മൂന്നാര്‍ ചോലവനത്തിന് ആഘാതമേല്‍പ്പിക്കുന്ന ബദല്‍ റോഡ് ആവശ്യത്തിന് പിന്നിലെ ലക്ഷ്യം വന്‍ ഭൂമി കയ്യേറ്റം;പിന്നില്‍ റിസോര്‍ട്ട് മാഫിയ ?
അപൂര്‍വ ജൈവ ആവാസ വ്യവസ്ഥയായ മൂന്നാറിലെ സംരക്ഷിത ചോലവനത്തിന് ആഘാതമേല്‍പ്പിക്കുന്ന ബദല്‍ റോഡ് ആവശ്യത്തിന് പിന്നിലെ ലക്ഷ്യം ടൂറിസം സാധ്യതകള്‍ ലക്ഷ്യമിട്ടുള്ള വന്‍ ഭൂമി കയ്യേറ്റം. റോഡ് നിര്‍മ്മാണാവശ്യത്തിന് ചുക്കാന്‍ പിടിക്കുന്നത് ഭൂ മാഫിയയാണെന്ന് ആരോപണമുണ്ട്. റിയല്‍എസ്റ്റേറ്റ്- റിസോര്‍ട്ട് മാഫിയകള്‍ ഇവിടം കണ്ണുവെയ്ക്കുന്നതായി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ സംശയം പ്രകടിപ്പിക്കുന്നു. വ്യാപകമായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മൂന്നാര്‍ ഗ്യാപ് റോഡ് അടച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ കൊച്ചി - ധനുഷ്‌കോടി പാതയ്ക്ക് ബദലായി ചോലവനം ഭാഗത്തുകൂടെ റോഡ് വേണമെന്നാണ് ആവശ്യം. ഗ്യാപ് റോഡിനെ നിരന്തരം ആശ്രയിക്കുന്നവരും ചോലവനം ഭാഗത്തെ പ്രദേശവാസികളും ഇത്തരമൊരാവശ്യം ഉന്നയിച്ചെന്നാണ് അധികൃതര്‍ പറയുന്നത്. ഇതേതുടര്‍ന്ന് ദേശീയ പാതാ അതോറിറ്റിയോട് റോഡിന്റെ സാധ്യത പരിശോധിക്കാന്‍ നിര്‍ദേശിച്ചിരുന്നതായി ദേവികുളം ആര്‍ഡിഒ പ്രേം കൃഷ്ണന്‍ ദ ക്യുവിനോട് വ്യക്തമാക്കി.
എന്‍എച്ച് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് സാധ്യത പരിശോധിച്ചപ്പോള്‍ വനം വകുപ്പ് എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. റോഡ് നിര്‍മ്മാണമുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നവും ഭൂതല പ്രത്യേകത മൂലമുള്ള ബുദ്ധിമുട്ടും എന്‍എച്ച് അധികൃതര്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
പ്രേം കൃഷ്ണന്‍, ആര്‍ഡിഒ
ഈ മേഖല വനം വകുപ്പിന്റെ പൂര്‍ണ നിയന്ത്രണത്തിലാണ്. റോഡ് നിര്‍മ്മിക്കുന്നത് അപൂര്‍വ സസ്യജീവജാല വൈവിധ്യമുള്ള ചോലവനത്തിന് കനത്ത ആഘോതമേല്‍പ്പിക്കുമെന്നും അക്കാര്യം ജില്ലാ കളക്ടറേയും ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററെയും അറിയിച്ചിട്ടുണ്ടെന്നും മൂന്നാര്‍ ഡിഎഫ്ഒ കണ്ണന്‍ ഐ എഫ്എസ് ദ ക്യുവിനോട് പറഞ്ഞു. റോഡ് ആവശ്യം പരിഗണിക്കരുതെന്ന കര്‍ശന നിലപാടാണ് അദ്ദേഹത്തിന്റേത്.
റോഡിന് ആവശ്യമുയരുന്നതായി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ സ്ഥലം സന്ദര്‍ശിച്ച് ജില്ലാ കളക്ടര്‍ക്കും ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്കും റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്. അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശമായ ഈ സ്ഥലത്തുകൂടി റോഡ് നിര്‍മ്മിക്കുന്നത് ചോലവനത്തിന് ആഘാതമുണ്ടാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കയ്യേറ്റങ്ങളൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ല.
കണ്ണന്‍ ഐ.എഫ്.എസ്
കണ്ണന്‍ ദേവന്‍ തേയിലക്കാടുകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന അതീവ പരിസ്ഥിതി ലോല പ്രദേശമാണ് ചോലവനം. സമുദ്ര നിരത്തില്‍ നിന്ന് ആറായിരം അടി ഉയരത്തിലാണിത്. നിരവധി അരുവികളും ചെറു തടാകങ്ങളും ഇവിടെയുണ്ട്. പെരിയകനാല്‍ വെള്ളച്ചാട്ടത്തിന്റെ ഉദ്ഭവവും ഇവിടെ നിന്നാണ്. കൊടും വേനലിലും ഇവിടെ ജലപ്രവാഹത്തില്‍ വലിയ കുറവുണ്ടാകാറില്ല. ചോലയുടെ ഭാഗമായി സീതക്കുളവുമുണ്ട്.
വന്യജീവികളുള്ള ഇവിടെ 300 ഓളം അപൂര്‍വ സസ്യ ഇനങ്ങളുണ്ട്. വംശനാശഭീഷണി നേരിടുന്ന വരയാടുകള്‍ക്ക് പുറമെ മലയണ്ണാന്‍ കരിങ്കുരങ്ങ് അടക്കമാണുള്ളത്. 500 ലധികം കാട്ടുപോത്തുകളും അമ്പതോളം കാട്ടാനകളുമുണ്ടെന്നാണ് കണക്ക്. വനം വെട്ടിവെളുപ്പിച്ചാല്‍ കാട്ടാനകള്‍ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് കൂടുതല്‍ ഭീഷണിയാവുകയും ചെയ്യും. ഇത്തരം ഘടകങ്ങളടക്കം പരിഗണിച്ചാണ് ഈ മേഖലയിലൂടെ റോഡ് നിര്‍മ്മാണം പാടില്ലെന്ന് ഡിഎഫ്ഒ വ്യക്തമാക്കിയത്. അതേസമയം റോഡ് നിര്‍മ്മിക്കണമെങ്കില്‍ വന്‍തോതില്‍ മരം മുറിക്കേണ്ടിയും പാറ പൊട്ടിക്കേണ്ടിയും വരുമെന്നും ഇത് മണ്ണിടിച്ചിലിന് വഴിവെയ്ക്കുകയും എന്‍എച്ച് ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞിട്ടുമുണ്ട്. പ്രത്യേക പാലമടക്കം ഒരുക്കേണ്ടി വരുമെന്നാണ് ഇവര്‍ വിലയിരുത്തിയത്. അക്കാര്യം ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടുമുണ്ട്. പരിസ്ഥിതിക്ക് ആഘാതമേല്‍പ്പിച്ച് റോഡുണ്ടാക്കിയാല്‍ ഗ്യാപ് റോഡില്‍ ഉണ്ടായതിനേക്കാള്‍ വലിയ മലയിടിച്ചിലിന് വഴിവെയ്ക്കും. ഇത്തരത്തില്‍ പരിഗണിക്കേണ്ട സുപ്രധാനമായ നിരവധി വിഷയങ്ങളുണ്ടായിട്ടും റോഡ് നിര്‍മ്മാണാവശ്യം റവന്യൂ വകുപ്പ് പൂര്‍ണമായി തള്ളിയിട്ടില്ലെന്നാണ് വിവരം.
ഇതിന്റെ മറപിടിച്ചാണ് ഭൂമി കയ്യേറ്റത്തിനും ഇടപാടുകള്‍ക്കും ഭൂ മാഫിയ നീക്കങ്ങള്‍ ഊര്‍ജിതമാക്കിയത്. ട്രക്കിംഗ് അടക്കം ടൂറിസം സാധ്യതകള്‍ മുന്നില്‍ക്കണ്ടാണ് നീക്കം. റോഡ് ആവശ്യത്തിന് പിന്നില്‍ റിസോര്‍ട്ട് മാഫിയയുടെ താല്‍പ്പര്യമുണ്ടെന്ന് ചില റവന്യൂ ഉദ്യോഗസ്ഥര്‍ രഹസ്യമായി സമ്മതിക്കുന്നുമുണ്ട്. റോഡിന് അനുമതിയുണ്ടെന്നും വൈകാതെ നിര്‍മ്മാണ നടപടികള്‍ തുടങ്ങുമെന്നും പ്രചരിപ്പിച്ച് റിയല്‍ എസ്റ്റേറ്റ് മാഫിയ ഭൂമി ഇടപാടുകള്‍ സജീവമാക്കിയിട്ടുമുണ്ട്. ഭരണപക്ഷത്തിന്റെ ഒത്താശയോടെയാണിതെന്നും ആരോപണമുണ്ട്. അതേസയം സ്ഥലം കയ്യേറ്റം നടക്കുന്നതായുള്ള പരാതികളെ തുടര്‍ന്ന് ഇക്കാര്യം പരിശോധിക്കാന്‍ ഉടുമ്പന്‍ ചോല തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആര്‍ഡിഒ പ്രേം കൃഷ്ണന്‍ ദ ക്യുവിനോട് പറഞ്ഞു. തമിഴ്‌നാട് ഭാഗത്താണ് കയ്യേറ്റം നടക്കുന്നതെന്നാണ് ഇതുവരെ ലഭിച്ച വിവരമെന്നും കൂടുതല്‍ പരിശോധനകള്‍ നടത്തിവരികയാണെന്നും അദ്ദേഹം ദ ക്യുവിനോട് വെളിപ്പെടുത്തി.