കൃഷ്ണപ്രസാദ് പത്തേക്കര്‍ കയ്യേറിയെന്ന വാര്‍ത്തയില്‍ 12 കൊല്ലത്തിന് ശേഷം മാതൃഭൂമിയുടെ മാപ്പ്

കൃഷ്ണപ്രസാദ് പത്തേക്കര്‍ കയ്യേറിയെന്ന വാര്‍ത്തയില്‍ 12 കൊല്ലത്തിന് ശേഷം മാതൃഭൂമിയുടെ മാപ്പ്
Published on

സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ പി.കൃഷ്ണപ്രസാദ് വന്‍തോതില്‍ റവന്യൂഭൂമി കയ്യേറി കൈവശം വെക്കുന്നുവെന്ന വ്യാജവാര്‍ത്തയില്‍ 12 വര്‍ഷത്തിന് ശേഷം മാപ്പ് പറഞ്ഞ് മാതൃഭൂമി ദിനപത്രം. 'കൃഷ്ണപ്രസാദ് എം.എല്‍.എയുടെ കുടുംബത്തിന്റെ കൈവശവും റവന്യൂ ഭൂമി' എന്ന തലക്കെട്ടില്‍ 2010 ഫെബ്രുവരി 11ന് പ്രസിദ്ധീകരിച്ച വാര്‍ത്തയിലാണ് പത്രാധിപരുടെ ഖേദപ്രകടനം.

മാതൃഭൂമിക്കെതിരായ പി.കൃഷ്ണപ്രസാദിന്റെ മാനനഷ്ടക്കേസിലാണ് ക്ഷമാപണം. വാര്‍ത്തയില്‍ കൃഷ്ണപ്രസാദിന്റെ പിതാവ് കുട്ടിക്കൃഷ്ണന്‍നായര്‍ക്ക് നൂറ് കണക്കിന് ഏക്കര്‍ ഭൂമിയുണ്ടായിരുന്നു എന്ന് റിപ്പോര്‍ട്ട് ചെയ്തതും തെറ്റാണെന്ന് ഇന്ന് പത്രത്തില്‍ പ്രസിദ്ധീകരിച്ച ഖേദപ്രകടനത്തില്‍ പത്രാധിപര്‍.

മാതൃഭൂമിയുടെ ഇപ്പോഴത്തെ എം.ഡിയും രാജ്യസഭാംഗവുമായ എം.വി.ശ്രേയാംസ്‌കുമാറിന്റെ പേരിലുള്ള ഭൂമി മിച്ചഭൂമിയെന്ന് കണ്ടെത്തിയപ്പോള്‍ അവിടെ ആദിവാസികള്‍ സമരം നടത്തിയിരുന്നു. ഈ ഘട്ടത്തിലാണ് മാതൃഭൂമി ദിനപത്രത്തില്‍ തനിക്കെതിരെ വ്യാജവാര്‍ത്ത വന്നതെന്ന് പി.കൃഷ്ണപ്രസാദ് ദ ക്യു'വിനോട് പ്രതികരിച്ചു.

ശ്രേയംസ്‌കുമാറിന്റെ കൃഷ്ണഗിരിയിലുള്ള ഒരു ഭൂമി മിച്ച ഭൂമിയാണെന്ന് കണ്ടെത്തിയപ്പോള്‍ അവിടെ ആദിവാസികളുടെ നേതൃത്വത്തില്‍ കുടില്‍ കെട്ടി സമരം തുടങ്ങിയിരുന്നു. ജോര്‍ജ് പോത്തന്‍ എന്ന് പേരുള്ള ഒരാളുടെ ഭൂമിയിലും ഇതുപോലെ സമരം ഉണ്ടായിരുന്നു. ആ സമരങ്ങളുടെ പശ്ചാത്തലത്തിലാണ് കൃഷ്ണ പ്രസാദ് എം.എല്‍.എയ്ക്കും മിച്ച ഭൂമിയുണ്ട് എന്നൊരു വാര്‍ത്ത മാതൃഭൂമിയില്‍ വന്നത്. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസും ഇതേ വാര്‍ത്ത കൊടുത്തിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസും വ്യാജ വാര്‍ത്തയില്‍ മാപ്പ് പറയണമെന്ന് കൃഷ്ണപ്രസാദ്.

കൃഷ്ണഗിരി വില്ലേജില്‍ കൃഷ്ണപ്രസാദ് എം.എല്‍.എയുടെ കുടുംബം 10.43 ഏക്കര്‍ ഭൂമിയും അദ്ദേഹത്തിന്റെ സഹോദരന്‍ വിവേകാനന്ദന്‍ 6.51 ഏക്കര്‍ ഭൂമിയും അനധികൃതമായി കൈവശം വെക്കുന്നു,'' എന്ന് അച്ചടിച്ച് വന്നത് തെറ്റാണെന്ന് ഖേദപ്രകടനത്തില്‍ പത്രാധിപര്‍.

വാര്‍ത്തകളില്‍ ഒരു ധാര്‍മ്മിക ഉയര്‍ത്തിപിടിക്കേണ്ടത് മാതൃഭൂമിയെ പോലൊരു പത്രത്തിന്റെ ആവശ്യമാണെന്ന് കൃഷ്ണപ്രസാദ് പ്രതികരിച്ചു.

കൃഷ്ണപ്രസാദിന്റെ വാക്കുകള്‍

വസ്തുതകള്‍ മനസിലാക്കി മാതൃഭൂമി തെറ്റ് പറ്റിയെന്ന് ഏറ്റുപറയുകയാണ് ചെയ്തത്. ഈ കേസില്‍ കോഴിക്കോട് കോടതിയില്‍ മാനനഷ്ടകേസ് കൊടുത്തിരുന്നു. ഈ പശ്ചാത്തലത്തില്‍ കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് മാതൃഭൂമി സമീപിച്ചിരുന്നു.

എനിക്കെതിരായ വാര്‍ത്തയിലെ പിശക് സംബന്ധിച്ച് തിരുത്ത് കൊടുക്കാന്‍ തയ്യാറാണെന്ന് മാതൃഭൂമി പറഞ്ഞു. നേരത്തെ പത്രത്തോട് ഞങ്ങള്‍ ആവശ്യപ്പെട്ടതും തെറ്റായ വാര്‍ത്ത പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറാകണം എന്നായിരുന്നു. അല്ലാത്ത പക്ഷം കേസിന് പോകുമെന്നും അറിയിച്ചിരുന്നു. അതുപ്രകാരം തന്നെയാണ് പത്രത്തില്‍ 2010ല്‍ വന്ന വാര്‍ത്തയ്‌ക്കെതിരെ അന്ന് തന്നെ കേസിന് പോയത്.

മാനനഷ്ട കേസ് മുന്നോട്ട് പോകുന്ന ഘട്ടത്തില്‍ പ്രശ്‌നമാകും എന്ന് കണ്ടത് കൊണ്ടായിരിക്കാം മാതൃഭൂമി തിരുത്താന്‍ തയ്യാറായത്. അവര്‍ ആ വാര്‍ത്ത പിന്‍വലിക്കുന്ന പശ്ചാത്തലത്തില്‍ കേസ് പിന്‍വലിക്കാം എന്നാണ് ഞങ്ങളുടെ തീരുമാനം.

ഇതൊരു നല്ല കാര്യമായിട്ടാണ് തോന്നുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനം ആകുമ്പോള്‍ എതിര്‍പ്പുകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണല്ലോ. പക്ഷേ അതിലൊരു ധാര്‍മ്മിക ഉയര്‍ത്തിപിടിക്കേണ്ടത് മാതൃഭൂമിയെ പോലൊരു പത്രത്തിന്റെ ആവശ്യമാണ്.

രാഷ്ട്രീയമായി സമരങ്ങള്‍ ആര്‍ക്കെതിരെയാണോ വരുന്നത് അവര്‍ക്ക് പ്രയാസമുണ്ടാക്കാം. പക്ഷേ സമരത്തില്‍ പങ്കെടുക്കുന്ന ആളുകളെ വ്യക്തിപരമായി തേജോവധം ചെയ്യുക എന്നുള്ളത് ഒരു മാധ്യമ സ്ഥാപനം ചെയ്യാന്‍ പാടുള്ളതല്ല. അത് സ്ഥാപനത്തിനാണ് മോശം.

വസ്തുത എന്താണ് എന്നുള്ളത് ഏത് കാലത്താണെങ്കിലും പുറത്ത് വരും. മാധ്യമ പ്രവര്‍ത്തനത്തെ സംബന്ധിച്ചിടത്തോളം ഇതൊരു പാഠമാണ്. തെറ്റ് അവസാനം അംഗീകരിക്കേണ്ടി വരുമെന്ന് തന്നെയാണ് ഇത് വ്യക്തമാക്കുന്നത്. സത്യത്തിന്റെ വിജയമായിട്ടാണ് നമുക്കിത് കാണാന്‍ കഴിയുക.

ശ്രേയാംസ്‌കുമാറിന്റെ ഉടമസ്ഥതയിലുള്ള കൃഷ്ണഗിരിയിലുള്ള ഒരു ഭൂമി മിച്ച ഭൂമിയാണെന്ന് ബോര്‍ഡ് കണ്ടെത്തുകയായിരുന്നു. അവിടെ ആദിവാസികളുടെ നേതൃത്വത്തില്‍ കുടില്‍ കെട്ടി സമരം തുടങ്ങിയിരുന്നു. ജോര്‍ജ് പോത്തന്‍ എന്ന് പേരുള്ള ഒരാളുടെ ഭൂമിയിലും ഇതുപോലെ സമരം ഉണ്ടായിരുന്നു.

ആ സമരങ്ങളുടെ പശ്ചാത്തലത്തിലാണ് കൃഷ്ണ പ്രസാദ് എം.എല്‍.എയ്ക്കും മിച്ച ഭൂമിയുണ്ട് എന്നൊരു വാര്‍ത്ത മാതൃഭൂമിയില്‍ വന്നത്. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസും ഈ വാര്‍ത്ത കൊടുത്തിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസും ഇതില്‍ മറുപടി പറയണം.

വസ്തുതാപരമായ പിശകുകള്‍ സംഭവിച്ചതാണെന്നും മനപൂര്‍വമല്ലെന്നും മാതൃഭൂമി. കൃഷ്ണപ്രസാദിനോ കുടുംബാംഗങ്ങള്‍ക്കോ മനോവിഷമമോ മാനഹാനിയോ ഉണ്ടാവാന്‍ വാര്‍ത്ത ഇടവരുത്തിയെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നും പത്രാധിപര്‍.

Related Stories

No stories found.
logo
The Cue
www.thecue.in