ബി.ജെ.പി കേരളത്തില്‍ സൃഷ്ടിച്ചെടുക്കാന്‍ ശ്രമിച്ച തീവ്രഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഉരകല്ലായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പ്. ഇതില്‍ ബി.ജെ.പി വളര്‍ച്ചയുടെ ഗ്രാഫ് രേഖപ്പെടുത്തുന്നത് എങ്ങനെയെന്നത് കേരളത്തെ സംബന്ധിച്ച് നിര്‍ണായകമായിരുന്നു. എന്നാല്‍ 2015ലേതിനേക്കാള്‍ 395 സീറ്റുകളുടെ വര്‍ധനയാണ് ബി.ജെ.പിക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ ആകെ ഉണ്ടായത്. ഗ്രാമപഞ്ചായത്തില്‍ 277 സീറ്റുകളും ബ്ലോക്കില്‍ 16ഉം അധികമായി നേടിയപ്പോള്‍ ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ നഷ്ടപ്പെട്ടു. കോര്‍പ്പറേഷനില്‍ 8 സീറ്റ് കൂടുതല്‍ കിട്ടിയിട്ടുണ്ട്. ഭരണം പിടിക്കുമെന്ന് അവകാശപ്പെട്ടിരുന്ന തിരുവനന്തപുരം, തൃശൂര്‍ കോര്‍പ്പറേഷനുകളില്‍ വലിയ ചലനം ഉണ്ടാക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല. 2015ലെ തദ്ദേശഫലവുമായി താരതമ്യം ചെയ്യുമ്പോള്‍ സീറ്റുകളുടെ എണ്ണത്തിലും വോട്ടിംഗ് ശതമാനത്തിലും മുന്നേറ്റമുണ്ടായെന്ന് ബി.ജെ.പിക്ക് അഭിമാനിക്കാമെങ്കിലും പ്രചരണത്തുടക്കം മുതല്‍ നിരന്തരം അവകാശപ്പെടുകയും നേതൃത്വം ലക്ഷ്യമിടുകയും ചെയ്ത കണക്കുകളുടെ സമീപത്ത് പോലും പാര്‍ട്ടിക്ക് എത്താന്‍ കഴിഞ്ഞില്ല. യു.ഡി.എഫ് കളത്തിലില്ലെന്നും എല്‍.ഡി.എഫും എന്‍.ഡി.എയും തമ്മിലാണ് മത്സരമെന്ന ബിജെപി നേതാക്കളുടെ വാദവും പ്രചരണഘട്ടത്തിലെ അവകാശവാദം മാത്രമായി ഫലം വന്നപ്പോള്‍ ചുരുങ്ങി.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചിരിക്കുന്നത് നാല് പഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലുമാണ്.23 പഞ്ചായത്തുകളില്‍ ബി.ജെ.പിയാണ് മുന്നിട്ട് നില്‍ക്കുന്നത്. പാലക്കാട് നഗരസഭയിലെ ഉറപ്പുള്ള ഭരണവും പന്തളം, വര്‍ക്കല എന്നിവിടങ്ങളിലെ മുന്നേറ്റവും എല്ലാ കോര്‍പ്പറേഷനുകളിലും സാന്നിധ്യം അറിയിക്കാനായതുമാകും ദേശീയ നേതൃത്വത്തിന് മുന്നിലേക്ക് ബി.ജെ.പി സംസ്ഥാന നേതാക്കള്‍ക്ക് വെക്കാനുണ്ടാകുക. കൊടുങ്ങല്ലൂരില്‍ എല്‍.ഡി.എഫുമായി ഒരു സീറ്റിന്റെ വ്യത്യാസമാണുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഇവിടെ രണ്ടാം സ്ഥാനത്ത് ബി.ജെ.പിയായിരുന്നു.
പുറത്ത് വന്ന കണക്കുകള്‍ പ്രകാരം 1182 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍, 37 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍,2 ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍,320 മുനിസിപ്പാലിറ്റി വാര്‍ഡുകള്‍,59 കോര്‍പ്പറേഷന്‍ ഡിവിഷന്‍ എന്നിവയാണ് എന്‍.ഡി.എയ്ക്ക് ലഭിച്ചിരിക്കുന്നത്. മൊത്തം ലഭിച്ചിരിക്കുന്നത് 1600 സീറ്റുകള്‍. 2015ല്‍ 1205 സീറ്റുകളാണ് ബി.ജെ.പിക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ മൊത്തത്തില്‍ ലഭിച്ചിരുന്നത്. 12 ഗ്രാമപഞ്ചായത്തുകളില്‍ ഭൂരിപക്ഷം നേടിയിരുന്നു. 905 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍, 21 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍,3 ജില്ലാ പഞ്ചായത്ത് ഡിവിഷന്‍, 225 മുനിസിപ്പാലിറ്റി സീറ്റുകള്‍,51 കോര്‍പ്പറേഷന്‍ ഡിവിഷനുകള്‍ എന്നിവയായിരുന്നു ആ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ നേട്ടം.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
നഗര മേഖലകളില്‍ സാന്നിധ്യമാകാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും രാഷ്ട്രീയ വോട്ടുകളായി പരിഗണിക്കപ്പെടുന്ന ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ ഭരണം പിടിക്കാന്‍ ബി.ജെ.പിക്ക് ഇത്തവണയും കഴിഞ്ഞിട്ടില്ല. തിരുവനന്തപുരം,തൃശൂര്‍, കോഴിക്കോട് കോര്‍പ്പറേഷനുകളില്‍ മുന്നേറ്റമുണ്ടാക്കാനാകുമെന്ന അവകാശവാദം പൊലിഞ്ഞതും സംസ്ഥാന നേതൃത്വത്തിന് ക്ഷീണമാകും. മൂന്ന് കോര്‍പ്പറേഷനുകളിലും കഴിഞ്ഞ തവണത്തെ നമ്പര്‍ നിലനിര്‍ത്താനായിട്ടുണ്ട്. പന്തളം മുന്‍സിപ്പാലിറ്റി പിടിച്ചെടുത്തതില്‍ ഒതുങ്ങുന്നു പത്തനംതിട്ടയിലെ മുന്നേറ്റവും.
കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ തുടര്‍ഭരണം, ശബരിമല, സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയുള്ള ആരോപണങ്ങള്‍ എന്നിവയായിരുന്നു പ്രചരണത്തില്‍ ബി.ജെ.പിയുടെ പ്രധാന ആയുധം. കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ വാര്‍ത്താസമ്മേളനങ്ങളിലൂടെ അറിയിച്ചും കൊവിഡ് നിയന്ത്രണങ്ങള്‍ മറികടന്ന് സമരം ചെയ്തും തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ബി.ജെ.പി നടത്തിയിരുന്നു. സമരത്തില്‍ തിരുവനന്തപുരത്ത് ഉള്‍പ്പെടെ കൂടുതല്‍ സ്ത്രീകളെയും യുവാക്കളെയും അണിനിരത്തിയതും ഇതേ ലക്ഷ്യത്തോടെയായിരുന്നു. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും കേന്ദ്രമന്ത്രി വി.മുരളീധരനും നേരിടുന്ന ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങള്‍ മാത്രമല്ല, തെരഞ്ഞെടുപ്പിന് മുമ്പ് നേതൃത്വം അവകാശപ്പെട്ട വിജയത്തിലേക്ക് എത്തുന്നതില്‍ തിരിച്ചടിയായതെന്ന് ഉറപ്പാണ്.