‘ആദിവാസിയെ സര്‍ക്കാര്‍ വെടിവെച്ചുകൊല്ലട്ടെ’; ഭരണകൂടമാണ് പുതിയ ജന്മിയെന്ന് തൊവരിമല സമരത്തിലെ മൂപ്പന്‍

‘ആദിവാസിയെ സര്‍ക്കാര്‍ വെടിവെച്ചുകൊല്ലട്ടെ’; ഭരണകൂടമാണ് പുതിയ ജന്മിയെന്ന് തൊവരിമല സമരത്തിലെ മൂപ്പന്‍

Published on

വയനാട് ജില്ലയിലെ പതിമൂന്ന് പഞ്ചായത്തുകളിലെ ആയിരത്തോളം വരുന്ന ഭൂരഹിതരായ ആദിവാസികള്‍ സമരം തുടങ്ങിയിട്ട് ആറ് മാസം പിന്നിടുകയാണ്. കളക്ട്രേറ്റിന് മുന്നില്‍ ഏപ്രില്‍ 24 മുതല്‍ സമരത്തിലാണ് അമ്പലവയല്‍ പെരുമ്പാടിക്കുന്ന് കോളനി മൂപ്പന്‍ വെളിയന്‍. മുത്തങ്ങ മുതല്‍ ഭൂസമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇതുവരെ ഭൂമി കിട്ടിയിട്ടില്ല. ജയിക്കാതെ പിന്‍മാറില്ലെന്ന് വെളിയന്‍ നിലപാട് വ്യക്തമാക്കുന്നു.

'തൊവരിമല ഇനി കയറിയാല്‍ ചാകാതെ ഇറങ്ങി വരില്ലെന്ന് കളക്ടറോട് ഞാന്‍ പറഞ്ഞിട്ടുണ്ട്. ഇതിലും നല്ലത് ചാകുന്നത് തന്നെയാണ്. സര്‍ക്കാര്‍ വെടിവെച്ച് കൊല്ലട്ടെ. സ്വന്തം ഭൂമിയില്‍ കയറിയതിന് ആദിവാസിയെ വെടിവെച്ച് കൊല്ലാന്‍ നിയമമുണ്ടെങ്കില്‍ സര്‍ക്കാര്‍ അത് ചെയ്യട്ടെ. കൊല്ലാണെങ്കില്‍ കൊല്ലട്ടെ. എത്ര കാലമായി ഇവര് ഞങ്ങളെ പറ്റിച്ച് കൊണ്ടിരിക്കുന്നു. ആദ്യ കാലത്ത് വല്യ വല്യ ജന്‍മിമാരായിരുന്നു ഞങ്ങളെ പറ്റിച്ചു കൊണ്ടിരുന്നത്. ഇപ്പോള്‍ അത് ഭരണകൂടം ഏറ്റെടുത്തിരിക്കുകയാണ്'.

ഓര്‍മ്മ വെച്ച കാലം മുതല്‍ സമരത്തിലാണെന്ന് വെളിയന്‍ പറയുന്നു. ചീമേനി സമരത്തില്‍ പങ്കെടുത്ത് ജയിലില്‍ കിടന്നു. മേപ്പാടി സമരത്തില്‍ ഭൂമി പിടിച്ചെടുത്തിട്ടും സ്ഥലം കിട്ടിയില്ല. ആദിവാസിക്ക് നഷ്ടപ്പെട്ട ഭൂമി തിരിച്ചു പിടിക്കാന്‍ കൂടിയാണ് സമരമെന്ന് വെളിയന്‍ വ്യക്തമാക്കുന്നു.

വെളിയന്‍
വെളിയന്‍

ഞങ്ങളുടെ വീടുകളൊക്കെ പുഴയുടെ സൈഡിലാണ്. എല്ലാ മഴക്കാലത്തും ഞങ്ങളെ സ്‌കൂളില്‍ കൊണ്ടാക്കും. മഴക്കാലത്തേക്ക് വെക്കുന്ന വിറകടക്കം വെള്ളം കൊണ്ടു പോകും. എത്ര കാലമായി ഞങ്ങളിങ്ങനെ കഴിയുന്നു. ഉടമകളുടെ പണിയുമെടുത്ത് ഇനിയും എത്ര കാലം കഴിയണം. കുറച്ച് ഭൂമി വേണമെന്നും മരിച്ചാല്‍ കുഴിച്ചിടാനും സ്വന്തം മണ്ണില്‍ പണിയെടുത്ത് തിന്നാനും ഞങ്ങള്‍ക്കും ആഗ്രഹമുണ്ട്. എത്ര തവണയായി ഭൂമി തരുമെന്ന് സര്‍ക്കാര്‍ പറയുന്നു. കളക്ടറേറ്റും കോടതിയും ഇരിക്കുന്ന സ്ഥലം ആദിവാസിയുടേതാണ്.

വെളിയന്‍

‘ആദിവാസിയെ സര്‍ക്കാര്‍ വെടിവെച്ചുകൊല്ലട്ടെ’; ഭരണകൂടമാണ് പുതിയ ജന്മിയെന്ന് തൊവരിമല സമരത്തിലെ മൂപ്പന്‍
അഭയയുടെ തലയില്‍ മുറിവുണ്ടായിരുന്നു, കോട്ടൂരിനെതിരെ പെണ്‍കുട്ടികള്‍ പരാതി പറഞ്ഞിട്ടുണ്ട്; നിര്‍ണായക മൊഴി 

കൃഷി ചെയ്യാനും വീട് വെക്കാനും ഭൂമി ആവശ്യപ്പെട്ടാണ് ആദിവാസികള്‍ തൊവരിമല മിച്ചഭൂമി കയ്യേറി കുടില്‍ കെട്ടിയത്. മൂന്നാം ദിവസം പോലീസും വനംവകുപ്പും സമരഭൂമിയില്‍ നിന്നും ആദിവാസികളെ ഓടിച്ചു. ചിന്നിച്ചിതറി പോയ ആദിവാസികള്‍ സംഘടിച്ച് പിറ്റേ ദിവസം മുതല്‍ കളക്ടറേറ്റിന് മുന്നില്‍ സമരം തുടങ്ങി. അഞ്ച് സെന്റ് ഭൂമി വീതം ഭൂരഹിതര്‍ക്ക് നല്‍കാമെന്ന ജില്ലാ ഭരണകൂടത്തിന്റെ വാഗ്ദാനം സമരക്കാര്‍ നിരസിക്കുകയായിരുന്നു.

കൃഷി ചെയ്യാനുള്ള ഭൂമിക്കാണ് സമരം. സര്‍ക്കാര്‍ തീരുമാനമെടുത്തില്ലെങ്കില്‍ ഞങ്ങള്‍ വീണ്ടും തൊവരിമല കയറും. ഞങ്ങളെ കൊന്നിട്ടേ പിന്നെ അവര്‍ക്ക് ആ സ്ഥലം കിട്ടൂ. അല്ലെങ്കില്‍ പരിഹാരം കാണണം. രണ്ട് തവണ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടും അഞ്ച് സെന്റ് തരാമെന്നാണ് പറയുന്നത്. കോളനി മതിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കോളനിയില്‍ നിന്ന് മാറാനാണ് ഞങ്ങള്‍ സമരം ചെയ്യുന്നത്.

കെ ജാനകി, സമരസമിതി

ജാനകി
ജാനകി
‘ആദിവാസിയെ സര്‍ക്കാര്‍ വെടിവെച്ചുകൊല്ലട്ടെ’; ഭരണകൂടമാണ് പുതിയ ജന്മിയെന്ന് തൊവരിമല സമരത്തിലെ മൂപ്പന്‍
മഴ പെയ്ത് ചത്താലും പ്രശ്‌നമില്ല. ഭൂമി കിട്ടിയിട്ടെ പോകുകയുള്ളൂ: വയനാട് കലക്‌ട്രേറ്റിന് മുന്നിലെ തൊവരിമല സമരക്കാര്‍ 

തൊവരിമല സമരം എന്തിനാണ്

ഏപ്രില്‍ 21നാണ് തൊവരിമല സമരം ആരംഭിച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനിടെയാണ് ആയിരത്തോളം വരുന്ന സമരക്കാര്‍ തൊവരിമല കൈയ്യേറിയത്. സിപിഐഎംഎല്‍ റെഡ് സ്റ്റാര്‍,ആള്‍ ഇന്ത്യാ ക്രാന്തികാരി കിസാന്‍ സഭ, ഭൂസമരസമിതി, ആദിവാസി ഭാരത് മഹാസഭ എന്നീ സംഘടനകള്‍ ചേര്‍ന്നാണ് സമരം ആരംഭിച്ചത്. തൊവരിമലയില്‍ വനഭൂമിയില്‍ കുടില്‍കെട്ടി സമരം ചെയ്തവരെ 24ന് പോലീസും വനംവകുപ്പും ചേര്‍ന്ന് ഒഴിപ്പിക്കുകയായിരുന്നു.

വനംവകുപ്പിന്റെ കൈവശമുള്ള മിച്ചഭൂമി ഹാരിസണ്‍ മലയാളം പ്ലാന്റേഷന് കൈമാറാന്‍ ശ്രമിക്കുന്നുവെന്ന് സമരക്കാര്‍ ചൂണ്ടിക്കാട്ടുന്നു. 1970ല്‍ അച്യുതമേനോന്‍ സര്‍ക്കാര്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ നിന്നും പിടിച്ചെടുത്തതാണ് 104 ഹെക്ടര്‍ വരുന്ന ഭൂമി. ഹാരിസണ്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചു പിടിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു.

ആറുമാസം പിന്നിട്ടിട്ടും ഉന്നയിച്ച ആവശ്യങ്ങളില്‍ തീരുമാനമാകാത്തതിനാല്‍ നവംബറോടെ സമരത്തിന്റെ രീതി മാറ്റുമെന്ന് സമരസമിതി വ്യക്തമാക്കുന്നു. ജില്ലാഭരണകൂടത്തിന് മുന്നില്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന മഹാധര്‍ണ നടത്തും. കവിയരങ്ങ്, ചര്‍ച്ചകള്‍, ചിത്ര പ്രദര്‍ശനം എന്നിവയും സംഘടിപ്പിക്കും. ആറ് മാസം കൊണ്ട് കൂടുതല്‍ ഭൂരഹിതരെ കണ്ടെത്തിയിട്ടുണ്ടെന്നും സമരസമിതി പറയുന്നു. വയനാട് ജില്ലയില്‍ പണിയ, അടിയ വിഭാഗങ്ങളില്‍ പെട്ടവരാണ് കൂടുതലുള്ളത്. ഒന്നരലക്ഷം ആദിവാസികളില്‍ ഒരു ലക്ഷം ആളുകള്‍ ഈ വിഭാഗത്തിലുള്ളവരാണ്. ഇവര്‍ പൂര്‍ണമായും ഭൂരഹിതരാണെന്നും സമരസമിതി നേതാവും റെഡ് സ്റ്റാര്‍ കേന്ദ്രകമ്മിറ്റിയംഗവുമായ എം പി കുഞ്ഞിക്കണാരന്‍ പറയുന്നു.

‘ആദിവാസിയെ സര്‍ക്കാര്‍ വെടിവെച്ചുകൊല്ലട്ടെ’; ഭരണകൂടമാണ് പുതിയ ജന്മിയെന്ന് തൊവരിമല സമരത്തിലെ മൂപ്പന്‍
‘കശ്മീര്‍ ജനതയെ ഒറ്റപ്പെടുത്തി’; മോദിക്കുള്ള ‘ഗോള്‍കീപ്പേര്‍സ്’ പുരസ്‌കാര ചടങ്ങില്‍ നിന്ന് പിന്‍മാറി റിസ് അഹമ്മദും ജമീല ജാമിലും 

‘മൂന്ന് സെന്റുള്ളവരെ ഭൂമിയുള്ളവരായി സര്‍ക്കാര്‍ കാണുമ്പോള്‍ ഞങ്ങളവരെ ഭൂരഹിതരുടെ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുന്നത്. കിടപ്പാടത്തിന്റെ പ്രശ്‌നം മാത്രം പരിഹരിച്ചാല്‍ പോരാ.. ആദിവാസികള്‍ക്ക് കൃഷി ചെയ്യാനുള്ള ഭൂമി നല്‍കണം. അത് ഇവിടെയുണ്ട്. മരടിലെ പരിസ്ഥിതിനാശമുണ്ടാക്കിയ കെട്ടിടങ്ങളിലുള്ളവരെ രക്ഷപ്പെടുത്താന്‍ സര്‍ക്കാറും രാഷ്ട്രീയക്കാരും പെടാപ്പാടു പെടുന്നു. ഇവിടെ ആയിരക്കണക്കിന് ആദിവാസികള്‍ ഭൂമിക്ക് വേണ്ടി നരകയാതന അനുഭവിക്കുമ്പോള്‍ തിരിഞ്ഞു നോക്കാന്‍ തയ്യാറാകുന്നില്ല. ജനം അത് തിരിച്ചറിയണം’.

ആദിവാസികള്‍ക്ക് നല്‍കേണ്ടത് ഏത് ഭൂമി

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ സര്‍ക്കാറിലേക്ക് വന്ന് ചേര്‍ന്ന വിദേശ കമ്പനികളുടെ കൈവശമുള്ള തോട്ടഭൂമി ആദിവാസികള്‍ക്ക് നല്‍കണമെന്നാണ് സമരസമിതി ആവശ്യപ്പെടുന്നത്. റവന്യുഭൂമിയുടെ 56 ശതമാനവും ഇപ്പോഴും വിദേശ തോട്ടം കമ്പനികളുടെ കൈവശമാണ്. ഇത് ഏറ്റെടുക്കണമെന്ന് റവന്യു പ്രിന്‍സിപ്പള്‍ സെക്രട്ടറിയായിരുന്ന നിവേദിത പി ഹരനില്‍ തുടങ്ങി രാജമാണിക്യം വരെയുള്ള ആറ് കമ്മിറ്റികളുടെ റിപ്പോര്‍ട്ട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഭൂമിയില്‍ കമ്പനികള്‍ക്ക് ഉടമസ്ഥാവകാശം നല്‍കരുതെന്ന് നിര്‍ദേശം നടപ്പാക്കണം. നിയമനിര്‍മ്മാണം നടത്തി ഭൂമി ഏറ്റെടുത്ത് ഉടമസ്ഥാവകാശം ആദിവാസികള്‍ക്ക് നല്‍കണമെന്നാണ് സമരസമിതി ആവശ്യപ്പെടുന്നത്. തൊവരിമലയില്‍ ഒതുങ്ങുന്നതല്ല ഇവരുയര്‍ത്തുന്ന മുദ്രാവാക്യം. സംസ്ഥാനത്തെ 5,25,000 ഏക്കര്‍ ഭൂമി വീണ്ടെടുക്കാനുള്ള സമരമാണിതെന്നും സമരസമിതി വ്യക്തമാക്കുന്നു.

1970ല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത തൊവരിമല ഭൂമിയുടെ സൂക്ഷിപ്പുകാര്‍ മാത്രമാണ് വനംവകുപ്പെന്നും ആദിവാസികള്‍ക്ക് വനാവകാശനിയമപ്രകാരം പതിച്ച് കൊടുക്കാവുന്ന ഭൂമിയാണിതെന്നുമാണ് സമരസമിതി പറയുന്നത്. തേയില സംസ്‌കരിക്കുന്നതിനുള്ള വിറക് കണ്ടെത്തുന്നതിനായി തോട്ടത്തിന്റെ 25 ശതമാനം ഉപയോഗിച്ചിരുന്നു. 1965 മുതല്‍ വൈദ്യുതി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ഈ ഭൂമി വെറുതെ കിടന്നു. വയനാട്ടില്‍ ഇത്തരത്തിലുള്ള 5000 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഈ മിച്ചഭൂമി ആദ്യം ആദിവാസികള്‍ക്ക് വിതരണം ചെയ്യണം. തൊവരിമല ആദിവാസികളുടെ ഭൂമിയായിരുന്നതിന് തെളിവുകളുണ്ടെന്നും സമരസമിതി അവകാശപ്പെടുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in