നെയ്മക്കാട് എസ്റ്റേറ്റില്‍ മാത്രമല്ല, മൂന്നാറിലെ വേറെയും കുടികളിലുണ്ട് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന കുട്ടികള്‍

Munnar Nyamakad
Munnar NyamakadThe Cue
Published on

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങളില്ലാത്തതിനാല്‍ മൂന്നാറിലെ തോട്ടംതൊഴിലാളികളുടെ മക്കളുടെ പഠനം മുടങ്ങുന്നു. കന്നിമല, കന്നിമല ടോപ്പ്, രാജമല, പെട്ടിമുടി, നടയാര്‍, കുറുമല, നല്ലതണ്ണി എന്നീ പ്രദേശങ്ങളിലാണ് കുട്ടികള്‍ പഠിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നത്. മറയൂര്‍, വട്ടവട ഭാഗങ്ങളിലും വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങുന്നുണ്ട്.

മൂന്നാര്‍ നെയ്മക്കാട് എസ്റ്റേറ്റിലെ പെണ്‍കുട്ടികള്‍ പഠനം നിര്‍ത്തിയത് ദ ക്യു ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഇന്റര്‍നെറ്റ് ലഭ്യമല്ലാത്തതും ടെലിവിഷനില്‍ ക്ലാസുകള്‍ കാണാന്‍ ബുദ്ധിമുട്ട് നേരിടുന്നതുമാണ് പഠനം മുടങ്ങാന്‍ കാരണം. ആണ്‍കുട്ടികള്‍ റേഞ്ചും ഇന്റര്‍നെറ്റും ഉള്ള പ്രദേശങ്ങളില്‍ പോയി പഠിക്കുമ്പോള്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം പെണ്‍കുട്ടികള്‍ പഠനം അവസാനിപ്പിക്കുകയാണ്.

പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ റിതന്യ ശ്രീ സ്‌കൂള്‍ തുറന്ന് ഇതുവരെയായിട്ടും ഒറ്റ ഓണ്‍ലൈന്‍ ക്ലാസിലും പങ്കെടുത്തിട്ടില്ല. ഇത്തവണ പരീക്ഷ എഴുതുന്നില്ലെന്നാണ് റിതന്യ ശ്രീ പറയുന്നത്.
Munnar Nyamakad
Exclusive|മലയോ മരമോ കയറണം, മൂന്നാറിലെ ഈ പെണ്‍കുട്ടികളത്രയും പഠിത്തം നിര്‍ത്തിയിരിക്കുകയാണ്

മലയോ മരമോ കയറിയാല്‍ മാത്രമാണ് ഇവര്‍ റേഞ്ച് ലഭിക്കുന്നത്. ആനയും പുലിയുമുള്ള പ്രദേശങ്ങളില്‍ ഭയന്നുകൊണ്ടാണ് പോയി പഠിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ഓട്ടോയിലോ ഒന്നിച്ച് നടന്ന് പോയോ സുരക്ഷിതമായ പ്രദേശങ്ങള്‍ കണ്ടെത്താന്‍ കുട്ടികള്‍ ശ്രമിക്കുന്നുണ്ട്. പഠിക്കാന്‍ പോകുന്ന കുട്ടികള്‍ സുരക്ഷിതരല്ലെന്നാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പറയുന്നത്.

തോട്ടംതൊഴിലാളികളായ രക്ഷിതാക്കള്‍ രാവിലെ ജോലിക്ക് പോകുന്നതോടെ കുട്ടികളുടെ പഠന കാര്യങ്ങള്‍ ശ്രദ്ധിക്കാനും ആരുമില്ലാത്ത സ്ഥിതിയുമുണ്ട്. ചെറിയ കുട്ടികള്‍ അവധിക്കാലങ്ങളിലേത് പോലെ ആഘോഷിക്കുകയാണെന്ന് മുതിര്‍ന്ന കുട്ടികള്‍ പറയുന്നു. ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാത്തതിന് അധ്യാപകരില്‍ നിന്നും വഴക്ക് കേള്‍ക്കുന്നുവെന്നാണ് കുട്ടികളുടെ പരാതി. കാറ്റും മഴയുമുള്ളപ്പോള്‍ പുറത്ത് പോയി പഠിക്കാനാവുന്നില്ല. കറന്റ് ഇടയ്ക്കിടെ പോകുന്നതിനാല്‍ ടിവിയില്‍ ക്ലാസുകള്‍ കാണാനും കഴിയുന്നില്ലെന്ന് രക്ഷിതാക്കളും പറയുന്നു. ടവര്‍ സ്ഥാപിച്ച് പഠന സൗകര്യം ഒരുക്കണമെന്നാണ് ഇവരുടെ ആവശ്യം.

പഠിക്കാന്‍ പോകുന്ന കുട്ടികള്‍ സുരക്ഷിതരല്ലെന്നാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പറയുന്നത്.

ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശ പ്രകാരം ചൈല്‍ഡ് ലൈനും ഐ.സി.ഡി.എസും എസ്റ്റേറ്റുകളിലെത്തി കുട്ടികളുടെ പഠനകാര്യം അന്വേഷിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം. രക്ഷിതാക്കള്‍, കുട്ടികള്‍, പോലീസ്, ബി.എസ്.എന്‍.എല്‍ അധികൃതര്‍ എന്നിവരുടെ യോഗം വിളിച്ച് ചേര്‍ത്തിരുന്നു. എസ്റ്റേറ്റുകളിലേക്ക് ഇന്റര്‍നെറ്റ് എത്തിക്കാന്‍ കേബിള്‍ സൗകര്യമൊരുക്കാനുള്ള ഫണ്ടില്ലെന്നായിരുന്നു ബി.എസ്.എന്‍.എല്‍ അധികൃതരുടെ വിശദീകരണം.

Related Stories

No stories found.
logo
The Cue
www.thecue.in