കേരളത്തിലെ ഒരു വിദൂര ആദിവാസി ഗ്രാമത്തില്‍ ഞങ്ങളെത്തുമ്പോള്‍ കുടിലിന് മുന്നില്‍ വിരിച്ചിട്ട പഴകിയ തുണിയില്‍ അവര്‍ ഇരിക്കുന്നു. നിലത്ത് നാലോ അഞ്ചോ മണി കടല. വക്ക് ചളുങ്ങിയ പാത്രത്തില്‍ അവര്‍ക്ക് മാത്രം അറിയാവുന്ന ഏതോ കാട്ടുചെടിയുടെ ഇലയും കാന്താരിയും അരച്ച് വച്ചിരിക്കുന്നു. കടല പെറുക്കി കഴിക്കുന്നവന്‍ ഇടയ്ക്ക് പച്ചില ചമ്മന്തിയും വാരി തിന്നുന്നു. മറ്റ് കുട്ടികള്‍ നോക്കി നില്‍ക്കുന്നു. ആ വീട്ടില്‍ പാകം ചെയ്ത മറ്റ് ഭക്ഷണമൊന്നുമുണ്ടായിരുന്നില്ല. അച്ഛനും അമ്മയും എവിടെ പോയെന്ന് ആ കുട്ടികള്‍ക്ക് അറിയില്ല. വിശക്കുമ്പോള്‍ എന്ത് കഴിക്കുമെന്ന ചോദ്യത്തിന് നിസാഹായത കലര്‍ന്ന ചിരിയായിരുന്നു മറുപടി. സര്‍ക്കാര്‍ കണക്കില്‍ മുന്‍ഗണനേതര വിഭാഗത്തിലായതിനാല്‍ അരി മാത്രമാണ് ഈ കുടുംബത്തിന് ലഭിക്കുന്നത്. പഞ്ചസാരയോ മണ്ണെണ്ണയോ ആനുകൂല്യമായി ലഭിക്കില്ല. ലഭിക്കുന്ന റേഷനരി ഒരുമാസം ഈ വയറുകള്‍ക്ക് മൂന്ന് നേരം തികച്ചുണ്ണാന്‍ തികയുന്നില്ല.
ഈ ചിത്രത്തില്‍ കാണുന്ന രഞ്‌ജേഷ് എന്ന നാലു വയസ്സുകാരന് പോഷകാഹാര പ്രശ്‌നങ്ങളും പൊക്കകുറവുമുണ്ട്. രഞ്‌ജേഷിന്റെ താഴെയുള്ള കുട്ടിക്ക് വളര്‍ച്ചയിലും വികാസത്തിലും മന്ദതയുണ്ട്. തീവ്ര പോഷകാഹാര കുറവുള്ള ഈ കുഞ്ഞുങ്ങളുടെ രണ്ട് സഹോദരങ്ങളും പോഷകാഹാര കുറവ് കൊണ്ടുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരാണ്. ഏഴ് മക്കളില്‍ എല്ലാവരും 14 താഴെ പ്രായമുള്ളവര്‍. തീവ്ര പോഷകാഹാര കുറവ് നേരിടുന്ന ആ കുഞ്ഞിന് മുന്നിലിരിക്കുന്ന വെള്ള കാര്‍ഡാണ് ഈ കുടുംബത്തിന്റെ റേഷന്‍ കാര്‍ഡ്. കടുത്ത പട്ടിണിയെ നേരിടുന്ന പണിയ കുടുംബം സര്‍ക്കാര്‍ കണക്കില്‍ മുന്‍ഗണനേതര വിഭാഗത്തിലാണ്.
മാനന്തവാടി പേരിയ ആലാറ്റിന്‍ വയ്യൂട് ഊരിലെ രജനിയുടെയും ബാബുവിന്റെ മക്കളാണ് കടുത്ത ദുരിതത്തില്‍ ജീവിക്കുന്നത്. ഭക്ഷണവും വസ്ത്രവും വിദ്യാഭ്യാസവും നിഷേധിക്കപ്പെട്ട കുട്ടികള്‍. മുതിര്‍ന്ന കുട്ടികളുടെ പഠനം മുടങ്ങി. പ്രളയത്തില്‍ കുടില്‍ തകര്‍ന്ന് വീണപ്പോള്‍ സന്നദ്ധ സംഘടന ആസ്ബറ്റോസ് ഷീറ്റ് മറച്ച മുറിയുണ്ടാക്കി നല്‍കി. സ്ഥിരമായി മദ്യപിച്ചെത്തുന്ന ബാബു കുട്ടികളെയും ഭാര്യയെയും ഉപദ്രവിക്കുന്നുവെന്ന് അയല്‍വീടുകളിലുള്ളവര്‍ പറയുന്നു.
പരാതി ഉയര്‍ന്നതോടെ കുട്ടികളെയും രജനിയെയും ന്യൂട്രീഷന്‍ റിഹാബിലിറ്റേഷന്‍ സെന്ററിലേക്ക് മാറ്റിയിരുന്നു. കൊവിഡ് ഹോസ്പിറ്റലാക്കി മാറ്റിയതോടെ മടക്കി അയച്ചു. പുറമെ നിന്നുള്ളവര്‍ക്ക് എത്തിപ്പെടാന്‍ പ്രയാസമുള്ള ഊരില്‍ ജീവിക്കുന്ന ഈ കുട്ടികള്‍ക്ക് കാര്യമായ സഹായങ്ങളും ലഭിക്കുന്നില്ല.നിരന്തരം രോഗങ്ങളും പിടികൂടുന്നു.
കാര്‍ഡ് ഇല്ലാത്ത കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കിയപ്പോള്‍ വെള്ള കാര്‍ഡ് മാത്രമാണ് ലഭിക്കുകയെന്നാണ് പട്ടിക വര്‍ഗ വിഭാഗം നല്‍കുന്ന വിശദീകരണം.