രായവും ഗവേഷണങ്ങളും പരിഗണിച്ചിരുന്നു. മെറ്റീരിയലില്‍ പരാമര്‍ശിച്ചിട്ടുള്ള ജെന്‍ഡര്‍ അനുബന്ധമായി വിവിധ വാക്കുകള്‍ക്കെതിരെയും കനത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു.

സ്‌കൂളുകളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ ടോയിലറ്റുകള്‍ നിര്‍മ്മിക്കുക, ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമുകള്‍ അനുവദിക്കുക, വിദ്യാര്‍ത്ഥികളെ തങ്ങള്‍ക്ക് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ അനുവദിക്കുക തുടങ്ങിയ പുരോഗമനപരമായ നിര്‍ദേശങ്ങളടങ്ങളാണ് ട്രെയിനിങ്ങ് മെറ്റീരിയയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ റിപ്പോര്‍ട്ടില്‍ അപാകതകളുണ്ട് എന്ന വലതുപക്ഷ സംഘടനകളുടെയും വ്യക്തികളുടെയും ആരോപണത്തിന്മേലാണ് നാഷണല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് ഇടപെട്ട് മെറ്റീരിയല്‍ പിന്‍വലിപ്പിച്ചത്.

വിനയ് ജോഷി എന്ന മുന്‍ ആര്‍.എസ്.എസ് പ്രചാരകനാണ് റിപ്പോര്‍ട്ടില്‍ അപകകഥകള്‍ ഉണ്ടെന്നും, സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ മാനസികമായി തളര്‍ത്തുന്നതും അവരെ ആശയക്കുഴപ്പത്തിലാക്കുന്നതുമാണ് റിപ്പോര്‍ട്ട് എന്നാരോപിച്ച് രംഗത്തെത്തിയത്. പാശ്ചാത്യ സംസ്‌കാരം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവും മെറ്റീരിയലിനെതിരെ ഉയര്‍ന്നിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in