കേരള സംഗീതനാടക അക്കാദമിയുടെ ഓണ്‍ലൈന്‍ നൃത്തോത്സവം പരിപാടിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ ഡോ. ആര്‍.എല്‍.വി രാമകൃഷ്ണന് അവസരം നിഷേധിച്ചതിലും ആത്മഹത്യാ ശ്രമത്തിലും അക്കാദമിക്കെതിരെ പ്രതിഷേധങ്ങള്‍ ഉയരുകയാണ്. അക്കാദമി സെക്രട്ടറി എന്‍ രാധാകൃഷ്ണന്‍ നായര്‍ തനിക്ക് അവസരം നിഷേധിച്ചതായും, തന്നോട് സംസാരിച്ചിട്ടില്ലെന്ന ചെയര്‍ പേഴ്സണ്‍ കെപിഎസി ലളിത നടത്തിയ പ്രസ്താവന കൂറുമാറല്‍ ആണെന്നും രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആത്മഹത്യാ ശ്രമം.
ആര്‍എല്‍വി രാമകൃഷ്ണനെ അത്തരത്തില്‍ മാനസിക സംഘര്‍ഷത്തിലേക്ക് കടത്തിവിട്ടതിന് കാരണക്കാരയവര്‍ ശിക്ഷിക്കപ്പെടണമെന്ന് നാടക് സംസ്ഥാന ജനറല്‍ സെക്രട്ടറി ജെ ശൈലജ. ഇനി ഒരു ആര്‍ടിസ്റ്റിനും അത്തരത്തിലൊരു അവസ്ഥയുണ്ടാകാന്‍ പാടില്ല, അക്കാദമിയിലേക്ക് കടന്ന് ചെല്ലാന്‍ അവര്‍ക്ക് ധൈര്യമുണ്ടാകുന്ന അവസ്ഥയുണ്ടാവണമെന്നും ജെ ശൈലജ ദ ക്യുവിനോട് പറഞ്ഞു.
ആര്‍എല്‍വി രാമകൃഷ്ണന്‍ കേവലമൊരു അവസരം ചോദിച്ച് ചെന്നയാളാണ്, അവസരം ചോദിച്ച് ചെല്ലേണ്ട കാര്യമൊന്നുമില്ല, അവരെ വിളിച്ച് കൊടുക്കേണ്ടതാണ്. 5000 രൂപയുടെ പരിപാടിക്ക് കത്തുമായി അവിടെ ചെല്ലാനെല്ലാം പറയുന്നത് അക്കാദമിയുടെ ഭാരവാഹികളിലൊരാളാണ്, അവിടെ ചെല്ലുമ്പോള്‍ അവിടെയുണ്ടാകുന്ന അവസ്ഥ അത് അനുഭവിച്ചയാള്‍ക്കേ അറിയൂ, അത് രാമകൃഷ്‌ന്റേതാണ്, അത് വേറൊരാള്‍ക്കും ജഡ്ജ് ചെയ്യാന്‍ പറ്റില്ല, ആ ടോര്‍ച്ചര്‍ അയാള്‍ക്ക് താങ്ങാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല, ആ തിരസ്‌കാരമാണ് അയാളെ ഇതിലേക്ക് തള്ളിയിട്ടതെന്നും അതിന് പ്രേരിപ്പിച്ചവര്‍ ശിക്ഷിക്കപ്പെടേണ്ടതാണെന്നും ശൈലജ പറഞ്ഞു.
അതിന് പ്രേരിപ്പിച്ചയാളുകള്‍ ശിക്ഷിക്കപ്പെടേണ്ടതാണ്, ഏത് തരത്തിലുള്ള ശിക്ഷയെന്ന് ഞാന്‍ പറയുന്നില്ല, പക്ഷേ പൊളിറ്റിക്കലായിട്ടോ നിയമപരമായിട്ടോ, ഏത് തരത്തിലായാലും അവര്‍ എക്‌സ്‌പോസ് ചെയ്യപ്പെടണം. അവര്‍ക്ക് അതിനുള്ള ശിക്ഷ ലഭിക്കണം. ഇനി ആര്‍ക്കും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകാന്‍ പാടില്ല, അക്കാദമിയിലേക്ക് കടന്ന് ചെല്ലാന്‍ ആര്‍ടിസ്റ്റുകള്‍ക്ക് ധൈര്യമുണ്ടാകണം. അല്ലെങ്കില്‍ ഇത്തരത്തിലുള്ള സ്ഥാപനങ്ങളൊന്നും ആവശ്യമില്ല, പൊളിച്ച് കളയണം, ആളുകള്‍ക്ക് പ്രയോജനമില്ലെങ്കില്‍ എന്തിനാണ് ഈ സ്ഥാപനം,
ജെ ശൈലജ
ആര്‍ടിസ്റ്റുകളോട് മോശമായി പെരുമാറുന്ന പ്രവണത മുന്‍പും കേരള സംഗീത നാടക അക്കാദമിയിലുണ്ട് എന്ന് ശൈലജ പറയുന്നു. നാടക ആര്‍ടിസ്റ്റ് എന്ന തരത്തിലും, സംഗീത നാടക അക്കാദമിയുടെ ഇന്റര്‍നാഷണല്‍ തിയേറ്റര്‍ ഫെസ്റ്റിവലിന്റെ ആദ്യ ഡയറക്ടര്‍ എന്ന നിലയിലും ആ സ്ഥാപനത്തിന്റെ നടത്തിപ്പ് നന്നായി അറിയാവുന്നതാണ്. അത് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്, അവിടെ ആര്‍ടിസ്റ്റുകളോട് എങ്ങനെയാണ് പെരുമാറുന്നത് എന്നെല്ലാം നേരിട്ട് കണ്ടറിഞ്ഞിട്ടുണ്ട്. അവിടെ ഇക്കാര്യത്തില്‍ ജാതിവിവേചനം നടന്നോ എന്ന കാര്യത്തില്‍ എന്റെ കൈയ്യില്‍ തെളിവില്ല, പറഞ്ഞു കേട്ടറിവ് മാത്രമാണ് ഉള്ളത്, പക്ഷേ ആര്‍ടിസ്റ്റുകളോട് മോശമായി പെരുമാറുന്ന പ്രവണത അവിടെയുണ്ട്. മുന്‍പ് പലര്‍ക്കും അത്തരത്തില്‍ അനുഭവമുണ്ടായിട്ടുണ്ടന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും ശൈലജ ദ ക്യുവിനോട് വ്യക്തമാക്കി.
ഏത് സര്‍ക്കാരാകട്ടെ ഇതുപോലൊരു കലാസ്ഥാപനത്തിന്റെ തലപ്പത്തെക്ക് ഭാരവാഹികളെ നിയോഗിക്കുമ്പോള്‍ അവര്‍ക്ക് ഒരു എളിമയും മനുഷ്യസ്‌നേഹവും കലാപരമായ ക്വാളിറ്റിയുമൊക്കെ ആവശ്യമാണ്. ഇതൊന്നും ഇപ്പോള്‍ അക്കാദമിയുടെ ഭാരവാഹിത്വത്തിലിരിക്കുന്ന രണ്ട് പേര്‍ക്കുമില്ല, രാഷ്ട്രീയ നിലപാടില്ല, സാസ്‌കാരികമായ നൈതികതയില്ല, ആത്മാര്‍ത്ഥതയില്ല. ചെയര്‍പേഴ്‌സണ്‍ എന്ന വ്യക്തിയെ യാതൊരുവിധ കഴിവിന്റെയും മാനദണ്ഡത്തിലല്ല അവിടെ എടുത്തിരിക്കുന്നത്. അത് എന്തിനാണെന്ന് കേരളത്തിന്റെ സാംസ്‌കാരിക രംഗത്തുള്ള എല്ലാവരും ചോദിക്കുന്ന കാര്യമാണ്.
വ്യക്തിപരമായ അഭിപ്രായത്തില്‍ അക്കാദമിയിലെ ഒരാള്‍ ധാര്‍ഷ്ട്യത്തിന്റെ പ്രതീകവും മറ്റെയാള്‍ കഴിവുകേടിന്റെ പ്രതീകവുമാണ്, അത് രഹസ്യമല്ല, അത് ഇക്കാര്യത്തിലും സംഭവിച്ചിട്ടുണ്ട് ഒരാളുടെ ധാര്‍ഷ്ട്യവും മറ്റൊരാളുടെ കഴിവുകേടും ചേര്‍ന്ന് ഒരു വ്യക്തിയെ മാനസികമായി പീഡിപ്പിക്കുകയാണ് ചെയ്തത്.
ജെ ശൈലജ
രാമകൃഷ്ണന് അവസരം നിഷേധിച്ചതില്‍ നാടക് മുന്‍പ് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. സംഘടനയുടെ ഭാഗത്തു നിന്നുളള ഔദ്യോഗിക പ്രതികരണം ഉടന്‍ ഉണ്ടാകുമെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു.
ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം