മൂന്നാറിലെ ടാറ്റയുടെ ഒറ്റമുറി ലയങ്ങളില്‍ തിങ്ങിജീവിക്കുന്ന ജീവിക്കുന്ന മനുഷ്യരെക്കുറിച്ച് ചര്‍ച്ചകളുണ്ടാവുന്നത് തന്നെ പെട്ടിമുടി പോലെ വലിയ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോഴാണ്. മുഖ്യധാരയുടെ പരിഗണനാ പരിസരങ്ങളില്‍ അവരില്ലാത്ത കുറേ മനുഷ്യര്‍. തലമുറകളായി മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ അനുഭവിക്കുന്ന അവഗണനയുടെ തുടര്‍ച്ച കൂടിയാണിത്. കണ്ണന്‍ ദേവന്‍ കമ്പനിയുടെ നെയ്മക്കാട് എസ്റ്റേറ്റില്‍ ഉള്‍പ്പെട്ടതാണ് പെട്ടിമുടി. കൊവിഡ് വ്യാപനത്തിന്റെ സാമൂഹിക അകലത്തിന്റെയും ആരോഗ്യസംരക്ഷണതതിന്റെയും കാലത്ത് ടാറ്റാ കമ്പനിയുടെ ലയങ്ങളിലെ കുടുസുമുറികളില്‍ തിങ്ങിയും ഞെരുങ്ങിയും ജീവിച്ച മനുഷ്യരെയാണ് പെട്ടിമുടി കാണിച്ചു തരുന്നത്. പള്ളന്‍, ചക്ലിയന്‍ തുടങ്ങിയ ദളിത് വിഭാഗത്തിലുള്ളവരാണ് ഈ തൊഴിലാളികളില്‍ ഭൂരിപക്ഷം പേരും. കാട് വെട്ടിത്തെളിച്ച് തോട്ടങ്ങളുണ്ടാക്കുന്നതിനായി തമിഴ്‌നാട്ടില്‍ നിന്നും എത്തിച്ചവരുടെ പിന്‍തലമുറ.
ലയങ്ങളിലെ ജീവിതത്തിന് തലമുറ മാറിയാലും മാറ്റമില്ലെന്ന് മൂന്നാറിലെ തോട്ടം തൊഴിലാളി സ്ത്രീകളുടെ സമരത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ലിസി സണ്ണി പറയുന്നു. അടുക്കളയും ഒറ്റമുറിയുമുള്ള വീടുകളിലാണ് താമസം. രാവിലെ എട്ട് മണി മുതല്‍ വൈകീട്ട് 5 വരെ ജോലി ചെയ്താല്‍ 350 രൂപയാണ് കൂലി.
തിങ്ങി ഞെരുങ്ങിയാണ് കുട്ടികളും കാരണവന്‍മാരും എല്ലാം ഈ ഒറ്റമുറിയില്‍ താമസിക്കുന്നത്. സമരം ചെയ്തപ്പോള്‍ ലയങ്ങള്‍ പുതുക്കി തരാമെന്ന് പറഞ്ഞതാണ്. ഒന്നും ഉണ്ടായില്ല. തൊഴിലാളികളോടുള്ള സമീപനത്തിലൊരു മാറ്റവുമില്ല.
ലിസി, തോട്ടം തൊഴിലാളി
1947ന് മുമ്പ് ബ്രിട്ടീഷ് കമ്പനികളുടെ കൈവശമുണ്ടായിരുന്ന തോട്ടങ്ങളാണ് ഇപ്പോള്‍ ടാറ്റയുടെ ഉടമസ്ഥതയിലായിരിക്കുന്നത്. സ്വാതന്ത്ര്യത്തിന് ശേഷം ബ്രിട്ടീഷ് പാര്‍ലമെന്റ് പാസാക്കിയ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്ട് പ്രകാരം ഭൂമി ഇന്ത്യന്‍ സര്‍ക്കാരിലേക്കായി. ഇങ്ങനെ മൂന്നാറിലെ ഭൂമിയുടെ ഉടമസ്ഥതയും സര്‍ക്കാരിനാണ്. മൂന്നാറിലെ കൈവശമുള്ള തോട്ടം ബ്രിട്ടീഷ് കമ്പനികളില്‍ നിന്നും വില കൊടുത്ത് വാങ്ങിയതാണെന്നാണ് ടാറ്റയുടെ വാദം. 1947 ല്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലായ തോട്ടങ്ങള്‍ 1970കളില്‍ ടാറ്റ വാങ്ങിയെന്നാണ് രേഖകള്‍. ഇതോടെ മൂന്നാറിലെ 70,000 ഏക്കറോളം ഭൂമി ടാറ്റയുടെ കൈവശമായി.
ആനമുടിയോട് ചേര്‍ന്നുള്ള എസ്റ്റേറ്റാണ് പെട്ടിമുടി. ഏറ്റവും ഉയരത്തിലുള്ള കുളുക്കുമലയുടെ ഏകദേശ ഉയരമുള്ള തോട്ടം. 2695 മീറ്ററാണ് ആനമുടിയുടെ ഉയരം. 2500 മീറ്റര്‍ ഉയരത്തിലായിരിക്കാം പെട്ടിമുടിയുടേത്. ഇരവികുളം നാഷണല്‍ പാര്‍ക്കിന് സമീപത്തായതിനാല്‍ പെട്ടിമുടിയിലേക്ക് എത്താന്‍ വനംവകുപ്പിന്റെ അനുമതി വാങ്ങണം.ഈ നിയന്ത്രണങ്ങളുള്ളതിനാല്‍ പെട്ടിമുടിയിലേക്ക് പുറമേ നിന്ന് ആളുകള്‍ക്ക് എത്തിപ്പെടാന്‍ കഴിയുന്നില്ല. കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശമാണിത്. കമ്പനി പ്രവര്‍ത്തനം തുടങ്ങിയ കാലത്തോളം പഴക്കമുള്ള കെട്ടിടങ്ങളാണ് ലയങ്ങള്‍. അവ നവീകരിക്കാനോ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനോ തയ്യാറായിട്ടില്ല. ചുറ്റും മലകളുള്ള തോട്ടങ്ങള്‍ക്കിടയിലെ ചെറിയ സ്ഥലത്താണ് ലയങ്ങള്‍. 28 എസ്റ്റേറ്റുകളാണ് ടാറ്റയ്ക്ക് മൂന്നറിലുള്ളത്. അതിലൊന്നാണ് പെട്ടിമുടി. തോട്ടം തൊഴിലാളികള്‍ക്കാണ് ടാറ്റയുടെ ലയങ്ങളില്‍ താമസിക്കാന്‍ അനുമതിയുള്ളത്. കുടുംബത്തിലെ ഒരംഗമെങ്കിലും തോട്ടം തൊഴിലാളികളാകും. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്തതിനാല്‍ ലയങ്ങളില്‍ തന്നെ തലമുറകളായി കഴിയേണ്ടി വരുന്നവര്‍. കുടുംബങ്ങളിലെ ബാക്കിയുള്ളവര്‍ ടൂറിസ്റ്റ് ഗൈഡുകളോ ഡ്രൈവര്‍മാരോ ആയിരിക്കും
പ്രാഥമിക വിദ്യാഭ്യാസത്തിനപ്പുറം ലഭിക്കാത്തവരാണ് ഭൂരിപക്ഷവും. ടാറ്റയുടെ സ്‌കൂളുകളില്‍ നാലാം ക്ലാസ് വരെയാണ് ഇവര്‍ക്ക് പ്രവേശനം. 45 സ്‌കൂളുകളാണ് കമ്പനിക്ക് കീഴിലുള്ളത്. സര്‍ക്കാറിന് കീഴിലുള്ള ഹൈസ്‌കൂളുകളിലേക്ക് പഠിക്കാന്‍ പോകാനും പലര്‍ക്കും കഴിയുന്നില്ല. കമ്പനിയെ ആശ്രയിച്ച് മാത്രമാണ് ഇവരുടെ ജീവിതം.വലിയ എസ്റ്റേറ്റുകളോട് ചേര്‍ന്ന് എല്‍പി സ്‌കൂളും കണക്കെഴുത്ത് ഓഫീസും കാന്റീനും നേഴ്‌സിംഗ് ഹോമും ഉണ്ടാകും. ചിലയിടങ്ങളില്‍ റേഷന്‍ കടയും ഉണ്ടാകും.
തോട്ടങ്ങളില്‍ ഉപയോഗിക്കുന്ന അപകടകരമായ കീടനാശിനികളുടെ ദുരിതം പേറുന്നവരാണ് ലയങ്ങളില്‍ ജീവിക്കുന്നവര്‍. ആഴ്ച്ചയില്‍ രണ്ട് ദിവസമാണ് കീടനാശിനി തളിക്കുന്നത്. സ്ത്രീകളും പുരുഷന്‍മാരും കീടനാശിനി തളിക്കുന്ന ജോലി ചെയ്യുന്നുണ്ട്. തേയില ചെടികളില്‍ പ്രയോഗിക്കുന്ന കീടനാശിനികള്‍ വെള്ളത്തിലൂടെ ഒഴുകിയെത്തുന്നു. എന്‍ഡോസള്‍ഫാനായിരുന്നു ആദ്യകാലങ്ങളില്‍ ഉപയോഗിച്ചിരുന്നത്. മാസ്‌കോ കയ്യുറയോ ഇല്ലാതെയാണ് ഇവ പ്രയോഗിക്കുന്നത്. തളിക്കുന്നതിനുള്ള ശാസ്ത്രീമായ കാര്യങ്ങളും തൊഴിലാളികള്‍ക്ക് പഠിപ്പിച്ച് കൊടുക്കുന്നില്ല. ഈ വെള്ളമാണ് ഇവര്‍ കുടിക്കാനും ഉപയോഗിക്കുന്നത്. ഏറ്റവും കൂടുതല്‍ കാന്‍സര്‍ രോഗികളുള്ള മേഖലയാണ് മൂന്നാറിലെ തോട്ടം മേഖല. ചികിത്സക്കായി തമിഴ്‌നാട്ടിലെ ആശുപത്രികളെ ആശ്രയിക്കുന്നതിനാല്‍ ഇവരുടെ രോഗവിവരങ്ങള്‍ കേരളത്തിലെ കണക്കുകളില്‍ ഉള്‍പ്പെടുന്നില്ലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.
ശാരീരിക- മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള ടാറ്റയുടെ പുനരധിവാസ കേന്ദ്രത്തില്‍ 350 ഓളം കുട്ടികളുണ്ട്. മൂന്നാറിന്റെ 30 കിലോമീറ്റര്‍ ചുറ്റളവില്‍ ഇത്രയധികം കുട്ടികള്‍ ശാരീരിക- മാനസിക വെല്ലുവിളി നേരിടുന്നത് എന്തുകൊണ്ടാണെന്ന് പ്രദേശത്തെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ചോദിക്കുന്നു.
ആനമുടിയുടെ മറുഭാഗത്തുള്ള ഇടമലക്കുടി ആദിവാസി മേഖലയില്‍ ഇത്തരം ആരോഗ്യപ്രശ്‌നങ്ങളുള്ള കുട്ടികളില്ല. 28 ഊരുകളിലായി 3000 ഓളം ആളുകള്‍ താമസിക്കുന്നുണ്ട്. ഒരുമലയുടെ അപ്പുറവും ഇപ്പുറവുമുള്ള ആളുകളുടെ ശാരീരിക സ്ഥിതിയിലുള്ള മാറ്റം തന്നെ കീടനാശിനികളുണ്ടാക്കുന്ന പ്രശ്‌നത്തിന് തെളിവാണ്.
റെയ്‌സണ്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍
തൊഴില്‍ നിയമങ്ങള്‍ നിലനില്‍ക്കെയാണ് തോട്ടങ്ങളില്‍ തൊഴിലാളികള്‍ ദുരിതം ജീവിതം നയിക്കുന്നത്. ഇവരുടെ ജീവിതം സുരക്ഷിതമാക്കാന്‍ ടാറ്റ ഉള്‍പ്പെടെ എല്ലാ തോട്ടം ഉടമകള്‍ക്കും ബാധ്യതയുണ്ടെന്ന് തോട്ടം ഭൂമി കേസില്‍ സര്‍ക്കാര്‍ അഭിഭാഷകയായിരുന്ന സുശീല ഭട്ട് ചൂണ്ടിക്കാണിക്കുന്നു. കീടങ്ങളെ പോലെയാണ് തൊഴിലാളികളെ വന്‍കിട തോട്ടം ഉടമകള്‍ കാണുന്നതെന്നും സുശീല ഭട്ട് പറയുന്നു.
വ്യാജ രേഖകളുടെ ബലത്തിലാണ് ഇത്രയധികം ഭൂമി കൈവശപ്പെടുത്തി തോട്ടം ഉടമകള്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നത്. ഇതിനെതിരെ കമ്മീഷന്‍ കണ്ടെത്തലുകളുണ്ട്. നിയമനിര്‍മ്മാണം വേണമെന്ന ആവശ്യവും സര്‍ക്കാര്‍ പരിഗണിക്കുന്നില്ല. തൊഴിലാളികള്‍ ഇതേ രീതിയിലുള്ള ജീവിതവുമായി മുന്നോട്ട് പോകണോയെന്ന് ആലോചിക്കണം.
സുശീല ഭട്ട്
തമിഴ് സംസാരിക്കുന്ന കറുത്ത മനുഷ്യരുടെ ജീവിതമാണിത്. പെമ്പിളൈ ഒരുമൈ സമര കാലത്ത് മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ കുറച്ചെങ്കിലും പാലിച്ചാല്‍ ഈ ജീവിതങ്ങള്‍ക്ക് ആശ്വാസമാകും.