അന്വേഷണം നേരിടുന്ന എം.എല്‍.എമാരായ വി.കെ. ഇബ്രാഹിംകുഞ്ഞ്, കെ.എം.ഷാജി, എം.സി.കമറുദ്ദീന്‍ എന്നിവര്‍ക്ക് നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സീറ്റ് നല്‍കിയേക്കില്ല. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പില്‍ പ്രതിയായ എം.സി.കമറുദ്ദീന്‍ എം.എല്‍.എയ്ക്ക് സീറ്റ് നല്‍കേണ്ടതില്ലെന്ന് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. അഴീക്കോട് തെരഞ്ഞെടുപ്പ് കേസില്‍ ആറ് വര്‍ഷത്തെ വിലക്കുള്ളതിനാല്‍ കെ.എം.ഷാജിക്കും മത്സരിക്കാനാവില്ല. പാലാരിവട്ടം കേസില്‍ പ്രതിയായ വി.കെ.ഇബ്രാഹിംകുഞ്ഞിനെയും മത്സരത്തില്‍ നിന്നും മാറ്റിനിര്‍ത്തുമെന്നാണ് മുസ്ലിംലീഗ് നേതൃത്വം നല്‍കുന്ന സൂചന.
ജോസ്.കെ.മാണി വിഭാഗം ഇടതുമുന്നണിക്കൊപ്പം പോയതും മുന്നാക്ക സംവരണത്തിലൂടെയുണ്ടായ ധ്രൂവീകരണവും മധ്യതിരുവിതാംകൂറില്‍ യു.ഡി.എഫിന് ക്ഷീണമുണ്ടാക്കുമെന്ന ആശങ്ക മുസ്ലിംലീഗ് നേതൃത്വത്തിനുണ്ട്. പാലാരിവട്ടം പാലം അന്വേഷണം അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണ്. തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ പ്രധാന രാഷ്ട്രീയ ആയുധം പാലാരിവട്ടമായിരിക്കും.ജനങ്ങള്‍ക്കിടയിലും പാലാരിവട്ടം പാലം അഴിമതി വലിയ ചര്‍ച്ചയായതാണ്. അത് യു.ഡി.എഫിന്റെ പ്രകടനത്തെ ബാധിക്കുമെന്നത് ചൂണ്ടിക്കാട്ടിയാവും വി.കെ.ഇബ്രാഹിംകുഞ്ഞിന് സീറ്റ് നിഷേധിക്കുക.
യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷറഫിനെയായിരിക്കും മഞ്ചേശ്വരത്ത് മത്സരിപ്പിക്കുക. ഉപതെരഞ്ഞെടുപ്പിലും അഷറഫിന്റെ പേര് യൂത്ത് ലീഗ് ഉയര്‍ത്തിയിരുന്നെങ്കിലും മുസ്ലിംലീഗ് നേതൃത്വം കമറുദ്ദീനെ പിന്തുണയ്ക്കുകയായിരുന്നു. ബി.ജെ.പിയുമായി കടുത്ത മത്സരം നടക്കുന്ന മഞ്ചേശ്വരത്ത് വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു എം.സി.കമറുദ്ദീന്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചത്. യു.ഡി.എഫിന്റെ ഉറച്ച സീറ്റാണെന്ന ആത്മവിശ്വാസത്തിലേക്ക് എത്തിയപ്പോഴാണ് ജൂവല്ലറി നിക്ഷേപതട്ടിപ്പ് ഉയര്‍ന്ന് വന്നത്. ലീഗ് അനുഭാവികളും പ്രവര്‍ത്തകരുമാണ് പരാതിക്കാരില്‍ ഭൂരിഭാഗവും. പ്രശ്‌നം പരിഹരിച്ച് സീറ്റ് നിലനിര്‍ത്താനാണ് നേതൃത്വത്തിന്റെ ശ്രമം.
കെ.എം.ഷാജിക്കെതിരെയുള്ള കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന പ്രചരിപ്പിക്കാനാണ് മുസ്ലിംലീഗ് നേതൃത്വത്തിന്റെ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിലപാടെടുത്തതിന്റെ പേരില്‍ കെ.എം.ഷാജിയെ വേട്ടയാടുകയാണെന്നും വീടുമായി ബന്ധപ്പെട്ട കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് പ്രചരിപ്പിക്കുക.
പാലാരിവട്ടം കേസില്‍ വി.കെ.ഇബ്രാഹിംകുഞ്ഞിന് പങ്കില്ലെന്ന നിലപാടില്‍ തന്നെ നേതൃത്വം ഉറച്ചു നില്‍ക്കും. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടുണ്ടാകാം. അതില്‍ തുക അനുവദിക്കുന്നതിന് അപ്പുറം മന്ത്രിക്ക് റോളില്ലെന്നാണ് നേതൃത്വം പറയുന്നത്.
പണം കമറുദ്ദീന്‍ തിരിച്ചു നല്‍കണമെന്നും ഉത്തരവാദിത്വം പാര്‍ട്ടി ഏറ്റെടുക്കില്ലെന്നും മുസ്ലിംലീഗ് വ്യക്തമാക്കിയിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് പരാതിക്കാരുടെ പണം കൊടുത്ത് പ്രശ്‌നം തീര്‍ക്കണമെന്നും മുസ്ലിംലീഗ് നേതൃത്വം എം.സി.കമറുദ്ദീനെ അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാതെ പ്രശ്‌നം പരിഹരിക്കണമെന്നാണ് നിര്‍ദേശം. ബാധ്യതകള്‍ തീര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എം.സി.കമറുദ്ദീന്‍ പാര്‍ട്ടിയിലുണ്ടാകില്ലെന്നാണ് നേതൃത്വം നല്‍കുന്ന സൂചന.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
എം.സി.കമറുദ്ദീനെതിരെയുള്ള കേസ് ബിസിനസുമായി ബന്ധപ്പെട്ടതാണെന്നും അധികാരദുര്‍വിനിയോഗം ഇല്ലെന്നുമാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന മുസ്ലിംലീഗ് നേതൃയോഗം വിലയിരുത്തിയത്. ലീഗ് ജില്ലാഭാരവാഹി ആകുന്നതിന് മുമ്പ് തന്നെയുള്ള ബിസിനസാണ്. അതിനാല്‍ പാര്‍ട്ടിക്ക് പ്രശ്‌നമില്ലാത്ത രീതിയില്‍ പ്രശ്‌നം കൈകാര്യം ചെയ്യാന്‍ കാസര്‍കോഡ് ജില്ലയിലെ നേതാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Muslim League Assembly Seat Discussion