ഇനി മാഷ് നയിക്കും, എം.വി.ഗോവിന്ദന്‍; പാര്‍ട്ടിയിലെ ക്രൈസിസ് മാനേജര്‍, സൈദ്ധാന്തികമുഖം

ഇനി മാഷ് നയിക്കും, എം.വി.ഗോവിന്ദന്‍; പാര്‍ട്ടിയിലെ ക്രൈസിസ് മാനേജര്‍, സൈദ്ധാന്തികമുഖം
Published on

സിപിഐഎം പ്രതിസന്ധിയിലും പ്രതിരോധത്തിലുമായ ഘട്ടങ്ങളില്‍ ക്രൈസിസ് മാനേജരുടെ റോള്‍ ഭംഗിയായ നിര്‍വഹിച്ച എം.വി ഗോവിന്ദന്‍ മാസ്റ്ററെ തേടി അപ്രതീക്ഷിതമായാണ് സംസ്ഥാന സെക്രട്ടറിയുടെ ചുമതലയെത്തുന്നത്. അരനൂറ്റാണ്ട് പിന്നിടുന്ന രാഷ്ട്രീയ ജീവിതത്തിന്റെ അനുഭവ സമ്പത്തിനൊപ്പമാണ് സി.പി.ഐ.എം കേന്ദ്രകമ്മിറ്റിയംഗം കൂടിയായ എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ സംസ്ഥാന സെക്രട്ടറി പദത്തിലെത്തുന്നത്.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎം ഒറ്റ സീറ്റിലേക്ക് ചുരുങ്ങിയപ്പോള്‍, അന്ന് ഇടതിനൊപ്പം ഉറച്ചുനിന്ന ആലപ്പുഴ മണ്ഡലത്തിലെ ഇലക്ഷന്‍ തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത് എം.വി ഗോവിന്ദനായിരുന്നു. എറണാകുളത്ത് വിഭാഗീയത മൂര്‍ഛിച്ച ഘട്ടത്തില്‍ ജില്ലാ സെക്രട്ടറിയുടെ നിയോഗവും എം.വി ഗോവിന്ദന്‍മാസ്റ്റര്‍ക്കായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരും അണികളും മാഷ് എന്ന് വിളിക്കുന്ന എം.വി ഗോവിന്ദന്‍ സിപിഐഎം നേതൃ നിരയിലെ സൗമ്യ സാന്നിധ്യവും സൈദ്ധാന്തിക മുഖവുമാണ്. പാര്‍ട്ടിയുടെ നയവ്യതിയാനങ്ങളിലേക്കോ പ്രത്യയശാസ്ത്രങ്ങളിലേക്കോ വിരല്‍ചൂണ്ടുന്ന ഏത് ചര്‍ച്ചകളിലും വിവാദങ്ങളിലും ആരോപണങ്ങളിലും മാര്‍ക്‌സിയന്‍ വാദമുഖങ്ങളുമായി നിയമസഭയിലും പുറത്തും എം.വി.ഗോവിന്ദന്റെ സാന്നിധ്യമുണ്ടായിരുന്നു.

2002 മുതല്‍ 2006വരെ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ഗോവിന്ദന്‍ മാസ്റ്റര്‍ നിലവില്‍ കേന്ദ്രകമ്മിറ്റിയംഗവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമാണ്.

രണ്ടാം പിണറായി മന്ത്രിസഭയില്‍ എക്സൈസ്, തദ്ദേശ സ്വയംഭരണം എന്നീ രണ്ട് സുപ്രധാന വകുപ്പുകളുടെ ചുമതല നിര്‍വഹിക്കവേയാണ് എംവി ഗോവിന്ദനെ തേടി സംസ്ഥാന സെക്രട്ടറിയുടെ നിയോഗമെത്തുന്നത്. ഇടതുസര്‍ക്കാരിന് ഭരണത്തുടര്‍ച്ചയുണ്ടായപ്പോള്‍ എംവി ഗോവിന്ദന്‍ മാത്രമാണ് കണ്ണൂര്‍ ജില്ലയില്‍ നിന്ന് പിണറായി വിജയനൊപ്പം മന്ത്രിയായത്. ലൈഫ് മിഷനുള്‍പ്പെടെയുള്ള ഒന്നാം പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടു പോകുക എന്ന ഉത്തരവാദിത്തമായിരുന്നു എംവി ഗോവിന്ദനുണ്ടായത്.

കര്‍ഷക സമരഭൂമിയായ കണ്ണൂരിലെ മൊറാഴയിലാണ് ജനനം. അടിയന്തരാവസ്ഥക്കെതിരായ സമരങ്ങളില്‍ പൊലീസ് മര്‍ദ്ദനത്തിന് ഇരയായി നാല് മാസം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. 1969ലാണ് പാര്‍ട്ടി അംഗമാകുന്നത്. കെ.എസ്.എഫ് പ്രവര്‍ത്തകനും പിന്നീട് ഡിവൈഎഫ്ഐ ആദ്യ സംസ്ഥാന പ്രസിഡന്റുമായി.

തളിപ്പറമ്പ് ഇരിങ്ങല്‍ യുപി സ്‌കൂളിലെ കായികാധ്യാപകനായിരുന്ന എം.വി ഗോവിന്ദന്‍ മുഴുവന്‍ സമയരാഷ്ട്രീയ പ്രവര്‍ത്തനത്തിനായി പിന്നീട് വിരമിച്ചു. 1996 മുതല്‍ 2006 വരെ തളിപ്പറമ്പില്‍ നിന്ന് എം.എല്‍.എയായിരുന്നു. ഇക്കുറിയും തളിപ്പറമ്പില്‍ നിന്നാണ് നിയമസഭയിലെത്തിയത്.

കര്‍ഷകത്തൊഴിലാളി യൂണിയന്‍ സംസ്ഥാന പ്രസിഡന്റും പിന്നീട് ദേശാഭിമാനി ചീഫ് എഡിറ്ററുമായിരുന്നു. വൈരുദ്ധ്യാത്മക ഭൗതികവാദം ഇന്ത്യന്‍ ദര്‍ശനത്തില്‍, സ്വത്വരാഷ്ട്രീയത്തെ പറ്റി, ചൈനീസ് ഡയറി, യുവജനപ്രസ്ഥാനത്തിന്റെ ചരിത്രം, ആശയ സമരങ്ങളുടെ പശ്ചാത്തലത്തില്‍, കര്‍ഷക തൊഴിലാളി യൂണിയന്‍ ചരിത്രവും വര്‍ത്തമാനവും, കാടുകയറുന്ന ഇന്ത്യന്‍ മാവോവാദം എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

1991ലെ കോഴിക്കോട് സംസ്ഥാന സമ്മേളത്തില്‍ വച്ച് സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായി. 2006ല്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റിലേക്ക്. 2018ല്‍ കേന്ദ്രകമ്മിറ്റിയംഗമായി.

Related Stories

No stories found.
logo
The Cue
www.thecue.in