വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസിലാക്കി എംജി സര്‍വകലാശാലയുടെ അനാസ്ഥ; 'പോരാട്ട'വുമായി നിയമവിദ്യാര്‍ത്ഥികള്‍

വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസിലാക്കി എംജി സര്‍വകലാശാലയുടെ അനാസ്ഥ; 'പോരാട്ട'വുമായി നിയമവിദ്യാര്‍ത്ഥികള്‍
Published on

പരീക്ഷാ നടത്തിപ്പില്‍ എംജി സര്‍വകലാശാല തുടരുന്ന അനാസ്ഥയ്‌ക്കെതിരെ പ്രത്യക്ഷ സമരവുമായി നിയമ ബിരുദ വിദ്യാര്‍ത്ഥികള്‍. എംജി സര്‍വകലാശാലയ്ക്ക് കീഴിലുള്ള ഏഴ് ലോകോളേജുകളിലെ വിദ്യാര്‍ത്ഥികളാണ് സമരത്തിനൊരുങ്ങുന്നത്. ഇതിനായി വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് 'പോരാട്ടം' എന്ന പേരില്‍ കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. പരാതിയുമായി അധികൃതരെ പല തവണ സമീപിച്ചിട്ടും, ഓണ്‍ലൈന്‍ സമരങ്ങള്‍ നടത്തിയിട്ടും നടപടിയില്ലാതായതോടയാണ് പ്രത്യക്ഷ സമരവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതെന്ന് പോരാട്ടം കൂട്ടായ്മ സെക്രട്ടറി ഫാത്തിമ ഷെറിന്‍ ദ ക്യുവിനോട് പറഞ്ഞു.

പരീക്ഷകള്‍ വൈകിപ്പിക്കുന്ന എംജി സര്‍വകലാശാലയുടെ നടപടി മൂലം 2018 ബാച്ച് വിദ്യാര്‍ത്ഥികളാണ് കൂടുതല്‍ ദുരിതത്തിലായിരിക്കുന്നത്. നിയമവിദ്യാര്‍ത്ഥികളായ തങ്ങള്‍ക്ക് വ്യക്തമായ അക്കാദമിക് കലണ്ടര്‍ പോലും ഇതുവരെ യൂണിവേഴ്‌സിറ്റി നല്‍കിയിട്ടില്ലെന്നും ഫാത്തിമ.

'2019 ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ നടന്ന ആദ്യ സെമസ്റ്റര്‍ പരീഷയില്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ എന്ന ഒരു പേപ്പര്‍ മാറി പോയിരുന്നു. സിലബസിന് പുറത്തുള്ള ചോദ്യങ്ങളായിരുന്നു വന്നത്. ഇതേ കുറിച്ച് സര്‍വകലാ ശാലയില്‍ അന്വേഷിച്ചപ്പോള്‍ ഇതിന് മുമ്പും ഇങ്ങനെ സംഭവിച്ചിട്ടുണ്ടെന്നും, അപ്പോഴത്തേത് പോലെ പേപ്പര്‍ ലിബറല്‍ ആയി നോക്കി എല്ലാ വിദ്യാര്‍ത്ഥികളെയും ജയിപ്പിച്ച് വിടാം എന്നായിരുന്നു മറുപടി ലഭിച്ചത്.

പരീക്ഷ കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞു. അഞ്ചാം സെമസ്റ്ററില്‍ പഠിക്കുന്ന ഞങ്ങളുടെ ആദ്യ സെമസ്റ്ററിന്റ റിസല്‍ട്ട് ഇതുവരെ വന്നിട്ടില്ല. രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ പരീക്ഷകളും അനിശ്ചിതത്വത്തിലാണ്. കുറച്ചുകൂടി സമയമെടുക്കുമെന്നാണ് ഇപ്പോളും പറയുന്നത്'.

സെമസ്റ്റര്‍ പരീക്ഷകള്‍ ഇങ്ങനെ നീട്ടി വെച്ചാല്‍ അത് വിദ്യാര്‍ത്ഥികള്‍ക്ക് ഇരട്ടിഭാരമാകും ഉണ്ടാക്കുക. സമയക്രമം പാലിക്കാതെയുള്ള പരീക്ഷ നടത്തിപ്പ് കാരണം അഞ്ച് വര്‍ഷത്തെ കോഴ്‌സ് തീരുമ്പോള്‍ ആറും ഏഴും വര്‍ഷവുമൊക്കെയാകും

ഫാത്തിമ ഷെറിന്‍

മറ്റു സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളുടെയും സ്ഥിതി സമാനമാണ്. എട്ടാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് സെമസ്റ്റര്‍ പരീക്ഷകളും ആറാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നാലു മുതല്‍ ആറു വരെയുള്ള സെമസ്റ്റര്‍ പരീക്ഷകളും ബാക്കിയുണ്ട്.

പരാതി നല്‍കിയിട്ടും നടപടിയില്ല

തങ്ങളുടെ ബുദ്ധിമുട്ട് സംബന്ധിച്ച് യൂണിവേഴ്‌സിറ്റിയില്‍ പരാതി നല്‍കിയിട്ടും അനുകൂല മറുപടി ലഭിച്ചില്ലെന്നും നിയമവിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇതുസംബന്ധിച്ച് ഉന്നതവിദ്യാഭ്യാസമന്ത്രി കെടി ജലീല്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഹയര്‍ എഡ്യുക്കേഷന്‍ പ്രന്‍സിപ്പല്‍ സെക്രട്ടറി ഡോ ഉഷ ടൈറ്റസ്, എംജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ തുടങ്ങി എട്ട് ഉദ്യോഗസ്ഥര്‍ക്കും കത്തയച്ചിരുന്നു. ഇതുവരെ മറുപടി ലഭിച്ചില്ലെന്നും വിദ്യാര്‍ത്ഥികള്‍.

വാട്‌സ്ആപ്പ് കൂട്ടായ്മ ഉള്‍പ്പടെ രൂപീകരിച്ച് ഓണ്‍ലൈനില്‍ പ്രതിഷേധം നടത്തിയിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്നും, അതുകൊണ്ടാണ് പ്രത്യക്ഷ സമരവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതെന്നും ഫാത്തിമ പറഞ്ഞു. ഏഴ് ലോ കോളേജുകളിലെയും വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്യും. മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും ഉള്‍പ്പടെ നിവേദനം നല്‍കാന്‍ ഒരുങ്ങുകയാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആലുവ ഭാരത മാതാ ലോ കോളജ്, എസ്.എന്‍ കോളജ് പൂത്തോട്ട, ഗവ.ലോ കോളജ് എറണാകുളം, സിഎസ്ഐ ലോ കോളജ് കോട്ടയം, അല്‍ അസര്‍ ലോ കോളജ് തൊടുപുഴ, മൗണ്ട് സിയോണ്‍ ലോ കോളജ് കടമ്മനിട്ട, കോ-ഓപറേറ്റീവ് കോളജ് തൊടുപുഴ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളാണ് സര്‍വകലാശാല നടപടിക്കെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in