'വ്യാജ ഓഡിഷന്‍ നടത്തി ലൈംഗികാതിക്രമ ശ്രമം', പടവെട്ട് എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ക്കെതിരെ അഭിനേത്രി

'വ്യാജ ഓഡിഷന്‍ നടത്തി ലൈംഗികാതിക്രമ ശ്രമം', പടവെട്ട് എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ക്കെതിരെ അഭിനേത്രി
Published on

പടവെട്ട് എന്ന സിനിമയ്ക്ക് വേണ്ടി വ്യാജ ഓഡിഷന്‍ സംഘടിപ്പിച്ച് എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ലൈംഗിക അതിക്രമത്തിന് ശ്രമിച്ചെന്ന് വെളിപ്പെടുത്തല്‍.

വിമന്‍ എഗയിന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് ഫേസ്ബുക്ക് പേജിലൂടെയാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ബിബിന്‍ പോളിനെതിരെ മീ ടൂ വെളിപ്പെടുത്തല്‍.

2022 മാര്‍ച്ചില്‍ പടവെട്ട് എന്ന സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണയെ ബലാത്സംഗ പരാതിയില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സിനിമയുടെ എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ക്കെതിരെയും പരാതി ഉയര്‍ന്നിരിക്കുന്നത്. കാസ്റ്റിംഗ് കൗച്ച് സ്വഭാവത്തിലുള്ള ലൈംഗികാതിക്രമ ശ്രമത്തെ തുടര്‍ന്ന് മലയാളം സിനിമയില്‍ അവസരങ്ങള്‍ വേണ്ടെന്ന് വച്ചതായും പെണ്‍കുട്ടി പോസ്റ്റില്‍ പറയുന്നു.

പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍

ഞാനൊരു നടിയാണ്, ഇപ്പോള്‍ തമിഴ്, തെലുങ്ക് സിനിമകളില്‍ പ്രവര്‍ത്തിക്കുന്നു. പടവെട്ട് എന്ന സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബിബിന്‍ പോളുമായി എനിക്കുണ്ടായ ഏറെ മോശപ്പെട്ട അനുഭവം പങ്കുവെക്കാനാണ് ഞാന്‍ ഇത് എഴുതുന്നത്.

എന്റെ സുഹൃത്ത് ഗോഡ്‌സണ്‍ ക്ലിക്കുചെയ്ത എന്റെ ചിത്രങ്ങള്‍ കണ്ടിട്ടാണ് കണ്ണൂരിലെ മട്ടന്നൂരിലേക്ക് നായികവേഷത്തിനായി ഓഡിഷന് വരാന്‍ എന്നോട് ബിബിന്‍ പോള്‍ ആവശ്യപ്പെടുന്നത്. അരോമ റിസോര്‍ട്ടില്‍ നടന്ന ഈ ഓഡിഷനു മാത്രമായാണ് ഞാന്‍ കണ്ണൂരിലേക്ക് വിമാനയാത്ര ചെയ്ത് എത്തിയത്. അവിടെ ബിബിനോടൊപ്പം ചിത്രത്തിന്റെ സംവിധായകന്‍ ലിജു കൃഷ്ണയും ഉണ്ടായിരുന്നു. സിനിമയുടെ നിര്‍മ്മാതാവ് സണ്ണി വെയ്‌നും അവിടെ ഉണ്ടാവുമെന്ന് അറിയിച്ചിരുന്നെങ്കിലും, അദ്ദേഹത്തിന് ഒരു ജന്മദിന പാര്‍ട്ടിക്ക് അടിയന്തിരമായി പോകേണ്ടതിനാല്‍ ഞാന്‍ എത്തും മുമ്പ് പോയി എന്നാണ് അവര്‍ എന്നോട് പറഞ്ഞത് . ആയതിനാല്‍ ഞങ്ങള്‍ മൂവരും സിനിമയെ കുറിച്ച് സംസാരിക്കുകയും എന്റെ ഓഡിഷന്‍ കൊടുക്കുകയും ചെയ്തു. ശേഷം ഡയറക്ടറും യാത്ര പറഞ്ഞിറങ്ങി. ഉച്ചക്ക് രണ്ടു മണി മുതല്‍ ഞാന്‍ ബിബിനുമായി സംസാരിച്ചിരിക്കയായിരുന്നു.

എന്റെ ബസ്സ് രാത്രി 9:30 ആയതിനാല്‍ , ഏകദേശം 9 മണിയോടെ ഞാന്‍ ബിബിനിനോട് പലതവണ എന്നെ ഡ്രോപ്പ് ചെയ്യാന്‍ ആവശ്യപ്പെട്ടു, പക്ഷേ കനത്ത മഴയും, ഡ്രൈവര്‍ കോള്‍ എടുക്കുന്നില്ല എന്നീ കാരണങ്ങള്‍ പറഞ്ഞ് അയാള്‍ എന്നെ വിട്ടില്ല എനിക്ക് ആ ബസ്സ് മിസ്സായി. പകരം അയാള്‍ രാവിലെ 7 മണിക്ക് ഫ്ലൈറ്റ് ബുക്ക് ചെയ്തു, എന്ത് വിലകൊടുത്തും എന്നെ ഡ്രോപ്പ് ചെയ്യാമെന്നും വാഗ്ദാനവും ചെയ്തു. അയാള്‍ സത്യസന്ധമായാണ് കാര്യങ്ങള്‍ പറയുന്നതെന്നാണ് എനിക്ക് അപ്പോള്‍ തോന്നിയത്.

അത്താഴം കഴിഞ്ഞ് കുറച്ചു നേരം കൂടി അയാളോട് സംസാരിച്ച ശേഷം ഞാന്‍ ഉറങ്ങാന്‍ പോയി. ഒരു മുറി മാത്രമുള്ളതിനാലും, അധിക വാഷ്‌റൂം ഇല്ലാത്തതിനാലും ഞാന്‍ കിടക്കുന്ന മുറിയുടെ വാതില്‍ തുറന്നിടാന്‍ അയാള്‍ എന്നോട് ആവശ്യപ്പെട്ടു. എനിക്ക് അതിലൊന്നും സംശയം തോന്നിയതുമില്ല., ഞാന്‍ ഗാഢനിദ്രയിലായിരുന്നു. ഏകദേശം പുലര്‍ച്ചെ മൂന്നിനും , മൂന്നേ മുപ്പതിനുമിടക്ക് എനിക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു

ഞാന്‍ കണ്ണ് തുറന്നപ്പോള്‍ അവന്‍ എന്റെ ശരീരത്തിനു മുകളിലായിരുന്നു. ഞാന്‍ പേടിച്ച് നിലവിളിച്ചു കൊണ്ട് കോട്ടേജിന്റെ പുറത്തേക്ക് ഓടി. അയാള്‍ പുറകെ വന്ന് എന്നോട് ബഹളം വെക്കുന്നത് നിര്‍ത്താന്‍ അപേക്ഷിച്ചു, അവന്‍ ഇനി ഇത് ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞു, അബദ്ധത്തില്‍ സംഭവിച്ചു പോയതാണെന്നും. അതിനുശേഷം ഞങ്ങള്‍ രണ്ടുപേരും ഉറങ്ങിയില്ല, രാവിലെ വീണ്ടും എന്നെ ഡ്രോപ്പ് ചെയ്യാന്‍ പറഞ്ഞപ്പോള്‍ 11:00 മണിക്കുള്ള ഫ്ലൈറ്റ് ബുക്ക് ചെയ്യാമെന്ന് പറഞ്ഞു. അയാളുടെ ഉദ്ദേശം ശരിയല്ലെന്ന് അപ്പോളെനിക്ക് കൂടുതല്‍ മനസ്സിലായി. ഞാന്‍ അവിടെ നിന്ന് പുറത്തുപോകണമെന്ന് ശാഠ്യം പിടിച്ചു, എന്റെ വഴക്കിനൊടുവില്‍ അയാള്‍ക്ക് മറ്റൊരു മാര്‍ഗവുമില്ലാതെ എന്നെ എയര്‍പ്പോര്‍ട്ടില്‍ വിട്ടു. അയാള്‍ എന്തെങ്കിലും മോശമായി ശ്രമിക്കുന്നതിന് മുമ്പ് ഞാന്‍ ഉണര്‍ന്നതിനാല്‍ ആ സംഭവത്തെ ഒരു പേടിസ്വപ്നമായി മനസ്സില്‍ നിന്ന് ഉപേക്ഷിച്ചു. പിന്നീട് അയാള്‍ എന്തെങ്കിലും മെസേജ് ചെയ്താല്‍ മാത്രം ഞാന്‍ മറുപടി കൊടുക്കുന്ന ബന്ധമായത് മാറി.

എന്നാല്‍ ഒരു മാസത്തിന് ശേഷം ഞാന്‍ മലയാളം ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു എഴുത്തുകാരനുമായി ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു, അപ്പോഴാണ് അദ്ദേഹം പറഞ്ഞത്, ചുരുങ്ങിയത് 6 മാസം മുമ്പെങ്കിലും ഈ പ്രോജക്റ്റിനായി അദിതി ബാലന്‍ കരാറില്‍ ഒപ്പിട്ടിട്ടുണ്ടെന്ന്.,

മാത്രവുമല്ല എന്റെ പ്രൊഫൈല്‍ തനിക്ക് ഒരിക്കലും ലഭിച്ചിട്ടില്ലെന്നും അതിനെക്കുറിച്ച് ഒന്നും അറിയില്ലെന്നുമാണ് പ്രൊഡ്യൂസറായ സണ്ണി വെയ്ന്‍ ആ എഴുത്തുകാരനോട് പറഞ്ഞത്. യഥാര്‍ത്യത്തില്‍ ബിബിന്‍ പോളും ലിജു കൃഷ്ണയും പങ്കു ചേര്‍ന്ന് പെണ്‍കുട്ടികളെ സിനിമ എന്ന പേരില്‍ കബളിപ്പിക്കുകയാണെന്ന് എനിക്ക് കൂടുതല്‍ ബോധ്യമായി. കാരണം ശേഷം ഇരുവരും ബാംഗ്ലൂരില്‍ വന്നപ്പോള്‍ പലതവണ എന്നെ

പാര്‍ട്ടിക്കായി ക്ഷണിച്ചിരുന്നു. ഞാനതില്‍ നിന്ന് ഒഴിഞ്ഞുമാറി. പടവെട്ട് സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി എനിക്ക് കൂടെ നില്‍ക്കാന്‍ താല്‍പര്യമുണ്ടോ എന്നും അയാള്‍ അന്വേഷിച്ചു . അപ്പോള്‍ അയാളുടെ അണ്‍പ്രൊഫഷണലിസത്തെക്കുറിച്ചും പെണ്‍കുട്ടികളെ ഈ രീതിയില്‍ വഞ്ചിക്കുന്നതിനെക്കുറിച്ചും ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചും ഞാന്‍ ബിബിന് ശക്തമായ ഭാഷയില്‍ മറുപടി നല്‍കുകയും ചെയ്തു.

യഥാര്‍ത്ഥത്തില്‍ ഈ സംഭവത്തിന് ശേഷം ഞാന്‍ മലയാളം സിനിമകളിലെ വേഷങ്ങള്‍ക്കായുള്ള ശ്രമം നിര്‍ത്തി, മറ്റ് കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളും ഉള്ളതിനാല്‍ ഈ ഇന്‍ഡസ്ട്രിയില്‍ എനിക്ക് പ്രതീക്ഷയില്ലായിരുന്നു.

ബിബിന്‍ പോളിനെ ഒരിക്കല്‍ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ. സംവിധായകന്‍ ലിജു കൃഷ്ണയുടെ ബലാത്സംഗ കേസിന്റെ വാര്‍ത്താ ലേഖനം എന്റെ സുഹൃത്ത് അയച്ചുതന്നപ്പോള്‍ ,എന്താണ് ഇവരില്‍ നിന്നുണ്ടായ അനുഭവമെന്ന് സമൂഹത്തോട് പങ്കിടണമെന്ന് എനിക്ക് തോന്നി. പിന്നീട് കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ആ വാര്‍ത്തകള്‍ ഇല്ലാതായി. ഇന്ന് ലിജു കൃഷ്ണയ്‌ക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ അതിജീവിച്ചവളുടെ ദുരന്തങ്ങളും ജീവിതത്തിനേറ്റ ആഘാതവും വോയ്‌സ് ക്ലിപ്പ് ലൂടെ കേട്ടതിന് ശേഷം എന്റെ അനുഭവം പങ്കിടണമെന്ന് ഞാന്‍ തീരുമാനിച്ചു. പല പെണ്‍കുട്ടികളും പടവെട്ട് സിനിമയുടെ ഓഡിഷനു പോയിട്ടുണ്ട് എന്ന് എനിക്കറിയാം, അതിനാല്‍ എന്റെ അനുഭവം പങ്കുവയ്ക്കുന്നതിലൂടെ കൂടുതല്‍ പെണ്‍കുട്ടികള്‍ക്ക് അവരുടെ മോശം അനുഭവങ്ങള്‍ പുറത്തു പറയാന്‍ ധൈര്യം ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

മീ ടൂ വെളിപ്പെടുത്തല്‍ നടത്തിയ പെണ്‍കുട്ടി ദ ക്യുവിനോട് സംസാരിച്ചത്

2019 ജൂലായ് രണ്ടിനാണ് എനിക്ക് ബിബിന്റെ മെസേജ് വരുന്നത്. എന്റെ ഒരു സുഹൃത്ത് വഴിയാണ് കോണ്ടാക്ട് ചെയ്യുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പിക്ച്ചേഴ്സ് കണ്ടിരുന്നുവെന്ന് തോന്നുന്നു. പടത്തിന്റെ ഭാഗമായി ഒരു ഓഡിഷന്‍ ഉണ്ട്, അതില്‍ ഫീമെയില്‍ ലീഡ് റോളാണ്, നിവിന്‍ പോളിയാണ് നടന്‍ എന്ന് പടത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ബിബിന്‍ വിളിച്ചു പറഞ്ഞിട്ടുണ്ട്. ഓഡീഷന്‍ ട്രൈ ചെയ്ത് നോക്കൂ എന്നാണ് അവന്‍ പറഞ്ഞത്. സംവിധായകന്‍ ലിജുകൃഷ്ണ അവിടെ ഉണ്ടാകുമെന്നും പറഞ്ഞു.

മട്ടന്നൂരിലെ അരോമ റിസോര്‍ട്ടിലാണ് ഓഡീഷന്‍ നടക്കുന്നത്. കണ്ണൂരിലേക്ക് ഫ്ളൈറ്റ് ബുക്ക് ചെയ്താണ് ഞാന്‍ പോയത്. തിരിച്ച് വരാന്‍ രാത്രി 9.30യുടെ ബസ്സും ബുക്ക് ചെയ്തു. സണ്ണി വെയ്നാണ് പടത്തിന്റെ പ്രൊഡ്യൂസര്‍ എന്നും അദ്ദേഹം അവിടെ ഉണ്ടാകുമെന്നും എന്നോട് പറഞ്ഞിരുന്നു. അതുകൊണ്ട് എല്ലാവരെയും കണ്ടുള്ള ഒരു പ്രോപ്പര്‍ ഓഡിഷന്‍ ആയിരിക്കും എന്നാണ് ഞാന്‍ കരുതിയത്. പക്ഷേ മട്ടന്നൂരില്‍ സംവിധായകന്‍ ലിജു കൃഷ്ണയും ബിബിനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പെട്ടെന്ന് ഒരു ബേര്‍ത്ത് ഡേ സെലിബ്രേഷന്‍ വന്നതുകൊണ്ട് സണ്ണി വെയ്ന് പോകേണ്ടി വന്നു, വരാന്‍ ലേറ്റാകും. നമുക്ക് ഓഡീഷന്‍ ചെയ്യാം എന്നാണ് അവര്‍ പറഞ്ഞത്. ഞാന്‍ സണ്ണി വെയ്ന്‍ എവിടെ പോയി എന്ന് ചോദിച്ചപ്പോഴായിരുന്നു ഇത് പറഞ്ഞത്. അവര്‍ പറഞ്ഞത് എനിക്ക് കണ്‍വിന്‍സിങ്ങുമായിരുന്നു.

അരോമ റിസോര്‍ട്ട് കുറേ കോട്ടേജുകളാണ്. ഒരു കോട്ടേജിന്റെ ഹാളില്‍ വെച്ചായിരുന്നു ഓഡീഷന്‍. ലിജു എന്നോട് ഒരു സീന്‍ അഭിനയിച്ച് കാണിക്കാന്‍ പറയുകയും ചെയ്തു. ഓഡീഷന്‍ കഴിഞ്ഞതിന് ശേഷം കുറച്ചു കൂടി ട്രെയിന്‍ ചെയ്യേണ്ടി വരുമെന്നൊക്കെ പറഞ്ഞു. കണ്ണുകളൊക്കെ നല്ല എക്സ്പ്രസീവാണ്, എന്തായാലും ഞാന്‍ ഒരു പടം തന്നിരിക്കും എന്നൊക്കെ അവര്‍ പറഞ്ഞിരുന്നു. ചിലപ്പോള്‍ ഓഡീഷന് സെലക്ട് ആയിട്ടുണ്ടാകില്ല. അടുത്ത പ്രൊജക്ട് തരാം എന്നായിരിക്കും ഉദ്ദേശിച്ചത് എന്നാണ് ഇങ്ങനെ പറഞ്ഞപ്പോള്‍ ഞാന്‍ കരുതിയത്.

അന്നൊരു ഉച്ചയായപ്പോഴേക്കും ഓഡിഷന്‍ കഴിഞ്ഞിരുന്നു. പക്ഷേ ബസ് രാത്രി ഒമ്പതരയ്ക്ക് ആയതുകൊണ്ട് ഞാന്‍ അവിടെ തന്നെ നിന്നു. ബിബിനുമായി കുറേ സമയം സംസാരിച്ചു. ഞങ്ങള്‍ക്കിടയില്‍ കുറേ കോമണ്‍ ഫ്രണ്ട്സുണ്ടായിരുന്നു. ലിജു കൃഷ്ണ കുറച്ച് സമയം അവിടെയുണ്ടായിരുന്നു. പക്ഷേ കുറച്ച് കഴിഞ്ഞപ്പോള്‍ പുള്ളി പോയി.

ബസ് വരാറാകുമ്പോള്‍ ഡ്രോപ്പ് ചെയ്യണം എന്ന് ഞാന്‍ പറഞ്ഞിരുന്നു. അരോമ റിസോര്‍ട്ടിന് അടുത്ത് തന്നെയാണ് ബസ് വരുന്നതും. അന്ന് പുറത്ത് നല്ല മഴയായിരുന്നു. അതുകൊണ്ട് പുള്ളി അടുത്ത ദിവസം രാവിലത്തേക്ക് ഫ്ളൈറ്റ് ബുക്ക് ചെയ്ത് തരാം എന്നു പറഞ്ഞു. ഞാന്‍ കുഴപ്പമില്ല ബസില്‍ തന്നെ പൊയ്ക്കോളാം എന്ന് പറഞ്ഞ് അന്ന് തന്നെ മടങ്ങാന്‍ നിര്‍ബന്ധം പിടിച്ചു. എന്റെ ഫ്രണ്ട്സ് കൊച്ചിയിലുണ്ടായിരുന്നു. അങ്ങോട്ടേക്ക് പോകാനായിരുന്നു ഉദ്ദേശിച്ചത്. എനിക്കൊരു ഷൂട്ടും ഉണ്ടായിരുന്നു.

പോയേ പറ്റൂ എന്ന് കുറേ നിര്‍ബന്ധം പിടിച്ചപ്പോള്‍ ഡ്രൈവറിനെ വിളിക്കട്ടെ എന്ന് പറഞ്ഞു. കുറേ നേരം ഡ്രൈവറെ വിളിക്കാന്‍ പുറത്ത് പോയിട്ട് പിന്നെ വന്ന് പറഞ്ഞു ഡ്രൈവര്‍ ഫോണ്‍ എടുക്കുന്നില്ലെന്ന് അപ്പോഴേക്കും 9.30 കഴിഞ്ഞിരുന്നു. അങ്ങനെ എന്റെ ബസ് മിസായി. സത്യമായിരിക്കും പറഞ്ഞത് എന്നാണ് ഞാന്‍ കരുതിയത്. കണ്ണൂര്‍ എയര്‍പോര്‍ട്ട് അപ്പോള്‍ പുതിയത് ആയിരുന്നു. അതുകൊണ്ട് കുറച്ച് ഫ്ളൈറ്റുകളെ ഉണ്ടായിരുന്നുള്ളു. രാവിലെ ഏഴുമണിക്കായിരുന്നു അടുത്ത ഫ്ളൈറ്റ് ഉണ്ടായിരുന്നത്. രാവിലത്തെ ബുക്ക് ചെയ്ത് തരാം എന്ന് ബിബിന്‍ പറഞ്ഞു. വേറെ ബസും ഫ്ളൈറ്റും ഒന്നുമില്ലാത്തത് കൊണ്ട് രാവിലെ പോകാനെ നിര്‍വാഹമുണ്ടായിരുന്നുള്ളൂ.

കോട്ടേജിനുള്ളില്‍ ഒരു റൂം മാത്രമേ ഉള്ളു. അതിനുള്ളിലാണ് വാഷ് റൂമും. ഞാന്‍ കിടക്കാന്‍ പോയപ്പോള്‍ ചിലപ്പോള്‍ വാഷ് റൂം ഉപയോഗിക്കേണ്ടി വരും അതുകൊണ്ട് റൂമിന്റെ വാതില്‍ തുറന്നിടാന്‍ പറഞ്ഞു. ഞാന്‍ വാതില്‍ തുറന്നിട്ടാണ് പോയി കിടന്നത്. രാവിലെ ഒരു മൂന്ന് മൂന്നരയായപ്പോള്‍ എനിക്കെന്തോ ശ്വാസം മുട്ടുന്ന പോലെ തോന്നി. എന്തോ എനിക്ക് എന്റെ മുകളില്‍ വെയ്റ്റ് ഉള്ളതുപോലെയാണ് അനുഭവപ്പെട്ടത്. ഞാന്‍ കണ്ണ് തുറന്നപ്പോള്‍ അയാള്‍ എന്റെ മേലുണ്ടായിരുന്നു. അപ്പോള്‍ ഞാനവനെ പിടിച്ച് ഉന്തിയിട്ട് കോട്ടേജിന് പുറത്തേക്ക് ഓടി. നീ ഇത് ചെയ്താല്‍ ഞാന്‍ അലറി വിളിക്കും. എല്ലാരും വരട്ടെ, എല്ലാരും കേള്‍ക്കട്ടെ എന്ന് പറഞ്ഞു.

സോറി ഞാന്‍ കാല് പിടിക്കാം. അറിയാതെ പറ്റിപ്പോയതാണ്. ഇത് സീരിയസ് ആയി എടുക്കല്ലേ. ഇനി ഒരിക്കലും അങ്ങനെ സംഭവിക്കില്ല എന്നൊക്കെ അവന്‍ പറഞ്ഞു. ഇത് കഴിഞ്ഞ് ഞങ്ങള്‍ പരസ്പരം ആര്‍ഗ്യു ചെയ്തു. എനിക്കെങ്ങനെയെങ്കിലും തിരിച്ച് പോകണമായിരുന്നു, ഒന്നാമതെ കണ്ണൂരില്‍ ആരെയും അറിയില്ല. അതിന് ശേഷം ഞാന്‍ ഉറങ്ങിയിട്ടില്ല, അവനും ഉറങ്ങിയില്ല. ചെക്ക് ഇന്‍ ടൈം നോക്കി ഒരു മണിക്കൂര്‍ മുന്നേ ഇറങ്ങണമെന്ന് ഒരു ആറ് മണിയായപ്പോള്‍ ഞാന്‍ പറഞ്ഞു. പക്ഷേ അയാള്‍ വീണ്ടും വൈകിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

എനിക്ക് ഇറങ്ങിയേ പറ്റൂ, എന്തെങ്കിലും ചെയ്തേ പറ്റൂ എന്നതായിരുന്നു അവസ്ഥ. വേറ ക്യാബൊന്നും അവിടെ ഇല്ല. മനപൂര്‍വ്വം അവന്‍ ലേറ്റാക്കിയെങ്കിലും എങ്ങനെയൊക്കെയോ ഞാന്‍ തിരിച്ചെത്തി.

അതിന് ശേഷം ക്യാഷ്വല്‍ ആയിട്ടാണ് പിന്നീട് മെസേജൊക്കെ അയച്ചത്. ആ സംഭവം ഞാന്‍ വിട്ടു. കാരണം ഒന്നും നടന്നില്ലായിരുന്നു. പക്ഷേ ഞാന്‍ അങ്ങനെ കരുതാന്‍ പാടില്ലായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു. പിന്നെ ഒരിക്കലും ഞാന്‍ ഇവനെ മീറ്റ് ചെയ്തിരുന്നില്ല. അതോടെ മലയാളത്തില്‍ ട്രൈ ചെയ്യുന്നത് ഞാന്‍ നിര്‍ത്തി. ഈ ഇന്‍ഡസ്ട്രി അങ്ങനെയാണ്. എന്തെങ്കിലും ദേഷ്യപ്പെട്ട് സംസാരിച്ചാലോ നോ പറഞ്ഞാലോ ഒക്കെ അവര്‍ നമ്മളെ കൊണ്ട് മോശം പറയും. ഇല്ലാത്ത കാര്യം ഉണ്ടാക്കി പറയും. എനിക്ക് അനുഭവമുണ്ട്.

നായികയെ നിശ്ചയിച്ച ശേഷം ഫേക്ക് ഓഡിഷന്‍

ഇതെല്ലാം കഴിഞ്ഞാണ് സണ്ണി വെയ്നുമായി അടുത്ത ബന്ധമുള്ള എന്റെ ഒരു ഫ്രണ്ടിനെ ഞാന്‍ കാണുന്നത്. കൊച്ചിയില്‍ വേറൊരു മീറ്റിംഗിന് വന്നപ്പോഴാണ് പുള്ളിയുമായി സംസാരിച്ചത്. ഓഡിഷന്റെ കാര്യം പറഞ്ഞപ്പോള്‍ സണ്ണി വെയ്ന്‍ നിര്‍മ്മിക്കുന്ന ഏത് പടം എന്നൊക്കെ ചോദിച്ചു. പടവെട്ട് എന്നാണ് പേര് എന്ന് പറഞ്ഞപ്പോള്‍ ആ സിനിമയില്‍ അദിതി ബാലന്‍ ഫിക്സ്ഡ് അല്ലേ എന്ന് അവന്‍ എന്നോട് ചോദിച്ചു. അവന്‍ ആ പടത്തിന്റെ എഗ്രിമെന്റ് ആറ് മാസം മുന്നേ കണ്ടതാണ് എന്ന് പറഞ്ഞു.

ലീഡ് റോളിന്റെ ഓഡീഷന്‍ ഇപ്പോഴല്ലേ നടക്കുന്നത് എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവന്‍ ആ പടത്തില്‍ വേറെ ഒരു റോളുമില്ല എന്ന് പറഞ്ഞു. അങ്ങനെ ഒരു ഓഡീഷനേ നടന്നിട്ടില്ലെന്ന് അവന്‍ എന്നോട് തീര്‍ത്ത് പറഞ്ഞു. എന്റെ മുന്നില്‍ വെച്ച് തന്നെ സണ്ണി വെയ്നെ വിളിച്ചു. എന്റെ പ്രൊഫൈലും സണ്ണി വെയ്ന് അയച്ചു കൊടുത്തു. ഈ കുട്ടിയെ പടവെട്ടിന്റെ ഓഡീഷന് വിളിച്ചോ എന്ന് ചോദിച്ചാണ് അവന്‍ സണ്ണി വെയ്നെ വിളിക്കുന്നത്.

എനിക്ക് ഈ കുട്ടിയുടെ പ്രൊഫൈല്‍ കിട്ടിയിട്ടേ ഇല്ല എന്നാണ് സണ്ണി വെയ്ന്‍ പറഞ്ഞത്. ഫോണ്‍ ലൗഡ് സ്പീക്കറില്‍ ഇട്ടിരുന്നു. സണ്ണി വെയ്ന്‍ ഇതൊന്നും അറിഞ്ഞിരുന്നില്ല. അപ്പോഴാണ് ഇതൊരു ഫേക്ക് ഓഡീഷന്‍ ആയിരുന്നുവെന്ന് ഞാന്‍ അറിയുന്നത്.

സണ്ണി വെയ്ന്‍ സിനിമയുടെ പ്രൊഡ്യൂസറാണ്. അതൊരു ശരിയായ ഓഡീഷന്‍ ആയിരുന്നെങ്കില്‍ എന്റെ പ്രൊഫൈല്‍ എങ്കിലും പുള്ളി കണ്ടിട്ടുണ്ടാകില്ലേ. കാരണം ലിജു കൃഷ്ണ ഫസ്റ്റ് ടൈം ഡയറക്ടറാണ്. അവിടെ അപ്പര്‍ ഹാന്‍ഡുള്ളത് സണ്ണി വെയ്നാണ്. അത് വിചാരിച്ചിട്ടാണ് ഞാന്‍ പോയത്. സണ്ണി വെയ്ന്‍ എന്റെ പ്രൊഫൈല്‍ പോലും കണ്ടിട്ടില്ല എന്ന് പറഞ്ഞാല്‍ തന്നെ മനസിലാകാവുന്നതല്ലേ ഇത് ഫേക്ക് ഓഡിഷന്‍ ആണെന്ന്. ഞാന്‍ എഗ്രിമെന്റ് കണ്ടിരുന്നു. അത് അഞ്ചാറ് മാസം മുന്നേ ചെയ്ത എഗ്രിമെന്റാണ്. ഇവര്‍ ലൊക്കേഷന്‍ ഹണ്ടിങ്ങ് എന്ന് പറഞ്ഞാണ് കണ്ണൂരില്‍ ഉണ്ടായിരുന്നത്. അപ്പോഴാണ് എനിക്ക് മനസിലായത് ഇത് മുഴുവന്‍ കള്ളത്തരമാണെന്ന്. ഇങ്ങനെ ഫേക്ക് ഓഡീഷനൊന്നും വേണ്ടി എന്നെ ആരും വിളിച്ചിരുന്നില്ല.

ഈ വര്‍ഷം തുടക്കത്തിലാണ് ഒരു സുഹൃത്ത് ലിജു കൃഷ്ണയ്ക്കെതിരെ ബലാത്സംഗ പരാതിയുണ്ടെന്ന് പറഞ്ഞ് എന്നെ വിളിക്കുന്നത്. എനിക്ക് അന്ന് ഒന്നും സംഭവിച്ചില്ലെങ്കിലും ഈ കാര്യം പുറത്ത് പറയണമെന്ന് അപ്പോഴാണ് തോന്നിയത്. ചിലപ്പോള്‍ വേറെ പെണ്‍കുട്ടികളും ഇതില്‍ അകപ്പെട്ടിട്ടുണ്ടാകാം. ഇത് ആളുകള്‍ അറിയേണ്ടതുണ്ട്. ആ പടത്തിന്റെ അസിസ്റ്റന്‍ഡ് ഡയറക്ടറാകാന്‍ താത്പര്യമുണ്ടോ എന്ന് ബിബിന്‍ എന്നോടും ചോദിച്ചിരുന്നു. അഭിനയിക്കാന്‍ വന്ന എന്നോട് അത് ചോദിക്കേണ്ടതില്ലല്ലോ. അസിസ്റ്റന്‍ഡ് ഡയറ്ക്ടറായി ലിജു കൃഷ്ണയ്ക്ക് ഒരു പെണ്ണിനെ തന്നെ വേണമെന്ന് എനിക്ക് മനസിലായി. അല്ലെങ്കില്‍ ആക്ട് ചെയ്യാന്‍ പോയ എന്നെ എന്തിനാണ് അസിസ്റ്റന്‍ഡ് ഡയറ്ക്ടറായി വിളിക്കുന്നത്. അതിന്റെ മെസേജുകളും സ്‌ക്രീന്‍ ഷോട്ടുകളും എന്റെ കയ്യില്‍ ഉണ്ട്.

ഇതെല്ലാം കഴിഞ്ഞതിന് ശേഷം ഞാന്‍ പരാതിപ്പെടുമെന്ന് മനസിലാക്കിയതുകൊണ്ടാകാം ഒരു ഫ്രണ്ട് മുഖാന്തരം വിളിച്ചിരുന്നു. അവന്‍ വിളിച്ചിട്ട് ബിബിന്‍ കരയുകയാണ്. ദയവ് ചെയ്ത് പരാതിപ്പെടരുത്. വേണമെങ്കില്‍ അവനെ അടിച്ചോ, അവന്‍ വന്ന് മാപ്പ് പറയാം എന്നൊക്കെ പറഞ്ഞു. ബിബിന്‍ പറഞ്ഞിട്ടാണ് ഈ സുഹൃത്ത് വിളിച്ചത്. ഞാന്‍ കംപ്ലയിന്റ് ചെയ്തത് എങ്ങനെയാണ് ഇവന്‍ അറിഞ്ഞത് എന്ന് എനിക്ക് അറിയില്ല. സുഹൃത്തിനോട് നീ ഇതിലേക്ക് ഇടപെടേണ്ട അവന്‍ എന്നോടാണ് ചെയ്തത് എന്ന് പറഞ്ഞു. അവന് രണ്ട് മക്കളുണ്ട് എന്നൊക്കെ അവന്‍ പറഞ്ഞു. അപ്പോഴാണ് ഞാന്‍ അറിയുന്നത് അവന് കുടുംബവും രണ്ട് മക്കളുമുണ്ടെന്ന്. അവന്‍ വിവാഹിതനാണെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു.

പടവെട്ട് സിനിമയുടെ എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ബിബിന്‍ പോളിനെ ദ ക്യു കോണ്ടാക്ട് ചെയ്തെങ്കിലും പ്രതികരണം ലഭ്യമായിട്ടില്ല.

Related Stories

No stories found.
logo
The Cue
www.thecue.in