ദേശീയ പാത നിര്‍മ്മാണത്തിന്റെ മറവില്‍ മൂന്നാറില്‍ പാറ ഖനനം; മലയിടിച്ചില്‍ ഭീതിയില്‍ ആദിവാസികള്‍

ദേശീയ പാത നിര്‍മ്മാണത്തിന്റെ മറവില്‍ മൂന്നാറില്‍ പാറ ഖനനം; മലയിടിച്ചില്‍ ഭീതിയില്‍ ആദിവാസികള്‍

Published on

കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയുടെ മറവില്‍ മൂന്നാര്‍- ദേവികുളം ഗ്യാപ്പ് റോഡില്‍ നടക്കുന്നത് പാറ ഖനനമെന്ന് ആരോപണം. പരിസ്ഥിതി പ്രവര്‍ത്തകരും പ്രദേശവാസികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. എറണാകുളം കേന്ദ്രമായിട്ടുള്ള കമ്പനിയാണ് റോഡ് നിര്‍മ്മാണത്തിന്റെ കരാര്‍ എടുത്തിരിക്കുന്നത്. മഴ കനത്തതോടെ റോഡിന് താഴെയുള്ള ആദിവാസി ഊരുകളും ഭീഷണിയിലാണ്. കിളിപ്പാറ, സൊസൈറ്റിമേട്, കാക്കാക്കട, ചൊക്രമുടിക്കുടി, ചങ്ങനാശേരിക്കട, ശെവന്തിക്കനാല്‍ എന്നിങ്ങനെയുള്ള ഊരുകളാണ് ഇവിടെയുള്ളത്. മേഖലയിലെ കൃഷിയും വ്യാപകമായി നശിച്ചിട്ടുണ്ട്. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി പ്രധാന്യമുള്ള മേഖലയാണ് ഇങ്ങനെ ഇല്ലാതാക്കുന്നത്.

സ്‌ഫോടക വസ്തുക്കളുപയോഗിച്ച് പാറ പൊട്ടിച്ച് കടത്തുകയാണെന്നാണ് പ്രദേശവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും ആരോപിക്കുന്നത്. 1500 കുടുംബങ്ങളുടെ ജീവനാണ് അപകടത്തിലുള്ളതെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. 12 തവണ മലയിടിച്ചിലുണ്ടായി. പാറപൊട്ടിക്കുന്നതിന് പുറമേ മരങ്ങള്‍ വന്‍തോതില്‍ മുറിച്ച് നീക്കുന്നുമുണ്ട്.

മൂന്നാര്‍ ടൗണില്‍ നിന്നും 12 കിലോമീറ്റര്‍ കഴിഞ്ഞാണ് ഗ്യാപ്പ് റോഡ് ആരംഭിക്കുന്നത്. ഇവിടെ മുതലാണ് വീതി കൂട്ടുന്നത്. ബോഡിമെട്ട് വരെ 42 കിലോ മീറ്റര്‍ റോഡാണ് വീതി കൂട്ടുന്നത്. ഒറ്റവരി പാത ആറുവരിയായി ഉയര്‍ത്താനാണ് പദ്ധതി. ഇതിനായി 381 കോടി രൂപയാണ് ചിലവിടുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു 2017ല്‍ അറിയിച്ചിരുന്നത്. റോഡ് വീതി കൂട്ടുന്നതിനായി വന്‍തോതില്‍ മണ്ണിടിച്ചിരുന്നു. ഇതോടെ മണ്ണിടിച്ചില്‍ പതിവായി. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലുണ്ടായ മണ്ണിടിച്ചിലില്‍ തൊഴിലാളി മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തിരുന്നു. നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.കഴിഞ്ഞ ജൂണ്‍ 17ന് വീണ്ടും മലയിടിച്ചിലുണ്ടായി. റോഡ് തകര്‍ന്നതിന് പുറമേ വ്യാപകമായി കൃഷിയും നശിച്ചു. കെട്ടിടങ്ങള്‍ക്കും കേടുപാട് പറ്റി. ഇപ്പോള്‍ 30 കിലോമീറ്റര്‍ റോഡ് നിര്‍മ്മാണമാണ് നടന്നിട്ടുള്ളത്. 12 കിലോമീറ്റര്‍ പൂര്‍ത്തിയാകാനുണ്ട്.

പശ്ചിമഘട്ടത്തില്‍ റോഡ് നിര്‍മ്മിക്കുന്നതിനുള്ള നിയമങ്ങളും വ്യവസ്ഥകളുമുണ്ട്. ഇതെല്ലാം ലംഘിക്കപ്പെട്ടിരിക്കുകയാണെന്ന് മൂന്നാര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് വൈല്‍ഡ് ലൈഫ് സൊസൈറ്റിയിലെ ആര്‍ മോഹന്‍ പറഞ്ഞു. പാറ ഖനനം മാത്രമാണ് നടക്കുന്നതെന്ന് ആര്‍ക്കും വ്യക്തമായി മനസിലാകും. പശ്ചിമഘട്ടത്തില്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളാണ് മൂന്നാറില്‍ ഇപ്പോള്‍ നടക്കുന്നത്. റോഡിന്റെ വീതി കൂട്ടുന്നതിനുള്ള ശാസ്ത്രീയമായ രീതികളല്ല ഇവിടെ സ്വീകരിച്ചിരിക്കുന്നത്. ബയോഡൈവേഴ്‌സിറ്റി ബോര്‍ഡിന്റെ അനുമതിയോടെ മാത്രമേ ചെറിയ കുന്നുകള്‍ പോലും ഇടിക്കാന്‍ പറ്റുകയുള്ളു. ആ അനുമതി വാങ്ങിയിട്ടില്ല. പത്ത് കിലോമീറ്റര്‍ ദൂരത്തില്‍ ഖനനമാണ് നടക്കുന്നത്. വികസനത്തിന് വേണ്ടിയല്ല റോഡ് നിര്‍മ്മാണം. കച്ചവടമാണ് നടക്കുന്നത്. തമിഴ്‌നാട്ടിലേക്കാണ് കല്ല് കടത്തുന്നത്. കേന്ദ്ര സര്‍ക്കാരിന് പരാതി നല്‍കിയിട്ടുണ്ടെന്നും ആര്‍ മോഹന്‍ ദ ക്യുവിനോട് പറഞ്ഞു.

ബദല്‍ മാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കാതെ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് പാറ പൊട്ടിച്ചതാണ് പരിസ്ഥിതിക്ക് വലിയ ആഘാതമായതെന്ന് അധ്യാപകനായ റെയ്‌സണ്‍ പറയുന്നു. മുകളില്‍ നിന്നും വലിയ സ്‌ഫോടനം നടത്തിയതോടെ പാറക്കെട്ടുകള്‍ ഇടിഞ്ഞ് റോഡില്‍ വീണു. റോഡുള്‍പ്പെടെ താഴേക്ക് പതിക്കുകയായിരുന്നു. കള്ളന്‍ ഗുഹ എന്ന ചരിത്ര പ്രാധാന്യമുള്ള ഇടവും ഇതിലൂടെ നശിച്ചു. പ്രകൃതിക്ക് മാത്രമല്ല ചരിത്രത്തിനും കൂടിയാണ് നഷ്ടമുണ്ടാകുന്നത്. മഴ കനത്തതോടെ ഈ മേഖലയില്‍ എന്ത് സംഭവിക്കുമെന്ന പറയാനാകില്ല. പാറ ഉരുണ്ട് ജനവാസ കേന്ദ്രത്തിലേക്കാണ് പതിക്കുക. ഭീതിയിലാണ് ആദിവാസികള്‍ ഉള്‍പ്പെടെയുള്ള പ്രദേശവാസികളെന്നും റെയ്‌സണ്‍ പറയുന്നു.

പാറഖനനം നടക്കുന്നുവെന്ന് രേണുരാജിന്റെ റിപ്പോര്‍ട്ട്

അശാസ്ത്രീയമായ റോഡ് നിര്‍മ്മാണമാണ് ഗ്യാപ്പ് നടക്കുന്നതെന്നായിരുന്നു ദേവികുളം സബ് കളക്ടറായിരുന്ന രേണുരാജ് നല്‍കിയ റിപ്പോര്‍ട്ട്. ഇതാണ് മലയിടിച്ചിലിന് കാരണം. റോഡ് നിര്‍മ്മാണത്തിന്റെ മറവില്‍ വന്‍തോതില്‍ പാറ പെട്ടിക്കല്‍ നടക്കുന്നു. ഒരേ സമയം പാറപൊട്ടിക്കുന്നതിനായി നിരവധി സ്‌ഫോടനങ്ങള്‍ നടത്തി. ഇത് മണ്ണിടിച്ചിലുണ്ടാക്കി. അളവില്‍ കൂടുതല്‍ പാറയും മണ്ണും നീക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്ത് ഒന്നിന് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

മൂന്നാര്‍ സ്‌പെഷ്യല്‍ തഹസില്‍ദാറുടെ റിപ്പോര്‍ട്ട്

പാറ പൊട്ടിച്ച് കടത്തുകയാണ് കമ്പനി. പാറ പൊട്ടിച്ച് ലാഭമുണ്ടാക്കുകയാണ് ലക്ഷ്യം. റോഡ് കടന്ന് പോകാത്ത പ്രദേശത്ത് നിന്നും പാറ പൊട്ടിച്ചു. മേല്‍മണ്ണിന്റെ ബലം നോക്കാതെ മലകള്‍ക്കുള്ളില്‍ അമിത തോതില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച് പൊട്ടിച്ചു. കരിങ്കല്‍ ഖനനത്തിനായി റോഡ് അലൈന്‍മെന്റില്‍ മാറ്റം വരുത്തി. മലയിടിച്ചില്‍ കാരണം പ്രദേശവാസികള്‍ക്കും സര്‍ക്കാരിനും ഉണ്ടായ നഷ്ടം കരാര്‍ കമ്പനിയില്‍ നിന്നും ഈടാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബ്രിട്ടീഷുകാരാണ് മൂന്നാര്‍-ദേവികുളം ഗ്യാപ്പ് റോഡ് നിര്‍മ്മിച്ചത്. ചൊക്രമുടി മലയില്‍ മണ്ണ് നീക്കിയായിരുന്നു റോഡ് നിര്‍മ്മാണം. മൂന്നാറിലെ തോട്ടം മേഖലയിലേക്കുള്ള ഗതാഗതത്തിന് വേണ്ടിയായിരുന്നു റോഡ്. ഇത് ഹെറിറ്റേജായി സംരക്ഷിക്കണമെന്നായിരുന്നു പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു.

logo
The Cue
www.thecue.in